അയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പഞ്ചാബ് കിംഗ്സിനെതിരെ 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ  ആണ് ഈ സ്കോര്‍ നേടിയത്.

Iyertripathi

ശുഭ്മന്‍ ഗില്ലിനെ(7) മൂന്നാം ഓവറിൽ അര്‍ഷ്ദീപ് സിംഗ് തന്റെ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 റൺസ് മാത്രമാണ് നേടിയിരുന്നത്. അതിന് ശേഷം 72 റൺസിന്റെ കൂട്ടുകെട്ടാണ് ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് നേടിയത്.

34 റൺസ് നേടിയ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് രവി ബിഷ്ണോയി സ്വന്തമാക്കുകയായിരുന്നു. രാഹുല്‍ പുറത്തായി അധികം വൈകാതെ വെങ്കിടേഷ് അയ്യര്‍ തന്റെ ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം നേടി. 67 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ പുറത്താക്കി രവി ബിഷ്ണോയി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 30 റൺസാണ് അയ്യര്‍ – റാണ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ ഓയിന്‍ മോര്‍ഗനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രണ്ട് സിക്സുകള്‍ അടക്കം 18 പന്തിൽ 31 റൺസ് നേടി നിതീഷ് റാണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നല്‍കുകയായിരുന്നു.

റാണയുടെ വിക്കറ്റ് അര്‍ഷ്ദീപ് ആണ് നേടിയത്. ആ ഓവറിൽ ഒരു സിക്സും ഫോറും നേടിയ റാണയെ നാലാം പന്തിൽ അര്‍ഷ്ദീപ് പുറത്താക്കി. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവസാന ആറോവറിൽ വെറും 50 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. അതും നിതീഷ് റാണയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ടീം ഈ സ്കോറിലേക്ക് അവസാനം എത്തിയത്.

പിച്ചൊന്നും പ്രശ്നമല്ല, അടിയോടടിയുമായി നരൈന്‍, കൊല്‍ക്കത്തയ്ക്ക് വിജയം

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ വിജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ പിച്ചിൽ ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ കൊല്‍ക്കത്ത 7 സിക്സുകള്‍ അടക്കം 18.2 ഓവറിലാണ് 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നത്.

ഡല്‍ഹിയെ പോലെ മെല്ലെ തുടങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തിൽ 67/4 എന്ന നിലയിലേക്ക് വീണുവെങ്കിലും നിതീഷ് റാണയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ലളിത് യാദവ് എറിഞ്ഞ 14ാം ഓവറിൽ 20 റൺസ് നേടി കൊല്‍ക്കത്തയ്ക്ക് മത്സരത്തിൽ മേല്‍ക്കൈ നല്‍കി.

എന്നാൽ തൊട്ടടുത്ത ഓവറിൽ അവേശ് ഖാന്‍ കാര്‍ത്തിക്കിനെ(12) പുറത്താക്കിയതോടെ മത്സരം വീണ്ടും ഒപ്പത്തിനൊപ്പമായി മാറി. കാഗിസോ റബാഡയെറിഞ്ഞ 16ാം ഓവറിൽ സുനിൽ നരൈന്‍ തന്റെ പതിവു ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം നാലോവറിൽ 9 റണ്‍സായി ചുരുങ്ങി. രണ്ട് സിക്സും ഒരു ഫോറും അടക്കം നരൈന്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഓവറിൽ നിന്ന് 21 റൺസാണ് പിറന്നത്.

തൊട്ടടുത്ത ഓവറിൽ നരൈന്‍ പുറത്തായെങ്കിലും 10 പന്തിൽ 21 റൺസ് നേടിയ നരൈന്റെ കാമിയോ മത്സരം ഡല്‍ഹിയിൽ നിന്ന് തട്ടിയെടുക്കുവാന്‍ പോന്നതായിരുന്നു. നരൈന്‍ പുറത്താകുമ്പോള്‍ 18 പന്തിൽ 6 റൺസായിരുന്നു 4 വിക്കറ്റ് കൈവശമുള്ള കൊല്‍ക്കത്ത നേടണ്ടിയിരുന്നത്.

