നഥാന്‍ ലയണിനെ ഓസ്ട്രേലിയ കളിപ്പിക്കണം – ഓസ്ട്രേലിയന്‍ ഇതിഹാസം

ഓസ്ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസവുമായ അലന്‍ ബോര്‍ഡര്‍ ജസ്റ്റിന്‍ ലാംഗറോട് ആവശ്യപ്പെടുന്നത് ഓസ്ട്രേലിയന്‍ ടീമില്‍ നഥാന്‍ ലയണിനെ പരിഗണിക്കണമെന്നാണ്. ഈ ലോകകപ്പില്‍ ഇതുവരെ ഓസ്ട്രേലിയന്‍ ടീമില്‍ ഇലവനില്‍ അവസരം ലഭിക്കാത്ത ഒരേ ഒരു താരം അത് നഥാന്‍ ലയണ്‍ ആണ്. എന്നാല്‍ ബോര്‍ഡര്‍ കോച്ച് ജസ്റ്റിന്‍ ലാംഗറോട് ആവശ്യപ്പെടുന്നത് ലയണിനെ കളിപ്പിക്കണമെന്നാണ്.

ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഓസ്ട്രേലിയയ്ക്ക് കളിക്കുവാനുള്ളത്. ഇന്ത്യയിലും ദുബായിയിലും ഓസ്ട്രേലിയ ലയണിനെയും സംപയെയും ആശ്രയിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ പേസര്‍മാര്‍ക്കാണ് ഈ വിശ്വാസവും പിന്തുണയും ലഭിച്ചത്. സംപയ്ക്ക് നാല് മത്സരങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ താരം 236 റണ്‍സിന് ഇതുവരെ 5 വിക്കറ്റാണ് നേടിയിട്ടുള്ളത്.

ഈ മത്സരങ്ങളില്‍ നഥാന്‍ ലയണിനെ കളിപ്പിക്കണമെന്നാണ് ബോര്‍ഡര്‍ പറയുന്നത്. അദ്ദേഹം ഒരു വിക്കറ്റ് നേടുവാന്‍ കഴിവുള്ള താരമാണ്. ടെസ്റ്റ് ബൗളിംഗ് വ്യത്യസ്തമാണ് എന്നാലും ലയണ്‍ അറ്റാക്കിംഗ് ബൗളര്‍ ആണെന്നാണ് തന്റെ പക്ഷം എന്നും ബോര്‍ഡര്‍ പറഞ്ഞു.

ലോകകപ്പ് മോഹങ്ങള്‍ തീവ്രമായുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം

ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്നത് തന്റെ ആഗ്രഹ പട്ടികയില്‍ വലിയ സ്ഥാനമുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ ടെസ്റ്റിലെ സൂപ്പര്‍ താരം നഥാന്‍ ലയണ്‍. ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീമില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കിയ ലയണിനു എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമാനമായൊരു അവസ്ഥ സൃഷ്ടിക്കാനായിട്ടില്ല. 18 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളും മാത്രം ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള താരം എന്നാല്‍ ലോകകപ്പ് ഏതൊരു താരത്തെയും പോലെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ താരമെന്ന നിലയില്‍ വലിയ ടൂര്‍ണ്ണമെന്റില്‍ കളിക്കുവാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ ലോകകപ്പില്‍ തനിക്ക് ഒരു അവസരം പോലും മുമ്പ് ലഭിച്ചിട്ടില്ല. തന്റെ ആഗ്രഹ പട്ടികയില്‍ വലിയൊരു സ്ഥാനമുള്ള മോഹമാണ് അത്. താന്‍ അത് തീവ്രമായി തന്നെ ആഗ്രഹിക്കുന്നുണ്ടെന്നും ഓസ്ട്രേലിയന്‍ സ്പിന്നര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഓസ്ട്രേലിയയ്ക്കായി മൂന്ന് ഏകദിനം കളിച്ചുവെങ്കിലും വ്യക്തമായ പ്രഭാവം ഉണ്ടാക്കുവാന്‍ താരത്തിനു സാധിച്ചിരുന്നില്ല. താന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആഘോഷിക്കുന്നുണ്ടെന്നും ഈ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും പറഞ്ഞ ലയണ്‍ ബൗണ്‍സാണ് തന്റെ ഏറ്റവും വലിയ ആയുധം എന്ന് പറഞ്ഞു. അതിനൊപ്പം തന്നെ കളിയെ വ്യക്തമായി മനസ്സിലാക്കുവാനും തനിക്ക് സാധിക്കുന്നുണ്ടെന്നും അതുപോലെ വൈവിധ്യങ്ങള്‍ ബൗളിംഗില്‍ കൊണ്ടു വരാന്‍ ആവുന്നതും തന്റെ ശക്തിയാണെന്ന് നഥാന്‍ ലയണ്‍ വ്യക്തമാക്കി.

