അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് മികവിനിടയിലും ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍

മുഷ്ഫിക്കുര്‍ റഹിമും ഷാക്കിബ് അല്‍ ഹസനും അര്‍ദ്ധ ശതകങ്ങള്‍ നേടിയ മികവില്‍ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് അത്ര അനായാസമല്ലാത്ത പിച്ചില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇതേ പിച്ചില്‍ ഇന്ത്യ നേടിയ സ്കോറിനെക്കാള്‍ മികച്ച സ്കോര്‍ നേടിയ ബംഗ്ലാദേശ് 50 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 262 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കെതിരെയെന്ന പോലെ മികച്ച രീതിയിലുള്ള ബൗളിംഗാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. എന്നാല്‍ ബൗണ്ടറി നേടാനാകാതെ വന്നപ്പോളും സിംഗിളുകളും ഡബിളും ഓടി സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ ബംഗ്ലാദേശ് ശ്രദ്ധിച്ചിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുഹമ്മദ് നബിയ്ക്കാണ് ഒരു വിക്കറ്റ്.

സൗമ്യ സര്‍ക്കാരിന് പകരം ലിറ്റണ്‍ ദാസിനെ ഓപ്പണിംഗില്‍ പരീക്ഷിച്ച ബംഗ്ലാദേശ് തീരുമാനം ഫലം കാണുമെന്നാണ് തോന്നിയത്. മിന്നും തുടക്കം ദാസ് നേടിയെങ്കിലും പിന്നീട് മുജീബിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 16 റണ്‍സ് ആണ് താരം നേടിയത്. പിന്നീട് 59 റണ്‍സ് കൂട്ടുകെട്ടുമായി തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും റണ്‍സ് അധികം വിട്ട് നല്‍കാതെ അഫ്ഗാനിസ്ഥാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

തമീമിനെ(36) നബി പുറത്താക്കിയപ്പോള്‍ മുജീബ് ഷാക്കിബ് അല്‍ ഹസനെയും(51) സൗമ്യ സര്‍ക്കാരിനെയും(3) പുറത്താക്കി ബംഗ്ലാദേശിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം വിക്കറ്റില്‍ ഷാക്കിബും-റഹിമും ചേര്‍ന്ന് 61 റണ്‍സാണ് നേടിയത്. മധ്യ ഓവറുകളില്‍ ബൗണ്ടറി നേടാനാകാതിരുന്നതും ബംഗ്ലാദേശിന് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും ഇന്നിംഗ്സ് അവസാനം വരെ മുഷ്ഫിക്കുര്‍ ബാറ്റ് ചെയ്തപ്പോള്‍ ടീമിന് മികച്ച സ്കോര്‍ നേടുവാനായി. 90 പന്തുകള്‍ക്ക് ശേഷം 39ാം ഓവറിലാണ് മുഷ്ഫിക്കുര്‍ റഹിം ഒരു ബൗണ്ടറി നേടിയത്.

റഹിമിനൊപ്പം മഹമ്മദുള്ള രംഗത്തെത്തിയ ശേഷമാണ് ഏറെ ഓവറുകള്‍ക്ക് ശേഷം ബംഗ്ലാദേശ് സ്കോറിംഗിനു വീണ്ടും വേഗത വന്നത്. 56 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി അവസാന ഓവറുകളില്‍ കൂറ്റനടിക്ക് ശ്രമിച്ച് മഹമ്മദുള്ള(27) പുറത്തായപ്പോള്‍ മറുവശത്ത് മുഷ്ഫിക്കുര്‍ തന്റെ ബാറ്റിംഗ് തുടര്‍ന്നു.