ബൗണ്ടറി നേടി കൊല്‍ക്കത്തയുടെ വിജയ റൺസ് നേടിയ നിതീഷ് റാണ പുറത്താകാതെ 36 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 30 റൺസ് നേടി. ഡല്‍ഹിയ്ക്ക് വേണ്ടി അവേശ് ഖാന്‍ 3 വിക്കറ്റ് നേടി.

 

 

 

നിര്‍ണ്ണായക വിക്കറ്റുകളുമായി ലോര്‍ഡ് ശര്‍ദ്ധുൽ, ത്രിപാഠിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം താളം തെറ്റിയ കൊല്‍ക്കത്തയെ തിരികെ എത്തിച്ച് ഡികെയും റാണയും

ശര്‍ദ്ധുൽ താക്കൂര്‍ ആന്‍ഡ്രേ റസ്സലിന്റെയും വെങ്കിടേഷ് അയ്യരുടെയും വിക്കറ്റുകള്‍ നേടി ചെന്നൈ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 171 റൺസ്. അവസാന ഓവറുകളിൽ ദിനേശ് കാര്‍ത്തിക്കിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ റണ്ണൗട്ടായ ശേഷം വെങ്കടേഷ് അയ്യരും രാഹുല്‍ ത്രിപാഠിയും കൊല്‍ക്കത്തയെ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 50 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും 18 റൺസ് നേടിയ അയ്യരെ പുറത്താക്കി താക്കൂര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

ഓയിന്‍ മോര്‍ഗനെ ഹാസൽവുഡ് വീഴ്ത്തിയപ്പോള്‍ 33 പന്തിൽ 45 റൺസ് നേടി അപകടകാരിയായ മാറുകയായിരുന്ന രാഹുല്‍ ത്രിപാഠിയെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. 89/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് റസ്സൽ ക്രീസിലുള്ളത് പ്രതീക്ഷയായി നിലകൊണ്ടു.

നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും 36 റൺസ് കൂട്ടുകെട്ട് നേടി അവസാന ഓവറിലേക്ക് മത്സരം കൊണ്ടെത്തിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് താക്കൂര്‍ റസ്സലിനെ പുറത്താക്കിയത്. 15 പന്തിൽ 20 റൺസാണ് റസ്സൽ നേടിയത്.

റസ്സൽ പുറത്തായ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് അടിച്ച് തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോര്‍ നേടുകയായിരുന്നു. 11 പന്തിൽ 26 റൺസാണ് ദിനേശ് കാര്‍ത്തിക് നേടിയത്. ജോഷ് ഹാസൽവുഡിനാണ് വിക്കറ്റ്. നിതീഷ് റാണ് 27 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു.

ശ്രീലങ്കയിലേക്ക് തന്നെ തിരഞ്ഞെടുക്കുമെന്ന് കരുതുന്നു – നിതീഷ് റാണ

തന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ ശ്രീലങ്കന്‍ പര്യടനത്തിന് തിരഞ്ഞെടുക്കേണ്ടതാണെന്ന് പറഞ്ഞ് നിതീഷ് റാണ. താന്‍ ആ വിളിക്കായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. ലങ്കയിലേക്ക് ഇന്ത്യ തങ്ങളുടെ രണ്ടാം നിര ടീമിനെയാണ് അയയ്ക്കുന്നതെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ നിതീഷ് റാണയുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.

തനിക്ക് അവസരം ലഭിയ്ക്കുമെന്നാണ് തന്റെ മനസ്സ് പറയുന്നതെന്നും താന്‍ ആ വിളിയ്ക്കായി തയ്യാറെടുത്ത് കഴിഞ്ഞുവെന്നും നിതീഷ് വ്യക്തമാക്കി. തന്റെ വൈറ്റ് ബോളിലെ – അതിപ്പോള്‍ ഐപിഎല്‍ ആയാലും ആഭ്യന്തര ക്രിക്കറ്റ് ആയാലും മികച്ചതാണന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാല്‍ താന്‍ ഈ അവസരത്തിന് അര്‍ഹനാണെന്നും നിതീഷ് റാണ വ്യക്തമാക്കി.

കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ച് രാഹുല്‍ ചഹാര്‍, കൈവിട്ട കളി തിരിച്ച് പിടിച്ച് മുംബൈ ഇന്ത്യന്‍സ്

അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം പിടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഒരു ഘട്ടത്തില്‍ പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 81 റണ്‍സ് മാത്രം ജയത്തിനായി വേണ്ടിയിരുന്നു കൊല്‍ക്കത്തയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മത്സരം ടീം കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 142 റണ്‍സ് മാത്രമേ 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

152 റണ്‍സെന്ന ചെറിയ സ്കോര്‍ മാത്രം നേടിയ മുംബൈയ്ക്കെതിരെ മികച്ച തുടക്കമാണ് നിതീഷ് റാണയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 8.5 ഓവറില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് രാഹുല്‍ ചഹാര്‍ ആയിരുന്നു. 33 റണ്‍സ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയ ചഹാര്‍ ആണ് കൊല്‍ക്കത്തയുടെ ആദ്യ നാല് വിക്കറ്റും വീഴ്ത്തിയത്.

ഗില്ലിന് ശേഷം രാഹുല്‍ ത്രിപാഠി(5), ഓയിന്‍ മോര്‍ഗന്‍(7) എന്നിവരെ കൂടാതെ അര്‍ദ്ധ ശതകം നേടിയ നിതീഷ് റാണയെയും പുറത്താക്കിയ ചഹാര്‍ അനായാസം വിജയത്തിലേക്ക് കുതിയ്ക്കുമെന്ന് കരുതിയ കൊല്‍ക്കത്ത ക്യാമ്പില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 122/4 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയ്ക്ക് അടുത്ത ഓവറില്‍ ഷാക്കിബ് അല്‍ ഹസനെയും നഷ്ടമായി. ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് സമ്മര്‍ദ്ദം സൃഷ്ടിച്ച മുംബൈയ്ക്കെതിരെ വലിയ അടികള്‍ അധികം പിറക്കാതിരുന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ അവസാന ഓവറില്‍ 15 റണ്‍സ് ജയത്തിനായി കൊല്‍ക്കത്ത നേടേണ്ടതായി വന്നു.

അവസാന ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ട് 5 റണ്‍സ് മാത്രം വിട്ട് നല്‍കി റസ്സലിനെയും പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരം മുംബൈയ്ക്കൊപ്പമാക്കി മാറ്റുകയായിരുന്നു.

 

അര്‍ദ്ധ ശതകങ്ങളുമായി നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും, 200 എത്താനാകാതെ കൊല്‍ക്കത്ത

രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടോപ് ഓര്‍ഡറില്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ താളം തെറ്റി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ്. 200ന് മേലെ റണ്‍സിലേക്ക് ടീം നീങ്ങുമെന്ന നിലയില്‍ നിന്ന് വിക്കറ്റുകളുമായി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഏഴോവറില്‍ 53 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ശുഭ്മന്‍ ഗില്ലിനെ(15) കൊല്‍ക്കത്തയ്ക്ക് നഷ്ടമായ ശേഷം പിന്നീട് കണ്ടത് ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്ന് സണ്‍റൈസേഴ്സ് ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നതായിരുന്നു. ത്രിപാഠി 29 പന്തില്‍ 53 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 93 റണ്‍സാണ് നേടിയത്. ത്രിപാഠിയുടെ വിക്കറ്റ് നടരാജന്‍ വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ റഷീദ് ഖാന്‍ ആന്‍ഡ്രേ റസ്സലിനെ വീഴ്ത്തി.

ഓയിന്‍ മോര്‍ഗനെയും നിതീഷ് റാണയെയും ഒരേ ഓവറില്‍ പുറത്താക്കി മുഹമ്മദ് നബിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 146/1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്ത 160/5 എന്ന നിലയിലേക്കായി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചാണ് കൊല്‍ക്കത്തയെ 187 റണ്‍സിലേക്ക് എത്തിച്ചത്. ആറ് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ദിനേശ് കാര്‍ത്തിക് 9 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന 5 ഓവറില്‍ അധികം റണ്‍സ് പിറക്കാതെ ഇരുന്നപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പിറന്ന 16 റണ്‍സാണ് 187 എന്ന സ്കോറിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി.

