നേഥൻ ലിയോൺ, അഡെലെയ്ഡ് മുതൽ ഒപ്റ്റസ് പെർത്ത് വരെ!

ക്രിക്കറ്റ് ഓസ്ട്രേലിയയെ സംബന്ധിച്ച് ഷെയ്ൻ വോൺ ടെസ്റ്റ് ടീമിൽ ഒഴിച്ചിട്ട്‌ പോയ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പലരെയും ടീമിലേക്ക് സ്പിന്നർമാരായി കൊണ്ട് വന്നു എങ്കിലും സ്ഥിരമായ ഒരു ഉത്തരം എന്ന നിലയിൽ പലരും പരാജയപ്പെട്ടു. ബ്രാഡ് ഹോഗ്, സേവിയർ ദോഹർട്ടി, നേഥൻ ഹോറിറ്റ്‌സ് എന്നിങ്ങനെ പല പേരുകൾ വന്നു പോയി. ചിലരൊക്കെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും ടെസ്റ്റിൽ ആർക്കും പച്ചപിടിക്കാനായില്ല.

2010 വരെ ക്രിക്കറ്റിങ് റഡാറുകളിൽ ഒന്നും തന്നെ പെടാതെ ഗ്രേഡ് ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന ലിയോൺ, അഡെലെയ്ഡിലെ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നോക്കുമ്പോഴാണ് തലവര മാറുന്നത്. ആ സമയത്ത് ഫീച്ചേഴ്സ് ലീഗിൽ കളിക്കുമ്പോഴാണ് സൗത്ത് ഓസ്ട്രേലിയയുടെ T20 കോച്ച് ആയ ഡാരൻ ബെറി ലിയോണിന്റെ പ്രകടനം കാണുന്നത്. അങ്ങനെ KFC T20 ബിഗ് ബാഷിന് സതേൺ റെഡ്ബാക്‌സിലേക്ക്. തൊട്ടടുത്ത സീസണിൽ റെഡ്ബാക്‌സ് ജേതാക്കൾ ആയപ്പോൾ, ആ സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളർ മറ്റാരുമായിരുന്നില്ല. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ലിയോണിന്.

2011ൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം. ശ്രീലങ്കയ്ക്ക് എതിരെ ഗാലിയിൽ നടന്ന മത്സരത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ്, അതും സാക്ഷാൽ കുമാർ സംഗക്കാരയുടേത്. പുറമേ ആ ഇന്നിങ്സിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും. ടെസ്റ്റ് ടീമിൽ അങ്ങനെ സ്ഥിരാംഗത്വം. അങ്ങനെ റാഗ് ടൂ റിച്ചസ് എന്ന് പറയാവുന്ന ഒരു കരിയറാണ് അദ്ദേഹത്തിന്.

അമാനുഷിക പ്രകടനങ്ങൾ ഒന്നും തന്നെ ഇതുവരെ ലിയോണിൽ നിന്ന് ഉണ്ടായതായി പറയാൻ കഴിയില്ല. ഇന്ത്യയ്ക്ക് എതിരെ കഴിഞ്ഞ കൊല്ലം ഒരിന്നിങ്സിൽ 8 വിക്കറ്റ് നേട്ടം വേണമെങ്കിൽ അങ്ങനെ കരുതാം. പക്ഷേ ലിയോൺ എത്രത്തോളം ഓസ്ട്രേലിയൻ ക്രിക്കറ്റിന് പ്രധാനപ്പെട്ട കളിക്കാരൻ ആണെന്നത് തികച്ചും വ്യക്തമാണ്. ഒന്നുകിൽ സമ്മർദ്ദം ചെലുത്തുന്ന നീണ്ട സ്പെല്ലുകൾ, അല്ലെങ്കിൽ വിക്കറ്റുകൾ, അതുമല്ലെങ്കിൽ വിലയേറിയ ചില ചെറിയ ബാറ്റിംഗ് ഇന്നിങ്സുകൾ. ഒരിക്കലും വിട്ടുകൊടുക്കാൻ തയാറാവാത്ത ഓസ്ട്രേലിയൻ ജീൻ തന്നിലും ഉണ്ടെന്ന് പലതവണ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ സൗത്താഫ്രിക്കയ്ക്ക് എതിരെ 21/9 എന്ന നിലയിൽ ഓസ്ട്രേലിയ എക്കാലത്തെയും കുറഞ്ഞ ടെസ്റ്റ് സ്കോർ എന്ന നാണക്കേട് പ്രതീക്ഷിച്ച് നിൽക്കുമ്പോൾ സിഡിലിനൊപ്പം നിന്ന് അതിൽ നിന്ന് രക്ഷിച്ചതും ലിയോൺ തന്നെ.

ഹ്യൂ ട്രമ്പിളിന്റെ ഏറ്റവും കൂടുതൽ വിക്കറ്റ്(141) നേടിയ ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ എന്ന റെക്കോർഡ് ലിയോൺ കരസ്ഥമാക്കിയത് നിമിത്തം GOAT (greatest of all time) എന്നൊരു വിളിപ്പേരും കിട്ടി. 7 വർഷങ്ങൾ കൊണ്ട് 82 ടെസ്റ്റിൽ നിന്നായി 334 വിക്കറ്റുകളാണ് അദ്ദേഹം ഇതിനോടകം നേടിയിട്ടുള്ളത്. 14 തവണ 5 വിക്കറ്റുകൾ വീഴ്ത്തി, 2 തവണ 10 വിക്കറ്റുകൾ. എന്തിനേറെ പറയുന്നു, ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ 4ആമതാണ് ലിയോൺ. വോണും, മക്ക്‌ഗ്രാത്തും, ലില്ലിയും മാത്രമാണ് മുന്നിൽ.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ പ്ലേയിങ് ലെവനിൽ ഇപ്പോൾ ഏറ്റവും ഉറപ്പുള്ള സ്ഥാനം ലിയോണിനാണ്. സ്മിത്ത്, വാർണർ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റർ എന്ന സ്ഥാനം അലങ്കരിച്ച് വരവേയാണ് സാൻഡ്‌പേപ്പർ വിവാദം ഉണ്ടാവുന്നത്. അതിൽ ലിയോൺ ഉൾപെട്ടിട്ടില്ല എന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിച്ചത് എങ്കിലും, അതെത്രത്തോളം സത്യമാണ് എന്ന കാര്യത്തിൽ സംശങ്ങൾ നിലനിൽക്കുന്നു.

ഓസ്ട്രേലിയക്ക് ലിയോൺ ഇല്ലാതെ ചിലപ്പോൾ ജയിക്കാൻ പറ്റിയേക്കും, പക്ഷേ ‘ലിയോൺ ഇല്ലാതെ’ എന്നൊരു അവസ്ഥ അവർക്ക് ചിന്തിക്കാൻ പറ്റുമോ?

30 വർഷങ്ങൾക്ക് ശേഷം, തിരുവനന്തപുരത്ത് വീണ്ടുമൊരു ഏകദിനം

തിരുവനന്തപുരത്ത് നവംബർ ഒന്നിന് നടക്കുന്ന ഏകദിന മത്സരം കേര ളതലസ്ഥാനത്ത് നടക്കുന്ന ആദ്യ ഏകദിനം അല്ല. ഇതിന് മുന്നേ നടന്ന ഏകദിനം 30 വർഷങ്ങൾക്ക് മുന്നേ ആയിരുന്നെന്ന് മാത്രം. കാര്യവട്ടത്ത് ഇപ്പോഴുള്ള ഗ്രൗണ്ടിന് 12  കിലോമീറ്റര്‍ അപ്പുറത്തുള്ള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആയിരുന്നു അന്ന് ജനുവരി 25ന് മത്സരം.

