അഡിലെയ്ഡിനു വിജയമൊരുക്കി കോളിന്‍ ഇന്‍ഗ്രാമും പീറ്റര്‍ സിഡിലും

ബാറ്റിംഗില്‍ നായകന്‍ കോളിന്‍ ഇന്‍ഗ്രാമും ബൗളിംഗില്‍ പീറ്റര്‍ സിഡിലും തിളങ്ങിയ മത്സരത്തില്‍ വിജയം കുറിച്ച് അഡിലെയ്‍‍ഡ് സ്ട്രൈക്കേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 175/4 എന്ന മികച്ച സ്കോറാണ് നേടിയത്. കോളിന്‍ ഇന്‍ഗ്രാം(75), അലക്സ് കാറെ(59) എന്നിവര്‍ ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബൗളിംഗില്‍ ഡാനിയേല്‍ സാംസ് സിഡ്നി തണ്ടറിനു വേണ്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോനാഥന്‍ കുക്ക്, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ക്രിസ് ഗ്രീന്‍ കൃത്യതയോടെ പന്തെറിഞ്ഞ് തന്റെ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ട് നല്‍കിയുള്ളുവെങ്കിലും വിക്കറ്റ് നേടാനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിനു 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 20 റണ്‍സിന്റെ വിജയം സ്ട്രൈക്കേഴ്സ് സ്വന്തമാക്കി. 47 റണ്‍സ് നേടിയ കാലം ഫെര്‍ഗൂസണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഷെയിന്‍ വാട്സണ്‍(28), ജോസ് ബട്‍ലര്‍(23) എന്നിവര്‍ തുടങ്ങിയ ഉടനെ ഒടുങ്ങിയതും ടീമിനു തിരിച്ചടിയായി.

പീറ്റര്‍ സിഡില്‍ മൂന്ന് വിക്കറ്റും റഷീദ് ഖാന്‍ രണ്ട് വിക്കറ്റും നേടിയാണ് തണ്ടറിനു തടയിട്ടത്.

സ്റ്റാര്‍ക്കിനു കരുതലായി പീറ്റര്‍ സിഡില്‍ ടി20 ടീമില്‍

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫിറ്റ്നെസില്‍ ചില പ്രശ്നങ്ങളുണ്ടെന്നതിനാല്‍ താരത്തിനു ടി20 പരമ്പരയില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാനാകുമോ എന്ന സംശയമുള്ളതിനാലും ഓസ്ട്രേലിയ കരുതല്‍ താരമായി പീറ്റര്‍ സിഡിലിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. യുഎഇ യില്‍ ഓസ്ട്രേലിയ യുഎഇയ്ക്കെതിരെ ഒരു മത്സരവും പാക്കിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളിലുമാണ് കളിക്കുവാനുള്ളത്. രണ്ടാം ടെസ്റ്റിനു ശേഷമാണ് ഈ മത്സരങ്ങള്‍ നടക്കുക.

മിച്ചല്‍ സ്റ്റാര്‍ക്കിനു ടെസ്റ്റിനിടെ പരിക്കേറ്റതാണ് ഇപ്പോള്‍ സിഡിലിനു അവസരം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് പേശിവലിവുമായി ബന്ധപ്പെട്ട പരിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനുണ്ടാവുന്നത്. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് മത്സരശേഷം ആരോണ്‍ ഫിഞ്ച് പറഞ്ഞത്. താരത്തിന്റെ ഫിറ്റ്നെസ് കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് അവസാന സെഷനില്‍ നാല് ഓവര്‍ മാത്രം താരം എറിഞ്ഞതെന്നും മത്സര ശേഷം ഓസ്ട്രേലിയന്‍ സഹതാരം അഭിപ്രായപ്പെട്ടത്.