87 പന്തില്‍ നിന്ന് 83 റണ്‍സ് നേടി റഹിം ദവലത് സദ്രാന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ആറാം വിക്കറ്റില്‍ 44 റണ്‍സാണ് താരം മൊസ്ദേക്ക് ഹൊസൈനുമായി ചേര്‍ന്ന് നേടിയത്. ഇന്നിംഗ്സിന്റ അവസാന പന്തില്‍ പുറത്താകുമ്പോള്‍ മൊസ്ദേക്ക് 24 പന്തില്‍ നിന്ന് നിര്‍ണ്ണായകമായ 35 റണ്‍സാണ് നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് മൂന്നും ഗുല്‍ബാദിന്‍ നൈബ് രണ്ടും വിക്കറ്റാണ് നേടിയത്.

വിവാദമായി ബട്‍ലറുടെ പുറത്താകല്‍, വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തിനു അശ്വിന്‍ മടങ്ങിപ്പോക്ക് നല്‍കിയതിന്റെ ആനുകൂല്യത്തില്‍ വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു. 185 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഒന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും രാജസ്ഥാനു സ്വപ്നം തുല്യമായ തുടക്കമാണ് നല്‍കിയത്. 8.1 ഓവറില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അജിങ്ക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. 27 റണ്‍സ് നേടിയ രഹാനെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അശ്വിനെ കരുതലോടെ നേരിട്ട ജോസ് ബട്‍ലര്‍ എന്നാല്‍ മറ്റു ബൗളര്‍മാരെ തുടര്‍ന്നും ആക്രമിക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് ജോസ് ബട്‍ലറുടെ മടക്കം. 10 ഫോറും 2 സിക്സുമാണ് ജോസ് ബട്‍ലര്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്.

എന്നാല്‍ തന്റെ അവസാന ഓവറില്‍ ജോസ് ബട്‍ലറെ പുറത്താക്കുവാന്‍ അശ്വിന്‍ തിരഞ്ഞെടുത്ത വഴി കളിയിലെ ഏറ്റവും വലിയ വഴിത്തിരിവും വിവാദവും ആയി മാറുകയായിരുന്നു. ക്രീസില്‍ നിന്ന് ബൗളിംഗ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പുറത്ത് കടന്നതിനു അശ്വിന്‍ ‘മങ്കാട്’ രൂപത്തില്‍ പുറത്താക്കി വിവാദത്തിനു തിരികൊളുത്തുകയായിരുന്നു. പിന്നീട് ഗതി നഷ്ടമായ രാജസ്ഥാന്‍ റോയല്‍സിനു അതേ വേഗത്തില്‍ സ്കോര്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിച്ചില്ല.

മെല്ലെയെങ്കിലും നിലയുറപ്പിച്ച് സഞ്ജുവും സ്മിത്തും രാജസ്ഥാന്‍ ഇന്നിംഗ്സിനു മെല്ലെ വേഗത പകരുകയായിരുന്നു. യഥാസമയം ബൗണ്ടറി കണ്ടെത്തി ഇരുവരും അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ ലക്ഷ്യം 39 റണ്‍സാക്കി മാറ്റുകയായിരുന്നു. എന്നാല്‍ സ്മിത്തിനെയും(19) സഞ്ജു സാംസണെയും(30) പുറത്താക്കി സാം കറന്‍ വീണ്ടും മത്സരം പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിച്ചു. വെറും നാല് റണ്‍സാണ് സാം കറന്‍ ഓവറില്‍ വിട്ട് നല്‍കിയത്. ഓവറുകളുടെ വ്യത്യാസത്തില്‍ രണ്ട് പുതുമുഖ താരങ്ങള്‍ ക്രീസില്‍ വന്നതും രാജസ്ഥാനു കാര്യങ്ങള്‍ കടുപ്പമാക്കി.

മുജീബ് ഉര്‍ റഹ്മാന്‍ എറിഞ്ഞ ഓവറില്‍ ബെന്‍ സ്റ്റോക്സ് സിക്സര്‍ നേടിയെങ്കിലും അടുത്ത പന്തില്‍ താരവും പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുല്‍ ത്രിപാഠിയും പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാമ്പില്‍ നിരാശ പടര്‍ന്നു.

