ഇന്ത്യ കീഴടങ്ങുന്നു, അവസാന പ്രതീക്ഷയായ രഹാനെയും പുറത്ത്

നഥാന്‍ ലയണും ഓസ്ട്രേലിയന്‍ പേസര്‍മാരും പെര്‍ത്ത് ടെസ്റ്റില്‍ പിടിമുറുക്കിയപ്പോള്‍ ഇന്ത്യ നേരിടുന്നത് കൂറ്റന്‍ തോല്‍വി. 287 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ കെഎല്‍ രാഹുലിനെ നഷ്ടമായിരുന്നു. റണ്ണൊന്നുമെടുക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ മടങ്ങിയപ്പോള്‍ അധികം വൈകാതെ ചേതേശ്വര്‍ പുജാരയും മടങ്ങി. സ്റ്റാര്‍ക്കിനു രാഹുലിന്റെ വിക്കറ്റ് ലഭിച്ചപ്പോള്‍ പുജാരയെ ഹാസല്‍വുഡാണ് മടക്കിയയച്ചത്.

35 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം വിരാട് കോഹ്‍ലിയെ(17) നഥാന്‍ ലയണ്‍ പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ മുരളി വിജയിന്റെ വിക്കറ്റും നഥാന്‍ ലയണ്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യ 55/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 43 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും ഇന്ത്യയെ നാലാം ദിവസം കൂടുതല്‍ നഷ്ടങ്ങളില്ലാതെ കരകയറ്റുമെന്ന് കരുതിയെങ്കിലും നാലാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ അജിങ്ക്യ രഹാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. 30 റണ്‍സ് നേടിയ ഇന്ത്യന്‍ ഉപ നായകനെ ഹാസല്‍വുഡാണ് പുറത്താക്കിയത്.

നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 112/5 എന്ന നിലയിലാണ്. വിജയത്തിനായി 175 റണ്‍സ് കൂടി നേടേണ്ട ഇന്ത്യയ്ക്ക് കൈവശമുള്ളത് 5 വിക്കറ്റ് മാത്രമാണ്. ഹനുമ വിഹാരിയും(24*) ഋഷഭ് പന്തുമാണ്(9*) ക്രീസില്‍ നില്‍ക്കുന്നത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണും ജോഷ് ഹാസല്‍വുഡും രണ്ട് വീതം വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.

Exit mobile version