സാക്കറുടെ രാജി ഞെട്ടലുണ്ടാക്കി: നഥാന്‍ ലയണ്‍

ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ഡേവിഡ് സാക്കറുടെ രാജി തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് ചാമ്പ്യന്‍ സ്പിന്നര്‍ നഥാന്‍ ലയണ്‍. താന്‍ ഈ വിവരം അറിയുന്നത് ഫോണിലൂടെയായിരുന്നുവെന്നാണ് നഥാന്‍ ലയണ്‍ പറഞ്ഞത്. ലോകകപ്പ് ആസന്നമായ സമയത്ത് ഡേവിഡ് ഇത്തരത്തില്‍ രാജി വെച്ചത് ടീമിനെ പുതിയ കോച്ചിനെ കണ്ടെത്തേണ്ട ചുമതലയില്‍ എത്തിച്ചുവെങ്കിലും ട്രോയി കൂളിയെ നിയമിച്ച് ഓസ്ട്രേലിയ ഉടനടി തന്നെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യ-യുഎഇ പരമ്പരയിലേക്കാണ് കൂളിയെ നിയമിച്ചിരിക്കുന്നത്. ലോകകപ്പിനു കൂളിയെ തന്നെ നിയമിക്കുമോ പകരം കോച്ചിനെ കണ്ടെത്തുമോ ഓസ്ട്രേലിയ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

സാക്കറുടെ തീരുമാനത്തില്‍ ഞെട്ടലും സങ്കടവുമുണ്ട് എന്നാണ് ലയണിന്റെ ആദ്യ പ്രതികരണം. കാന്‍ബറയിലെ ടെസ്റ്റ് വിജയത്തിന്റെ ആഘോഷത്തിലായിരുന്ന താന്‍ സാക്കറെ കണ്ടപ്പോള്‍ പോലും തന്നോട് ഒരു സൂചന പോലും സാക്കര്‍ നല്‍കിയില്ലെന്ന് പറഞ്ഞ ലയണ്‍ സാക്കര്‍ തനിക്ക് ഏറെ പിന്തുണ നല്‍കിയിരുന്ന വ്യക്തിയാണെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭാവം തനിക്ക് തീര്‍ച്ചയായും ഒരു നഷ്ടം തന്നെയാണെന്നാണ് നഥാന്‍ ലയണ്‍ പറഞ്ഞത്.

നിര്‍ണ്ണായക ഏകദിനം, ഓസ്ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റം

എംസിജിയില്‍ ഇന്ത്യയ്ക്കെതിരെ പരമ്പര നിര്‍ണ്ണയിക്കുന്ന ഏകദിനത്തിനായി ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ രണ്ട് മാറ്റം. പരിക്കേറ്റ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും നഥാന്‍ ലയണിനെയുമാണ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. ലയണ്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് പോലും നേടാനാകാതെയാണ് പോയത്. ലയണിനു പകരം ആഡം സംപയും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനു പകരം ബില്ലി സ്റ്റാന്‍ലേക്കിനെയുമാണ് ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേ സമയം ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന കെയിന്‍ റിച്ചാര്‍ഡ്സണെ അവസാന ഏകദിനത്തിനുള്ള ബാക്കപ്പായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ മാത്രമേ താരത്തിനെ ഉപയോഗപ്പെടുത്തുകയുള്ളു. താരത്തെ മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി സെലക്ഷനു പരിഗണിക്കാവുന്നതാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.

