ഡല്‍ഹിയെ മുന്നോട്ട് നയിച്ച് കുണാല്‍ ചന്ദേലയും നിതീഷ് റാണയും

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വി ഭയത്തെ ഒഴിവാക്കി കുണാല്‍ ചന്ദേലയും നിതീഷ് റാണയും. ഇരുവരും ചേര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സൂചന നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 142 റണ്‍സിന് ഡല്‍ഹിയെ പുറത്താക്കിയ കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ കാര്യമായ മേല്‍ക്കൈ നേടാനാകാതെ പോയപ്പോള്‍ മത്സരം ഏറെക്കുറെ സമനിലയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത രണ്ട് സെഷനുകളില്‍ കേരള ബൗളര്‍മാരുടെ അവിസ്മരണീയ പ്രകടനം ഒന്ന് മാത്രമേ ഡല്‍ഹിയെ തോല്‍വിയിലേക്ക് തള്ളിയിടുവാന്‍ സാധ്യതയുള്ളു.

കുണാല്‍ ചന്ദേലയും നിതീഷ് റാണയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 104 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ചന്ദേല തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ നിതീഷ് റാണ അര്‍ദ്ധ ശതകം നേടി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഡല്‍ഹി 289/2 എന്ന നിലയിലാണ്. 118 റണ്‍സുമായി ചന്ദേലയും 61 റണ്‍സുമായി നിതീഷ് റാണയുമാണ് ക്രീസില്‍. 20 റണ്‍സ് നേടിയ ധ്രുവ് ഷോറെയുടെ വിക്കറ്റാണ് ഡല്‍ഹിയ്ക്ക് ഇന്ന് നഷ്ടമായത്. ജലജ് സക്സേനയ്ക്കാണ് വിക്കറ്റ്.

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 94 റണ്‍സ് പിന്നിലാണ് ഇപ്പോളും ഡല്‍ഹി.

റസ്സല്‍-റാണ വെല്ലുവിളി അതിജീവിച്ച് ബാംഗ്ലൂര്‍, രണ്ടാം ജയം കൈപ്പിടിയിലൊതുക്കി കോഹ്‍ലിയും

വിരാട് കോഹ്‍ലിയും മോയിന്‍ അലിയും നല്‍കിയ വലിയ ലക്ഷ്യം മറികടക്കുമെന്ന് ആന്‍ഡ്രേ റസ്സലും നിതീഷ് റാണയും ഭീതി പടര്‍ത്തിയെങ്കിലും ലക്ഷ്യത്തിനു 10 റണ്‍സ് അകലെ കൊല്‍ക്കത്തയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. 118 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. റോബിന്‍ ഉത്തപ്പ 20 പന്തില്‍ 9 റണ്‍സ് നേടിയത് ഇന്നിംഗ്സിന്റെ ഗതിയെ തന്നെ ഏറെ ബാധിക്കുകയായിരുന്നു. തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും ബാംഗ്ലൂര്‍ ക്യാമ്പുകളില്‍ പരിഭ്രാന്തി പരത്തുകയായരുന്നുവെങ്കിലും അവസാന രണ്ടോവറുകളില്‍ ചില ബോളുകള്‍ ബീറ്റണായത് ടീമിനു തിരിച്ചടിയായി.

79/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് റസ്സല്‍-റാണ കൂട്ടുകെട്ടിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. 25 പന്തില്‍ നിന്ന് 59 റണ്‍സുമായി ഇരുവരും ചേര്‍ന്ന് 16 ഓവറുകള്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്തയെ 138 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. അവസാന നാലോവറില്‍ 76 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്.

