ലാബൂഷാനെ ഓസ്ട്രേലിയയുടെ ഭാവി ക്യാപ്റ്റനാകം – ടിം പെയിൻ

ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി മാറുവാന്‍ ഭാവിയിൽ സാധ്യതയുള്ള താരമാണ് മാര്‍നസ് ലാബൂഷാനെ എന്ന് പറ‍‍‍ഞ്ഞ് ഓസ്ട്രേലിയയുടെ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. ക്രിക്കറ്റിനെക്കുറിച്ച് മികച്ച അവലോകന ശേഷിയും ചിന്താശേഷിയുമുള്ള താരമാണ് മാര്‍നസ് ലാബൂഷാനെയെന്നും താരം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് കാണാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ടിം പെയിന്‍ വ്യക്തമാക്കി.

2019ല്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ില്ലാത്ത ടീമിന്റെ മൂന്നാം നമ്പര്‍ സ്ഥാനം ഏറ്റെടുത്ത് ആയിരത്തിലധികം ടെസ്റ്റ് റൺസ് ആണ് ഓസ്ട്രേലിയയ്ക്കായി ലാബൂഷാനെ നേടിയത്. ടെസ്റ്റ് താരം മാത്രമല്ല താനെന്ന് ഏകദിന ടീമിലെ മികവാര്‍ന്ന പ്രകടനത്തിലൂടെ താരം കാണിച്ചു.

ഒരു നാച്വറൽ ലീഡറാണ് ലാബൂഷാനെയെന്നും അത് പരിപോഷിച്ചെടുത്താൽ മികച്ചൊരു ക്യാപ്റ്റനായി താരം മാറുമെന്നും ടിം പെയിന്‍ വ്യക്തമാക്കി. രണ്ടോ മൂന്നോ വര്‍ഷത്തിൽ മികച്ചൊരു ക്യാപ്റ്റനായി താരം മാറുമെന്നും ഓസ്ട്രേലിയയടെ നായകനായി താരമെത്തുമെന്നുമാണ് താന്‍ കരുതുന്നതെന്ന് ടിം പെയിന്‍ വ്യക്തമാക്കി.

ലാബൂഷാനെയ്ക്ക് പകരം ആന്‍ഡ്രൂ ബാല്‍ബിര്‍ണേയെ സ്വന്തമാക്കി ഗ്ലാമോര്‍ഗന്‍

2021 കൗണ്ടി സീസണിന് വേണ്ടി അയര്‍ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയെ സ്വന്തമാക്കി ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ്. 2021 സീസണ്‍ തുടക്കത്തിലെ ഏതാനും മത്സരങ്ങള്‍ക്കായാണ് താരം ടീമിനൊപ്പം ചേരുന്നത്. ഓസ്ട്രേലിയന്‍ ആഭ്യന്തര സീസണ്‍ കോവിഡ് കാരണം വൈകിയതിനാല്‍ മാര്‍നസ് ലാബൂഷാനെ ടീമിനൊപ്പം എത്തുന്നത് വൈകുമെന്നതിനാലാണ് പകരമായുള്ള വിദേശ താരമായി അയര്‍ലണ്ട് ടെസ്റ്റ് നായകനെ ഗ്ലാമോര്‍ഗന്‍ സ്വന്തമാക്കിയത്.

മാര്‍നസ് ലാബൂഷാനെയെ ആദ്യ കുറച്ച് മത്സരങ്ങളില്‍ നഷ്ടമാകുമെന്നത് ദുഖകരമാണെങ്കിലും ചുരുങ്ങിയ കാലയളവില്‍ ബാല്‍ബിര്‍ണേയെ ടീമിലെത്തിക്കുവാന്‍ സാധിച്ചത് ഗുണകരമാണെന്ന് ഗ്ലാമോര്‍ഗന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മാര്‍ക്ക് വാല്ലസ് പറഞ്ഞു.

