ടി20 അരങ്ങേറ്റത്തിനായി ലാബൂഷാനെ ഇനിയും കാത്തിരിക്കേണ്ടി വരും – ആരോണ്‍ ഫിഞ്ച്

ടെസ്റ്റിലും ഏകദിനത്തിലും മികച്ച ഫോമില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരമാണ് മാര്‍നസ് ലാബൂഷാനെ. ടെസ്റ്റില്‍ 56 റണ്‍സ് ശരാശരിയിലും ഏകദിനത്തില്‍ 50നു മുകളിലുള്ള ശരാശരിയിലുമാണ് താരം ഇപ്പോള്‍ ബാറ്റ് വീശുന്നത്. എന്നാല്‍ ഇതുവരെ ടി20 മത്സരത്തില്‍ അരങ്ങേറ്റം കുറിയ്ക്കുവാന്‍ താരത്തിന് സാധിച്ചിട്ടില്ല.

ഇന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിന് തൊട്ടുമുമ്പ് പരിശീലന മത്സരത്തില്‍ താരം മികവ് കാട്ടിയെങ്കിലും പൊതുവേ താരത്തിന്റെ ടി20 റെക്കോര്‍ഡ് അത്ര മികച്ചതല്ല. അതിനാല്‍ തന്നെ ലാബൂഷാനെയുടെ ഫോം മികച്ചതാണെങ്കിലും ടി20 അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ലാബൂഷാനെ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ടീം ക്യാപ്റ്റന്‍ ആരോണ‍് ഫിഞ്ച് വ്യക്തമാക്കുന്നത്.

ഓസ്ട്രേലിയയുടെ ടി20 ടീമിന്റെ ഘടന ഏകദേശം കൃത്യമായി കഴിഞ്ഞുവെന്നും അതിപ്പോള്‍ മാറ്റേണ്ട കാര്യം ഇല്ലെന്നാണ് തനികക് തോന്നുന്നതെന്നും ഫിഞ്ച് വ്യക്തമാക്കി. മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിലാണ് ഫിഞ്ച് ലാബൂഷാനെ ഇനിയും അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞത്.

കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒമ്പതും വിജയിച്ചാണ് ആരോണ്‍ ഫിഞ്ചിന്റെ സംഘം ടി20യില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നത്.

ഗ്ലാമോര്‍ഗനുമായുള്ള കരാര്‍ 2022 വരെ നീട്ടി ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബൂഷാനെ

ഈ സീസണില്‍ ഗ്ലാമോര്‍ഗനു വേണ്ടി കളിക്കാനാകാത്തതിനാല്‍ തന്റെ കരാര്‍ 2022 വരെ നീട്ടി ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബൂഷാനെ. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് താരം ആദ്യം കൗണ്ടി ക്ലബ്ബുമായി നടത്തിയത്. അതില്‍ കൊറോണ കാരണം ഈ വര്‍ഷം കൗണ്ടി സീസണ്‍ തന്നെ അവതാളത്തിലായിരുന്നു.

ഇതോടെ ഗ്ലാമോര്‍ഗനുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലാബൂഷാനെ വ്യക്തമാക്കി. ഈ സീസണില്‍ ടീമിനായി ജഴ്സിയണിയുവാന്‍ ആകാത്തതില്‍ വലിയ വിഷമമുണ്ടെന്നും താരം വ്യക്തമാക്കി. താന്‍ കളിച്ച ആദ്യ സീസണ്‍ തനിക്ക് ഇവിടെ ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും അതിനാല്‍ തന്നെ ഇവരുമായുള്ള ബന്ധം തുടരുവാനാണ് ആഗ്രഹമെന്നും ലാബൂഷാനെ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം പത്ത് കൗണ്ടി മത്സരങ്ങളില്‍ നിന്നായി ഗ്ലാമോര്‍ഗന് വേണ്ടി 1114 റണ്‍സാണ് ലാബൂഷാനെ നേടിയത്. രണ്ടാം ഡിവിഷനില്‍ ടീമിനെ നാലാം സ്ഥാനത്തേക്ക് എത്തുവാനും ലാബൂഷാനെയുടെ പ്രകടനങ്ങള്‍ സഹായിച്ചിരുന്നു.