മുഹമ്മദ് സിറാജ് എറിഞ്ഞ 17ാം ഓവറില്‍ 15 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.  സ്റ്റെയിന്‍ എറിഞ്ഞ 18ാം ഓവറിലും 18 റണ്‍സ് നേടിയതോടെ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം 12 പന്തില്‍ 43 റണ്‍സായി മാറി. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്ത് റസ്സലിനു റണ്‍സെടുക്കാനായില്ലെങ്കിലും അടുത്ത പന്ത് വൈഡായി തീര്‍ന്നു. ഓവറിലെ രണ്ടാം പന്തും റസ്സലിനെ നിര്‍ത്തി ഡോട്ടാക്കി മാറ്റിയതോടെ ആര്‍സിബി വിജയം പ്രതീക്ഷിച്ചു തുടങ്ങി. എന്നാല്‍ അവസാന മൂന്ന് പന്തുകള്‍ സിക്സര്‍ നേടി റസ്സല്‍ തന്റെ അര്‍ദ്ധ ശതകവും അവസാന ഓവറില്‍ 24 റണ്‍സ് വിജയ ലക്ഷ്യമാക്കി മാറ്റുകയും ചെയ്തു.

മോയിന്‍ അലി എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. 25 പന്തില്‍ 65 റണ്‍സ് നേടി റസ്സല്‍ അവസാന ഓവറില്‍ റണ്ണൗട്ടായപ്പോള്‍  നിതീഷ് റാണ 46 പന്തില്‍ നിന്ന് 85 റണ്‍സ് നേടി പുത്താകാതെ നിന്നു. 9 ഫോറും 5 സിക്സുമായിരുന്നു നിതീഷ് റാണ നേടിയത്. ആന്‍ഡ്രേ റസ്സല്‍ 2 ഫോറും 9 സിക്സും നേടി.

വീണ്ടും വിശ്വരൂപം പുറത്തെടുത്ത് റസ്സല്‍, വീണ്ടും തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ആന്‍ഡ്രേ റസ്സല്‍ വീണ്ടും തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ അഞ്ചാം തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒരു ഘട്ടത്തില്‍ ജയം പിടിച്ചെടുക്കുവാന്‍ ബാംഗ്ലൂരിനു സാധിക്കുമെന്ന് കരുതിയ നിമിഷത്തില്‍ നിന്ന് ഒറ്റയ്ക്ക് മത്സരം മാറ്റി മറിച്ചത് ആന്‍ഡ്രേ റസ്സലായിരുന്നു. റസ്സലടിയില്‍ അഞ്ചാം തോല്‍വിയിലേക്ക് ബാംഗ്ലൂര്‍ വീഴുകയായിരുന്നു. 5 പന്ത് ശേഷിക്കെയാണ് റസ്സലിന്റെ മാരകയടിയില്‍ കൊല്‍ക്കത്ത തങ്ങളുടെ വിജയം കുറിച്ചത്. 5 വിക്കറ്റ് ജയമാണ്ഇന്ന് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

വലിയ സ്കോര്‍ പിന്തുടര്‍ന്നെത്തിയ കൊല്‍ക്കത്തയ്ക്കായി സുനില്‍ നരൈനും ക്രിസ് ലിന്നും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 1.5 ഓവറില്‍ തന്നെ ടീം 28 റണ്‍സിലേക്ക് കുതിച്ചുവെങ്കിലും സുനില്‍ നരൈനെ നേരത്തെ തന്നെ നഷ്ടമായി. നവ്ദീപ് സൈനിയുടെ ഓവറില്‍ അത്ര കൃത്യതയല്ലാത്തൊരു പുള്‍ ഷോട്ട് കളിച്ച സുനില്‍ നരൈന്‍ സിക്സ് നേടുമെന്ന് കരുതിയെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ പത്ത് റണ്‍സ് നേടിയ വിന്‍ഡീസ് താരത്തെ പവന്‍ നേഗി മടക്കിയയ്ച്ചു.

പിന്നീട് ബാംഗ്ലൂരില്‍ നിന്ന് മത്സരം കൊല്‍ക്കത്ത തട്ടിയെടുക്കുന്ന കാഴ്ചയാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്രിസ് ലിന്നും റോബിന്‍ ഉത്തപ്പും ചേര്‍ന്ന് അനായാസം സ്കോറിംഗ് നടത്തിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 65 റണ്‍സ് കൂടി അടുത്ത 8 ഓവറില്‍ നേടി മത്സരം ഏറെക്കുറെ സ്വന്തമാക്കിയെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ പത്താം ഓവറിലെ അഞ്ചാം പന്തില്‍ റോബിന്‍ ഉത്തപ്പയെ ബൗണ്ടറി ലൈനില്‍ ടിം സൗത്തിയുടെ കൈകളിലെത്തിച്ച് പവന്‍ നേഗി മത്സരത്തിലെ നിര്‍ണ്ണായക വഴിത്തിരിവ് കൊണ്ടുവന്നു. 33 റണ്‍സ് നേടിയാണ് റോബിന്‍ ഉത്തപ്പ മടങ്ങിയത്. പത്തോവര്‍ പിന്നിട്ടപ്പോള്‍ 94 റണ്‍സാണ് കെകെആര്‍ നേടിയത്.