ഇന്ത്യ കൈവിട്ട ക്യാച്ചുകള്‍ മുതലാക്കി ലാബൂഷാനെയുടെ ശതകം

ബ്രിസ്ബെയിനില്‍ ആദ്യ ദിവസം തുടക്കത്തില വിക്കറ്റ് നഷ്ടത്തിന് ശേഷം മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. 63 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 198/3 എന്ന നിലയിലാണ്. ലാബൂഷാനെയും മാത്യു വെയിഡും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. 17/2 എന്ന നിലയില്‍ നിന്ന് സ്മിത്തും ലാബൂഷാനെയും ചേര്‍ന്ന് ഓസ്ട്രേലിയയെ 70 റണ്‍സ് നേടി വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 36 റണ്‍സ് നേടിയ സ്മിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേടി.

Washingtonsundar

പിന്നീട് ലാബൂഷാനെ വെയിഡ് കൂട്ടുകെട്ട് മത്സരത്തില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. ഇത് കൂടാതെ ലാബൂഷാനെയുടെ ക്യാച്ചുകള്‍ രഹാനെയും പുജാരയും കൈവിട്ടപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ലാബൂഷാനെ 195 പന്തില്‍ 101 റണ്‍സും മാത്യു വെയിഡ് 83 പന്തില്‍ 43 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരുടെയും കൂട്ടുകട്ട് ഇപ്പോള്‍ 111 റണ്‍സ് ആണ് സ്കോര്‍ ചെയ്തിട്ടുള്ളത്.

ഓപ്പണര്‍മാരുടെ നഷ്ടത്തിന് ശേഷം ഓസ്ട്രേലിയയെ ആദ്യ സെഷനില്‍ മുന്നോട്ട് നയിച്ച് സ്റ്റീവ് സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട്

ഇന്ത്യയുടെ പരിചയസമ്പത്ത് കുറഞ്ഞ ബൗളിംഗ് നിര ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയെ 17/2 എന്ന നിലയില്‍ ആക്കിയ ശേഷം ആതിഥേയരുടെ രക്ഷയ്ക്കെത്തി ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്മിത്തും അടുത്ത വമ്പന്‍ താരമെന്ന് വിലയിരുത്തപ്പെടുന്ന മാര്‍നസ് ലാബൂഷാനെയും. മൂന്നാം വിക്കറ്റില്‍ 48 റണ്‍സ് നേടിയ കൂട്ടുകെട്ട് ഗാബ ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയയെ 65/2 എന്ന നിലയിലേക്ക് നയിച്ചിട്ടുണ്ട്.

സ്മിത്ത് 30 റണ്‍സും ലാബൂഷാനെ 19 റണ്‍സുമാണ് ഇതുവരെ നേടിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് വാര്‍ണറെയും ശര്‍ദ്ധുല്‍ താക്കൂര്‍ മാര്‍ക്കസ് ഹാരിസിനെയും പുറത്താക്കി. താക്കൂറിന്റെ കന്നി ടെസ്റ്റ് വിക്കറ്റ് ആയിരുന്നു ഇത്.

ഓസ്ട്രേലിയയുടെ ലീഡ് മുന്നൂറിനടുത്തേക്ക്, ലാബൂഷാനെയ്ക്കും സ്മിത്തിനും അര്‍ദ്ധ ശതകം

സിഡ്നി ടെസ്റ്റില്‍ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 182/4 എന്ന നിലയില്‍. മത്സരത്തില്‍ 276 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്ക് കൈവശമുള്ളത്. മത്സരത്തില്‍ അഞ്ച് സെഷനുകള്‍ അവശേഷിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. മാര്‍നസ് ലാബൂഷാനെ, മാത്യു വെയിഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് ഇന്ന് നഷ്ടമായത്.

73 റണ്‍സ് നേടിയ ലാബൂഷാനെയുടെയും 4 റണ്‍സ് നേടിയ മാത്യു വെയിഡിന്റെയും വിക്കറ്റുകള്‍ നവ്ദീപ് സൈനി ആണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി 58 റണ്‍സുമായി സ്മിത്തും 20  റണ്‍സ് നേടി കാമറൂണ്‍ ഗ്രീനുമാണ് ക്രീസിലുള്ളത്.