ഓസ്ട്രേലിയയിലെ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ എത്തരത്തില്‍ ഭാവിയില്‍ പരിശീലനങ്ങള്‍ നടത്താമെന്ന് ക്ലബുകള്‍ ഇപ്പോള്‍ തന്നെ രൂപരേഖയുണ്ടാക്കണം

ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റില്‍ സജീവമാകുവാന്‍ പറ്റില്ലെങ്കിലും ഈ സമയം ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുകയാണ് ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ചെയ്യേണ്ടതെന്ന് പറഞ്ഞ് മാര്‍നസ് ലാബൂഷാനെ. ഓസ്ട്രേലിയയില്‍ ലോക്ക്ഡൗണ്‍ നീക്കിയാല്‍ ക്ലബുകള്‍ പരിശീലന പരിപാടികള്‍ ഏത് രീതിയിലാണ് നടത്തുവാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അവബോധം ഉണ്ടാക്കണം എന്ന് ലാബൂഷാനെ പറഞ്ഞു.

താനും ഇപ്പോള്‍ വളരെ കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും ലോക നന്മയ്ക്ക് വേണ്ടിയുള്ളതാണ് ഈ കഷ്ടപ്പാടെന്ന് താരം വ്യക്തമാക്കി. തനിക്ക് ശരിക്കും നെറ്റ്സില്‍ പോയി പന്ത് നേരിടുവാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ലെന്നും കാത്തിരിക്കുവാന്‍ തയ്യാറാണെന്നും ലാബൂഷാനെ വ്യക്തമാക്കി. ഇപ്പോള്‍ താന്‍ ടെന്നീസ് ബോളുപയോഗിച്ചാണ് പരിശീലിക്കുന്നതെന്നും അത് മാറ്റി ശരിക്കുമുള്ള ക്രിക്കറ്റ് ബോളിലേക്ക് മാറുവാന്‍ തീവ്രമായ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി.

അവസാന ഓവറുകളില്‍ കൂടുതല്‍ ബൗണ്ടറി നേടുകയെന്നത് തന്റെ ലക്ഷ്യം – മാര്‍നസ് ലാബൂഷാനെ

ഓസ്ട്രേലിയയ്ക്കായി മികച്ച രീതിയില്‍ ബാറ്റ് വീശുകയാണ് മാര്‍നസ് ലാബൂഷാനെ കഴിഞ്ഞ കുറച്ച് കാലമായി. തനിക്ക് ഇനി മെച്ചപ്പെടുവാനുള്ളത് ഇന്നിംഗ്സിന്റെ അവസാനത്തോടെ കൂടുതല്‍ ബൗണ്ടറി നേടുവാനുള്ള പ്രാപ്തിയുണ്ടാക്കുകയെന്നാണ് താരം വ്യക്തമാക്കി. ഞാനിത് വരെ ഏകദിനത്തില്‍ 8 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അവിടെ തനിക്ക് കൂടുതല്‍ മെച്ചപ്പെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കി.

അവസാന ഓവറുകളില്‍ ബൗണ്ടറി ഓപ്ഷനുകള്‍ കൂടുതലായി നേടുവാനുള്ള കഴിവാണ് തനിക്കുണ്ടാകേണ്ടതെന്ന് മാര്‍നസ് ലാബൂഷാനെ വ്യക്തമാക്കി. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇതിന് ഏറെ ആവശ്യവരുമെന്നും താരം വ്യക്തമാക്കി. ഇപ്പോള്‍ താന്‍ ഏത് നിലയിലാണെന്നുള്ളതില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും തനിക്ക് ഇനിയും മെച്ചപ്പെടാനാകുമെന്നാണ് പ്രതീക്ഷയും ആഗ്രഹവുമെന്ന് ലാബൂഷാനെ പറഞ്ഞു.

“ഇന്ത്യ- ഓസ്ട്രേലിയ പര്യടനം നടന്നില്ലെങ്കിൽ കനത്ത നഷ്ട്ടം”

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഈ വർഷം അവസാനം നടക്കേണ്ട പരമ്പര നടന്നില്ലെങ്കിൽ അത് കനത്ത നഷ്ടമാവുമെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയിൻ. കൊറോണ വൈറസ് പടർന്നതോടെ ക്രിക്കറ്റ് മത്സരങ്ങൾ എല്ലാം നിർത്തിവെച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം തുലാസിലായത്.

നിലവിൽ ഓസ്ട്രേലിയയിലെ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തങ്ങൾ വളരെ മികച്ചതാണെന്നും പുതിയ കേസുകളുടെ എണ്ണത്തിൽ വളരെ കുറവുവന്നിട്ടുണ്ടെന്നും ഓസ്‌ട്രേലിയൻ താരം പറഞ്ഞു. അത് കൊണ്ട് തന്നെ അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ കാര്യങ്ങൾ സാധാരണ ഗതിയിലാവുകയും ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ലബുഷെയിൻ പറഞ്ഞു.

