പതറിയെങ്കിലും വിജയം ഉറപ്പാക്കി ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായി കിരീടധാരണം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാറ്റ്സ്മാന്മാര്‍ക്ക് നീണ്ട ഇന്നിംഗ്സും കേധാര്‍ ജാഥവ് പരിക്കേറ്റ് പിന്മാറിയതുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ആരാധകരെ നിരാശരാക്കാതെ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു. 222 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കിയ ശേഷം ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും ബംഗ്ലാദേശ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ വിക്കറ്റുകള്‍ നേടിയപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. അവസാന ഓവറില്‍ 6 റണ്‍സ് ലക്ഷ്യം വേണ്ടിയിരുന്ന ഇന്ത്യ അവസാന പന്തിലാണ് ജയം ഉറപ്പാക്കിയത്. കേധാര്‍ ജാഥവ് 23 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 5 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നുയ

അതിവേഗം സ്കോറിംഗ് നടത്താനായില്ലെങ്കില്‍ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്താനായാതാണ് ഇന്ത്യയ്ക്ക് തുണയായത്. ശിഖര്‍ ധവാനെ(15) നഷ്ടമായ ഉടനെത്തന്നെ അമ്പാട്ടി റായിഡുവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 46/2 എന്ന നിലയില്‍ നിന്ന് രോഹിത് ശര്‍മ്മയും(48) ദിനേശ് കാര്‍ത്തിക്കും(37) 37 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂബല്‍ ഹൊസൈന്‍ രോഹിത്തിനെ മടക്കിയയച്ചു.

കാര്‍ത്തിക്കിനു കൂട്ടായി ധോണിയെത്തിയ ശേഷം ഇന്ത്യ സിംഗിളുകളില്‍ ഏറെ ആശ്രയിച്ചു റണ്‍റേറ്റ് പരിധിയിലപ്പുറം ഉയരാതെ നിലനിര്‍ത്തി. 54 റണ്‍സാണ് നാലാം വിക്കറ്റില്‍ ധോണിയും കാര്‍ത്തിക്കും നേടിയത്. കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലേക്ക് തോന്നിപ്പിച്ച നിമിഷത്തിലാണ് ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മഹമ്മദുള്ള ബംഗ്ലാദേശ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയത്. ഏറെ വൈകാതെ ധോണി(36) മുസ്തഫിസുറിനു വിക്കറ്റ് നല്‍കിയതും കേധാര്‍ ജാഥവ്(19) പരിക്കേറ്റ് പിന്‍മാറിയതും ഇന്ത്യന്‍ ആരാധകരെ പരിഭ്രാന്തിയിലാക്കി.

എന്നാല്‍ രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് സ്കോര്‍ മെല്ലെ ചലിപ്പിച്ച് അവസാന നാലോവറില്‍ നിന്ന് ലക്ഷ്യം 18 റണ്‍സാക്കി ചുരുക്കി. 23 റണ്‍സ് നേടിയ ജഡേജ 47.2 ഓവറില്‍ പുറത്തായ ശേഷം കേധാര്‍ ജാഥവ് ക്രീസിലേക്ക് മടങ്ങിയെത്തുമ്പോള്‍ 16 പന്തില്‍ 11 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ജഡേജയെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഭുവനേശ്വര്‍ കുമാറിനെ(21) പുറത്താക്കി.

കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് ലക്ഷ്യം ആറ് പന്തില്‍ ആറാക്കി മാറ്റുവാന്‍ കേധാര്‍ ജാഥവിനു ആയി. അവസാന ഓവര്‍ എറിയാന്‍ സൗമ്യ സര്‍ക്കാരിനു ആദ്യം ബംഗ്ലാദേശ് പന്ത് കൈമാറിയെങ്കിലും നിദാഹസ് ട്രോഫിയുടെ ഓര്‍മ്മകളില്‍ തീരുമാനം മാറ്റി മഹമ്മദുള്ളയില്‍ ദൗത്യം ഏല്പിക്കുകയായിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് സിംഗിളുകളും ഡബിളും നേടി ഇന്ത്യ ലക്ഷ്യം 3 പന്തില്‍ നിന്ന് രണ്ടാക്കി ചുരുക്കി. നാലാം പന്തില്‍ കുല്‍ദീപിനു റണ്ണെടുക്കാന്‍ സാധിക്കാതെ വന്നുവെങ്കിലും തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി കുല്‍ദീപ് സ്കോറുകള്‍ ഒപ്പമെത്തിച്ചു. അവസാന പന്തില്‍ ലെഗ് ബൈയിലൂടെ ഇന്ത്യ ഏഴാം തവണ ഏഷ്യ കപ്പ് ചാമ്പ്യന്മാരായി.

ബംഗ്ലാദേശ് ബൗളര്‍മാരില്‍ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനുമാണ് ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയ്ക്കൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്. റൂബലും മുസ്തഫിസുറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം, മഷ്റഫേ മൊര്‍തസ, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റ് നേടി.