ഏകദിനത്തിലും ജയിച്ച് തന്നെ തുടങ്ങി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെ ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തതിനു ശേഷം ഏകദിനത്തിലും വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 161 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് മാത്രം 89 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോകുകയായിരുന്നു. 37 റണ്‍സ് നേടിയ ജോര്‍ജ്ജ് ഡോക്രെല്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

രണ്ടാം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച 49.2 ഓവറില്‍ ഓള്‍ഔട്ട് രൂപത്തില്‍ അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനു വേണ്ടി ദവലത് സദ്രാനും മുജീബ് ഉര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടി. മുജീബ് 10 ഓവറില്‍ വെറും 14 റണ്‍സാണ് വിട്ട് നല്‍കിയത്. ഗുല്‍ബാദിന്‍ നൈബും രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനും ജയം 41.5 ഓവറില്‍ മാത്രമാണ് സ്വന്തമാക്കാനായത്. ലക്ഷ്യം തീരെ ചെറുതായിരുന്നുവെങ്കിലും 5 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. മുഹമ്മദ് ഷെഹ്സാദ് 43 റണ്‍സ് നേടിയപ്പോള്‍ ഗുല്‍ബാദിന്‍ നൈബ് 46 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. താരം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഹസ്രത്തുള്ള സാസായി 25 റണ്‍സും റഹ്മത് ഷാ 22 റണ്‍സും മത്സരത്തില്‍ നേടി.

ലോകകപ്പ് സെമിയില്‍ എത്തുവാനുള്ള കഴിവ് അഫ്ഗാനിസ്ഥാനുണ്ട്

ക്വാളിഫയറുകളില്‍ കളിച്ച് ഒരു ഘട്ടത്തില്‍ ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ട് പുറത്താകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പട പൊരുതി മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായി അവസാന നിമിഷമാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടിയതെങ്കിലും പരമിത ഓവര്‍ ക്രിക്കറ്റിലെ ഉയര്‍ന്ന് വരുന്ന ശക്തിയാണ് ഈ ഏഷ്യന്‍ രാജ്യം. ടീമിനു ലോകകപ്പിന്റെ സെമിയിലെത്തുവാനുള്ള കഴിവുണ്ടെന്നാണ് ടീമിലെ യുവ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ പറയുന്നത്.

അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ താരത്തിനു ഇടം ലഭിച്ചില്ലെങ്കിലും ഏകദിന ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാണ് താരം. അഫ്ഗാനിസ്ഥാന്റെ ചാമ്പ്യന്‍ സ്പിന്നറായ റഷീദ് ഖാന്റൊപ്പം മുജീബും കൂടി ചേര്‍ന്നാല്‍ ഏത് ടീമിനു ഭീതി വിതയ്ക്കുന്നു ബൗളിംഗ് കൂട്ടുകെട്ടായി മാറും ഈ താരങ്ങള്‍. ബിഗ് ബാഷില്‍ വലിയ പ്രകടനം പുറത്തെടുക്കുവാന്‍ താരത്തിനും റഷീദിനും സാധിച്ചില്ലെങ്കിലും 50 ഓവര്‍ ക്രിക്കറ്റില്‍ ഇത്തവണ ഒട്ടനവധി അട്ടിമറികള്‍ അഫ്ഗാനിസ്ഥാന്‍ നടത്തുമെന്നാണ് താരം പറയുന്നത്.

ബൗളര്‍മാര്‍ക്കൊപ്പം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റ്സ്മാന്മാരും മികവ് പുറത്തെടുത്താല്‍ ഏറ്റവും ചുരുങ്ങിയത് സെമി ഫൈനല്‍ വരെ ടീം എത്തുമെന്നാണ് അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്നര്‍ അഭിപ്രായപ്പെടുന്നത്.

