കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ ബൈര്‍സ്റ്റോ പുറത്ത്

തന്റെ കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായി ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ. ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ എറിഞ്ഞ 20ാം ഓവറിന്റെ ആദ്യ പന്തില്‍ ആണ് ബൈര്‍സ്റ്റോ പുറത്തായത്. 50 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 128 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി നേടിയത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ബൈര്‍സ്റ്റോ ഇന്ന് മികച്ച രീതിയിലാണ് റോയിയ്ക്ക് പിന്തുണ നല്‍കിയത്. മെഹ്ദി ഹസന്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് മൊര്‍തസയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തത്.

കിംഗ്സിനു ആദ്യ ജയം, ജയമില്ലാതെ ടൈറ്റന്‍സ്, ടീമിന്റെ മൂന്നാം പരാജയം

രാജ്ഷാഹി കിംഗ്സ് തങ്ങളുടെ ആദ്യ ജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ഖുല്‍ന ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യ ജയത്തിനായി ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 7 വിക്കറ്റിന്റെ വിജയം രാജ്ഷാഹി കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. 20 ഓവറില്‍ 117/9 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന നേടിയത്. ലക്ഷ്യം 7 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിംഗ്സ് മറികടന്നു.

ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവാണ് ഖുല്‍നെ തകര്‍ത്തെറിഞ്ഞത്. താരം 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമായി മികച്ച് നിന്നു. 23 റണ്‍സ് നേടിയ ജുനൈദ് സിദ്ദിക്കി ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദാവീദ് മലന്‍ 22 റണ്‍സ് നേടി.

മെഹ്ദി ഹസന്‍ അര്‍ദ്ധ ശതകവും മോമിനുള്‍ ഹക്ക് 44 റണ്‍സും നേടി രാജ്ഷാഹി കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇസ്രു ഉഡാനയാണ് കളിയിലെ താരം.

8 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വിന്‍ഡീസ് നല്‍കിയ 199 റണ്‍സ് വിജയ ലക്ഷ്യം 38.3 ഓവറില്‍ സ്വന്തമാക്കി ബംഗ്ലാദേശ്. 2 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വിജയം സ്വന്തമാക്കുമ്പോള്‍ പരമ്പരയും ബംഗ്ലാദേശ് 2-1നു നേടി. തമീം ഇക്ബാല്‍(81*), സൗമ്യ സര്‍ക്കാര്‍(80) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും കീമോ പോള്‍ ആണ് വീഴ്ത്തിയത്. ലിറ്റണ്‍ ദാസ്(23) പുറത്തായപ്പോള്‍ വിജയ സമയത്ത് തമീമിനൊപ്പം മുഷ്ഫിക്കുര്‍ റഹിം 16 റണ്‍സുമായി പുറത്താകാതെ നിന്നു.

4 വിക്കറ്റ് നേടിയ മെഹ്ദി ഹസന്‍ കളിയിലെ താരമായപ്പോള്‍ വിന്‍ഡീസ് നിരയില്‍ 108 റണ്‍സുമായി പുറത്താകാതെ പൊരുതിയ ഷായി ഹോപാണ് പരമ്പരയിലെ താരം. കഴിഞ്ഞ മത്സരത്തിലും പുറത്താകാതെ നേടിയ 146 റണ്‍സുമായി ഷായി ഹോപ് വിന്‍ഡീസ് ജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ടീമിലെ സഹതാരങ്ങളുടെ മോശം പ്രകടനം വിനയാകുകയായിരുന്നു.

മൂന്നാം ദിവസം വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്, ചരിത്ര പരമ്പര വിജയം

ആദ്യ ഇന്നിംഗ്സില്‍ 111 റണ്‍സിനു വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ഫോളോ ഓണ്‍ ആവശ്യപ്പെട്ട ബംഗ്ലാദേശ് എതിരാളികളെ രണ്ടാം ഇന്നിംഗ്സില്‍ 213 റണ്‍സിനു ഓള്‍ഔട്ട് ആക്കി. ഇതോടെ ഒരിന്നിംഗ്സിന്റെയും 184 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് വിന്‍ഡീസിനെതിരെ ചരിത്രപരമായ ഒരു ടെസ്റ്റ് പരമ്പരയാണ് വിജയിച്ചത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനു മെച്ചപ്പെടുവാനായെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പോന്ന പ്രകടനമായിരുന്നില്ല സന്ദര്‍ശകര്‍ പുറത്തെടുത്തത്.

