സഞ്ജുവിന്റെ കീഴിൽ പരമ്പര തൂത്തുവാരി ഇന്ത്യ എ, 4 വിക്കറ്റുമായി രാജ് അംഗദ് ബാവ, ഇന്ത്യയ്ക്ക് 106 റൺസ് വിജയം

സഞ്ജുവിന്റെ കീഴിൽ ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 284 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും രാജ് അംഗദ് ബാവയുെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ 178 റൺസിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ 106 റൺസിന്റെ വിജയം ആണ് നേടിയത്.

ബാവ 4 വിക്കറ്റ് നേടിയപ്പോള്‍ കുൽദീപ് യാദവും രാഹുല്‍ ചഹാറും 2 വീതം വിക്കറ്റ് നേടി. 38.3 ഓവറിൽ ആണ് ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിച്ചത്. ഡെയന്‍ ക്ലെവര്‍ 83 റൺസുമായി ന്യൂസിലാണ്ട് എ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റൺസ് നേടിയ മൈക്കൽ റിപ്പൺ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

രാജ് അംഗദ് ബാവയ്ക്ക് കോളടിച്ചു, അണ്ടര്‍ 19 താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 2 കോടിയ്ക്ക്

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ യുവതാരം രാജ് ബാവയ്ക്ക് ഐപിഎല്‍ കരാര്‍. 2 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. മുംബൈയും സൺറൈസേഴ്സുമായിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റു ഫ്രാഞ്ചൈസികള്‍.

പഞ്ചാബ് കിംഗ്സിൽ നിന്നുള്ള വെല്ലുവിളിയെ അതിജീവിച്ച് സഞ്ജയ് യാദവിനെ 50 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

യോ ഇന്ത്യ!!! ലോക ചാമ്പ്യന്മാര്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് വിജയവുമായി ഇന്ത്യ. 47.4 ഓവറിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. നിശാന്ത് സിന്ധു 50 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 5 പന്തിൽ 13 റൺസ് നേടി നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ച് ദിനേശ് ബാനയും വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. ഇത് അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് വിജയിക്കുന്നത്.

190 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ അംഗ്കൃഷ് രഘുവംശിയെ നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ഒരു റൺസ് പോലും പിറന്നിരുന്നില്ല. പിന്നീട് വൈസ് ക്യാപ്റ്റന്‍ ഷൈഖ് റഷീദും ഹര്‍നൂര്‍ സിംഗും(21) ചേര്‍ന്ന് കരുതലോടെ രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഹര്‍നൂര്‍ പുറത്തായി.

ഷൈഖും യഷ് ധുല്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെ ഇന്ത്യയ്ക്ക് അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും നഷ്ടമായി. 95/2 എന്ന നിലയിൽ നിന്ന് 97/4 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ റഷീദ് 50 റൺസും യഷ് ധുൽ 17 റൺസുമാണ് നേടിയത്. ഇംഗ്ലണ്ട് ക്യാമ്പിൽ വിജയ പ്രതീക്ഷ വന്നുവെങ്കിലും അത് ഇല്ലാതാക്കി രാജ് ബാവ – നിഷാന്ത് സിന്ധു കൂട്ടുകെട്ട് നിര്‍ണ്ണായകമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു.

ഇരുവരും ചേര്‍ന്ന് ഇന്ത്യയെ അവസാന 8 ഓവറിൽ 30 റൺസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. എന്നാൽ 67 റൺസ് കൂട്ടുകെട്ടിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 35 റൺസ് നേടിയ ബാവയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ബൗളര്‍ ജോഷ്വ ബോയ്ഡന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

നിശാന്ത് സിന്ധു ഒരു വശത്ത് റൺസ് കണ്ടെത്തുമ്പോള്‍ മറുവശത്ത് വിക്കറ്റുമായി ഇംഗ്ലണ്ട് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ലക്ഷ്യം 14 റൺസ് അകലെ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. 18 പന്തിൽ 12 റൺസ് വേണ്ടപ്പോള്‍ ഇന്ത്യയുടെ കൈയ്യിൽ 4 വിക്കറ്റായിരുന്നു ബാക്കി.