ഉത്തരാഖണ്ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് അനുജ് റാവത്ത് – പ്രദീപ് സാംഗ്വാന്‍ കൂട്ടുകെട്ട്

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഡല്‍ഹി. പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി എത്തിയ ഉത്തരാഖണ്ഡ് എലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ള ഡല്‍ഹിയെ അട്ടിമറിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 287/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡല്‍ഹിയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 48.3 ഓവറില്‍ ഈ ലക്ഷ്യം മറികടക്കുകയായിരുന്ന.

81 റണ്‍സ് നേടിയ നിതീഷ് റാണ് ഒഴികെ ഡല്‍ഹി  നിരയില്‍ ടോപ് ഓര്‍ഡറില്‍ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ റാണയുടെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഡല്‍ഹി 32.3 ഓവറില്‍ 146/6 എന്ന നിലയില്‍ ആയിരുന്നു.

ഇവിടെ നിന്ന് ഡല്‍ഹിയുടെ വിജയ സാധ്യത നിലനിര്‍ത്തിയത് ഏഴാം വിക്കറ്റില്‍ അനുജ് റാവത്തും പ്രദീപ് സാംഗ്വാനും ചേര്‍ന്നായിരുന്നു. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ അവസാന രണ്ടോവറില്‍ ലക്ഷ്യം 15 റണ്‍സായി മാറി.

അനുജ് റാവത്ത് 7 ഫോറും 6 സിക്സും സഹിതം 85 പന്തില്‍ നിന്ന് 95 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ പ്രദീപ് സാംഗ്വാന്‍ 58 റണ്‍സ് നേടി മികച്ച പിന്തുണയാണ് അനുജിന് നല്‍കിയത്. 143 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്.

ഡല്‍ഹിയ്ക്ക് ജയം, 16 പോയിന്റ്, റണ്‍ റേറ്റില്‍ കേരളത്തിന് പിന്നില്‍

ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹിയ്ക്ക് ജയം. രാജസ്ഥാന്‍ നല്‍കിയ 295 റണ്‍സ് ലക്ഷ്യം ഡല്‍ഹി 44.4 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ ലക്ഷ്യം മറികടന്നത്.

96 പന്തില്‍ 117 റണ്‍സ് നേടി ഹിമ്മത് സിംഗും 75 പന്തില്‍ 88 റണ്‍സ് നേടി നിതീഷ് റാണയുമാണ് ഡല്‍ഹിയുടെ വിജയം ഒരുക്കിയത്. ഇരുവരും പുറത്താകാതെ നിന്ന് മൂന്നാം വിക്കറ്റില്‍ 183 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. ധ്രുവ് ഷോറെ(31), ശിഖര്‍ ധവാന്‍(44) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിയ്ക്ക് നഷ്ടമായി. 73 റണ്‍സ് നേടിയ മനേന്ദര്‍ സിംഗ്, 42 റണ്‍സുമായി ശിവ ചൗഹാനും 51 പന്തില്‍ 78 റണ്‍സ് നേടിയ അര്‍ജിത് ഗുപ്തയുമാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്.

16 പോയിന്റുകളിലേക്ക് എത്തുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചുവെങ്കിലും മറ്റു ഗ്രൂപ്പുകളില്‍ ഇതേ പോയിന്റുള്ള ഉത്തര്‍ പ്രദേശ്(+1.559), കേരളം(+1.244) എന്നിവര്‍ക്ക് പിന്നിലായി +0.507 റണ്‍റേറ്റാണ് ഡല്‍ഹിയ്ക്കുള്ളത്. എന്നാല്‍ ബറോഡയെക്കാള്‍ (+0.399) റണ്‍റേറ്റ് ഡല്‍ഹിയ്ക്കുണ്ട്.

കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് നിതീഷ് റാണ

നിതീഷ് റാണയുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോര്‍. 61 പന്തില്‍ നിന്ന് 87 റണ്‍സാണ് നിതീഷ് റാണ നേടിയത്. 18ാം ഓവറില്‍ ലുംഗിസാനി ഗിഡിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയ താരം 10 ഫോറും 4 സിക്സുമാണ് നേടിയത്. 20 ഓവറില്‍ നിന്ന് 172 റണ്‍സാണ് കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ഈ ടൂര്‍ണ്ണമെന്റില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആദ്യമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പൂര്‍ത്തിയാക്കിയത്. 48 റണ്‍സാണ് ശുഭ്മന്‍ ഗില്ലും നിതീഷ് റാണയും കൂടി ഇന്ന് നേടിയത്. ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ കരണ്‍ ശര്‍മ്മയാണ് തകര്‍ത്തത്.

26 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ കരണ്‍ ശര്‍മ്മ ചെന്നൈയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയപ്പോള്‍ പകരം ക്രീസിലെത്തിയ സുനില്‍ നരൈനെ(7) വീഴ്ത്തി മിച്ചല്‍ സാന്റനര്‍ ചെന്നൈയുടെ രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു.

പത്തോവറില്‍ നിന്ന് 70 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഈ സീസണിലെ തന്റെ ആദ്യ മത്സരം കളിക്കാനെത്തിയ റിങ്കു സിംഗിനെയാണ് കൊല്‍ക്കത്ത ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി ഇറക്കിയത്. താരത്തിനും അധികം പ്രഭാവമുണ്ടാക്കുവാന്‍ സാധിക്കാതെ 11 റണ്‍സ് നേടി മടങ്ങിയപ്പോള്‍ കൊല്‍ക്കത്ത 13 ഓവറില്‍ 93 റണ്‍സാണ് നേടിയത്.

44 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ റാണ പിന്നീട് സ്കോറിംഗിന് വേഗത കൂട്ടുകയായിരുന്നു. കരണ്‍ ശര്‍മ്മയെ തുടരെ സിക്സുകള്‍ക്ക് പറത്തി കരണ്‍ ശര്‍മ്മയുടെ മികച്ചൊരു സ്പെല്ലിനെ ഇല്ലാതാക്കുകയായിരുന്നു. 87 റണ്‍സ് നേടിയാണ് റാണ തിരികെ മടങ്ങിയത്.

റാണ പുറത്തായ ശേഷം ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത്. 30 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. മോര്‍ഗന്‍ 11 പന്തില്‍ 15 റണ്‍സ് നേടി പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് 10 പന്തില്‍ നിന്ന് 21 റണ്‍സ് നേടി.

ഡല്‍ഹിയെ വിറപ്പിച്ച് മോര്‍ഗന്‍ – ത്രിപാഠി കൂട്ടുകെട്ട്, 18 റണ്‍സ് വിജയം പിടിച്ചെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് വിജയം. ഇന്നത്തെ മത്സരത്തില്‍ 229 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 122/6 എന്ന നിലയിലേക്ക് വീണ ശേഷം 78 റണ്‍സ് കൂട്ടുകെട്ടുമായി ഓയിന്‍ മോര്‍ഗന്‍ – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് ഡല്‍ഹി നിരയില്‍ ഭീതി പടര്‍ത്തിയെങ്കിലും ഇരുവരും പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

സുനില്‍ നരൈന്‍ തന്റെ മോശം ഫോം തുടര്‍ന്നപ്പോള്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത് രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുമായി ശുഭ്മന്‍ ഗില്‍ – നിതീഷ് റാണ കൂട്ടുകെട്ടായിരുന്നു. നിതീഷ് റാണയുടെ ക്യാച്ച് സ്വന്തം ബൗളിംഗില്‍ അമിത് മിശ്ര കൈവിട്ടുവെങ്കിലും തന്റെ അടുത്ത ഓവറില്‍ മിശ്ര ഗില്ലിനെ പുറത്താക്കി ടീമിന് രണ്ടാമത്തെ ബ്രേക്ക്ത്രൂ നല്‍കി. 22 പന്തില്‍ നിന്ന് 28 റണ്‍സാണ് ശുഭ്മന്‍ ഗില്‍ നേടിയത്.