തികച്ചും യാദൃശ്ചികം എന്ന് പറയാം, അന്നത്തെ എതിരാളികളും വെസ്റ്റിൻഡീസ് ആയിരുന്നു. പക്ഷെ ഇപ്പോഴുള്ള പോലെ ആയിരുന്നില്ല. ലോക ക്രിക്കറ്റിനെ വിറപ്പിച്ച ചില ‘കിടിലങ്ങൾ’ അന്ന് ടീമിൽ ഉണ്ടായിരുന്നു. വിവ് റിച്ചാർഡ്സും, ഗോർഡൺ ഗ്രീനിഡ്ജും, ഫിൽ സിമ്മൺസും, കാൾ ഹൂപ്പറും ഒക്കെ അടങ്ങിയ വെസ്റ്റിൻഡീസ് നിര. അന്ന് ദയനീയമായ തോൽവിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. സെഞ്ച്വറി അടിച്ച് കൃഷ്ണമാചാരി ശ്രീകാന്തും കൂടെ മൊഹീന്ദർ അമർനാഥും, അസറുദ്ധീനും മാത്രം ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ, മഴ കാരണം 45 ഓവറായി ചുരുക്കിയ മത്സരത്തിൽ അന്നത്തെ കാലത്ത് ഭേദം എന്ന് പറയാവുന്ന സ്കോർ ഇന്ത്യ നേടി, 239 റൺസ്. വെസ്റ്റിൻഡീസ് 9 വിക്കറ്റിന് കളി ജയിച്ചു. ഫിൽ സിമ്മൺസ് സെഞ്ചുറിയും, ഗോർഡൺ ഗ്രീനിഡ്ജ് നൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 84 റൺസും നേടി.

1988ലെ ഏഴ് മത്സരമുള്ള പരമ്പരയ്ക്ക് തിരുവനന്തപുരത്തെ അവസാന മത്സരത്തിന് വെസ്റ്റിൻഡീസ് വരുമ്പോൾ തന്നെ 5-1 എന്ന നിലയിൽ സന്ദർശകർ ജയിച്ചിരുന്നു. അപ്രസക്തമായ മത്സരം. പക്ഷെ ഇപ്പോൾ നടക്കാൻ പോകുന്ന ഏകദിനം അങ്ങനെയല്ല. ഇന്ത്യയ്ക്ക് പരമ്പര നേടാനും വെസ്റ്റിൻഡീസിന് പരമ്പര തോൽക്കാതെ ഇരിക്കാനുമുള്ള അവസരം ഉണ്ട്. അതുകൊണ്ട് തന്നെ രണ്ടു ടീമും പ്രധാന കളിക്കാർക്ക് വിശ്രമം കൊടുക്കുമെന്ന് തോന്നുന്നില്ല. വെസ്റ്റിൻഡീസ് ബാറ്റിംഗ് ഒരുവിധം ശക്തി കാണിച്ചെങ്കിലും ബൗളിങ്ങിലെ പോരായ്മകൾ പരിഹരിക്കാൻ മാറ്റങ്ങൾ വരുത്തിയേക്കും.

കളിയാരവം അതിൻ്റെ മൂർദ്ധന്യതയിലേക്ക് എത്തുകയാണ്. സ്പോർട്സ് ഹബ്ബിൽ കഴിഞ്ഞ കൊല്ലം നടന്ന ഇന്ത്യ ന്യൂസിലൻഡ് മത്സരം ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. പക്ഷെ അന്ന് മഴ പെയ്ത് T20 മത്സരം 8 ഓവർ വീതമുള്ള കളിയായി മാറിയത് വലിയ ക്ഷീണം ഉളവാക്കിയിരുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പ് തന്നെ കാരണം. നവംബർ ഒന്നിനും മഴയ്ക്കുള്ള സാധ്യത ഉള്ളത് കൊണ്ടാവാം ടിക്കറ്റുകൾ 80% വിൽപ്പന കഴിഞ്ഞിട്ടേ ഉള്ളൂ. പക്ഷെ ഇന്ത്യൻ ടീം എയർപോർട്ടിൽ എത്തിയപ്പോൾ ഉണ്ടായ സ്വീകരണം ഒരു സൂചനയാണെങ്കിൽ നാളെ സ്റ്റേഡിയത്തിൽ ആവേശം ഒട്ടും തന്നെ കുറയില്ല. സ്റ്റേഡിയത്തിന് വെളിയിൽ 35 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ട് ധോണിക്ക് വേണ്ടി സ്ഥാപിക്കുകയും ചെയ്തു AKDFA എന്ന ധോണി ഫാൻസ്‌ സംഘടന. ഓൾ കേരളം ധോണി ഫാൻസ്‌ എന്ന AKDFA ഒരു കായികതാരത്തിൻ്റെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏക സംഘടനയാണ്. 15 അടിയുടെ മറ്റൊരു കട്ടൗട്ട് കൂടെ ധോണിക്ക് വേണ്ടി സ്ഥാപിക്കാൻ തയാറെടുക്കുകയാണ് AKDFA തിരുവന്തപുരം യൂണിറ്റ്.

കോവളം രാവിസിലാണ് കളിക്കാർ താമസിക്കുന്നത്. കേരളം ഇപ്പോൾ വരാൻ സുരക്ഷിതമാണെന്നും, പ്രളയക്കെടുതികൾക്ക് ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങി എത്തുകയാണെന്നും കുറിച്ചുകൊണ്ട് കോഹ്ലി എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞിരുന്നു.

നാളത്തെ മത്സരത്തിൻ്റെ ഫലം എന്ത് തന്നെയായാലും ക്രിക്കറ്റ് വീണ്ടും കേരളത്തിലേക്ക് വരണമെങ്കിൽ നടക്കുന്ന പരിപാടി വിജയമായി തീർന്നാലേ പറ്റുകയുള്ളു. ഫാൻസ്‌ അതിന് മുന്നിൽ തന്നെയുണ്ട്. മാധ്യമങ്ങളും, വിവിധ സേനകളും, കേരളാ ക്രിക്കറ്റ് അസോസിയേഷനും ഒക്കെ എണ്ണയിട്ട യന്ത്രങ്ങളെ പോലെ അഹോരാത്രം പണിയെടുക്കുന്നുണ്ട് എന്ന് തന്നെ കരുതാം. മികച്ചൊരു മത്സരത്തിന് വേണ്ടി നമുക്കും കാത്തിരിക്കാം.

വീണ്ടുമാ ദിനം, ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ഓസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് റൈവൽറി പോലെയോ അതിനു മേലെയോ നിൽക്കുന്ന തരത്തിൽ ആകാംക്ഷ തരുന്നവ. രണ്ട് രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയ സമവായത്വം ഇല്ലാത്തത് നിമിത്തം മത്സരങ്ങളുടെ ആധിക്യം നന്നേ കുറഞ്ഞത്, ഇപ്പോൾ നടക്കുന്ന മത്സരങ്ങൾക്ക് കൂടുതൽ മാനം നൽകുന്നു. അങ്ങനെ ഒരു മത്സരത്തിലേക്കാണ് ഇന്ന് ക്രിക്കറ്റ് ലോകം കണ്ണ് നട്ടിരിക്കുന്നത്. ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത് ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ ഭാഗമായിട്ടാണ്. ഒരുപക്ഷെ ഇതിനു പുറമെ രണ്ട് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ കൂടെ വരാനുള്ള സാധ്യത ഏഷ്യ കപ്പിന്റെ ഈ ഫോർമാറ്റ് മുന്നോട്ട് വെക്കുന്നു.