ലാബൂഷാനെയ്ക്ക് ശതകം നഷ്ടം, ലഞ്ചിന് തൊട്ടുമുമ്പ് കാമറൂണ്‍ ഗ്രീനിനെ വീഴ്ത്തി ജസ്പ്രീത് ബുംറ

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 249/5 എന്ന നിലയിലാണ്. 91 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയെയും 13 റണ്‍സ് നേടിയ മാത്യു വെയിഡിനെയും രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ കാമറൂണ്‍ ഗ്രീനിനെ പൂജ്യത്തിന് പുറത്താക്കി ജസ്പ്രീത് ബുംറ രണ്ടാം ദിവസത്തെ ലഞ്ചിന് ആരംഭം കുറിയ്ക്കുകയായിരുന്നു. 76 റണ്‍സുമായി സ്മിത്ത് ആണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്.

ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ട് തകര്‍ന്ന ശേഷം മത്സരത്തിലേക്ക് ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. മൂന്നാം വിക്കറ്റിലും നൂറ് റണ്‍സ് നേടി മത്സരത്തില്‍ ഓസ്ട്രേലിയയെ കൂറ്റന്‍ സ്കോറിലേക്ക് സ്മിത്ത്-ലാബൂഷാനെ കൂട്ടുകെട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂവായി രവീന്ദ്ര ജഡേജ ലാബൂഷാനെയുടെ വിക്കറ്റ് സ്വന്തമാക്കുന്നത്.

ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട്

സിഡ്നി ടെസ്റ്റിന്റെ ഒന്നാം ദിവസം മഴ വില്ലനായപ്പോള്‍ കളി നടന്നത് വെറും 55 ഓവര്‍ മാത്രം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും വില്‍ പുകോവസ്കിയും മാര്‍നസ് ലാബൂഷാനെയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

നൂറ് റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ഉടനെ 62 റണ്‍സ് നേടിയ വില്‍ പുകോവസ്കിയെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

60 റണ്‍സ് കൂട്ടുകെട്ടിന്റെ സഹായത്തോടെ ഓസ്ട്രേലിയ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയിട്ടുള്ളത്. 67 റണ്‍സുമായി മാര്‍നസ് ലാബൂഷാനെയും 31 റണ്‍സ് നേടി സ്റ്റീവ് സ്മിത്തുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും നവ്ദീപ് സൈനിയും ഓരോ വിക്കറ്റ് നേടി.

സ്മിത്ത് ഉടന്‍ ഫോമിലേക്ക് എത്തും, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ആന്‍‍ഡ്രൂ മക്ഡൊണാള്‍ഡ്

സ്റ്റീവന്‍ സ്മിത്ത് ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യയ്ക്ക് മാര്‍നസ് ലാബൂഷാനെയെയും സ്റ്റീവ് സ്മിത്തിനെയും അവരുടെ ലെഗ് സൈഡ് തിയറിയിലൂടെ നിയന്ത്രിക്കാനായാതാണ് ഒരു പരിധി വരെ ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ പരാജയത്തിന്റെ കാരണമെന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി.

സ്മിത്ത് ക്രീസില്‍ അധികം സമയം ചെലവഴിക്കുവാന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപത്തോട് തനിക്ക് അനുകൂലമായ നിലപാടല്ലെന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി. ഇന്ത്യ പ്രത്യേക പദ്ധതികളുമായാണ് ഇവരെ പിടിച്ചുകെട്ടിയതെന്നും എന്നാലും വരുന്ന ടെസ്റ്റില്‍ അതിനെ മറികടന്ന് റണ്‍സ് സ്മിത്ത് കണ്ടെത്തുമെന്നും മക്ഡൊണാള്‍ഡ് സൂചിപ്പിച്ചു.

ഈ രണ്ട് താരങ്ങളും ഇന്ത്യയുടെ ലെഗ് സൈഡ് തിയറിയെ അതിജീവിക്കുവാന്‍ അവരുടെ തന്നെ രീതിയുമായി വരുമെന്നും ഇവരുടെ ഇപ്പോളത്തെ പരാജയത്തിന് ടെക്നിക്കുമായി ഒരു ബന്ധവുമില്ലെന്നും മക്ഡൊണാള്‍ഡ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബൗളര്‍മാരുടെയും ക്യാപ്റ്റന്മാരുടെയും തന്ത്രങ്ങളെ ഇവര്‍ എങ്ങനെ മറികടക്കുന്നു എന്നത് മാത്രമാണ് കാത്തിരുന്ന് കാണേണ്ടതെന്നും ഇന്ത്യയ്ക്ക് മുന്നറിയിപ്പെന്ന രീതിയില്‍ മക്ഡൊണാള്‍ഡ് പറഞ്ഞു.