48ാം ഓവറിൽ നിഷാന്ത് സിന്ധു ഒരു ഫോറും ദിനേസ് ബാന ഒരു സിക്സും നേടിയപ്പോള്‍ ഇന്ത്യ വിജയത്തിന് ഒരു റൺസ് അകലെ എത്തി. സിക്സര്‍ പറത്തി ബാന ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി, ഇന്ത്യയ്ക്ക് കിരീടം നേടുവാന്‍ വേണ്ടത് 190 റൺസ്

അണ്ടര്‍ 19 ലോകകപ്പിൽ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. ജെയിംസ് റൂവും ജെയിംസ് സെയില്‍സും ചേര്‍ന്ന് നേടിയ 93 റൺസാണ് 91/7 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ തുണച്ചത്. ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 189 റൺസ് ആണ് ഇംഗ്ലണ്ട് നേടിയത്.

റൂവിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ വലിയ തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ട് വീഴുമായിരുന്നു.  ഇന്ത്യയ്ക്കായി രാജ് ബാവ അഞ്ചും രവികുമാര്‍ 4 വിക്കറ്റും നേടി.

രണ്ടാം ഓവറിൽ തുടങ്ങിയ തകര്‍ച്ച 16.2 ഓവറിലെത്തിയപ്പോള്‍ 61/6 എന്ന നിലയിലേക്ക് എത്തി. പിന്നീട് ഏഴാം വിക്കറ്റിൽ അലക്സ് ഹോര്‍ട്ടണുമായി(10) ചേര്‍ന്ന് 30 റൺസ് നേടിയ റൂവ് ഇംഗ്ലണ്ടിനെ 91 റൺസിലേക്ക് എത്തിച്ചുവെങ്കിലും ഇംഗ്ലണ്ടിന് മുന്നിൽ വലിയ കടമ്പയായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് ജെയിംസ് ദ്വയം ഇംഗ്ലണ്ടിനെ 184 റൺസിലേക്ക് എത്തിച്ചുവെങ്കിലും 95 റൺസിൽ റൂവിന് തന്റെ വിക്കറ്റ നഷ്ടമായി.

റൂവ് പുറത്തായി അധികം വൈകാതെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 44.5 ഓവറിലാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് അവസാനമായത്. ജെയിംസ് സെയിൽസ് 34 റൺസുമായി പുറത്താകാതെ നിന്നു.

കുഞ്ഞന്മാര്‍ക്കെതിരെ ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍, 405 റൺസ്

അംഗ്കൃഷ് രഘുവംശിയും രാജ് ബാവയും നേടിയ തകര്‍പ്പന്‍ ശതകങ്ങളുടെ ബലത്തിൽ ഉഗാണ്ടയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. അണ്ടര്‍ 19 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ആദയം ബാറ്റ് ചെയ്ത ഇന്ത്യ 405/5 എന്ന സ്കോറാണ് നേടിയത്.

രഘുവംശി 144 റൺസും രാജ് ബാവ 162 റൺസുമാണ് നേടിയത്. ബാവ വെറും 108 പന്തില്‍ നിന്നാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സിൽ പുറത്താകാതെ നിന്നത്. ഉഗാണ്ടയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ പാസ്കൽ മുറുംഗി 3 വിക്കറ്റ് നേടി.

അവസാന പന്തിൽ പാക്കിസ്ഥാന് വിജയം

അണ്ടര്‍ 19 ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്‍ അവസാന പന്തിലാണ് 2 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്.

4 വിക്കറ്റ് നേട്ടവുമായി രാജ് ഭാവ ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ നല്‍കിയെങ്കിലും 19 പന്തിൽ 29 റൺസ് നേടിയ അഹമ്മദ് ഖാന്‍ അവസാന പന്തിൽ ബൗണ്ടറി നേടിയാണ് പാക്കിസ്ഥാന്റെ വിജയം ഒരുക്കിയത്. അവസാന പന്തിൽ രണ്ട് റൺസായിരുന്നു പാക്കിസ്ഥാന്‍ വിജയത്തിനായി നേടേണ്ടിയിരുന്നത്.

ടോപ് ഓര്‍ഡറിൽ 81 റൺസുമായി മാസ് സദാഖത് ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഖാസിം അക്രം(22), ഇര്‍‍ഫാന്‍ ഖാന്‍(32), റിസ്വാന്‍ മഹമ്മൂദ്(29) എന്നിവരും പാക്കിസ്ഥാനായി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

Exit mobile version