2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ മുജീബ് റഹ്മാന്‍ മിഡില്‍സെക്സുമായി കരാറിലെത്തി

2021 ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാന്റെ സേവനം ഉറപ്പാക്കി മിഡില്‍സെക്സ്. 2019ല്‍ ക്ലബിനെ 19 വയസ്സുകാരന്‍ അഫ്ഗാന്‍ താരം പ്രതിനിധീകരിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റാണ് ആ സീസണില്‍ താരം നേടിയത്. 2019ലെ നല്ല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ക്ലബിലേക്ക് എത്തുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മുജീബ് വ്യക്തമാക്കി.

താരം മിഡില്‍സെക്സിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ പൂര്‍ണ്ണമായും ടീം നോക്ക്ഔട്ട് ഘട്ടത്തിലെത്തിയാല്‍ അതിലും കളിക്കുമെന്നാണ് അറിയുന്നത്. ടി20 ഫോര്‍മാറ്റില്‍ റഷീദ് ഖാന് തൊട്ടുപിന്നിലായാണ് താരത്തിന്റെ റാങ്ക്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസ് എന്നിവര്‍ക്ക് വേണ്ടി കളിക്കുന്ന മുജീബ് ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത്.

ബിഗ് ബാഷിന് താനുണ്ടാവില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്

ഈ വര്‍ഷത്തെ ബിഗ് ബാഷ് ലീഗില്‍ തന്റെ സേവനം ഉണ്ടാകില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്. ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ വര്‍ഷം ടീമിനൊപ്പമുണ്ടാകില്ലെന്ന് അറിയിച്ചു. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ഭാര്യയോടൊപ്പം സമയം ചെലവഴിക്കുവാനായാണ് എബിഡി ഈ തീരുമാനം എടുത്തത്.

അതേ സമയം പകരക്കാരന്‍ താരമായി ബ്രിസ്ബെയിന്‍ ഹീറ്റ് അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാനെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബിഗ്ബാഷില്‍ ഹീറ്റിനായി ഡി വില്ലിയേഴ്സിന് 146 റണ്‍സാണ് നേടാനായത്. എന്നാല്‍ ഐപിഎലില്‍ മികച്ച ഫോമിലാണ് താരം കളിക്കുന്നത്.

ഇതുവരെ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഡി വില്ലിയേഴ്സ് 324 റണ്‍സാണ് നേടിയിട്ടുള്ളത്.

ക്രിസ് ഗെയില്‍ ഇന്ന് കളത്തിലിറങ്ങുമോ? സൂചനകള്‍ ഇപ്രകാരം

ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള ഐപിഎല്‍ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലേക്ക് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ എത്തുമെന്ന് സൂചന. ടീമിന്റെ ആദ്യ അഞ്ച് മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഗ്ലെന്‍ മാക്സ്വെലിന് പകരമാണ് ക്രിസ് ഗെയില്‍ ടീമിലേക്ക് എത്തുക എന്നാണ് അറിയുന്നത്.

അഫ്ഗാന്‍ മുന്‍ നിര സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെ ക്രിസ് ജോര്‍ദ്ദന് പകരം ടീം പരിഗണിക്കുമെന്നും സൂചന ലഭിയ്ക്കുന്നുണ്ട്. പവര്‍പ്ലേയില്‍ പന്തെറിയുവാന്‍ ശേഷിയുള്ള താരമാണ് മുജീബ് ഉര്‍ റഹ്മാന്‍. അഞ്ച് മത്സരങ്ങളില്‍ 4 തോല്‍വിയേറ്റ് വാങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ഗയാനയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗയാനയ്ക്കെതിരെ 5 വിക്കറ്റ് ജയം നേടി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത ഗയാനയെ 108/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് ജമൈക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ വിജയം നേടിയത്. മുജീബ് ഉര്‍ റഹ്മാനും ഫിഡല്‍ എഡ്വേര്‍ഡ്സും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ജമൈക്കയ്ക്ക് ബൗളിംഗില്‍ ആധിപത്യം നേടി കൊടുത്തത്.