പതിനൊന്നാം ഓവറില്‍ നിര്‍ണ്ണായകമായൊരു ക്യാച്ച് ബാംഗ്ലൂര്‍ കൈവിട്ടത് ടീമിനു കനത്ത തിരിച്ചടിയായി. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഓവറില്‍ ക്രിസ് ലിന്‍ നല്‍കിയ ക്യാച്ചാണ് മുഹമ്മദ് സിറാജ് കൈവിട്ടത്. 42 റണ്‍സ് നേടി നില്‍ക്കെയാണ് ലിന്നിന്റെ ക്യാച്ച് ബാംഗ്ലൂര്‍ കൈവിട്ടത്. എന്നാല്‍ സിറാജിനും ബാംഗ്ലൂരിനു ആശ്വാസമായി പവന്‍ നേഗി ക്രിസ് ലിന്നിനെ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നീട് മത്സരത്തിലേക്ക് കൊല്‍ക്കത്തയെ തിരികെ കൊണ്ടുവരാനുള്ള ശ്രമവുമായി നിതീഷ് റാണ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് 23 പന്തില്‍ നിന്ന് 37 റണ്‍സ് നേടി ചഹാലിനു വിക്കറ്റ് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ ചഹാല്‍ ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും റിവ്യൂവിലൂടെ കാര്‍ത്തിക് രക്ഷപ്പെടുകയായിരുന്നു.

അവസാന നാലോവറില്‍ 66 റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. നവ്ദീപ് സൈനി എറിഞ്ഞ 17ാം ഓവറില്‍ നിന്ന് ദിനേശ് കാര്‍ത്തിക്ക് ഒരു ബൗണ്ടറിയും സിക്സും നേടിയെങ്കിലും അടുത്ത പന്ത് വീണ്ടും ബൗണ്ടറി കടത്തുവാനുള്ള ശ്രമത്തിനിടെ ബൗണ്ടറിയില്‍ ചഹാല്‍ പിടിച്ച് പുറത്തായി. 15 പന്തില്‍ നിന്ന് 19 റണ്‍സാണ് കാര്‍ത്തിക്കിന്റെ സംഭാവന. മൂന്നോവറില്‍ ജയിക്കുവാന്‍ 53 റണ്‍സ് എന്നായി മാറി ഇതോടെ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം.

മികച്ച രീതിയില്‍ 18ാം ഓവര്‍ എറിഞ്ഞ തുടങ്ങിയ സിറാജ് എറിഞ്ഞ ബീമര്‍ സിക്സര്‍ പറത്തി റസ്സല്‍ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. സിറാജ് എറിഞ്ഞ മത്സരത്തിലെ രണ്ടാമത്തെ ബീമറായതിനാല്‍ താരത്തെ ബൗളിംഗില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു. ഓവര്‍ പൂര്‍ത്തിയാക്കുവാനെത്തിയ സ്റ്റോയിനിസിന്റെ ആദ്യ രണ്ട് പന്തുകളും സിക്സര്‍ പായിച്ച് റസ്സല്‍ വീണ്ടും കൊല്‍ക്കത്ത നിരയില്‍ പ്രതീക്ഷ പടര്‍ത്തി. ഓവറില്‍ നിന്ന് 23 റണ്‍സ് വന്നപ്പോള്‍ രണ്ടോവറില്‍ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം 30 റണ്‍സായി മാറി.

ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ 4 സിക്സ് അടക്കം 29 റണ്‍സാണ് റസ്സലും കൂട്ടരും അടിച്ചെടുത്തത്. 13 പന്തില്‍ നിന്നാണ് ആന്‍ഡ്രേ റസ്സല്‍ 48 റണ്‍സ് നേടിയത്. 7 സിക്സ് അടക്കമായിരുന്നു ഈ വീരോചിതമായ പ്രകടനം. ബാംഗ്ലൂരിനു വേണ്ടി പവന്‍ നേഗി രണ്ട് വിക്കറ്റ് നേടി.

