“ഞാനാ റിവ്യൂ കരുതിയത് റസ്സലിനു വേണ്ടി” – നിതീഷ് റാണ

ആന്‍ഡ്രേ റസ്സലാണ് അവസാന നിമിഷം കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചതെങ്കിലും വളരെ നിര്‍ണ്ണായക പ്രകടനമാണ് മത്സരത്തില്‍ നിതീഷ് റാണ് നേടിയത്. 47 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ റാണ എന്നാല്‍ മത്സരത്തില്‍ ഫ്ലെഡ് ലൈറ്റുകള്‍ കളി തടസ്സപ്പെടുത്തിയ ശേഷം വീണ്ടും മത്സരം പുനരാരംഭിച്ച് ഉടന്‍ തന്നെ റഷീദ് ഖാന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

എന്നാല്‍ മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ റിവ്യൂവിനു പോലും ശ്രമിക്കാതെയാണ് റാണ പവലിയനിലേക്ക് മടങ്ങിയത്. അതേ സമയം താരം റിവ്യൂ എടുത്തിരുന്നേല്‍ ഒരു പക്ഷേ തീരുമാനം മറ്റൊന്നായേനെ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ താന്‍ വളരെ വ്യക്തമായി തന്നെയാണ് റിവ്യൂ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് റാണയുടെ വാക്കുകള്‍.

റസ്സല്‍ മികച്ച രീതിയില്‍ മറുവശത്ത് ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. താന്‍ റിവ്യൂ എടുത്ത് അത് പരാജയപ്പെട്ടാല്‍ അത് ടീമിനു തിരിച്ചടിയാകും അതേ സമയം റിവ്യൂവിന്റെ ആനുകൂല്യം റസ്സലിനു വേണ്ടി നിലനിര്‍ത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് നിതീഷ് റാണ പറഞ്ഞു. തുടക്കത്തിലെ ഈ വിജയം നമുക്ക് വളരെ അനിവാര്യമായിരുന്നു. അതിനാല്‍ തന്നെ തന്റെ തീരുമാനം തെറ്റിയില്ലെന്നാണ് വിശ്വാസമെന്ന് റാണ കൂട്ടിചേര്‍ത്തു.

റസ്സലിന്റെ ബാറ്റിംഗിനെ അവിശ്വസനീയം എന്നാണ് കൊല്‍ക്കത്ത നിരയിലെ യുവതാരം പറഞ്ഞത്. അവസാന 18 പന്തില്‍ 53 റണ്‍സ് നേടേണ്ടിയിരുന്നപ്പോള്‍ 2 പന്ത് ബാക്കി വെച്ചാണ് ടീം വിജയം കുറിച്ചത്. നേടേണ്ടതെല്ലാം റസ്സലിനു വിട്ട് നല്‍കുക എന്നതായിരുന്നു ടീമിന്റെ ഗെയിം പ്ലാനെന്നും നിതീഷ് റാണ വെളിപ്പെടുത്തി. തങ്ങളെ ആ ഘട്ടത്തില്‍ നിന്ന് ആരെങ്കിലും വിജയിപ്പിക്കുമെങ്കില്‍ അത് ആന്‍ഡ്രേ റസ്സലായിരുന്നുവെന്ന് ടീമിനു പൂര്‍ണ്ണ നിശ്ചയമുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

Exit mobile version