രണ്ട് രാജ്യക്കാരും തിങ്ങി വസിക്കുന്ന അറബ് എമിരേറ്റ്സിലെ ദുബായിയിൽ തീപ്പൊരി പാറുന്ന ഈ മത്സരം നടക്കുക ഇന്ന് 5 മണി മുതലാണ്. ഹോങ്കോങിനെതിരെ നേടിയ വൻ വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ വരുമ്പോൾ ഇന്ത്യൻ ടീമിന് കാര്യങ്ങൾ സുഗമമല്ല. വല്ല വിധേനെയും ഹോങ്കോങിനെതിരെ കടന്നുകൂടി എന്നേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പറയാൻ കഴിയൂ. ഇന്ന് നടക്കുന്നത് പോലൊരു ഹൈ പ്രൊഫൈൽ മത്സരത്തിന് തൊട്ട് തലേ ദിവസം ദുബായ് ചൂടിൽ 100 ഓവറുകളും കളിക്കേണ്ട വന്നതിൻ്റെ ക്ഷീണം ഇന്ത്യയ്ക്ക് ഉണ്ടാവാം.

പാകിസ്ഥാൻ എപ്പോഴത്തെയും പോലെ തങ്ങളുടെ ബൗളിംഗ് മികവിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ആകട്ടെ കോഹ്ലി ഇല്ലാത്തതിനാൽ ബാറ്റിങ്ങിൽ ഇത്തിരി ക്ഷീണത്തിലുമാണ്. ഇന്നലെ ഹോങ്കോങിനോട് കളിച്ച ടീമിലേക്ക് KL രാഹുലും ഹർദിക് പാണ്ഡ്യയും, ബുമ്രയും തിരിച്ചെത്തിയേക്കും. ഏകദിനത്തിൽ ഫോമില്ലാതെ വലയുന്ന ഭുവനേർശ്വറിന് പക്ഷെ ഇന്നും അവസരം ലഭിച്ചേക്കും. ഖലീൽ അഹമ്മദും സ്ഥാനം നിലനിർത്തും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. ശർദൂൽ താക്കൂർ, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ് എന്നിവരാകും പുറത്ത് പോവുക. കേദാർ ഇന്നലെ ബൗളിങ്ങിൽ ഉപകാരപ്പെട്ടത് നോക്കി നിലനിർത്തിയാൽ പകരം പുറത്ത് പോവുക ഖലീൽ ആവും. സ്റ്റാർക്കിൻ്റെ ബൗളിംഗ് ആക്ഷൻ ഓർമിപ്പിക്കുന്ന ഖലീൽ പക്ഷെ ബൗളിങ്ങിന് പുതുമ നൽകും എന്നതിനാൽ എന്താകും രോഹിത്തിൻ്റെ അന്തിമ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

ഫാഖാർ സമാൻ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ നിന്ന് 3 ശതകങ്ങളും ഒരു അർധശതകവും നേടിയിട്ടുണ്ട്. ബാബർ അസം, ഷൊഹൈബ് മാലിക്, ഇമാം ഉൽ ഹഖ്, ആസിഫ് അലി, സർഫറാസ് അഹമ്മദ് എന്നിവരും ചേരുന്ന ബാറ്റിംഗ് യൂണിറ്റ് തരക്കേടില്ലാത്തതാണ്. പക്ഷെ ബൗളിംഗ് തന്നെയാണ് ഇപ്പോഴും അവരുടെ ശക്തി. മുഹമ്മദ് ആമിർ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല എങ്കിലും, പകരം വന്നേക്കാവുന്ന ജുനൈദ് ഖാനും ഒരിക്കലും മോശമാവില്ല. ഹസൻ അലി, ഫഹീം അഷ്‌റഫ്, ഉസ്മാൻ ഖാൻ, ശദാബ് ഖാൻ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ഒരു ബൗളിംഗ് ലൈനപ്പ് ഏത് ടീമിനെയും വിറപ്പിക്കാൻ ഉതകുന്നതാണ്.

എന്തിലൊക്കെ ഏത് ടീം ശക്തി പുലർത്തുന്നു എന്ന് പറഞ്ഞാലും, ഇന്ത്യയോട്/പാകിസ്ഥാനോട് കളിക്കുമ്പോൾ ഉള്ള പിരിമുറുക്കം അതിജീവിക്കാൻ കഴിഞ്ഞാലേ ജയം നേടാൻ ആർക്കായാലും കഴിയൂ. ഏതാനും നിമിഷങ്ങൾ മാത്രമായി കാത്തിരിപ്പ് ചുരുങ്ങുമ്പോൾ മികച്ചൊരു മത്സരം കാണാം എന്ന് തന്നെയാണ് പ്രതീക്ഷ.

ഇന്ത്യൻ ബൗളിംഗ് മുന്നോട്ട്

സ്കോർകാർഡ് നോക്കി അവർ ഞങ്ങളെ നിഷ്പ്രഭമാക്കി എന്ന് പറയാൻ കഴിയില്ല. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര 4-1ന് തോറ്റ ശേഷം ക്യാപ്റ്റൻ കോഹ്ലി പറയുകയാണ്. കോഹ്ലി ഉദ്ദേശിച്ചത് മുന്നേറ്റം ഉണ്ടായ മേഖലകൾ നോക്കാൻ ആയിരുന്നിരിക്കണം. ബൗളിംഗ് തന്നെ അതിൽ പ്രധാനം. മുൻ ഇംഗ്ലണ്ട് പരമ്പരകളെ അപേക്ഷിച്ച് ഏറ്റവും വ്യത്യസ്തമായി നിന്നത് ഇന്ത്യൻ ബൗളിംഗ് തന്നെയാണ്. ഒരു പരമ്പരയിൽ ഒരു തവണ പോലും എതിർ ടീമിന്റെ 10 വിക്കറ്റുകൾ എടുക്കാൻ കഷ്ടപ്പെട്ട അവസ്ഥയ്ക്ക് മാറ്റമുണ്ടായി തുടങ്ങിയിരിക്കുന്നു.

റിക്കി പോണ്ടിങ്ങിനെ പണ്ട് വിറപ്പിച്ച തഴമ്പ് മാത്രമായി നടന്ന ഇഷാന്ത് ശർമയുടെ ഈ അടുത്ത കാലത്തെ മാറ്റം തന്നെയാണ് ഏറ്റവും അത്ഭുതാവഹം. വലിച്ച് വാരി എവിടെയെങ്കിലും എറിഞ്ഞ് ഓവർ തീർത്ത് പോവുന്ന ഇഷാന്തിനെയല്ല ഈ പരമ്പരയിൽ കണ്ടത്. തന്റെ കരിയർ ശരാശരിയേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്ന ഒരു പ്രകടനമാണ് ഈ പരമ്പരയിൽ അദ്ദേഹം കാഴ്ചവെച്ചത്. 24.27 ശരാശരിയിൽ 18 വിക്കറ്റുകൾ. അവസാന ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇഷാന്തിന് പരിക്ക് ആയതിനാൽ എറിയാൻ കഴിയാഞ്ഞത് ഇന്ത്യക്ക് ഒരു ക്ഷീണമായി.