 

ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍, വെല്ലുവിളിയുമായി വാര്‍ണറുടെ ബാറ്റിംഗ്

തന്റെ 55 പന്ത് 102 റണ്‍സ് തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ സഞ്ജു സാംസണ് ഓറഞ്ച് ക്യാപ് സ്വന്തം. നിതീഷ് റാണ് സ്വന്തമാക്കി വെച്ചിരുന്ന നേട്ടം ഒരു റണ്‍സ് വ്യത്യാസത്തിലാണ് സഞ്ജു സാംസണ്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 30 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ ഐപിഎലിലെ 12ാം സീസണിലെ ആദ്യ ശതകം നേടി 132 റണ്‍സോടെ നേട്ടം സ്വന്തമാക്കിയത്.

131 റണ്‍സുമായി നിതീഷ് റാണ് സഞ്ജുവിന്റെ തൊട്ടുപുറകില്‍ തന്നെ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നിലകൊള്ളുന്നുണ്ട്. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റ് ചെയ്യുന്ന ശൈലി പരിശോധിച്ചാല്‍ സഞ്ജുവിനു അധിക സമയം ഓറഞ്ച് ക്യാപ് നിലനിര്‍ത്തുവാന്‍ സാധിച്ചേക്കില്ല.

താന്‍ ഐപിഎല്‍ ആരംഭത്തില്‍ പൊതുവേ ഫോം കണ്ടെത്താറുണ്ട്, അത് തുടരുകയാണ് പ്രധാനം

ഐപിഎലില്‍ പൊതുവേ ടൂര്‍ണ്ണമെന്റ് ആരംഭത്തില്‍ താന്‍ മികച്ച ഫോമിലായിരിക്കുമെന്നും എന്നാല്‍ തുടര്‍ന്നും ഈ ഫോം നിലനിര്‍ത്തുക എന്നതാണ് തന്റെ ഈ സീസണിലെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 132 റണ്‍സുമായി നിതീഷ് റാണയാണ് ഓറഞ്ച് ക്യാപ്പിനു ഉടമ. ആദ്യ മത്സരത്തില്‍ 68 റണ്‍സും രണ്ടാം മത്സരത്തില്‍ 64 റണ്‍സുമാണ് റാണ നേടിയത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇതുപോലെയാണ് സംഭവിച്ചത്. തുടക്കം കസറിയെങ്കിലും പിന്നീട് താന്‍ ഫോം ഔട്ട് ആവുകയായിരുന്നുവെന്ന് നിതീഷ് റാണ പറഞ്ഞു. ഇത്തവണ അതിനൊരു വ്യത്യാസം വരുത്തുക എന്നതാണ് തന്റെ ലക്ഷ്യം. ഈ ഫോം ടൂര്‍ണ്ണമെന്റ് അവസാനം വരെ തുടരുക എന്നതാണ് തന്റെ ലക്ഷ്യമെന്നും റാണ വ്യക്തമാക്കി.

പന്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ ഋഷഭ് പന്തില്‍ നിന്ന് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ്. ഇന്ന് റാണയുടെ 34 പന്തില്‍ നിന്നുള്ള 63 റണ്‍സാണ് താരത്തിനു ഈ നേട്ടം സ്വന്തമാക്കുവാന്‍ സഹായിച്ചത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ താരം 68 റണ്‍സ് നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി നിതീഷ് റാണ 131 റണ്‍സാണ് നേടിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ‍‍ഋഷഭ് പന്ത് 103 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. റോബിന്‍ ഉത്തപ്പ 102 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് 67 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു റോബിന്‍ ഉത്തപ്പ.