ലിന്നും മുന്‍ നിര പേസര്‍മാരും ഇല്ലാതെ ഓസ്ട്രേലിയ, ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ സ്ക്വാഡിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ക്രിസ് ലിന്‍, ട്രാവിസ് ഹെഡ്, ഡാര്സി ഷോര്‍ട്ട്, ആഷ്ടണ്‍ അഗര്‍, ബെന്‍ മക്ഡര്‍മ്ട്ട് എന്നിവര്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുമ്പോള്‍ പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ഉസ്മാന്‍ ഖവാജ എന്നിവര്‍ തിരികെ ടീമിലെത്തുന്നു. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ പരിക്കിനെത്തുടര്‍ന്ന് ടീമിനു പുറത്ത് പോകുന്നു.

അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നീ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കുവാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് ഈ തീരുമാനം. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ്, അലെക്സ് കാറെ, ജൈ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ആഡം സംപ

ഇരട്ട ശതകം കൈവിട്ട് പുജാര, 193 റണ്‍സ് നേടി മടക്കം

സിഡ്നിയില്‍ ഇരട്ട ശതകം നേടാമെന്ന പുജാരയുടെ ശ്രമം പരാജയപ്പെട്ടു. 193 റണ്‍സ് നേടിയ പുജാരയെ റിട്ടേണ്‍ ക്യാച്ചിലൂടെ നഥാന്‍ ലയണ്‍ പുറത്താക്കുകയായിരുന്നു. 303/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഹനുമ വിഹാരിയെ നഷ്ടമായിരുന്നു. 42 റണ്‍സാണ് വിഹാരിയുടെ സ്കോര്‍.

തുടര്‍ന്ന് ഋഷഭ് പന്തുമായി ചേര്‍ന്ന് ഇന്ത്യയുടെ സ്കോര്‍ 400 കടത്തുവാന്‍ പുജാരയ്ക്ക് സാധിച്ചിരുന്നു. തന്റെ ഇരട്ട ശതകം താരം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് പ്രതീക്ഷിക്കാതെ താരം പുറത്തായത്. 130 ഓവറുകളില്‍ നിന്ന് 418/6 എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് 44 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ മൂന്നും ജോഷ് ഹാസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

മയാംഗിനു പിന്നാലെ പൂജാരയ്ക്കും അര്‍ദ്ധ ശതകം, ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു

സിഡ്നി ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മയാംഗ് അഗര്‍വാളിനു പിന്നാലെ ചേതേശ്വര്‍ പുജാരയും അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഇന്ത്യ ഒന്നാം ദിവസം ചായ സമയത്ത് 177/2 എന്ന നിലയിലാണ്. 61 റണ്‍സ് നേടിയ പുജാരയ്ക്കൊപ്പം 23 റണ്‍സുമായി ഇന്ത്യന്‍ നായകനാണ് ക്രീസില്‍ നില്‍ക്കുന്നത്. 77 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളും 9 റണ്‍സ് നേടിയ കെഎല്‍ രാഹുലിനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ജോഷ് ഹാസല്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

നേഥൻ ലിയോൺ, അഡെലെയ്ഡ് മുതൽ ഒപ്റ്റസ് പെർത്ത് വരെ!