ജെയിംസ് ആൻഡേഴ്സൺ കഴിഞ്ഞാൽ ഏറ്റവും അധികം ഓവറുകൾ എറിഞ്ഞത് ഷാമിയാണ്. ശരാശരി കുറച്ച് കൂടുതലാണ് എന്ന് പറയാമെങ്കിലും ഷാമി പരിക്ക് വരാതെ ഒരു പരമ്പര മുഴുവൻ കളിച്ചത് അത്ഭുതപ്പെടുത്തി. പക്ഷേ ബൗളിംഗ് സ്ഥിരതയുള്ളത് ആയിരുന്നില്ല. 16 വിക്കറ്റുകൾ 38 ശരാശരിയിൽ അദ്ദേഹം കരസ്ഥമാക്കി.

ബുംറയുടെ വരവ് ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റിൽ നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല. 14 വിക്കറ്റുകൾ ബുംറ മൂന്ന് കളികളിൽ നിന്ന് നേടി. 26 ശരാശരിയിൽ. തന്റെ ബൗളിംഗ് ആംഗിൾ കൊണ്ട് ബാറ്റ്സ്മാന്മാരെ പലതവണ ബുദ്ധിമുട്ടിച്ചു. വേഗതയും കൃത്യതയും ഉള്ള ഒരു ബൗളർ എന്ന ഇന്ത്യൻ സ്വപ്നം സാക്ഷാത്കരിക്കാൻ ബുംറക്ക് കഴിയും എന്ന് തന്നെ കരുതാം.

ഇന്ത്യയ്ക്ക് ഒരു പേസ് ബൗളിംഗ് ഓൾ റൗണ്ടർ ഉണ്ടാവണമെന്ന കോഹ്ലിയുടെ ആഗ്രഹത്തിന്റെ പുറത്ത് ആണെന്ന് തോന്നുന്നു ഹാർധിക്ക്‌ പാണ്ഡ്യ ആദ്യത്തെ നാല് കളികളും കളിച്ചത്. അല്ലെങ്കിൽ ഇത്രയും അസ്ഥിരമായിട്ട്‌ കളിക്കുന്ന ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ ഇത്ര കാലം എങ്ങനെ കളിക്കുമായിരുന്നു? പക്ഷേ ഇന്ത്യ ജയിച്ച ടെസ്റ്റിൽ പാണ്ഡ്യയുടെ പ്രകടനം നിർണായകമായിരുന്നു. ഒരു കളിയിൽ 6 wicket നേടിയത് ഒഴിച്ചാൽ ബാക്കി 3 കളികളും ചേർത്താണ് 4 വിക്കറ്റ് നേടിയത്. ബാറ്റിങ്ങിൽ ഒരു അർധശതകം മാത്രമാണ് നേടിയത്, 8 ഇന്നിങ്സിൽ നിന്ന്.

അശ്വിൻ തന്റെ കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയെ അപേക്ഷിച്ച് മുന്നേറി എങ്കിലും, നാലാം ടെസ്റ്റിൽ പരിക്കോടെ കളിച്ചത് വിനയായി. ഇന്ത്യയ്ക്ക് പരമ്പര സമനിലയിൽ എത്തിക്കാനുള്ള അവസരമാണ് അശ്വിനെ കളിപ്പിച്ചത് വഴി നഷ്ടമായത് എന്ന് പറഞ്ഞാലും തെറ്റില്ല. അദ്ദേഹം 4 കളിയിൽ നിന്ന് 11 വിക്കറ്റ് നേടി.

കുൽദീപ് യാദവിനെ രണ്ടാം മത്സരത്തിൽ ഇറക്കി എങ്കിലും യാതൊരു വിധ സ്വാധീനവും ചെലുത്താൻ കഴിയാതെപോയി. ജഡേജ പക്ഷേ ലഭിച്ച അവസരം മുതലാക്കി, ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റും രണ്ടാമത്തേതിൽ മൂന്നും നേടി. ബാറ്റ് ചെയ്തപ്പോൾ അർധശതകവും.

ഇന്ത്യ കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോൾ ഏറ്റവുമധികം വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ ഉണ്ടായിരുന്നു എങ്കിൽ ഇത്തവണത്തെ കഥ വേറെ ആയേനെ. പക്ഷേ ദൗർഭാഗ്യം എന്നേ പറയാൻ കഴിയുകയുള്ളൂ.

ബൗളിംഗ് എന്തായാലും മെച്ചപ്പെട്ട അവസ്ഥയിലാണ്. 2011ലെ പരമ്പരയിൽ 4 ടെസ്റ്റിൽ നിന്ന് 46 വിക്കറ്റും, 2014ലെ പരമ്പരയിൽ 5 ടെസ്റ്റുകളിൽ നിന്ന് 59 വിക്കറ്റും നേടിയ ഇന്ത്യൻ ബൗളർമാർ പക്ഷേ ഇത്തവണ 5 ടെസ്റ്റുകളിൽ നിന്ന് 82 വിക്കറ്റ് എടുത്തു. ഒന്നോ രണ്ടോ ഇന്നിംഗ്സ് ഒഴിച്ചാൽ മികച്ച കൂട്ടുകെട്ടുകൾ ഒന്നും ഇംഗ്ലണ്ടിന് നേടാൻ കഴിയാത്ത വിധം ഇന്ത്യൻ ബൗളർമാർ പൂട്ടികളഞ്ഞു.

ബാറ്റിംഗ് പക്ഷേ ഇപ്പോഴും പഴയ പ്രതാപത്തിന് കോട്ടം തട്ടാത്ത രീതിയിൽ നിലനിൽക്കുന്നു. കോഹ്ലിയുടെ അതേ നിലവാരത്തിൽ റൺസ് നേടാൻ നിന്ന് കളിക്കാൻ മാത്രമുള്ള ആർജ്ജവം ഏതേലും കളിക്കാരന് ഉണ്ടായിരുന്നെങ്കിൽ പരമ്പരയുടെ ഭാഗധേയം തന്നെ മാറിമറിഞ്ഞെനെ.

ആൻഡേഴ്സൺ @564

ഗ്ലെൻ മക്ഗ്രാത്തിന്റെ അവസാന ടെസ്റ്റ് വിക്കറ്റ് ജെയിംസ് ആൻഡേഴ്സണിന്റെത് ആയിരുന്നു. മക്ഗ്രാത്തിന്റെ 563ആമത് ടെസ്റ്റ് വിക്കറ്റ്. അന്ന് ടെസ്റ്റ് കരിയറിൽ 50 വിക്കറ്റ് പോലും ആൻഡേഴ്സൺ നേടിയിട്ടുണ്ടായിരുന്നില്ല. വിരമിച്ചതിന് ശേഷം 11 വർഷങ്ങൾക്ക് മേൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസറുടെ റെക്കോർഡ് കയ്യിൽ വെച്ചിരുന്നു മക്ഗ്രാത്ത്, ഇന്നലെ വരെ. ഇന്ന് ഇന്ത്യയുമായുള്ള അവസാന ടെസ്റ്റിന്റെ അവസാന സെഷനിൽ ഷാമിയുടെ വിക്കറ്റ് എടുക്കുമ്പോൾ ആൻഡേഴ്സൺ ഇത് വരെ ഒരു പേസ് ബൗളറും എത്തിപെടാത്ത മേഖലയിലേക്ക് കടന്നു.