റാണയും റോബിനും പിന്നെ റസ്സലും, ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാക്കി കൊല്‍ക്കത്തയുടെ വെടിക്കെട്ട് പ്രകടനം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സുനില്‍ നരൈന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം ക്രിസ് ലിന്നിനെയും(10) നരൈനെയും(24) തുടരെയുള്ള ഓവറുകളില്‍ നഷ്ടമായി 36/2 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത് നിതീഷ് റാണയും റോബിന്‍ ഉത്തപ്പയും ചേര്‍ന്നായിരുന്നു. 9 പന്തില്‍ മൂന്ന് സിക്സും 1 ഫോറും സഹിതം 24 റണ്‍സാണ് നരൈന്‍ നേടിയത്. ലിന്നിനെ ഷമിയും സുനില്‍ നരൈനെ ഹാര്‍ദസ് വില്‍ജോയനുമാണ് പുറത്താക്കിയത്.

എന്നാല്‍ പിന്നീട് കൊല്‍ക്കത്തയുടെ പൂര്‍ണ്ണാധിപത്യമാണ് മത്സരത്തില്‍ കണ്ടത്. മൂന്നാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ റാണ-റോബി കൂട്ടുകെട്ട് പഞ്ചാബ് ബൗളര്‍മാര്‍ക്ക് കനത്ത പ്രഹരങ്ങളാണ് നല്‍കിയത്. 34 പന്തില്‍ നിന്ന് 63 റണ്‍സാണ് നിതീഷ് റാണയുടെ തകര്‍പ്പനടികള്‍ക്ക് അറുതി വരുത്തുവാന്‍ ഒടുവില്‍ അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തി വേണ്ടി വന്നു. 7 സിക്സും 2 ഫോറുമാണ് റാണയുടെ സംഭാവന.

റാണ പുറത്തായെങ്കിലും കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ച് റോബിന്‍ ഉത്തപ്പ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഇതിനിടെ മുഹമ്മദ് ഷമി ആന്‍ഡ്രേ റസ്സലിനെ ക്ലീന്‍ ബോള്‍ഡാക്കിയെങ്കിലും ഫീല്‍ഡര്‍മാര്‍ വേണ്ടത്ര സര്‍ക്കിളിനുള്ളില്ലാത്തതിനാല്‍ പന്ത് നോബോളായി വിധിക്കപ്പെടുകയായിരുന്നു. അവസരം മുതലാക്കിയ റസ്സല്‍ അടുത്ത ഓവറില്‍ ആന്‍ഡ്രൂ ടൈയെ കണക്കറ്റ് പ്രവഹരിക്കുകയും ചെയ്തു. ആന്‍ഡ്രൂ ടൈയുടെ ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറുമാണ് റസ്സല്‍ അടിച്ചെടുത്തത്

അടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെ അവസാന നാല് പന്തില്‍ തുടരെ മൂന്ന് സിക്സും ബൗണ്ടറിയും നേടി റസ്സല്‍ തന്റെ അര്‍ദ്ധ ശതകത്തിനു തൊട്ടടുത്തെത്തി. 20ാം ഓവറിന്റെ നാലാം പന്തില്‍ ടൈയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ വരെ എത്തുവാനെ റസ്സലിനായുള്ളു. 3 ഫോറും 5 സിക്സും സഹിതം 17 പന്തില്‍ നിന്നായിരുന്നു റസ്സലിന്റെ വെടിക്കെട്ട്.

പുറത്താകാതെ 50 പന്തില്‍ നിന്ന് 67 റണ്‍സാണ് റോബിന്‍ ഉത്തപ്പ നേടിയത്.

“ഞാനാ റിവ്യൂ കരുതിയത് റസ്സലിനു വേണ്ടി” – നിതീഷ് റാണ

ആന്‍ഡ്രേ റസ്സലാണ് അവസാന നിമിഷം കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചതെങ്കിലും വളരെ നിര്‍ണ്ണായക പ്രകടനമാണ് മത്സരത്തില്‍ നിതീഷ് റാണ് നേടിയത്. 47 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ റാണ എന്നാല്‍ മത്സരത്തില്‍ ഫ്ലെഡ് ലൈറ്റുകള്‍ കളി തടസ്സപ്പെടുത്തിയ ശേഷം വീണ്ടും മത്സരം പുനരാരംഭിച്ച് ഉടന്‍ തന്നെ റഷീദ് ഖാന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

എന്നാല്‍ മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ റിവ്യൂവിനു പോലും ശ്രമിക്കാതെയാണ് റാണ പവലിയനിലേക്ക് മടങ്ങിയത്. അതേ സമയം താരം റിവ്യൂ എടുത്തിരുന്നേല്‍ ഒരു പക്ഷേ തീരുമാനം മറ്റൊന്നായേനെ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ താന്‍ വളരെ വ്യക്തമായി തന്നെയാണ് റിവ്യൂ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് റാണയുടെ വാക്കുകള്‍.