ടി20 ബ്ലാസ്റ്റില്‍ കളിക്കാനായി മുജീബ് എത്തുന്നു

ജുലൈ 18നു ആരംഭിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ കളിയ്ക്കും. വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് ഫ്രാഞ്ചൈസിയായ മിഡില്‍ സെക്സിനു വേണ്ടിയാണ് താരം കളിയ്ക്കാനെത്തുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കരിബീയന്‍ പ്രീമിയര്‍ ലീഗ് എന്നീ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മുജീബ്.

അടുത്തിടെ കഴിഞ്ഞ ബിഗ് ബാഷില്‍ 12 വിക്കറ്റുകള്‍ നേടിയെങ്കിലും തന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ താരത്തിനു സാധിച്ചില്ല. സെപ്റ്റംബര്‍ 21നു വൈറ്റാലിറ്റി ബ്ലാസ്റ്റ് അവസാനിക്കുന്നത് വരെ താരം ടൂര്‍ണ്ണമെന്റില്‍ കളിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്.

ടെസ്റ്റില്‍ സൂപ്പര്‍ താരത്തെ പുറത്തിരുത്തി അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

അയര്‍ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ ടെസ്റ്റില്‍ സൂപ്പര്‍ താരം മുജീബ് ഉര്‍ റഹ്മാനെ പുറത്തിരുത്തിയാണ് അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെറാഡൂണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയെങ്കിലും ഏകദിന ടി20 ടീമുകളില്‍ താരത്തിനു ഇടം ലഭിച്ചിട്ടുണ്ട്. മൂന്ന് ടി20 മത്സരങ്ങളിലും അഞ്ച് ഏകദിനങ്ങളിലും ഒരു ടെസ്റ്റ് മത്സരത്തിലുമാണ് ടീമുകള്‍ പങ്കെടുക്കുക. ഫെബ്രുവരി 21നാണ് പര്യടനം ആരംഭിക്കുന്നത്. ബെംഗളൂരുവില്‍ ആദ്യ ടെസ്റ്റ് കളിച്ച സ്ക്വാഡിലേക്ക് മൂന്ന് പുതിയ താരങ്ങളെയാണ് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ്: അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാന്‍ ജനത്, ജാവേദ് അഹമ്മദി, റഹ്മത് ഷാ, നാസിര്‍ ജമാല്‍, ഹസ്മത്തുള്ള ഷഹീദി, ഇക്രം അലി ഖില്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, വഫാദാര്‍ മാമൊന്ദ്, യമീന്‍ അഹമ്മദ്സായി, ഷറഫുദ്ദീന്‍ അഷ്റഫ്, വഖാര്‍ സലാംഖൈല്‍

ടി20: അസ്ഗര്‍ അഫ്ഗാന്‍, ഉസ്മാന്‍ ഖനി, നജീബ് തരാകായി, ഹസ്രത്തുള്ള സാസായി, സമിയുള്ള ഷിന്‍വാരി, മുഹമ്മദ് നബി, ഷഫീക്കുള്ള ഷഫാക്, റഷീദ് ഖാന്‍, നജീബുള്ള സദ്രാന്‍, കരിം ജനത്, ഫരീദ് മാലിക്, സയ്യദ് ഷിര്‍സാദ്, സിയ-ഉര്‍-റഹ്മാന്‍, മുജീബ്‍ ഉര്‍ റഹ്മാന്‍, സഹീര്‍ ഖാന്‍, ഷറഫുദ്ദീന്‍ അഷ്റഫ്

ഏകദിനം: അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് ഷെഹ്ദാസ്, നൂര്‍ അലി സദ്രാന്‍, ജാവേദ് അഹമ്മദി, ഹസ്രത്തുള്ള സാസായി, സമിയുള്ള ഷിന്‍വാരി, മുഹമ്മദ് നബി,  റഷീദ് ഖാന്‍, നജീബുള്ള സദ്രാന്‍, കരിം ജനത്, ഫരീദ് മാലിക്, സയ്യദ് ഷിര്‍സാദ്, ഇക്രം അലി ഖില്‍, ഹസമത്തുള്ള ഷഹീദി, ഗുല്‍ബാദിന്‍ നൈബ്, ദവലത് സദ്രാന്‍, സഹീര്‍ ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഷപൂര്‍ സദ്രാന്‍