23 റണ്‍സ് നേടിയ റോസ് ടെയിലര്‍ ഗയാനയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ നവീന്‍ ഉള്‍ ഹക്ക് ഇന്നിംഗ്സ് അവസാനത്തോടെ നേടിയ 20 റണ്‍സാണ് ടീം സ്കോര്‍ നൂറ് കടക്കുാന്‍ സഹായിച്ചത്. നിക്കോളസ് പൂരന്‍ 15 റണ്‍സ് നേടി.

ചെറിയ സ്കോര്‍ തേടിയിറങ്ങിയ ജമൈക്കയ്ക്ക് തുടക്കം തന്നെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 62/5 എന്ന നിലയിലേക്ക് വീണ ടീമിനെ ക്രുമാഹ ബോണറും ആന്‍ഡ്രേ റസ്സലും കൂടിയുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. ബോണര്‍ 30 റണ്‍സും റസ്സല്‍ 23 റണ്‍സും നേടിയാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്. ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്പ്സ്(26), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(23) എന്നിവരും തിളങ്ങി.

ബാറ്റിംഗിലെ പോലെ ഗയാനയ്ക്ക് വേണ്ടി നവീന്‍ ഉള്‍ ഹക്കും മികവ് പുലര്‍ത്തി. രണ്ട് വിക്കറ്റാണ് നവീന്‍ നേടിയത്.

ഉമിനീര്‍ വിലക്ക്, സ്പിന്നര്‍മാരെയും ബാധിക്കും

ഫാസ്റ്റ് ബൗളര്‍മാരെ മാത്രമല്ല സ്പിന്നര്‍മാരെയും ഐസിസിയുടെ പുതിയ നിയമം ബാധിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍. സ്പിന്നര്‍മാര്‍ക്ക് ഡ്രിഫ്ട് നേടുന്നതില്‍ ഉമിനീര്‍ സഹായിക്കാറുണ്ടെന്നും ഇപ്പോള്‍ ഉമിനീര്‍ ഉപയോഗം ഐസിസി വിലക്കിയതോടെ ബൗളര്‍മാര്‍ കഷ്ടത്തിലാകുകയാണെന്നും മുജീബ് വ്യക്തമാക്കി.

ബൗളര്‍മാരുടെ ശീലമായതിനാല്‍ തന്നെ ശ്രദ്ധിക്കാതെ ഉമിനീര്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടികളിലേക്ക് ഐസിസി നീങ്ങുകയില്ലെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ തങ്ങള്‍ പുതിയ നിയമപ്രകാരം നെറ്റ്സില്‍ പോലും ഉമിനീര്‍ ഉപയോഗിക്കുന്നില്ലെന്ന് മുജീബ് വ്യക്തമാക്കി.

രണ്ട് മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഈ തീരുമാനത്തിന്റെ ശരിയായ പ്രഭാവം എത്രമാത്രമായിരിക്കും എന്ന് വിലയിരുത്താനാകൂ എന്നും മുജീബ് ഉര്‍ റഹ്മാന്‍ വ്യക്തമാക്കി.

മിഡില്‍സെക്സിലേക്ക് രണ്ടാം വരവിനായി മുജീബ് എത്തുന്നു

ടി20 ബ്ലാസറ്റില്‍ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെ സ്വന്തമാക്കി മിഡില്‍സെക്സ്. 2019 സീസണില്‍ ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുജീബ്. അന്ന് പത്ത് മത്സരങ്ങളില്‍ ടീമിനായി താരം കളിച്ചപ്പോള്‍ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വരെ ടീം യോഗ്യത നേടുകയാണെങ്കില്‍ താരം ഒപ്പമുണ്ടാകും.

മിഡില്‍സെക്സില്‍ താന്‍ ചിലവഴിച്ച സമയം ആനന്ദകരമായിരുന്നുവെന്നും തിരിച്ചുവരുവാനാകുന്നതില്‍ സന്തോഷമുണ്ടെന്നും മുജീബ് വ്യക്തമാക്കി. പവര്‍ പ്ലേയില്‍ കണിശതയോടെ പന്തെറിയുവാനുള്ള താരത്തിന്റെ കഴിവ് താരത്തെ വ്യത്യസ്തമാക്കുന്നുവെന്നും ടീമിന് ഒരു മുതല്‍ക്കൂട്ടാണ് താരമെന്നും കോച്ച് സ്റ്റുവര്‍ട് ലോയും അഭിപ്രായപ്പെട്ടു.