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ സംഭാവന ഏറെ നിര്‍ണ്ണായകം

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ റണ്‍സ് കണ്ടെത്തിയാല്‍ മാത്രമേ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മധ്യ നിര താരം മാര്‍നസ് ലാബൂഷാനെ. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരില്‍ ആര്‍ക്കും തന്നെ അര്‍ദ്ധ ശതകം നേടുവാന്‍ സാധിച്ചിരുന്നില്ല. ഈ പരമ്പരയില്‍ ഇതുവരെ ഓസ്ട്രേലിയ ഒരു തവണ മാത്രമാണ് ഇരുനൂറിന് മേലുള്ള സ്കോര്‍ നേടിയത്.

ലാബൂഷാനെ പരമ്പരയില്‍ 47, 48 എന്നിങ്ങനെ സ്കോറുകള്‍ നേടിയെങ്കിലും മധ്യ നിരയില്‍ സ്റ്റീവ് സ്മിത്തിന്റെ പരാജയം ആണ് ഓസ്ട്രേലിയയെ വല്ലാതെ അലട്ടുന്നത്. ഇന്ത്യ ലെഗ് സൈഡ് ഫീല്‍ഡ് നടപ്പിലാക്കി വ്യക്തമായ പ്ലാനോടു കൂടിയാണ് ആദ്യ രണ്ട് ടെസ്റ്റില്‍ സമീപിച്ചതെന്നും അതിനെ മറികടക്കുവാന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ പദ്ധതികളുണ്ടാക്കണമെന്നും താരം വ്യക്തമാക്കി.

ഈ ലെഗ് സൈഡ് പ്ലാന്‍ സ്കോറിംഗിനെ തടസ്സപ്പെടുത്തുമെന്നും അതിനെ മറികടക്കുവാന്‍ കൂടുതല്‍ അച്ചടക്കത്തോടെ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗിനെ സമീപിക്കേണ്ടതുണ്ടെന്നും മാര്‍നസ് ലാബൂഷാനെ പറഞ്ഞു. മത്സരത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഓസ്ട്രേലിയ പുതിയ തന്ത്രങ്ങള്‍ കൊണ്ടുവരേണ്ടതാണെന്ന് ലാബൂഷാനെ സൂചിപ്പിച്ചു.

സ്മിത്തും ജോ ബേണ്‍സും പൂജ്യത്തിന് പുറത്ത്, ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ

മെല്‍ബേണ്‍ ടെസ്റ്റിലെ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍ ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ചെറിയൊരു മേല്‍ക്കൈ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയുടെ പുതിയ റണ്‍ മെഷിനായ മാര്‍നസ് ലാബൂഷാനെയാണ് ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

മാത്യു വെയിഡ് 30 റണ്‍സ് നേടിയെങ്കിലും ജോ ബേണ്‍സും സ്റ്റീവന്‍ സ്മിത്തും പൂജ്യത്തിന് പുറത്തായതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലാകുകയായിരുന്നു. ബേണ്‍സിനെ ബുംറ പുറത്താക്കിയപ്പോള്‍ വെയിഡും സ്മിത്തും അശ്വിന് വിക്കറ്റ് നല്‍കി മടങ്ങി.

ഒരു ഘട്ടത്തില്‍ 38/3 എന്ന നിലയിലായിരുന്ന ടീമിനെ മാര്‍നസ് ലാബൂഷാനെയാണ് തിരികെ കൊണ്ടുവന്നത്. ട്രാവിസ് ഹെഡുായി ചേര്‍ന്ന് താരം 27 റണ്‍സ് ആണ് ഇതുവരെ നേടിയിട്ടുള്ളത്. ലാബൂഷാനെ 26 റണ്‍സും ട്രാവിസ് ഹെഡ് 4 റണ്‍സും നേടിയാണ് ലഞ്ചിന് പിരിയുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ലഞ്ചിന് തൊട്ടുമുമ്പുള്ള ഓവറില്‍ താരത്തെ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് വിധിച്ചുവെങ്കിലും ഉടനടി ഈ തീരുമാനത്തെ റിവ്യൂ ചെയ്ത് ലാബൂഷാനെ തന്റെ വിക്കറ്റ് രക്ഷിയ്ക്കുകയായിരുന്നു.