നിലവിൽ രണ്ട് രാജ്യങ്ങളിലും യാത്ര വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഇന്ത്യ ഒക്ടോബറിൽ ടി20 പരമ്പരയും ടി20 ലോകകപ്പിന് ശേഷം ടെസ്റ്റ് പരമ്പരയുമാണ് കളിക്കാൻ തീരുമാനിച്ചത്.

കേന്ദ്ര കരാറില്‍ നിന്ന് ഉസ്മാന്‍ ഖവാജ പുറത്ത്, മാര്‍നസ് ലാബൂഷാനെയ്ക്ക് അംഗീകാരം

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അടുത്ത വര്‍ഷത്തേക്കുള്ള കേന്ദ്ര കരാര്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ നിന്ന് ഉസ്മാന്‍ ഖവാജ പുറത്ത്. വേറെയും പല മുന്‍ നിര താരങ്ങള്‍ പുറത്തായപ്പോള്‍ മാര്‍നസ് ലാബൂഷാനെ ജോ ബേണ്‍സ് എന്നിവര്‍ ആദ്യമായി കരാര്‍ ലഭിച്ചു. പുരുഷന്മാരുടെയും വനിതകളുടെയും പട്ടികയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ടത്.

20 പുരുഷന്മാര്‍ക്കും 15 വനിതകള്‍ക്കുമാണ് പുതിയ കരാര്‍. ഇപ്പോള്‍ കരാര്‍ നഷ്ടപ്പെട്ട താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ വീണ്ടും ടീമിലേക്ക് അവസരം ലഭിയ്ക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രലിയ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ നഷ്ടമായ താരങ്ങളില്‍ ഉസ്മാന്‍ ഖവാജയ്ക്ക് പുറമെ നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് ഹാരിസ്, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരും ഉള്‍പ്പെടുന്നു. കഴിഞ്ഞ സീസണില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പീറ്റര്‍ സിഡിലും ഈ പട്ടികയിലുണ്ട്.

പുരുഷന്മാരുടെ ലിസ്റ്റ് : Ashton Agar, Joe Burns, Alex Carey, Pat Cummins, Aaron Finch, Josh Hazlewood, Travis Head, Marnus Labuschagne, Nathan Lyon, Mitchell Marsh, Glenn Maxwell, Tim Paine, James Pattinson, Jhye Richardson, Kane Richardson, Steve Smith, Mitchell Starc, Matthew Wade, David Warner, Adam Zampa

വനിതകളുടെ ലിസ്റ്റ് : Nicola Carey, Ashleigh Gardner, Rachael Haynes, Alyssa Healy, Jess Jonassen, Delissa Kimmince, Meg Lanning, Tahlia McGrath, Sophie Molineux, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland, Tayla Vlaeminck, Georgia

അര്‍ദ്ധ ശതകങ്ങളുമായി വാര്‍ണര്‍, ഫിഞ്ച്, ലാബൂഷാനെ, ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 258 റണ്‍സ്

സിഡ്നിയില്‍ ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 258 റണ്‍സ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഓസ്ട്രേലിയയ്ക്ക് വേണ്ടത്ര രീതിയില്‍ തങ്ങളുടെ ഇന്നിംഗ്സ് മുന്നോട്ട് നയിക്കാനായിരുന്നില്ല. മാര്‍നസ് ലാബൂഷാനെയാണ് മധ്യ നിരയില്‍ ടീമിനായി തിളങ്ങിയത്.

വാര്‍ണര്‍-ഫിഞ്ച് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 124 റണ്‍സാണ് നേടിയത്. വാര്‍ണര്‍ 67 റണ്‍സും ഫിഞ്ച് 60 ണ്‍സുമാണ് നേടിയത്. പിന്നീട് മാര്‍നസ് ലാബൂഷാനെയുടെ ഇന്നിംഗ്സാണ് ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. ലാബൂഷാനെ 56 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി ഇഷ് സോധി മൂന്നും മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സ്മിത്ത് നയിച്ചു, എംസിജിയില്‍ മികച്ച നിലയില്‍ ഓസ്ട്രേലിയ

മെല്‍ബേണില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ഓസ്ട്രേലിയ. ആദ്യ ഓവറില്‍ ജോ ബേണ്‍സിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയ ശേഷം ഡേവിഡ് വാര്‍ണര്‍-മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 60 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 41 റണ്‍സ് നേടിയ വാര്‍ണറെ വാഗ്നര്‍ പുറത്താക്കുകയായിരുന്നു.