ബിഗ് ബാഷിലും അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് പ്രിയമേറുന്നു, മുജീബിനൊപ്പം സഹീര്‍ ഖാനെയും സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്

വരുന്ന സീസണ്‍ ബിഗ് ബാഷിലേക്ക് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരായ മുജീബ് ഉര്‍ റഹ്മാനും സഹീര്‍ ഖാനും. മുജീബ് ഉര്‍ റഹ്മാന്‍ വീണ്ടും ടീമിലേക്ക് എത്തുമ്പോള്‍ സഹീര്‍ ഖാനെ പുതുതായാണ് ബ്രിസ്ബെയിന്‍ ഹീറ്റ് കരാറിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകളാണ് മുജീബ് നേടിയത്. 16-3 എന്ന തന്റെ ഏറ്റവും മികച്ച പ്രകടനത്തിന് ശേഷം 18 വയസ്സുകാരന്‍ താരം ഇത് രണ്ടാമത്തെ വര്‍ഷമാണ് ബിഗ് ബാഷിലേക്ക് എത്തുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ച ടീമില്‍ അംഗമായ സഹീര്‍ ഖാന്‍ ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസിന് വേണ്ടി കളിക്കുകയാണ്. ഇംഗ്ലണ്ടിലെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും കഴിഞ്ഞ വര്‍ഷം കളിച്ച താരത്തെ ഐപിഎല്‍ 2018ല്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നുവെങ്കിലും പരിക്ക് മൂലം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായിരുന്നില്ല.

ക്രെഡിറ്റ് സീനിയര്‍ താരങ്ങള്‍ക്ക്, മുജീബിന്റെ ബൗളിംഗ് പ്രകടനം പ്രശംസനീയം

വളരെ കടുത്ത സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ റണ്‍സുകള്‍ സംരക്ഷിക്കുവാന്‍ ടീമിനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് റഷീദ് ഖാന്‍. 40/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ തുണച്ചത് സീനിയര്‍ താരങ്ങളുടെ പ്രകടനമായിരുന്നു. സമ്മര്‍ദ്ദത്തെ തങ്ങളുടെ പരിചയ സമ്പത്ത് കൊണ്ട് മറികടന്ന പ്രകടനമാണ് മുഹമ്മദ് നബിയും അസ്ഗര്‍ അഫ്ഗാനും പുറത്തെടുത്തതെന്ന് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ താരമാണ് മുജീബ് എന്നാല്‍ ഈ മത്സരത്തില്‍ ശരിയായ സ്ഥലങ്ങളില്‍ താരം പന്തെറിഞ്ഞതോടെ വിക്കറ്റുകള്‍ നേടുവാന്‍ താരത്തിന് സാധിച്ചുവെന്നും റഷീദ് പറഞ്ഞു. ടീം ഏതായാലും ജയം നല്ല കാര്യമാണെന്ന് റഷീദ് ഖാന്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ നാല് ജയങ്ങള്‍ എന്നത് വലിയ കാര്യമാണ്. നിരവധി താരങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുവാന്‍ എത്തിയെന്നും അവരോടെല്ലാം നന്ദി അറിയിക്കുന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ കഥ കഴിച്ച് മുജീബ് ഉര്‍ റഹ്മാന്‍

ബംഗ്ലാദേിനെതിരെ 25 റണ്‍സ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. മുജീബ് ഉര്‍ റഹ്മാന്റെ ബൗളിംഗ് മികവിലാണ് മികച്ച ജയം അഫ്ഗാനിസ്ഥാന്‍ നേടിയത്. 165 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് 139 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ മുജീബിന്റെ ബൗളിംഗില്‍ ലിറ്റണ്‍ ദാസിനെ നഷ്ടമായ ബംഗ്ലാദേശിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