 

ഹാട്രിക്കുമായി ജോഷ് ലാലോര്‍, മുജീബ് ഉര്‍ റഹ്മാന്‍ കളിയിലെ താരം, ഹീറ്റിനു മികച്ച വിജയം

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ബ്രിസ്ബെയിന്‍ ഹീറ്റ്. ജോഷ് ലാലോര്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരുടെ ബൗളിംഗ് മികവില്‍ ദ്യം ബാറ്റ് ചെയ്ത പെര്‍ത്തിനെ 128/9 എന്ന സ്കോറില്‍ പിടിച്ചു നിര്‍ത്തിയ ശേഷം ലക്ഷ്യം 17.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഹീറ്റ് ജയം സ്വന്തമാക്കിയത്.

ലാലോര്‍ ഹാട്രിക്കും മുജീബ് തന്റെ നാലോവറില്‍ 16 റണ്‍സിനു മൂന്ന് വിക്കറ്റും നേടിയാണ് ഹീറ്റിനായി തിളങ്ങിയത്. 43 റണ്‍സ് നേടിയ നിക് ഹോബ്സണ്‍, 32 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് പെര്‍ത്തിനെ 128 റണ്‍സിലേക്ക് നയിച്ചത്. മാത്യൂ കുന്‍മാന്‍ രണ്ട് വിക്കറ്റ് നേടി.

ബാറ്റിംഗില്‍ ക്രിസ് ലിന്‍ പുറത്താകാതെ 56 റണ്‍സ് നേടി ഹീറ്റിനായി മികവ് പുലര്‍ത്തി. മാക്സ് ബ്രയന്റ് 26 റണ്‍സ് നേടിയപ്പോള്‍ മാത്യൂ കെല്ലി പെര്‍ത്തിനായി രണ്ട് വിക്കറ്റ് നേടി.

മുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം

അഫ്ഗാന്‍ യുവ താരം മുജീബ് ഉര്‍ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പിടിച്ചുകെട്ടിയ ബ്രിസ്ബെയിന്‍ ഹീറ്റിനു 5 വിക്കറ്റഅ ജയം. 20 ഓവറില്‍ നിന്ന് പെര്‍ത്ത് 135/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 18. ഓവറില്‍ 139/5 എന്ന സ്കോര്‍ നേടി ഹീറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. മുജീബ് തന്റെ 4 ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

ആഷ്ടണ്‍ ടര്‍ണറുടെ 30 പന്തില്‍ 47 റണ്‍സ് നേടിയ ഇന്നിംഗ്സാണ് പെര്‍ത്തിനെ 135 റണ്‍സിലേക്ക് നയിച്ചത്. മൈക്കല്‍ ക്ലിംഗര്‍(26), കാമറൂണ്‍ ബാന്‍ക്രോഫ്ട്(24) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. ഹീറ്റിനു വേണ്ടി ബെന്‍ കട്ടിംഗും രണ്ട് വിക്കറ്റ് നേടി.

32 റണ്‍സ് നേടിയ ക്രിസ് ലിന്‍ ആണ് ഹീറ്റിന്റെ ടോപ് സ്കോറര്‍. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ക്രിസ് ലിന്‍ നല്‍കിയ അടിത്തറയ്ക്കുമേല്‍ നിന്ന് ജോ ബേണ്‍സ്(20*) ബെന്‍ കട്ടിംഗ്(26*) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് പെര്‍ത്തിന്റെ ബൗളര്‍മാരില്‍ തിളങ്ങിയത്.