പരമ്പര തുടങ്ങുന്നതിന് മുന്നേ തന്നെ പലരും ഉറ്റുനോക്കിയ ഒരു നേട്ടമാണ് ആൻഡേഴ്സണിന്റെത്. ബൗളിംഗ് ഇതിഹാസങ്ങൾ ആയ മക്ഗ്രാത്ത്, റിച്ചാർഡ് ഹാഡ്ലി, സ്‌റ്റെയ്ൻ, അക്രം, അംബ്രോസ് എന്നിവരോട് ഒക്കെ താരതമ്യം ചെയ്യാനുള്ള വിശേഷത ഒന്നും ആൻഡേഴ്സണിന്റെ ബൗളിംഗിന് ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാനാവില്ല. കാരണം ആൻഡേഴ്സസണ് ഇവരിൽ ചിലരെപ്പോലെ സ്ഥിരതയോ, മറ്റ് ചിലരെപ്പോലെ ബാറ്റ്സ്മാൻമാരെ ഭയചകിതരാക്കുന്ന വേഗതയോ ഇല്ലായിരുന്നു.

എന്നിരുന്നാലും വളരെ തന്ത്രശാലിയായ ഒരു ബൗളർ ആയിരുന്നു ആൻഡേഴ്സൺ. തന്റെ കുറവുകൾ മനസ്സിലാക്കി അതിനുള്ളിൽ നിന്ന് എറിയുന്ന ബൗളർ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ആൻഡേഴ്സൺ ലക്ഷ്യം വെച്ചതും ടെസ്റ്റിലെ ഇംഗ്ലീഷ് ആധിപത്യത്തിന് ചുക്കാൻ പിടിക്കാൻ ആയിരുന്നിരിക്കണം.

143 ടെസ്റ്റുകളിൽ നിന്നുമാണ് ആൻഡേഴ്സൺ ഈ നേട്ടം കൈവരിച്ചത്, ശരാശരി 26.84. പാകിസ്ഥാന് എതിരെയാണ് ആൻഡേഴ്സണിന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി. 63 വിക്കറ്റുകൾ 18.58 ശരാശരിയിൽ. വെസ്റ്റ് ഇൻഡീസിനും, ശ്രീലങ്കയ്ക്കും, സിംബാബ്‌വെയ്ക്കും എതിരെ ശരാശരി 23ൽ താഴെയാണ്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് ഇന്ത്യയ്ക്ക് എതിരെ, 110. പിന്നെ ഓസ്ട്രേലിയക്ക് എതിരെ നേടിയ 104.

പക്ഷേ വിദേശ പിച്ചുകളിലെ പ്രകടനം അത്ര കണ്ട് മികച്ചതല്ലായിരുന്നു. സ്വന്ത നാട്ടിലും, യുഎഇലും, വെസ്റ്റ് ഇൻഡീസിലും ഒഴികെ വേറെ ഒരിടത്തും 30ൽ താഴെ ബൗളിംഗ് ശരാശരി ആൻഡേഴ്സണ്‌ ഇല്ല. സൗത്ത് ആഫ്രിക്കയിലെ ശരാശരി 40ഉം, ഓസ്ട്രേലിയയിലേത് 35ഉമായിരുന്നു.

ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര ശ്രിലങ്കയോടാണ്, അത് കഴിഞ്ഞ് ലോകകപ്പിന് മുന്നേ ഉള്ള വെസ്റ്റിൻഡീസ് ടെസ്റ്റുകൾ. പിന്നെ ആഷസ് ആണ്. അത് തുടങ്ങുന്നത് അടുത്ത വർഷം ഒാഗസ്റ്റിലാണ്. ഇനിയൊരു ഇന്ത്യയുടെ പര്യടനത്തിന് ആൻഡേഴ്സൺ ഉണ്ടാവുമോ എന്ന് സംശയമാണ്. 36 വയസ് ആയിരിക്കുന്നു. ഒരു പക്ഷെ 600 ടെസ്റ്റ് വിക്കറ്റുകൾ അദ്ദേഹം നേടിയേക്കും. പക്ഷേ ചില നേട്ടങ്ങൾ കളിയിലെ ഏറ്റവും മികച്ചവന് കിട്ടില്ല എന്നത് പോലെ ടെസ്റ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കരസ്ഥമാക്കിയ പേസർ എന്ന നേട്ടവും ആൻഡേഴ്സണ്‌ സ്വന്തം. കാരണം അദ്ദേഹത്തിന് സമകാലീനനായിരുന്ന സ്‌റ്റെയ്ൻ പോലും അദ്ദേഹത്തെക്കാൾ ബഹുദൂരം മുന്നിൽ ആയിരുന്നു. രണ്ടുപേരുടേയും സ്ട്രൈക്ക് റേറ്റ് മാത്രം നോക്കിയാലും മതി, സ്‌റ്റെയ്ൻ 42ഉം, ആൻഡേഴ്സൺ 55ഉം.

ഗുഡ്ബൈ ഷെഫ്

96 റൺസ് നേടി തൻ്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സ് ബാറ്റ് ചെയ്യുകയാണ് അലിസ്റ്റയർ കുക്ക്. ഒരു ഫോറോ സിക്സോ അടിച്ചു സെഞ്ച്വറി തികച്ചാൽ അത് സ്പെഷ്യൽ ആവും എന്ന ചിന്ത പലർക്കും വന്നിട്ടുണ്ടാവും. പക്ഷെ വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം നൽകുന്ന കുക്ക് ബാറ്റ് ചലിപ്പിച്ചത് തനിക്ക് എങ്ങനെയെങ്കിലും സെഞ്ച്വറി നേടണം എന്ന് കരുതിയല്ല. ടീമിന് വിജയസാധ്യത ഉറപ്പ് വരുത്താൻ വേണ്ടി ക്യാപ്റ്റൻ അപ്പുറത്ത് പ്രയത്നിക്കുമ്പോൾ അങ്ങനെ ഉത്തരവാദിത്തരഹിതമായി കളിയ്ക്കാൻ കുക്കിന് കഴിയില്ല. പോയിന്റ്റിലേക്ക് തട്ടിയിട്ട് സിംഗിൾ എടുക്കാൻ നോക്കുകയായിരുന്നു കുക്ക്. പക്ഷെ പന്ത് ഫീൽഡ് ചെയ്ത ബുമ്രയ്ക്ക് പിഴച്ചു. നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ കുക്കിനെ ഡയറക്റ്റ് ത്രോ എറിഞ്ഞ് റൺ ഔട്ട് ആക്കാൻ ശ്രമിച്ചതാണ്. പക്ഷെ ത്രോ മോശം ആയി, ബാക്ക്-അപ്പ് ചെയ്യാൻ ആളും ഇല്ലായിരുന്നു. അങ്ങനെ ഫോറോ സിക്സോ നേടിയല്ല, 5 റൺസ് നേടി കുക്ക് സെഞ്ച്വറി പൂർത്തീകരിച്ചു, തൻ്റെ 33ആമത് സെഞ്ച്വറി.

അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും ആദ്യ ഇന്നിങ്സിൽ അർദ്ധ ശതകവും, രണ്ടാം ഇന്നിങ്സിൽ ശതകവും. ആദ്യ-അവസാന ടെസ്റ്റ് മത്സരങ്ങളിലെ നാല്‌ ഇന്നിങ്സിലും അർധശതകമോ അതിൽ അധികമോ നേടിയവർ വെറും രണ്ടു പേരാണ്. [സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ബ്രൂസ് മിച്ചലും, ഇപ്പോൾ കുക്കും]. ഇതിനു പുറമെ ടെസ്റ്റിൽ എക്കാലത്തെയും മികച്ച റൺസ് വേട്ടക്കാരുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനവും. ഇടംകയ്യന്മാരെ എടുത്താൽ സംഗക്കാരയെ മറികടന്നു ഒന്നാം സ്ഥാനവും. ടെസ്റ്റിൽ പതിനായിരത്തിലധികം റൺസ് നേടിയ ഒരേയൊരു ഓപ്പണിങ് ബാറ്റ്സ്മാനെ ഉള്ളൂ. 150ലധികം ടെസ്റ്റുകളിൽ ഓപ്പണിങ് ഇറങ്ങിയ മറ്റൊരു ബാറ്റ്സ്മാനും ഇല്ല. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയതും കുക്ക് തന്നെ.

അരങ്ങേറ്റവും അവസാന മത്സരവും ഇന്ത്യയോട് ആയിരുന്നു, ആദ്യം നാഗ്പൂരിലും, ഇപ്പോൾ ഓവലിലും. അന്ന് ഒരു പുതുമുഖത്തിന് സബ് കോണ്ടിനെൻറ്റിലെ കഠിനവെല്ലുവിളി നേരിടേണ്ട വന്നെങ്കിലും, അത് വിജയകരമായി മറികടക്കുവാൻ കുക്കിന് കഴിഞ്ഞു. പിന്നെ പടിപടിയായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖമുദ്രയായി മാറുകയായിരുന്നു കുക്ക്. ടെസ്റ്റിൽ ഇത്ര വിജയകരമായ കരിയർ പടുത്തുയർത്താൻ കഴിഞ്ഞെങ്കിലും ഏകദിനത്തിലും T20Iയിലും അതിന് കഴിഞ്ഞില്ല.

കാഴ്ചയിൽ പരുക്കൻ ആയിരുന്ന കുക്ക്, പക്ഷെ ശരിക്കും നാണം കുണുങ്ങി ആയിരുന്നു. അവസാന ഇന്നിങ്സിലെ സെഞ്ച്വറി നേടി കഴിഞ്ഞിട്ട് എല്ലാവരും കയ്യടിക്കുന്നതും മറ്റുമൊക്കെ കണ്ടിട്ട് നാണം കുണുങ്ങി നിൽക്കുകയായിരുന്നു കക്ഷി. ശ്രദ്ധ കിട്ടാൻ ആഗ്രഹിക്കാതിരുന്ന ആളെന്ന് തന്നെ പറയാം.

ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം ഇന്നിങ്‌സുകളിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയത് കുക്കാണ്, 13 എണ്ണം. ടെസ്റ്റിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന മൂന്നാം ഇന്നിംഗ്സ്! ബാറ്റിംഗ് ശരാശരി മാത്രം നോക്കി വിലയിരുത്തി എങ്കിൽ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ വരില്ല കുക്ക്. പക്ഷെ 160+ ടെസ്റ്റുകൾ എന്നത് വലിയൊരു സാമ്പിൾ സ്പേസ് ആണ്. ഇത്രയും ദീർഘകാലം കളിക്കണമെങ്കിൽ ക്വാളിറ്റി ഇല്ലെങ്കിൽ സാധിക്കില്ലായിരുന്നു. ക്ഷമയുടെയും ശ്രദ്ധയുടെയും പര്യായം തന്നെയായിരുന്നു കുക്ക്. അല്ലെങ്കിൽ വാലി ഹാമണ്ട്, ഡേവിഡ് ഗവെർ, ലെൻ ഹട്ടൻ, ജാക്ക് ഹോബ്സ്, എന്നീ പേരുകളുടെ ഒപ്പം എങ്ങനെ ചേർത്ത് നിർത്തും?

പക്ഷെ വളരെ സ്പെഷ്യൽ ആയ കരിയറിലെ ഒരു കറുത്ത പാട് ആയിരുന്നു കെവിൻ പീറ്റേഴ്സൺ സാഗ. ക്യാപ്റ്റൻ ആയിരുന്ന സമയത്ത് പീറ്റേഴ്‌സണോട് ചെയ്തതിൽ താൻ ഖേദിക്കുന്നു എന്നാണു കുക്ക് പിന്നീട് പറഞ്ഞത്. ഒരുപക്ഷെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും, ആൻഡ്രൂ സ്ട്രോസും ഒക്കെ ചേർന്ന് കുക്കിനെ ആ തീരുമാനത്തിലേക്ക് തള്ളിവിട്ടത് ആവാം.

മറു വശത്ത് നിരവധി കളിക്കാരാണ് കുക്കിന് ഓപ്പണിങ് പങ്കാളിയായി ഈ 12 വർഷങ്ങളിൽ വന്നത്. അവരിൽ ഭൂരിഭാഗവും പച്ച തൊട്ടില്ല. പക്ഷെ ഇംഗ്ലണ്ടിന് അതുകൊണ്ട് വലിയ കോട്ടം ഒന്നും തട്ടാത്ത രീതിയിൽ മുന്നേറാൻ കഴിഞ്ഞത് കുക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ്. അതാകും ഇംഗ്ലണ്ട് ഏറ്റവും അധികം നഷ്ടബോധത്തോടെ നോക്കാൻ പോകുന്നത്. ഇംഗ്ലണ്ട് ജയിച്ച മത്സരങ്ങളിൽ 54 ആണ് കുക്കിന്റെ ബാറ്റിംഗ് ശരാശരി, സമനില ആയ മത്സരങ്ങളിൽ അത് 59ഉം. തോറ്റ കളികളിൽ 29. കുക്ക് കളിച്ച മത്സരങ്ങളിലെ ഇംഗ്ലണ്ടിന് ജയപരാജയ അനുപാതം 1.2. ഇംഗ്ലണ്ടിന് കുക്ക് എത്ര പ്രധാനപ്പെട്ട കളിക്കാരൻ ആയിരുന്നു എന്നതിന് എന്താണ് ഇതില്പരം തെളിവ് വേണ്ടത്?

പുതുമുഖങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ കഠിനപാഠം മനസിലാക്കിക്കാൻ എന്നവണ്ണം ക്യാപ്റ്റന്മാർ കാലാകാലങ്ങൾ ആയി തുടർന്ന് വരുന്ന ഒരു പതിവുണ്ട്. ഷോർട് ലെഗ്, സില്ലി പോയിൻറ്റ് പോലെ വളരെ അടുത്തുള്ള പൊസിഷനുകളിൽ ഫീൽഡിങ്ങിന് നിർത്തുക എന്നത്. തൻ്റെ അവസാന ടെസ്റ്റിലും അങ്ങനെ നിൽക്കുന്ന കുക്കിനെ കാണാൻ സാധിച്ചു. ഒരു കമ്പ്ലീറ്റ് ടീം പ്ലേയർ.