44 റണ്‍സ് നേടിയ മഹമ്മദുള്ള മാത്രമാണ് അഫ്ഗാന്‍ നിരയില്‍ മികച്ച് നിന്നത്. സബ്ബീര്‍ റഹ്മാന്‍ 24 റണ്‍സ് നേടി മുജീബിന് വിക്കറ്റ് നല്‍കി മടങ്ങി. മുജീബ് തന്റെ നാലോവറില്‍ 15 റണ്‍സിന് 4 വിക്കറ്റാണ് നേടിയത്. മുജീബിന് പുറമെ റഷീദ് ഖാന്‍, ഗുല്‍ബാദിന്‍ നൈബ്, ഫരീദ് മാലിക് എന്നിവര്‍ അഫ്ഗാനിസഅഥാന് വേണ്ടി 2 വീതം വിക്കറ്റ് നേടി.

സസ്സെക്സിലേക്ക് റഷീദ് ഖാന്‍ തിരികെ എത്തുന്നു, മുജീബും ടി20 ബ്ലാസ്റ്റിന്

അടുത്ത് തന്നെ തുടങ്ങാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുജീബ് റഹ്മാനും കളിക്കും. റഷീദ് ഖാന്‍ കഴിഞ്ഞ വര്‍ഷം കളിച്ച സസ്സെക്സില്‍ തിരികെ എത്തുമ്പോള്‍ മിഡില്‍സെക്സിന് വേണ്ടിയാവും മുജീബ് കളിക്കുക. അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇരു താരങ്ങള്‍ക്കും അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനായി നിയമിക്കപ്പെട്ട താരമാണ് റഷീദ് ഖാന്‍.

ലോകകപ്പില്‍ തന്റെ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ സ്പെല്‍ എറിഞ്ഞ് തീര്‍ക്കേണ്ടി വന്നിരുന്നു അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിനെതിരെ. ടൂര്‍ണ്ണമെന്റില്‍ ഒരു മത്സരം പോലും വിജയിക്കാനാകാതെ ആണ് അഫ്ഗാനിസ്ഥാന്‍ മടങ്ങിയത്. എന്നാല്‍ റഷീദിനെക്കാള്‍ മികവ് പുലര്‍ത്തുവാന്‍ മുജീബിന് സാധിച്ചിരുന്നു.

വീരനായകനായി ഇമാദ് വസീം, കൈവിട്ട കളി തിരിച്ച് പിടിച്ച് പാക്കിസ്ഥാന്‍, സെമി പ്രതീക്ഷകള്‍ സജീവം

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ വെള്ളം കുടിപ്പിച്ചുവെങ്കിലും ഇമാദ് വസീമിന്റെ വീരോചിതമായ ബാറ്റിംഗിന്റെ ബലത്തില്‍ 3 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്‍. ഇമാദ് വസീം പുറത്താകാതെ നിന്ന് നേടിയ 49 റണ്‍സിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ഈ ജയം നേടിയത്. നിര്‍ണ്ണായക ഇന്നിംഗ്സുമായി വഹാബ് റിയാസും തിളങ്ങി. 9 പന്തില്‍ നിന്ന് 15 റണ്‍സാണ് റിയാസ് നേടിയത്. ഇരുവരും ചേര്‍ന്ന് 18 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയാണ് 49.4 ഓവറില്‍ പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.

ഇന്നിംഗ്സിന്റെ 46ാം ഓവറില്‍ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ ഓവറില്‍ 18 റണ്‍സ് നേടിയതോടെയാണ് പാക്കിസ്ഥാന്‍ വീണ്ടും ജയ സാധ്യത പുലര്‍ത്തിയത്. ഇമാദ് വസീമിന്റെ ക്യാച്ച് ആ ഓവറില്‍ അഫ്ഗാനിസ്ഥാന്‍ നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെ മത്സരം ഏറെക്കുറെ അഫ്ഗാനിസ്ഥാന്‍ കൈവിടുകയായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും 42 റണ്‍സ് വീതം നേടിയാണ് 227 റണ്‍സെന്ന സ്കോറിലേക്ക് എത്തിച്ചത്.

ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ മുജീബ് ഫകര്‍ സമനെ പുറത്താക്കിയ ശേഷം ഇമാം-ബാബര്‍ കൂട്ടുകെട്ട് കരുതലോടെയാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ ഇരു താരങ്ങളെയും തന്റെ രണ്ട് ഓവറിനുള്ളില്‍ പുറത്താക്കി മുഹമ്മദ് നബി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഇമാം 36 റണ്‍സും ബാബര്‍ അസം 45 റണ്‍സുമാണ് നേടിയത്. 72 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

പിന്നീട് മുഹമ്മദ് ഹഫീസിനെ(19) മുജീബ് പുറത്താക്കിയപ്പോള്‍ ഹാരിസ് സൊഹൈലിനെ(27) വീഴ്ത്തി റഷീദ് ഖാനും ഒപ്പം കൂടി. 18 റണ്‍സ് നേടിയ സര്‍ഫ്രാസ് അഹമ്മദ് റണ്ണൗട്ട് കൂടിയായപ്പോള്‍ പാക്കിസ്ഥാന്റെ നില പരിതാപകരമായി. ഇമാദ് വസീം-ഷദബ് ഖാന്‍ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ ഒത്തുകൂടി ബാറ്റ് വീശി ലക്ഷ്യം അവസാന ആറോവറില്‍ 48 ആക്കി കുറയ്ക്കുകയായിരുന്നു.

ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ 46ാം ഓവറില്‍ 18 റണ്‍സ് നേടി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നുവെങ്കിലും അടുത്ത ഓവറില്‍ ഷദബ് ഖാനെ അവര്‍ക്ക് നഷ്ടമായി. 50 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് ഷദബ് ഖാന്‍ റണ്‍ഔട്ട് ആയതോടെ തകര്‍ക്കപ്പെടുകയായിരുന്നു. 11 റണ്‍സാണ് ഷദബ് ഖാന്‍ നേടിയത്. മറുവശത്ത് പാക്കിസ്ഥാന്‍ പ്രതീക്ഷകളെല്ലാം ഇമാദ് വസീമില്‍ നിക്ഷിപ്തമായിരുന്നു.

അവസാന മൂന്നോവറില്‍ 18 റണ്‍സ് മാത്രമായിരുന്നു പാക്കിസ്ഥാന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 3 വിക്കറ്റും. അടുത്ത രണ്ട് ഓവറുകളെറിഞ്ഞ മുജീബിനെയും റഷീദ് ഖാനെയും വിക്കറ്റ് നഷ്ടമില്ലാതെ സ്കോര്‍ ചെയ്ത് പാക്കിസ്ഥാന്‍ അവസാന ഓവറില്‍ വിജയത്തിനായി ആറ് റണ്‍സാക്കി ചുരുക്കി.

മുഹമ്മദ് നബിയും മുജീബ് ഉര്‍ റഹ്മാനുമെല്ലാം മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും ഗുല്‍ബാദിന്‍ നൈബിന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്. ചരിത്ര കുറിച്ചേക്കാവുന്ന വിജയം കൈവിട്ടതിനു ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ നൈബ് തന്നെയാണ് ബാദ്ധ്യസ്ഥന്‍.

ഫകര്‍ സമന്‍ LBW മുജീബ് റഹ്മാന്‍, ചരിത്രം വീണ്ടും ആവര്‍ത്തിച്ചു

പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമന്‍ അപകടകാരിയാണെങ്കിലും ലോകകപ്പില്‍ താരത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുവാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇന്ന് പാക്കിസ്ഥാന്റെ നിര്‍ണ്ണായക മത്സരത്തില്‍ താരം രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുമ്പോള്‍ ഈ പുറത്താകലിനു പല സമാനതകളുമുണ്ട്.

ഫകര്‍ സമന്‍ രണ്ട് ഏകദിന മത്സരങ്ങളിലാണ് അഫ്ഗാനിസ്ഥാനെതിരെ കളിച്ചിട്ടുള്ളത്. ഇരു മത്സരങ്ങളിലും താരം പൂജ്യത്തിന് പുറത്താകുകയായിരുന്നു. ഇരു മത്സരങ്ങളില്‍ ഫകറിനെ പുറത്താക്കിയത് മുജീബ് ആയിരുന്നു. രണ്ടും വിക്കറ്റിന് മുന്നില്‍ക കുടുങ്ങിയാണ് താരം പുറത്തായത്.

Exit mobile version