ആന്‍ഡ്രേ റസ്സല്‍ ക്രീസിലെത്തിയപ്പോള്‍ കാഗിസോ റബാഡയെ ബൗളിംഗിനെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ആവേശകരമാക്കി. റബാഡയ്ക്കെതിരെ ഒരു ഫോറും സിക്സും റസ്സല്‍ നേടിയെങ്കിലും അടുത്ത പന്തില്‍ താരത്തെ പുറത്താക്കി റബാഡ തിരിച്ചടിച്ചു. 8 പന്തില്‍ 13 റണ്‍സാണ് റസ്സല്‍ നേടിയത്. പത്തോവറില്‍ കൊല്‍ക്കത്ത 94 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

എന്നാല്‍ 3 പന്തുകള്‍ക്ക് ശേഷം 58 റണ്‍സ് നേടിയ നിതീഷ് റാണയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കുകയായിരുന്നു. അതെ ഓവറില്‍ തന്നെ ദിനേശ് കാര്‍ത്തികനെ കൂടി നഷ്ടമായതോടെ കൊല്‍ക്കത്ത കൂടുതല്‍ പ്രതിസന്ധിയിലായി. ഹര്‍ഷല്‍ പട്ടേലിന് തന്നെയായിരുന്നു കാര്‍ത്തിക്കിന്റെ വിക്കറ്റും.

തൊട്ടടുത്ത ഓവറില്‍ ആന്‍റിക് നോര്‍കേ പാറ്റ് കമ്മിന്‍സിനെയും പുറത്താക്കിയതോടെ ഉത്തവാദിത്വം മുഴുവന്‍ ഓയന്‍ മോര്‍ഗനിലേക്ക് വന്നു. റബാഡയെറിഞ്ഞ 16ാം ഓവറില്‍ ഒരു സിക്സും ഫോറും അധികം 14 റണ്‍സാണ് മോര്‍ഗനും ത്രിപാഠിയും നേടിയത്.

24 പന്തില്‍ 77 റണ്‍സെന്ന നിലയിലേക്ക് അവസാന നാലോവറിലേക്ക് മത്സരം വരികയും മാര്‍ക്ക് സ്റ്റോയിനിസ് എറിഞ്ഞ 17ാം ഓവറില്‍ രാഹുല്‍ ത്രിപാഠി മൂന്ന് സിക്സും ഒരു ഫോറും അടക്കം 24 റണ്‍സ് നേടിയതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 54 റണ്‍സായി മാറി.

ശ്രേയസ്സ് അയ്യര്‍ വീണ്ടും കാഗിസോ റബാഡയ്ക്ക് ഓവര്‍ നല്‍കിയതോടെ മൂന്ന് സിക്സറുകള്‍ പറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വീണ്ടും സാധ്യത കൊണ്ടു വന്നു. ഓവറിലെ അവസാന പന്ത് രാഹുല്‍ ത്രിപാഠി ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 23 റണ്‍സ് വന്നു.

ലക്ഷ്യം ഇതോടെ 12 പന്തില്‍ 31 റണ്‍സായി മാറി. ആന്‍റിക് നോര്‍കേ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തില്‍ മോര്‍ഗന്‍ ബൗണ്ടറി ലൈനില്‍ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ 18 പന്തില്‍ നിന്നാണ് 44 റണ്‍സ് നേടിയത്. 5 സിക്സ് അടക്കമായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. ഓവറില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. ലക്ഷ്യം അവസാന ഓവറില്‍ 26 റണ്‍സും സ്ട്രൈക്കില്‍ രാഹുല്‍ ത്രിപാഠിയും.

അവസാന ഓവര്‍ എറിയുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസ് എത്തിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ ത്രിപാഠി ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തില്‍ മികച്ചൊരു യോര്‍ക്കറിലൂടെ താരത്തെ സ്റ്റോയിനിസ് മടക്കി. പിന്നീട് ശിവം മാവിയും കമലേഷ് നാഗര്‍കോടിയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് മാത്രമേ നേടാനായുള്ളു.

