ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ സംഭാവന ഏറെ നിര്‍ണ്ണായകം

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ റണ്‍സ് കണ്ടെത്തിയാല്‍ മാത്രമേ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മധ്യ നിര താരം മാര്‍നസ് ലാബൂഷാനെ. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരില്‍ ആര്‍ക്കും തന്നെ അര്‍ദ്ധ ശതകം നേടുവാന്‍ സാധിച്ചിരുന്നില്ല. ഈ പരമ്പരയില്‍ ഇതുവരെ ഓസ്ട്രേലിയ ഒരു തവണ മാത്രമാണ് ഇരുനൂറിന് മേലുള്ള സ്കോര്‍ നേടിയത്.

ലാബൂഷാനെ പരമ്പരയില്‍ 47, 48 എന്നിങ്ങനെ സ്കോറുകള്‍ നേടിയെങ്കിലും മധ്യ നിരയില്‍ സ്റ്റീവ് സ്മിത്തിന്റെ പരാജയം ആണ് ഓസ്ട്രേലിയയെ വല്ലാതെ അലട്ടുന്നത്. ഇന്ത്യ ലെഗ് സൈഡ് ഫീല്‍ഡ് നടപ്പിലാക്കി വ്യക്തമായ പ്ലാനോടു കൂടിയാണ് ആദ്യ രണ്ട് ടെസ്റ്റില്‍ സമീപിച്ചതെന്നും അതിനെ മറികടക്കുവാന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ പദ്ധതികളുണ്ടാക്കണമെന്നും താരം വ്യക്തമാക്കി.

ഈ ലെഗ് സൈഡ് പ്ലാന്‍ സ്കോറിംഗിനെ തടസ്സപ്പെടുത്തുമെന്നും അതിനെ മറികടക്കുവാന്‍ കൂടുതല്‍ അച്ചടക്കത്തോടെ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗിനെ സമീപിക്കേണ്ടതുണ്ടെന്നും മാര്‍നസ് ലാബൂഷാനെ പറഞ്ഞു. മത്സരത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഓസ്ട്രേലിയ പുതിയ തന്ത്രങ്ങള്‍ കൊണ്ടുവരേണ്ടതാണെന്ന് ലാബൂഷാനെ സൂചിപ്പിച്ചു.

Exit mobile version