ക്രിക്കറ്റ് ഓസ്ട്രേലിയയെ സംബന്ധിച്ച് ഷെയ്ൻ വോൺ ടെസ്റ്റ് ടീമിൽ ഒഴിച്ചിട്ട്‌ പോയ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പലരെയും ടീമിലേക്ക് സ്പിന്നർമാരായി കൊണ്ട് വന്നു എങ്കിലും സ്ഥിരമായ ഒരു ഉത്തരം എന്ന നിലയിൽ പലരും പരാജയപ്പെട്ടു. ബ്രാഡ് ഹോഗ്, സേവിയർ ദോഹർട്ടി, നേഥൻ ഹോറിറ്റ്‌സ് എന്നിങ്ങനെ പല പേരുകൾ വന്നു പോയി. ചിലരൊക്കെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും ടെസ്റ്റിൽ ആർക്കും പച്ചപിടിക്കാനായില്ല.

2010 വരെ ക്രിക്കറ്റിങ് റഡാറുകളിൽ ഒന്നും തന്നെ പെടാതെ ഗ്രേഡ് ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന ലിയോൺ, അഡെലെയ്ഡിലെ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നോക്കുമ്പോഴാണ് തലവര മാറുന്നത്. ആ സമയത്ത് ഫീച്ചേഴ്സ് ലീഗിൽ കളിക്കുമ്പോഴാണ് സൗത്ത് ഓസ്ട്രേലിയയുടെ T20 കോച്ച് ആയ ഡാരൻ ബെറി ലിയോണിന്റെ പ്രകടനം കാണുന്നത്. അങ്ങനെ KFC T20 ബിഗ് ബാഷിന് സതേൺ റെഡ്ബാക്‌സിലേക്ക്. തൊട്ടടുത്ത സീസണിൽ റെഡ്ബാക്‌സ് ജേതാക്കൾ ആയപ്പോൾ, ആ സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളർ മറ്റാരുമായിരുന്നില്ല. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ലിയോണിന്.

2011ൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം. ശ്രീലങ്കയ്ക്ക് എതിരെ ഗാലിയിൽ നടന്ന മത്സരത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ്, അതും സാക്ഷാൽ കുമാർ സംഗക്കാരയുടേത്. പുറമേ ആ ഇന്നിങ്സിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും. ടെസ്റ്റ് ടീമിൽ അങ്ങനെ സ്ഥിരാംഗത്വം. അങ്ങനെ റാഗ് ടൂ റിച്ചസ് എന്ന് പറയാവുന്ന ഒരു കരിയറാണ് അദ്ദേഹത്തിന്.

അമാനുഷിക പ്രകടനങ്ങൾ ഒന്നും തന്നെ ഇതുവരെ ലിയോണിൽ നിന്ന് ഉണ്ടായതായി പറയാൻ കഴിയില്ല. ഇന്ത്യയ്ക്ക് എതിരെ കഴിഞ്ഞ കൊല്ലം ഒരിന്നിങ്സിൽ 8 വിക്കറ്റ് നേട്ടം വേണമെങ്കിൽ അങ്ങനെ കരുതാം. പക്ഷേ ലിയോൺ എത്രത്തോളം ഓസ്ട്രേലിയൻ ക്രിക്കറ്റിന് പ്രധാനപ്പെട്ട കളിക്കാരൻ ആണെന്നത് തികച്ചും വ്യക്തമാണ്. ഒന്നുകിൽ സമ്മർദ്ദം ചെലുത്തുന്ന നീണ്ട സ്പെല്ലുകൾ, അല്ലെങ്കിൽ വിക്കറ്റുകൾ, അതുമല്ലെങ്കിൽ വിലയേറിയ ചില ചെറിയ ബാറ്റിംഗ് ഇന്നിങ്സുകൾ. ഒരിക്കലും വിട്ടുകൊടുക്കാൻ തയാറാവാത്ത ഓസ്ട്രേലിയൻ ജീൻ തന്നിലും ഉണ്ടെന്ന് പലതവണ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ സൗത്താഫ്രിക്കയ്ക്ക് എതിരെ 21/9 എന്ന നിലയിൽ ഓസ്ട്രേലിയ എക്കാലത്തെയും കുറഞ്ഞ ടെസ്റ്റ് സ്കോർ എന്ന നാണക്കേട് പ്രതീക്ഷിച്ച് നിൽക്കുമ്പോൾ സിഡിലിനൊപ്പം നിന്ന് അതിൽ നിന്ന് രക്ഷിച്ചതും ലിയോൺ തന്നെ.