ടെസ്റ്റിന്റെ ശേഷിക്കുന്ന ദിവസങ്ങളിലും താരത്തിനു പങ്കെടുക്കാനാകുമെന്ന വിശ്വാസം ഓസ്ട്രേലിയയ്ക്കുണ്ടെങ്കിലും ടി20 പരമ്പരയെ മുന്‍ നിര്‍ത്തി സ്റ്റാര്‍ക്കിനു അവര്‍ മത്സരിപ്പിക്കുമോ എന്നതാണ് അറിയേണ്ടത്. അതേ സമയം ഈ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയ-ഇന്ത്യ പരമ്പരയുള്ളതിനാലും കരുതലോടെയാവും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇവര്‍ ഉപയോഗപ്പെടുത്തുക.

പാക്കിസ്ഥാന്‍ ഇന്നിംഗ്സിനു വിരാമം, ഹാരിസ് സൊഹൈലിനു ശതകം

മുഹമ്മദ് ഹഫീസിനു പിന്നാലെ രണ്ടാം ദിവസം ഹാരിസ് സൊഹൈല്‍ ശതകം നേടിയപ്പോള്‍ പാക്കിസ്ഥാനു മികച്ച സ്കോര്‍. 164.2 ഓവറുകള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 482 റണ്‍സാണ് ടീം നേടിയത്. 255/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനു നൈറ്റ് വാച്ച്മാന്‍ മുഹമ്മദ് അബ്ബാസിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. അഞ്ചാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടിചേര്‍ത്ത് ആസാദ് ഷഫീക്കും(80) ഹാരിസ് സൊഹൈലും ചേര്‍ന്ന് ക്രീസില്‍ നിന്നപ്പോള്‍ പാക്കിസ്ഥാന്‍ 500 കടക്കുമെന്നാണ് കരുതിയതെങ്കിലും ആദ്യ ദിവസത്തിലേത് പോലെ രണ്ടാം ദിവസവും അവസാന ഘട്ടത്തില്‍ ഓസ്ട്രേലിയ വിക്കറ്റുകള്‍ നേടി തിരിച്ചടിച്ചു.

410/4 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 482 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഹാരിസ് സൊഹൈല്‍ 110 റണ്‍സ് നേടി ലയണിനു വിക്കറ്റ് നല്‍കി മടങ്ങി. ഓസ്ട്രേലിയയ്ക്കായി പീറ്റര്‍ സിഡില്‍ മൂന്നും നഥാന്‍ ലയണ്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജോണ്‍ ഹോളണ്ട്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

രണ്ടാം ദിവസം അവസാനിക്കമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് നേടിയിട്ടുണ്ട്. 17 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും 13 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ ഓസ്ട്രേലിയ 452 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

പാക്കിസ്ഥാനെതിരെ പ്രധാനം യസീര്‍ ഷായെ നിയന്ത്രിക്കുന്നത്: പീറ്റര്‍ സിഡില്‍

പാക്കിസ്ഥാനെ ടെസ്റ്റില്‍ യുഎഇയില്‍ നേരിടാനൊരുങ്ങുന്ന ഓസ്ട്രേലിയ മെരുക്കേണ്ടിയിരിക്കുന്നത് യസീര്‍ ഷായെയെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പീറ്റര്‍ സിഡില്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ യസീര്‍ ഷായ്ക്ക് വിക്കറ്റ് നല്‍കാതെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലാവും ഓസ്ട്രേലിയയുടെ വിജയ സാധ്യതകളെന്ന് ഓസ്ട്രേലിയയുടെ വെറ്ററന്‍ പേസ് ബൗളര്‍ അഭിപ്രായപ്പെട്ടു.

സ്പിന്‍ ബൗളിംഗാവും പരമ്പരയിലെ മത്സരഗതി നിയന്ത്രിക്കുകയെന്ന് അഭിപ്രായപ്പെട്ട പീറ്റര്‍ സിഡില്‍ യസീര്‍ ഷാ കഴിഞ്ഞ തവണ ഏറെ വിക്കറ്റ് നേടിയെന്നും താരത്തിനു ഇത്തവണ ആ അവസരം അനുവദിക്കരുതെന്നതാണ് ഓസ്ട്രേലിയയുടെ ഗെയിം പ്ലാനെന്ന് സിഡില്‍ പറഞ്ഞു. 2015ല്‍ ഓസ്ട്രേലിയ യുഎഇയില്‍ പാക്കിസ്ഥാനെ നേരിട്ടപ്പോള്‍ 2-0 എന്ന നിലയില്‍ പാക്കിസ്ഥാന്‍ വിജയം നേടിയിരുന്നു. അന്ന് 12 വിക്കറ്റാണ് പാക് സ്പിന്നര്‍ നേടിയത്.