ഒരു ഘട്ടത്തിൽ സച്ചിന്റെ റെക്കോർഡുകൾ വരെ മറികടന്നേക്കും എന്ന് തോന്നൽ ഉളവാക്കിയ താരമാണ് കുക്ക്. എത്രയെത്ര വിലപ്പെട്ട ഇന്നിങ്‌സുകൾ ആണ് അദ്ദേഹം കളിച്ചിട്ടുള്ളത്. തിരശീലയ്ക്ക് പിന്നിലേക്ക് മടങ്ങുന്ന ഈ വേളയിൽ അവസാന ടെസ്റ്റിൽ നേടിയ മികച്ച സ്‌കോറുകൾ അദ്ദേഹത്തിന്റെ മനസ് മാറ്റുമോ എന്ന് നോക്കുകയാണ് ക്രിക്കറ്റ് ലോകം. പക്ഷെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ല എങ്കിൽ ഇങ്ങനൊരു ഇന്നിംഗ്സ് വരുമായിരുന്നോ?

ആയിരം ടെസ്റ്റുള്ള ഇംഗ്ലണ്ട്

ആയിരം ടെസ്റ്റുകൾ. നാളെ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത് തങ്ങളുടെ ആയിരാമത്തെ ടെസ്റ്റ് മത്സരമാണ്. ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. രണ്ടാം സ്ഥാനത്ത് 812 ടെസ്റ്റുകൾ കളിച്ച ഓസ്‌ട്രേലിയയും, മൂന്നാമത് 535 ടെസ്റ്റുകൾ കളിച്ച വെസ്റ്റിൻഡീസുമാണ് ഉള്ളത്.

മൊത്തത്തിൽ നടക്കുന്ന 2314ആം ടെസ്റ്റ് കൂടിയാണ് നാളെ ആരംഭിക്കുന്ന ടെസ്റ്റ്. അതായത്, ഇതുവരെ നടന്ന 43% ടെസ്റ്റുകളിലും ഒരു വശത്ത് ഇംഗ്ലണ്ട് ആയിരുന്നു എന്നതാണ്. ആദ്യത്തെ 30 ടെസ്റ്റുകളും ഇംഗ്ലണ്ട് കളിച്ചത് ഓസ്‌ട്രേലിയയോടാണ്. ഇംഗ്ലണ്ട് ഇല്ലാത്ത ആദ്യത്തെ ടെസ്റ്റ് തന്നെ ചരിത്രത്തിലെ 75ആം ടെസ്റ്റാണ്.

William Gilbert Grace (WG Grace)

999 ടെസ്റ്റുകളിൽ നിന്നായി 357 ജയവും, 345 സമനിലകളും, 297 തോൽവികളും. ജയപരാജയ അനുപാതം 1.2. ഇംഗ്ലണ്ടിനേക്കാൾ 187 ടെസ്റ്റുകൾ കുറച്ചു മാത്രം കളിച്ച ഓസ്‌ട്രേലിയയാണ് വിജയത്തിന്റെ എന്നതിൽ മുന്നിൽ. ജയപരാജയ അനുപാതത്തിലും അവരെക്കാൾ മുന്നിൽ നിൽക്കുന്ന ഏക ടീം ഓസ്ട്രേലിയ തന്നെയാണ്.

സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ട് 510 ടെസ്റ്റുകൾ കളിച്ചപ്പോൾ 213 ജയവും, 178 സമനിലകളും, 119 തോൽവികളും. ഇംഗ്ലണ്ടിന് പുറത്ത് 489 ടെസ്റ്റുകൾ കളിച്ചപ്പോൾ 144 ജയവും, 167 സമനിലകളും, 178 തോൽവികളും. ഇതുവരെ 686 ടെസ്റ്റ് കളിക്കാർ, ആദ്യ നമ്പർ ടോം ആർമിറ്റാജ്, അവസാനത്തെ ആൾ സാം കറാൻ. ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത് അലിസ്‌റ്റയർ കുക്ക്.

856 സെഞ്ചുറികളും, 1754 അർദ്ധസെഞ്ചുറികളും ഉൾപ്പടെ 458993 റൺസാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ നേടിയിട്ടുള്ളത്. ഇതിലെല്ലാത്തിലും മുന്നിൽ തന്നെ. പുറകിൽ നിൽക്കുന്നത് ബാറ്റിംഗ് ശരാശരിയിൽ മാത്രം. ആറാം സ്ഥാനത്താണ് അവർ. ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ അലിസ്‌റ്റയർ കുക്കും(12145), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സർ ലെൻ (ലിയോണാർഡ്) ഹട്ടൻ നേടിയ 364 റൺസുമാണ്.

ബൗളിങ്ങിലാണേൽ 10 ലക്ഷത്തിലധികം പന്തുകൾ എറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാർ നേടിയിരിക്കുന്നത് 15227 വിക്കറ്റുകളാണ്‌. ഏറ്റവുമധികം വിക്കറ്റ് നേടിയത് ജെയിംസ് ആൻഡേഴ്‌സണാണ്, 540 വിക്കറ്റുകൾ. 53 റൺസ് വഴങ്ങി 10 വിക്കറ്റുകൾ വീഴ്ത്തിയ ജിം ലേക്കർക്കാണ് മികച്ച വ്യക്തിഗത നേട്ടം. ആ ടെസ്റ്റിൽ ജിം ലേക്കർ മൊത്തം 19 വിക്കറ്റ് നേടിയിരുന്നു. അത് രണ്ടും ഇന്നും റെക്കോർഡ് ആയി നിലനിൽക്കുന്നു.

ഈ ഒട്ടുമിക്ക റെക്കോര്ഡുകളിലും ഇംഗ്ലണ്ട് പെട്ടെന്നൊന്നും താഴെ പോവില്ല എന്ന് തന്നെ കരുതാം. കാരണം ഇപ്പോഴും ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിക്കുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. ഇനിയിപ്പോ അവർ ഒരു 5 വർഷം മാറി നിന്നാലും ഇതിൽ പലതും മറികടക്കാൻ ടീമുകൾ വിയർപ്പൊഴുക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇടംകൈയ്യന്‍, സയ്യിദ് അന്‍വറിനു പകരക്കാരന്‍, ഫഖാർ സമാൻ

ഫഖാർ സമാൻ: ഈ പേര് ആദ്യമായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ കൊല്ലത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആണ്. ക്വയ്‌ദ്-ഇ-അസം ട്രോഫിയിലെ 2016-2017 സീസണിലെ മികച്ച പ്രകടനം വഴി കഴിഞ്ഞ മാർച്ചിലാണ്‌ ഫഖാറിന്റെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനുവേണ്ടിയുള്ള അരങ്ങേറ്റം, വെസ്റ്റിൻഡീസിനെതിരെ.

സ്വന്തം നാട്ടിൽ കളിയ്ക്കാൻ ഭാഗ്യമില്ലാത്ത ഒരു തലമുറ പാകിസ്ഥാൻ കളിക്കാരുടെ ടീമിലേക്ക് മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കയറിവന്ന ഫഖാറിന് വെല്ലുവിളികൾ പലതായിരുന്നു. സയീദ് അന്വറിന് ശേഷം ഓപ്പണിങ് സ്ഥാനത്ത് സ്ഥിരതയാർന്ന പ്രകടനങ്ങൾ ഏകദിനത്തിൽ കാഴ്ചവെച്ച പാകിസ്ഥാൻ ബാറ്റസ്മാൻമാർ വളരെ വിരളം. പോരാത്തതിന് വൺ സീസൺ വണ്ടേഴ്സ് എന്ന പേരിൽ നല്ലൊരു കൂട്ടം കളിക്കാർ അവിടെ ഉണ്ട്.

കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ തകർക്കാൻ കാരണമായത് ഫഖാറിന്റെ മികച്ച പ്രകടനമായിരുന്നു. ബുമ്രയുടെ നോബോളിൽ പുറത്തായത് ഒഴികെ കാര്യമായി പിഴവുകൾ വരുത്താത്ത ഒരു ഇന്നിംഗ്സ് ആയിരുന്നു അത്.

ഇന്ന് സിംബാബ്‌വെയ്ക്കെതിരായ ഡബിൾ സെഞ്ച്വറി നേടി ബാറ്റിംഗ് കഴിയുമ്പോൾ 17 ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട് ഫഖാർ. അതിൽ കേവലം ഒരു ഇന്നിങ്സിൽ 2 റൺസിന്‌ പുറത്തായത് ഒഴികെ വെറും 4 ഇന്നിങ്‌സുകൾ മാത്രമാണ് 30 റൺസിൽ താഴെ നേടി അദ്ദേഹം പുറത്തായിട്ടുള്ളത്. T20യിലും 21 ഇന്നിംഗ്സ് കളിച്ചപ്പോൾ 6 എണ്ണത്തിൽ മാത്രമാണ് 10 റൺസ് നേടാൻ കഴിയാതെ പോയത്. ഏകദിന ആവറേജ് 75.38, സ്ട്രൈക്ക് റേറ്റ് 101.87. T20 ആവറേജ് 30.76, സ്ട്രൈക്ക് റേറ്റ് 143.55.

അടുത്ത ലോകകപ് ലക്‌ഷ്യം വെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ശരിയായ ദശയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. സർഫറാസ് അഹമ്മദ് എന്ന ഒരു സംസാരുവാലുവായ പ്രചോദിപ്പിക്കുന്ന നായകൻ ഉള്ളപ്പോൾ നല്ല പ്രകടനങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ തന്നെയാണ്. അതിൽ ഏറ്റവും പ്രധാന ഭാഗമാവാൻ ഫഖാറും ഉണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ലെന്ന് തന്നെ കരുതാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാമ്പ്യന്മാർ പുറത്ത് പോവുമ്പോൾ

2016 വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു വർഷം ആയിരുന്നു. ആ കൊല്ലം അവർ അണ്ടർ 19 വേൾഡ് കപ്പ്, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കി. അന്താരാഷ്ട്ര ടീം തങ്ങളുടെ കഴിഞ്ഞകാലത്തിന്റെ നിഴലിൽ പോലും നില്ക്കാൻ യോഗ്യത ഇല്ലാതെ വലയുമ്പോൾ ആയിരുന്നു ഈ രണ്ട് ജയങ്ങളും എന്നത് വെസ്റ്റിൻഡീസ് ടീമിന് ഒരു പുത്തനുണർവ് തന്നെയാകുമെന്നാണ് പലരും കരുതിയത്.

രണ്ട് വർഷങ്ങൾ മുന്നോട്ട്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് മുന്നേ ഉണ്ടായിരുന്നപോലെയോ അതിലും മോശമോ ആയ പ്രകടനങ്ങൾ ഇന്നും തുടരുന്നു. അന്ന് അണ്ടർ 19 ലോകകപ്പ് കളിച്ചതിൽ അൽസാരി ജോസഫ്, ഷിംറോൺ ഹെറ്റ്മയർ എന്നിവർ മാത്രം ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറി. അന്ന് കപ്പ് നേടുമ്പോൾ ഉണ്ടായിരുന്ന പലരുടെയും ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ കരിയർ പച്ചതൊട്ടില്ല. ചിലരൊക്കെ അത് കളിച്ചിട്ട് കൂടെയില്ല.

അന്ന് U19 വേൾഡ് കപ്പ് നേടുമ്പോൾ ഉണ്ടായിരുന്ന കിർസ്റ്റൻ കല്ലിച്ചരൺ സാക്ഷി നിൽക്കുമ്പോൾ തന്നെ വെസ്റ്റിൻഡീസ് 2018 U19 വേൾഡ് കപ്പ് നിന്നും പുറത്ത് പോയിരിക്കുന്നു. ചാമ്പ്യൻമാരിൽ നിന്നും ഫസ്റ്റ് റൗണ്ടിലെ പുറത്താകൽ.

എൺപതുകളിലും തൊണ്ണൂറകളിലും കളിച്ചിരുന്ന ടീമിൽ നിന്നും ഏറെ മാറിയിരുന്നു 2000ന്റെ തുടക്കത്തിൽ കളിച്ച ടീം. പിന്നെയുണ്ടായിരുന്ന ലാറ, സർവാൻ, ചന്ദർപോൾ പോലുള്ളവർ ടീമിനെ വലിയ നാണക്കേട് ഒന്നുമില്ലാതെ കുറച്ച് നാൾ കൊണ്ടുനടന്നു. പിന്നെ പതിയെ എല്ലാം കീഴ്പോട്ട് പോകാൻ ആരംഭിച്ചു. ഗെയ്ൽ, ഡ്വെയ്ൻ ബ്രാവോ ഒക്കെ പ്രധാന താരങ്ങൾ ആയിരുന്നു ഒരു സമയത്ത്. എന്നാൽ ടി20യും, ലീഗുകളും ആരംഭിച്ചപ്പോൾ അവരൊക്കെ അതിലെ കേമന്മാർ ആയിമാറി. ആ സമയത്തെ വെസ്റ്റിൻഡീസ് ടീം കുറെ സൂപ്പർസ്റ്റാറുകൾ ഉള്ള ഒരു കൂട്ടം അണ്ടർ പെർഫോർമേഴ്സ് മാത്രമായി മാറി.

ഇന്നത്തെ ടീമിന്റെ അവസ്ഥ പരിതാപകരമാണ്. സ്ഥിരതയുള്ളവർ എന്ന് പറയാൻ വിരലിൽ എണ്ണാൻ പറ്റുന്നവർ പോലും ഇല്ല. ഒരു എവിൻ ലൂയിസും, ഡാരൻ ബ്രാവോയും മാത്രം വിചാരിച്ചിട്ട് എന്താവാൻ.

അണ്ടർ 19 വേൾഡ് കപ്പ് രണ്ട് കൊല്ലം മുന്നേ നൽകിയ ആ പ്രതീക്ഷയുടെ പുത്തൻ നാമ്പ് മുതലെടുക്കാൻ കഴിയുന്നതിന് മുമ്പേ തന്നെ ഇൗ വേൾഡ് കപ്പിൽ ഒന്നുമാകാതെ മടക്കം.

വെസ്റ്റിൻഡീസിന്റെ വഴി പിന്തുടരുന്ന ശ്രീലങ്കയുടെ അവസ്ഥയും വ്യത്യസ്തമല്ല. എന്ന് വരെ എന്നറിയാതെ പ്രവർത്തിക്കുന്ന രണ്ടു യന്ത്രങ്ങളെ പോലെ ഇൗ ടീമുകൾ തോൽവി വാരിക്കൂട്ടുന്നു. ഇനിയൊരു മടങ്ങിവരവ് അസാധ്യമല്ല. പക്ഷേ അത് എവിടെ നിന്നും വരും?

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version