മത്സര ഗതി മാറ്റിയ ഭുവിയുടെ സിക്സര്‍

നേടേണ്ടത് 223 റണ്‍സായിരുന്നുവെങ്കിലും ബുദ്ധിമുട്ടി വെള്ളം കുടിച്ച് അവസാന പന്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനായത്. ലിറ്റണ്‍ ദാസ് 121 റണ്‍സ് നേടി തിളങ്ങിയ വിക്കറ്റില്‍ ബംഗ്ലാദേശിലെ മറ്റു താരങ്ങളും ഇന്ത്യന്‍ താരങ്ങളും നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇന്ന് ദുബായിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. രോഹിത് അര്‍ദ്ധ ശതകത്തിനരികിലെത്തി പുറത്തായ ശേഷം ഇന്ത്യന്‍ നിരയില്‍ ദിനേശ് കാര്‍ത്തിക്ക്, എംഎസ് ധോണി എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വേഗത്തില്‍ സ്കോര്‍ ചലിപ്പിക്കാനാകാതെ പോയതും നിര്‍ണ്ണായക ഘടത്തില്‍ പുറത്താകുകയും ചെയ്തത് ഇന്ത്യയ്ക്ക് ചെറിയ തലവേദനയല്ല സൃഷ്ടിച്ചത്.

റണ്‍സ് വഴങ്ങാതെ കണിശതയോടെ പന്തെറിഞ്ഞ റൂബല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റ് നേടിയത് വെറും 26 റണ്‍സ് തന്റെ പത്തോവറില്‍ നിന്ന് വിട്ടു നല്‍കിയാണ്. ആ റൂബല്‍ ഹൊസൈനെ സിക്സര്‍ പറത്തിയ ഭുവിയുടെ ആ ഷോട്ടാണ് മത്സരത്തില്‍ സ്ഥിതി ഇന്ത്യയ്ക്ക് അനുകൂലമാക്കി സമ്മര്‍ദ്ദം കുറച്ചത്. പുറത്താകുന്നതിനു മുമ്പ് മുസ്തഫിസുറിന്റെ പന്തില്‍ ഒരു ബൗണ്ടറി നേടിയതും ഭുവി തന്നെയാണ്. 46ാം ഓവറിലെ മൂന്നാം പന്തിലാണ് ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണ്ണായകമായ ആ സിക്സ് പിറന്നത്. ലോംഗ് ഓഫിനു മുകളിലൂടെ ഭുവി പായിച്ച ആ പന്താണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് വിശ്വസിക്കാനാകും ഇന്ത്യന്‍ ആരാധകര്‍ക്കും താല്പര്യം.