രാഹുല്‍ ത്രിപാഠി 16 പന്തില്‍ 36 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഡല്‍ഹിയ്ക്കായി ആന്‍റിക് നോര്‍കേ 3 വിക്കറ്റ് നേടി. റബാഡയ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചു. കൂടാതെ അത്ര മികച്ച മത്സരമായിരുന്നില്ല താരത്തിന്.

പോണ്ടിംഗ് നല്‍കിയ ഉപദേശം തന്റെ വഴിത്തിരിവ് – നിതീഷ് റാണ

നിതീഷ് റാണ ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മധ്യനിരയുടെ കരുത്താണെങ്കിലും താരം ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിയാരംഭിച്ചപ്പോളാണ്. പോണ്ടിംഗ് തനിക്ക് നല്‍കിയ ഉപദേശമാണ് തന്റെ കരിയറില്‍ വഴിത്തിരിവ് ആയതെന്ന് നിതീഷ് റാണ വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിന് ഏറെ നിര്‍ണ്ണായകമായ ഗുജറാത്ത് ലയണ്‍സിനെതിരെയുള്ള പ്രകടനമാണ് റാണയെ ശ്രദ്ധേയനാക്കിയത്. മത്സരം ടീം പരാജയപ്പെട്ടുവെങ്കിലും 36 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയ റാണയുടെ പ്രകടനം ഏവരും ശ്രദ്ധിച്ചു. അന്ന് മത്സരത്തിന് മുമ്പ് പോണ്ടിംഗ് നല്‍കിയ ഉപദേശമാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും റാണ വ്യക്തമാക്കി.

പ്രതിരോധിക്കുവാന്‍ നോക്കേണ്ട, ഷോട്ടുകള്‍ കളിക്കുവാനാണ് തന്നോട് മുന്‍ ഓസ്ട്രേലിയന്‍‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞതെന്ന് നിതീഷ് റാണ വ്യക്തമാക്കി. തനിക്ക് പന്ത് അടിച്ച് പറത്തുവാന്‍ കഴിവുണ്ടെന്ന് വിശ്വാസം തനിക്ക് തന്നത് പോണ്ടിംഗ് ആണെന്നും അതിന് ശേഷം തനിക്ക് എന്നും ആ വിശ്വാസം ഉണ്ടായിട്ടുണ്ടെന്നും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുവാന്‍ തനിക്ക് ആവും എന്ന ആത്മവിശ്വാസം തനിക്ക് അതിന് ശേഷം എന്നുമുണ്ടെന്നും റാണ വ്യക്തമാക്കി.

നിതീഷ് റാണയ്ക്ക് ശതകം, മത്സരം സമനിലയില്‍ അവസാനിച്ചു, കേരളത്തിന് മൂന്ന് പോയിന്റ്

കേരളവും ഡല്‍ഹിയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. 125 റണ്‍സ് നേടിയ കുണാല്‍ ചന്ദേലയ്ക്കും 114 റണ്‍സ് നേടിയ നിതീഷ് റാണയും നടത്തിയ ചെറുത്ത് നില്പാണ് ഡല്‍ഹിയ്ക്ക് തുണയായത്. അനുജ് റാവത്ത് 87 റണ്‍സ് നേടി. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിനാല്‍ കേരളത്തിന് 3 പോയിന്റും ഡല്‍ഹിയ്ക്ക് ഒരു പോയിന്റുമാണ് ലഭിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ 395/4 എന്ന നിലയില്‍ നില്‍ക്കവെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കുവാന്‍ ടീമുകള്‍ തീരുമാനിച്ചത്. കേരളത്തിനായി ജലജ് സക്സേന രണ്ടും സന്ദീപ് വാര്യര്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ടാം ഇന്നിംഗ്സില്‍ ഓരോ വിക്കറ്റും നേടി.

ജോണ്ടി സിദ്ധു(30*), ലളിത് യാദവ്(13*) എന്നിവരാണ് ഡല്‍ഹിയ്ക്കായി ക്രീസില്‍ നിന്ന് അവസാന ഓവറുകളെ അതിജീവിച്ചത്.

Exit mobile version