പിന്നീട് സ്മിത്ത് ലാബൂഷാനെയ്ക്ക് കൂട്ടായി എത്തി മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് കൂടി നേടി. കോളിന്‍ ഡി ഗ്രാന്‍ഡോമിനാണ് 63 റണ്‍സ് നേടിയ ലാബൂഷാനെയുടെ വിക്കറ്റ്. 72 റണ്‍സ് സ്മിത്ത്-മാത്യു വെയ്ഡ് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയപ്പോള്‍ ഗ്രാന്‍ഡോം 38 റണ്‍സ് നേടിയ വെയ്ഡിനെ പുറത്താക്കി.

തുടര്‍ന്ന് അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസ്ട്രേലിയയെ ഒന്നാം ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിച്ചു. 41 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. സ്മിത്ത് 77 റണ്‍സും ഹെഡ് 25 റണ്‍സുമാണ് നേടിയിരിക്കുന്നത്.

പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം, ട്രാവിസ് ഹെഡിന് അര്‍ദ്ധ ശതകം

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മാര്‍നസ് ലാബൂഷാനെയും(143) ട്രാവസ് ഹെഡും(56) അടുത്തടുത്ത് പുറത്തായതാണ് രണ്ടാം ദിവസം ന്യൂസിലാണ്ടിന് നല്‍കുന്ന പ്രതീക്ഷ. ആറാം വിക്കറ്റില്‍ ലാബൂഷാനെ-ഹെഡ് കൂട്ടുകെട്ട് വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ലാബൂഷാനെയെ പുറത്താക്കി വാഗ്നറും ഹെഡിനെ പുറത്താക്കി സൗത്തിയും ന്യൂസിലാണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കി. 76 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. ട്രാവിസ് ഹെഡ് തന്റെ ഏഴാം ടെസ്റ്റ് ശതകമാണ് നേടിയത്.

ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 117 ഓവറില്‍ 337/6 എന്ന നിലയിലാണ്. 15 റണ്‍സുമായി ടിം പെയിനും 5 റണ്‍സ് നേടി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍ നില്‍ക്കുന്നത്. നീല്‍ വാഗ്നര്‍ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റാണ് ന്യൂസിലാണ്ടിനായി നേടിയിട്ടുള്ളത്.

ലാബൂഷാനെ ശതകത്തിന്റെ മികവില്‍ ആദ്യ ദിവസം ഓസ്ട്രേലിയയ്ക്ക് സ്വന്തം

സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും 43 റണ്‍സ് നേടി പുറത്തായെങ്കിലും മാര്‍നസ് ലാബൂഷാനെ തന്റെ മികച്ച ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍ നേടി ഓസ്ട്രേലിയ. ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് ഒന്നാം ദിവസം അവസാനിച്ചപ്പോള്‍ നേടിയത്.

202 പന്തില്‍ നിന്ന് 110 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയ്ക്ക് കൂട്ടായി 20 റണ്‍സുമായി ട്രാവിസ് ഹെഡാണ് ക്രീസിലുള്ളത്. 12 റണ്‍സ് നേടിയ മാത്യൂ വെയ്ഡ്, 9 റണ്‍സ് നേടിയ ജോ ബേണ്‍സ് എന്നിവരാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായ മറ്റു ബാറ്റ്സ്മാന്മാര്‍.

ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ രണ്ടും ടിം സൗത്തി, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ടിന്റെ ചിറകിലേറി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ രണ്ടാം സെഷനില്‍ ആധിപത്യം നേടി ഓസ്ട്രേലിയ. ആദ്യ സെഷനില്‍ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായ ഓസ്ട്രേലിയയെ മൂന്നാം വിക്കറ്റില്‍ 85 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെ-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്. 57 ഓവറില്‍ 160/2 എന്ന നിലയിലാണ് ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ.

68 റണ്‍സുമായി ലാബൂഷാനെയും 31 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസിലുള്ളത്.

വാര്‍ണറിനും ലാബൂഷാനെയ്ക്കും ശതകം, റണ്‍ മലയുയര്‍ത്തി ഓസ്ട്രേലിയ

അഡിലെയ്ഡില്‍ ബാറ്റ്സ്മാന്മാര്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 302/1 എന്ന നിലയിലാണ്. ജോ ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബൂഷാനെയും രണ്ടാം വിക്കറ്റില്‍ നേടിയ കൂറ്റന്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ നില ഭദ്രമാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 294 റണ്‍സാണ് നേടിയത്.

മഴ ഇടയ്ക്ക് കളി തടസപ്പെടുത്തിയപ്പോള്‍ ഡേ നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം 73 ഓവറുകള്‍ മാത്രമേ കളി നടന്നുള്ളു. ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍ 166 റണ്‍സും മാര്‍നസ് ലാബൂഷാനെ 126 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റ് നേടി.

Exit mobile version