റസ്സല്‍ മികച്ച രീതിയില്‍ മറുവശത്ത് ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. താന്‍ റിവ്യൂ എടുത്ത് അത് പരാജയപ്പെട്ടാല്‍ അത് ടീമിനു തിരിച്ചടിയാകും അതേ സമയം റിവ്യൂവിന്റെ ആനുകൂല്യം റസ്സലിനു വേണ്ടി നിലനിര്‍ത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് നിതീഷ് റാണ പറഞ്ഞു. തുടക്കത്തിലെ ഈ വിജയം നമുക്ക് വളരെ അനിവാര്യമായിരുന്നു. അതിനാല്‍ തന്നെ തന്റെ തീരുമാനം തെറ്റിയില്ലെന്നാണ് വിശ്വാസമെന്ന് റാണ കൂട്ടിചേര്‍ത്തു.

റസ്സലിന്റെ ബാറ്റിംഗിനെ അവിശ്വസനീയം എന്നാണ് കൊല്‍ക്കത്ത നിരയിലെ യുവതാരം പറഞ്ഞത്. അവസാന 18 പന്തില്‍ 53 റണ്‍സ് നേടേണ്ടിയിരുന്നപ്പോള്‍ 2 പന്ത് ബാക്കി വെച്ചാണ് ടീം വിജയം കുറിച്ചത്. നേടേണ്ടതെല്ലാം റസ്സലിനു വിട്ട് നല്‍കുക എന്നതായിരുന്നു ടീമിന്റെ ഗെയിം പ്ലാനെന്നും നിതീഷ് റാണ വെളിപ്പെടുത്തി. തങ്ങളെ ആ ഘട്ടത്തില്‍ നിന്ന് ആരെങ്കിലും വിജയിപ്പിക്കുമെങ്കില്‍ അത് ആന്‍ഡ്രേ റസ്സലായിരുന്നുവെന്ന് ടീമിനു പൂര്‍ണ്ണ നിശ്ചയമുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

കളി മാറ്റി മറിച്ച് ആന്‍ഡ്രേ റസ്സല്‍, ആറ് വിക്കറ്റ് ജയം സ്വന്തമാക്കി നൈറ്റ് റൈഡേഴ്സ്

നിതീഷ് റാണയുടെ അര്‍ദ്ധ ശതകത്തിനു പിന്നാലെ വെടിക്കെട്ട് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ രംഗത്തെത്തിയപ്പോള്‍ വിജയം കൈക്കലാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന മൂന്നോവറില്‍ ജയിക്കുവാന്‍ 53 റണ്‍സ് വേണ്ടയിടത്ത് നിന്ന് ലക്ഷ്യം ഒരോവറില്‍ 13 റണ്‍സായി ആന്‍ഡ്രേ റസ്സല്‍ മാറ്റി മറിക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 21 റണ്‍സുമാണ് കൊല്‍ക്കത്തയ്ക്കായി റസ്സല്‍ നേടിയത്. അതില്‍ ഒരു റണ്‍സ് മാത്രം ശുഭ്മന്‍ ഗില്ലിന്റെ സംഭാവനയായിരുന്നു. അവസാന ഓവറില്‍ സിക്സര്‍ നേടി ഗില്ലും ഒപ്പം കൂടിയപ്പോള്‍ ലക്ഷ്യം അവസാന മൂന്ന് പന്തില്‍ മൂന്നായി മാറി. നാലാം പന്തിലും ഷാക്കിബിനെ സിക്സര്‍ പറത്തി ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു.