ആദ്യ ഇന്നിംഗ്സില്‍ മെഹ്ദി ഹസന്‍ ഏഴ് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ താരത്തിന്റെ വിക്കറ്റ് നേട്ടം അഞ്ചായിരുന്നു. തൈജുള്‍ ഇസ്ലാം രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റ് നേടി. തന്റെ മികച്ച പ്രകടനത്തിനു മെഹ്ദി ഹസനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പരമ്പരയിലെ താരമായി മാറി. 93 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറും 37 റണ്‍സുമായി പുറത്താകാതെ നിന്ന കെമര്‍ റോച്ചുമാണ് തോല്‍വി ഒഴിവാക്കുവാനുള്ള ശ്രമം വിന്‍ഡീസ് നിരയില്‍ നിന്ന് പുറത്തെടുത്തത്. ഷെര്‍മോണ്‍ ലൂയിസ് 20 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായി.

മെഹ്ദി ഹസന് അപൂര്‍വ്വ നേട്ടം

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഓപ്പണിംഗില്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. സ്പിന്നര്‍ മെഹ്ദി ഹസനെ ഓപ്പണറായി പരീക്ഷിച്ച ബംഗ്ലാദേശിനു ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 120 റണ്‍സാണ് ലിറ്റണ്‍ ദാസിനൊപ്പം മെഹ്‍ദി ഹസന്‍ നേടിയത്. 59 പന്തില്‍ 32 റണ്‍സാണ് കരിയറില്‍ താന്‍ ആദ്യമായി ഓപ്പണ്‍ ചെയ്തപ്പോള്‍ മെഹ്ദി ഹസന്‍ നേടിയത്. മറുവശത്ത് ലിറ്റണ്‍ ദാസ് അടിച്ച് തകര്‍ത്തപ്പോള്‍ മെഹ്ദി ഹസന്‍ സ്ട്രൈക്ക് കൈമാറി താരത്തിനു കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കി.

അണ്ടര്‍ 19 ടൂര്‍ണ്ണമെന്റുകളില്‍ ബംഗ്ലാദേശിനു വേണ്ടി യഥേഷ്ടം റണ്‍സ് കണ്ടെത്തിയിട്ടുള്ള താരമാണ് മെഹ്ദി ഹസന്‍. 2016 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ താരം തുടരെ 4 അര്‍ദ്ധ ശതകങ്ങള്‍ സ്വന്തമാക്കിയിരുന്നു. ടൂര്‍ണ്ണമെന്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയായ മെഹ്ദി ഹസന്റെ ഈ റെക്കോര്‍ഡിനൊപ്പം ഇന്ത്യയുടെ ശുഭ്മന്‍ ഗില്‍ ഈ വര്‍ഷം എത്തി.

ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത ശേഷം ബൗളിംഗിലും മെഹ്ദി ഹസന്‍ തന്നെയാണ് ഓപ്പണ്‍ ചെയ്തത്. ബംഗ്ലാദേശിനു വേണ്ടി ഈ നേട്ടം കൈക്കലാക്കുന്ന ആദ്യത്തെ താരം കൂടിയായി മെഹ്ദി ഹസന്‍. 43 താരങ്ങളാണ് ഈ പട്ടിയിലുള്ളത്. ഏഷ്യ കപ്പില്‍ മാത്രം അഞ്ച് താരങ്ങള്‍ ഈ നേട്ടം കൈവിരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 1980ല്‍ റോജര്‍ ബിന്നിയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

354 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, മെഹ്ദി ഹസനു അഞ്ച് വിക്കറ്റ്

കിംഗ്സ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ 354 റണ്‍സില്‍ അവസാനിച്ച് വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്. ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ടിന്റെ ബാറ്റിംഗ് പ്രകടനത്തിനു ശേഷം രണ്ടാം ദിവസം മത്സരം പുനരാരംഭിച്ചപ്പോള്‍ വിന്‍ഡീസിന്റെ ശേഷിക്കുന്ന ബാറ്റിംഗ് നിര തകരുകയായിരുന്നു. ഒന്നാം ദിവസം 295/4 എന്ന നിലയില്‍ അവസാനിപ്പിച്ച വിന്‍ഡീസിനു രണ്ടാം ദിവസം മൂന്നാം ഓവറില്‍ തന്നെ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ നഷ്ടമായി. തുടരെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയര്‍ക്ക് ഇതിനിടെ 24 റണ്‍സ് മാത്രമാണ് നേടാനായത്.

അവസാന വിക്കറ്റില്‍ ജേസണ്‍ ഹോള്‍ഡര്‍ ഷാനണ്‍ ഗബ്രിയേല്‍ കൂട്ടുകെട്ട് നേടിയ 35 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം ദിവസം വിന്‍ഡീസിനു ആശ്വസിക്കാന്‍ വക നല്‍കിയ പ്രകടനം. ഗബ്രിയേല്‍ 12 റണ്‍സ് നേടി പുറത്തായപ്പോള്‍  ജേസണ്‍ ഹോള്‍ഡര്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

ക്രെയിഗ് ബ്രാത്‍വൈറ്റ് 110 റണ്‍സ് നേടിയപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 86 റണ്‍സ് നേടി പുറത്തായി. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ അഞ്ചും അബു ജയേദ് മൂന്നും തൈജുല്‍ ഇസ്ലാം  രണ്ടും വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version