ഹ്യൂ ട്രമ്പിളിന്റെ ഏറ്റവും കൂടുതൽ വിക്കറ്റ്(141) നേടിയ ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ എന്ന റെക്കോർഡ് ലിയോൺ കരസ്ഥമാക്കിയത് നിമിത്തം GOAT (greatest of all time) എന്നൊരു വിളിപ്പേരും കിട്ടി. 7 വർഷങ്ങൾ കൊണ്ട് 82 ടെസ്റ്റിൽ നിന്നായി 334 വിക്കറ്റുകളാണ് അദ്ദേഹം ഇതിനോടകം നേടിയിട്ടുള്ളത്. 14 തവണ 5 വിക്കറ്റുകൾ വീഴ്ത്തി, 2 തവണ 10 വിക്കറ്റുകൾ. എന്തിനേറെ പറയുന്നു, ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ 4ആമതാണ് ലിയോൺ. വോണും, മക്ക്‌ഗ്രാത്തും, ലില്ലിയും മാത്രമാണ് മുന്നിൽ.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ പ്ലേയിങ് ലെവനിൽ ഇപ്പോൾ ഏറ്റവും ഉറപ്പുള്ള സ്ഥാനം ലിയോണിനാണ്. സ്മിത്ത്, വാർണർ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റർ എന്ന സ്ഥാനം അലങ്കരിച്ച് വരവേയാണ് സാൻഡ്‌പേപ്പർ വിവാദം ഉണ്ടാവുന്നത്. അതിൽ ലിയോൺ ഉൾപെട്ടിട്ടില്ല എന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിച്ചത് എങ്കിലും, അതെത്രത്തോളം സത്യമാണ് എന്ന കാര്യത്തിൽ സംശങ്ങൾ നിലനിൽക്കുന്നു.

ഓസ്ട്രേലിയക്ക് ലിയോൺ ഇല്ലാതെ ചിലപ്പോൾ ജയിക്കാൻ പറ്റിയേക്കും, പക്ഷേ ‘ലിയോൺ ഇല്ലാതെ’ എന്നൊരു അവസ്ഥ അവർക്ക് ചിന്തിക്കാൻ പറ്റുമോ?

ഇന്ത്യ കീഴടങ്ങുന്നു, അവസാന പ്രതീക്ഷയായ രഹാനെയും പുറത്ത്

നഥാന്‍ ലയണും ഓസ്ട്രേലിയന്‍ പേസര്‍മാരും പെര്‍ത്ത് ടെസ്റ്റില്‍ പിടിമുറുക്കിയപ്പോള്‍ ഇന്ത്യ നേരിടുന്നത് കൂറ്റന്‍ തോല്‍വി. 287 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ കെഎല്‍ രാഹുലിനെ നഷ്ടമായിരുന്നു. റണ്ണൊന്നുമെടുക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ മടങ്ങിയപ്പോള്‍ അധികം വൈകാതെ ചേതേശ്വര്‍ പുജാരയും മടങ്ങി. സ്റ്റാര്‍ക്കിനു രാഹുലിന്റെ വിക്കറ്റ് ലഭിച്ചപ്പോള്‍ പുജാരയെ ഹാസല്‍വുഡാണ് മടക്കിയയച്ചത്.