മുജീബ് ഒരുങ്ങുന്നു ബിഗ് ബാഷ് കളിക്കുവാന്‍

അഫ്ഗാനിസ്ഥാന്റെ പുതിയ സ്പിന്‍ സെന്‍സേഷന്‍ മുജീബ് ഉര്‍ റഹ്മാനും ബിഗ് ബാഷ് കളിക്കുവാന്‍ ഒരുങ്ങുന്നു. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റാണ് 2018-19 സീസണിലേക്ക് 18 വയസ്സുകാരനെ ടീമിലെത്തിച്ചിരിക്കുന്നത്. ഹീറ്റിന്റെ രണ്ടാമത്തെ വിദേശ താരമാണ് മുജീബ്. ബ്രണ്ടന്‍ മക്കല്ലമാണ് മറ്റൊരു വിദേശ താരം. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കഴിഞ്ഞ സീസണില്‍ മുജീബ് കളിച്ചിരുന്നു.

ടൂര്‍ണ്ണമെന്റിലെ എല്ലാ മത്സരങ്ങളിലും മുജീബിന്റെ സേവനമുണ്ടാകുമെന്നാണ് ഇപ്പോളത്തെ തീരുമാനം. സാമുവല്‍ ബദ്രീ, യസീര്‍ ഷാ അല്ലെങ്കില്‍ ഷദബ് ഖാന്‍ എന്നിവരടങ്ങുന്ന സ്പിന്‍ സംഘത്തിലേക്കാണ് മുജീബ് എത്തുന്നത്. ഇത് ടീമിനുള്ളില്‍ തന്നെ മികച്ച സ്പോര്‍ട്ടിംഗ് സ്പിരിറ്റിലുള്ള മത്സരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യ കോച്ച് ഡാനിയേല്‍ വെട്ടോറി അറിയിച്ചു.

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ലോകത്തിലെ മികച്ചവര്‍: സര്‍ഫ്രാസ് അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ നിരയിലെ സ്പിന്നര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇന്നലെ തന്റെ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള പടപൊരുതി നേടിയ വിജയത്തിനു ശേഷമാണ് സര്‍ഫ്രാസിന്റെ പരമാര്‍ശം. തങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് തുറന്ന് സമ്മതിച്ച പാക്കിസ്ഥാന്‍ നായകന്‍ വിജയത്തിനു ബാബര്‍ അസം, ഇമാം ഉള്‍ ഹക്ക്, ഷൊയ്ബ് മാലിക്ക് എന്നിവര്‍ക്ക് നന്ദി നല്‍കി.

അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഈ സാഹചര്യങ്ങളില്‍ 250നു മേലെ റണ്‍സ് ചേസ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഏറെയുയര്‍ത്തുന്നുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ ഫീല്‍ഡിംഗ് ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ നായകന്‍ എന്നാല്‍ ഇന്നലെ തങ്ങള്‍ ഈ മേഖലയില്‍ മോശമായിരുന്നുവെന്നും പറഞ്ഞു.

ലങ്കയ്ക്ക് മടക്കടിക്കറ്റ് നല്‍കി അഫ്ഗാനിസ്ഥാന്‍

ഏഷ്യ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ശ്രീലങ്ക പുറത്ത്. ഏഷ്യ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്ക രണ്ടാം മത്സരത്തിലും തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 249 റണ്‍സില്‍ പിടിച്ചുകെട്ടുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും 250 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 158 റണ്‍സിനു 41.2 ഓവറിനുള്ളില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

36 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ടീമിന്റെ ടോപ് സ്കോറര്‍. തിസാര പെരേര(28), ധനന്‍ജയ ഡിസില്‍വ(23), ആഞ്ചലോ മാത്യൂസ്(22) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ ശ്രീലങ്കന്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍, ഗല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും  മുഹമ്മദ് നബി ഒരു വിക്കറ്റുമായി ഏഷ്യയിലെ പുതു ശക്തികളെ 91 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

Exit mobile version