എന്നാല്‍ ഇത്തവണ യസീര്‍ ഷാ മാത്രമല്ല പാക്കിസ്ഥാന്‍ സ്പിന്‍ സംഘത്തില്‍ ഷദബ് ഖാനിന്റെ വെല്ലുവിളിയെയും പാക്കിസ്ഥാന്‍ അതിജീവിക്കേണ്ടി വരും.

പീറ്റര്‍ സിഡിലിന്റെ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് സ്റ്റുവര്‍ട് ക്ലാര്‍ക്ക്

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയ പ്രായമേറിയ താരം പീറ്റര്‍ സിഡിലിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ സ്റ്റുവര്‍ട് ക്ലാര്‍ക്ക്. ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ പരിക്കുകളാണ് ഓസ്ട്രേലിയയെ 33 വയസ്സുകാരന്‍ പീറ്റര്‍ സിഡിലിനെ തിരികെ ടീമിലേക്ക് എത്തിക്കുവാന്‍ പ്രേരിപ്പിച്ചത്. 2016 നവംബറിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാനമായി പീറ്റര്‍ സിഡില്‍ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിച്ചത്.

ഇപ്പോളത്തെ ഓസ്ട്രേലിയന്‍ പേസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിച്ചു നിര്‍ത്തിയാല്‍ സീനിയര്‍ താരങ്ങളാരുമില്ല എന്നതും സെലക്ടര്‍മാരെ സിഡിലിനെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അതേ സമയം ഓസ്ട്രേലിയയ്ക്കായി 24 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ക്ലാര്‍ക്കിനു ഈ തീരുമാനം ഫലപ്രദമല്ലെന്ന അഭിപ്രായമാണുള്ളത്. ഞാന്‍ കഴിക്കുകയായിരുന്നു കോണ്‍ഫ്ലേക്കുകള്‍ ഞാന്‍ അറിയാതെ തുപ്പിയെന്നാണ് താരത്തിന്റെ തിരഞ്ഞെടുപ്പ് വാര്‍ത്ത വായിച്ചതിനെക്കുറിച്ചുള്ള സ്റ്റുവര്‍ട് ക്ലാര്‍ക്കിന്റെ ആദ്യ പ്രതികരണം.

ഞാന്‍ സിഡിലുമായി ക്രിക്കറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിച്ചിട്ടുണ്ട്, താരം മോശം ബൗളരാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും ഇല്ലാത്തതിനാല്‍ മാത്രം അനുഭവസമ്പത്തിനു വേണ്ടി പ്രായമായൊരു താരത്തെ തിരഞ്ഞെടുത്ത് അത് മികച്ച തീരുമാനമായി തനിക്ക് തോന്നുന്നില്ലെന്ന് സ്റ്റുവര്‍ട് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

കുക്കിനൊപ്പം കളിക്കാന്‍ പീറ്റര്‍ സിഡില്‍, 2020 വരെ എസെക്സ്സില്‍ തുടരും

2020 വരെ എസെക്സ്സില്‍ തുടരുവാന്‍ തീരുമാനിച്ച് പീറ്റര്‍ സിഡില്‍. രണ്ട് വര്‍ഷത്തെ കരാര്‍ കൂടിയാണ് എസെക്സ്സുമായി താരം പുതുക്കിയിരിക്കുന്നത്. ഈ സീസണില്‍ നാല് ഫിക്സ്ച്ചറുകള്‍ ആദ്യം കളിച്ച സിഡില്‍ അവയില്‍ നിന്ന് 20 വിക്കറ്റുകളാണ് നേടിയത്. പിന്നീട് നീല്‍ വാഗ്നര്‍ താരത്തിനു പകരം വിദേശ താരമായി ടീമിലെത്തിയെങ്കിലും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സിഡില്‍ മടങ്ങിയെത്തി. മടങ്ങിയെത്തിയ ശേഷം സിഡില്‍ 17 വിക്കറ്റുകളാണ് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത്.