19 പന്തില്‍ 49 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലും പത്ത് പന്തില്‍ 18 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും 25 പന്തില്‍ നിന്ന് 65 റണ്‍സ് നേടി അഞ്ചാം വിക്കറ്റില്‍ കൊല്‍ക്കത്തയെ രണ്ട് പന്ത് അവശേഷിക്കെ 6 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകകയായിരുന്നു. നേരത്തെ നിതീഷ് റാണയുടെ അര്‍ദ്ധ ശതകമാണ് കൊല്‍ക്കത്തയുടെ അടിത്തറയായി മാറിയത്. 47 പന്തില്‍ നിന്ന് റാണ 68 റണ്‍സ് നേടുകയായിരുന്നു. റോബിന്‍ ഉത്തപ്പ 35 റണ്‍സ് നേടി.

മത്സരത്തില്‍ ഇടയ്ക്ക് ഫ്ലെഡ് ലൈറ്റുകള്‍ കണ്ണടച്ച ശേഷം കളി പുനരാരംഭിച്ചപ്പോളാണ് റാണയുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

മൂന്നാം മത്സരത്തില്‍ കേരളത്തിനു തോല്‍വി, ഐപിഎല്‍ താരത്തിന്റെ മികവില്‍ ഡല്‍ഹിയ്ക്ക് ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ കേരളത്തിനു പരാജയം. ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ആന്ധ്രയെയും കീഴടക്കിയ കേരളത്തിനു ഡല്‍ഹിയോട് തോല്‍വിയായിരുന്നു ഫലം. വിനൂപ് ഷീല മനോഹരന്‍(38), സച്ചിന്‍ ബേബി(37) എന്നിവര്‍ മാത്രം ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കേരളം 139 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരം നിതീഷ് റാണ 36 പന്തില്‍ നിന്ന് പുറത്താകാതെ 52 റണ്‍സ് നേടി വിജയം ഒരുക്കുകയായിരുന്നു. ഉന്മുക്ത് ചന്ദ്(33), ഹിതേന്‍ ദലാല്‍(28) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. വിജയ സമയത്ത് റാണയ്ക്ക് കൂട്ടായി ഹിമ്മത് സിംഗ് 19 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിനു, ഇന്ത്യ എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് ഫൈനലില്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഏഷ്യന്‍ ശക്തികളും ബദ്ധ വൈരികളുമായ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യ 172 റണ്‍സിനു 44.4 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 67 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും(62) മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി മയാംഗ് മാര്‍ക്കണ്ടേ നാല് വിക്കറ്റ് നേടിയപ്പോള്‍ ജയന്ത് യാദവും അങ്കിത് രാജ്പുതും നാല് വീതം വിക്കറ്റ് നേടി.

3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. 27.3 ഓവറില്‍ നിന്നാണ് ടീമിന്റെ ഏഴ് വിക്കറ്റ് വിജയം. പുറത്താകാതെ നിന്ന നിതീഷ് റാണയും ഹിമ്മത് സിംഗുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പത്തോവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും 126 റണ്‍സ് കൂട്ടുകെട്ടുമായി റാണ-സിംഗ് എന്നിവര്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യത ഉറപ്പാക്കി. നിതീഷ് റാണ 60 റണ്‍സും ഹിമ്മത് സിംഗ് 59 റണ്‍സുമാണ് നേടിയത്.

ഡല്‍ഹി നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍

യുവ തലമുറ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് ഡല്‍ഹിയുടെ നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍. ടീമിന്റെ ഹിമാച്ചലിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിനു ഒരാഴ്ച മുമ്പാണ് ഗംഭീറിന്റെ തീരുമാനം. വിജയ് ഹസാരെ ട്രോഫിയില്‍ ടീമിനെ ഫൈനലിലേക്ക് നയിച്ച ഗംഭീര്‍ മികച്ച ഫോമില്‍ കളിക്കുകയും ചെയ്തിരുന്നു.

കേരളത്തിനെതിരെ 151 റണ്‍സും ക്വാര്‍ട്ടറില്‍ ഹരിയാനയ്ക്കെതിരെ 104 റണ്‍സും ഉള്‍പ്പെടെ മികവ് പുലര്‍ത്താനും ഗംഭീറിനായിരുന്നു. നിതീഷ് റാണ ടീമിന്റെ നായക സ്ഥാനത്തേക്ക് വരുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ധ്രുവ ഷോറെ ഉപ നായകനും ആവും.

Exit mobile version