അഡിലെയ്ഡില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 191 റണ്‍സിന് പുറത്താക്കി 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. മാര്‍നസ് ലാബൂഷാനെ(47), ടിം പെയിന്‍(73*) എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി പൊരുതി നിന്നത്. ഒരു ഘട്ടത്തില്‍ 75/5 എന്ന നിലയില്‍ പരുങ്ങലിലായിരുന്ന ഓസ്ട്രേലിയയെ ഇന്ത്യയുടെ മോശം ഫീല്‍ഡിംഗ് സഹായിക്കുകയായിരുന്നു. അഞ്ചോളം ക്യാച്ചുകളാണ് മത്സരത്തില്‍ ഇന്ത്യ കൈവിട്ടത്.

മൂന്നാം സെഷനില്‍ ലാബൂഷാനെയെയും പാറ്റ് കമ്മിന്‍സിനെയും പുറത്താക്കി ഉമേഷ് യാദവും വിക്കറ്റ് പട്ടികയില്‍ ഇടം പിടിയ്ക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്(15) റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ ടിം പെയിനും നഥാന്‍ ലയണും ചേര്‍ന്ന് 28 റണ്‍സ് കൂടി നേടിയെങ്കിലും അശ്വിന്‍ ലയണിനെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് കരസ്ഥമാക്കി.ഒമ്പതാം വിക്കറ്റില്‍ ടിം പെയിനും നഥാന്‍ ലയണും ചേര്‍ന്ന് 28 റണ്‍സ് കൂടി നേടിയെങ്കിലും അശ്വിന്‍ ലയണിനെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് കരസ്ഥമാക്കി.

ടിം പെയിന്‍ വാലറ്റത്തോടൊപ്പം അവസാനം നടത്തിയ ചെറുത്ത് നില്പാണ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയുടെ ലീഡ് 53 റണ്‍സാക്കി കുറയ്ക്കുവാന്‍ സഹായിച്ചത്. ഒരു ഘട്ടത്തില്‍ 111/7 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ അവസാന മൂന്ന് വിക്കറ്റില്‍ 80 റണ്‍സ് നേടി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിന്‍ നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

 

അശ്വിന്റെ മൂന്ന് വിക്കറ്റുമായി പിടിമുറുക്കി ഇന്ത്യ, വിലങ്ങ് തടിയായി മാര്‍നസ് ലാബൂഷാനെ

അഡിലെയ്ഡ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ രണ്ടാം സെഷനില്‍ പിടിമുറുക്കി ഇന്ത്യ. ആദ്യ സെഷനില്‍ ജസ്പ്രീത് ബുംറ ഓപ്പണര്‍മാരെ മടക്കിയയച്ചപ്പോള്‍ രണ്ടാം സെഷനില്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഓസ്ട്രേലിയയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ദിവസം ടീ ബ്രേക്കിനായി ടീമുകള്‍ മടങ്ങുമ്പോള്‍ ഓസ്ട്രേലിയ 92/5 എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ടീം ഇനിയും 152 റണ്‍സ് നേടണം.

മാര്‍നസ് ലാബൂഷാനെയ്ക്ക് നല്‍കിയ ലൈഫ് ആണ് മത്സരത്തില്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയായി മാറിയിരിക്കുന്നത്. 46 റണ്‍സാണ് നേടിയ താരത്തിന് ജസ്പ്രീത് ബുംറയും പൃഥ്വി ഷായും അവസരങ്ങള്‍ നല്‍കുകയായിരുന്നു.

സ്മിത്ത്(1), ട്രാവിസ് ഹെഡ്(7), കാമറണ്‍ ഗ്രീന്‍(11) എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ലാബൂഷാനെയ്ക്ക് കൂട്ടായി 9 റണ്‍സുമായി ടിം പെയിന്‍ ആണ് ക്രീസിലുള്ളത്.

Exit mobile version