35 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം വിരാട് കോഹ്‍ലിയെ(17) നഥാന്‍ ലയണ്‍ പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ മുരളി വിജയിന്റെ വിക്കറ്റും നഥാന്‍ ലയണ്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യ 55/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 43 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും ഇന്ത്യയെ നാലാം ദിവസം കൂടുതല്‍ നഷ്ടങ്ങളില്ലാതെ കരകയറ്റുമെന്ന് കരുതിയെങ്കിലും നാലാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ അജിങ്ക്യ രഹാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. 30 റണ്‍സ് നേടിയ ഇന്ത്യന്‍ ഉപ നായകനെ ഹാസല്‍വുഡാണ് പുറത്താക്കിയത്.

നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 112/5 എന്ന നിലയിലാണ്. വിജയത്തിനായി 175 റണ്‍സ് കൂടി നേടേണ്ട ഇന്ത്യയ്ക്ക് കൈവശമുള്ളത് 5 വിക്കറ്റ് മാത്രമാണ്. ഹനുമ വിഹാരിയും(24*) ഋഷഭ് പന്തുമാണ്(9*) ക്രീസില്‍ നില്‍ക്കുന്നത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണും ജോഷ് ഹാസല്‍വുഡും രണ്ട് വീതം വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.

43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ

ഇന്ത്യയെ 283 റണ്‍സിനു ഓള്‍ഔട്ട് ആക്കി ലീഡ് നേടി ഓസ്ട്രേലിയ. 172/3 എന്ന നിലയില്‍ നിന്ന് ഇന്ത്യ 111 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. വിരാട് കോഹ്‍ലി 123 റണ്‍സ് നേടിയപ്പോള്‍ വാലറ്റത്തില്‍ ഋഷഭ് പന്ത് 36 റണ്‍സുമായി പൊരുതി നോക്കി. അജിങ്ക്യ രഹാനെ 51 റണ്‍സ് നേടി പുറത്തായി. 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയ നേടിയത്. രണ്ടാം ദിവസം മേല്‍ക്കൈ നേടിയ ഇന്ത്യയെ പുറത്താക്കി മികച്ച തിരിച്ചുവരവാണ് ഓസ്ട്രേലിയ മത്സരത്തില്‍ നടത്തിയിരിക്കുന്നത്.

നഥാന്‍ ലയണ്‍ അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തിയത് പാറ്റ് കമ്മിന്‍സ് ആണ്.

മൂന്നിന്നിംഗ്സുകള്‍, 71 റണ്‍സ്, പുറത്താകാതെ ലയണ്‍

ഓസ്ട്രേലിയയ്ക്കായി വീണ്ടും അപരാജിതനായി നഥാന്‍ ലയണ്‍. പരമ്പരയില്‍ ടീമിന്റെ മൂന്നിന്നിംഗ്സുകള്‍ അവസാനിക്കുമ്പോളും നഥാന്‍ ലയണ്‍ പുറത്തായിട്ടില്ല. വാലറ്റത്ത് കടിച്ച് തൂങ്ങി നില്‍ക്കുകയല്ല പത്താമനായി ബാറ്റിംഗിനിറങ്ങുന്ന ഓസ്ട്രേലിയന്‍ താരത്തിന്റെ റോള്‍. 71 റണ്‍സാണ് അപരാജിതനായി നില്‍ക്കുന്ന നഥാന്‍ ലയണിന്റെ ഇതുവരെയുള്ള സംഭാവന.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി ഇന്ത്യ, ലീഡ് 166 റണ്‍സിന്റേത്

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 166 റണ്‍സ് ലീഡ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 151/3 എന്ന നിലയിലാണ്. മൂന്നാം സെഷനില്‍ വിരാട് കോഹ്‍ലിയുടെ(34) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 71 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം നഥാന്‍ ലയണ്‍ ആണ് കോഹ്‍ലിയെ മടക്കിയയച്ചത്. ഇന്ത്യയ്ക്കായി ചേതേശ്വര്‍ പുജാര 40 റണ്‍സും അജിങ്ക്യ രഹാനെ 1 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

ലോകേഷ് രാഹുല്‍(44), മുരളി വിജയ്(18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

Exit mobile version