അലിസ്റ്റര്‍ കുക്കിനൊപ്പം എസെക്സ്സിനു വേണ്ടി കളിക്കാന്‍ ഇനിയും തനിക്കാവുമെന്ന സന്തോഷത്തിലാണ് താനെന്നാണ് സിഡില്‍ തന്റെ പുതിയ കരാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.

പീറ്റര്‍ സിഡില്‍ എസെക്സില്‍

കൗണ്ടിയിലെ നിലവിലെ ചാമ്പ്യന്മാരായ എസെക്സ് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പീറ്റര്‍ സിഡിലുമായി കരാറില്‍ ഏര്‍പ്പെട്ടു. ടൂര്‍ണ്ണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ക്കായാണ് താരത്തെ ടീം സ്വന്തമാക്കിയിട്ടുള്ളത്. 1992നു ശേഷം ആദ്യമായാണ് കഴിഞ്ഞ സീസണില്‍ എസെക്സ് കിരീടം ചൂടുന്നത്. കഴിഞ്ഞ ദിവസം ബിഗ്ബാഷ് കിരീടം വിജയിച്ച അഡിലെയ്ഡ് സ്ട്രൈക്കേഴ്സില്‍ അംഗമായിരുന്നു പീറ്റര്‍ സിഡില്‍.

2016ലാണ് സിഡില്‍ അവസാനമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. എന്നിരുന്നാലും ഓസ്ട്രേലിയയ്ക്കായി 62 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന്റെ അനുഭവ സമ്പത്ത് ടീമിനു ഗുണമാകുമെന്നാണ് എസെക്സിന്റെ വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്ട്രൈക്കേഴ്സ് ബിഗ് ബാഷ് ചാമ്പ്യന്മാര്‍, ജേക്ക് വെത്തറാള്‍ഡിനു തകര്‍പ്പന്‍ ശതകം

ബിഗ് ബാഷിലെ കന്നി കിരീടം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ 25 റണ്‍സിന്റെ വിജയമാണ് അഡിലെയ്ഡിനെ ചാമ്പ്യന്മാരാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് ജേക്ക് വെത്തറാള്‍ഡിന്റെ ശതകത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹറികെയിന്‍സിനു 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഫൈനലില്‍ ടോസ് നേടിയ സ്ട്രൈക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 70 പന്തില്‍ 9 ബൗണ്ടറിയും 8 സിക്സും സഹിതം 115 റണ്‍സ് നേടിയ ജേക്ക് വെത്തറാള്‍ഡും29 പന്തില്‍ നിന്ന് 44 റണ്‍സ് നേടി നായകന്‍ ട്രാവിസ് ഹെഡുമാണ് ബാറ്റിംഗ് ടീമിനു വേണ്ടി തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവരാണ് ഓരോ വിക്കറ്റ് വീതം ഹോബാര്‍ട്ടിനായി നേടി.

203 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഹോബാര്‍ട്ടിനു വേണ്ടി ഷോര്‍ട്ട് അര്‍ദ്ധ ശതകം നേടിയെങ്കിലും ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കാന്‍ താരത്തിനായില്ല. 68 റണ്‍സ് നേടി താരം പുറത്തായി ശേഷം ജോര്‍ജ്ജ് ബെയിലി(46), ഡാനിയേല്‍ ക്രിസ്റ്റ്യന്‍(29*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 25 റണ്‍സ് അകലെ മാത്രമേ ടീമിനു എത്താനായുള്ളു.

സ്ട്രൈക്കേഴ്സിനു വേണ്ടി പീറ്റര്‍ സിഡില്‍ 3 വിക്കറ്റ് വീഴ്ത്തി. തന്റെ നാലോവറില്‍ വെറും 17 റണ്‍സാണ് സിഡില്‍ വഴങ്ങിയത്. ട്രാവിസ് ഹെഡിനും ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version