ഇന്ത്യക്ക് കനത്ത തിരിച്ചടി, ധവാൻ ടീമിൽ നിന്ന് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. ഏകദേശം മൂന്ന് ആഴ്ചയോളം താരം ടീമിന് പുറത്താവുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ മാസത്തിൽ നടക്കുന്ന ന്യൂസിലാൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വിൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ ധവാന് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.  ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പന്ത് കൊണ്ട് താരത്തിന്റെ വിരലിന് പൊട്ടലേറ്റിരുന്നു.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ സെഞ്ചുറിയും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയ താരത്തിന്റെ പരിക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ശിഖർ ധവാന് പകരം കെ.എൽ രാഹുൽ ഓപ്പണിങ് സ്ഥാനത്ത് എത്തുമെന്നാണ് കരുതപ്പെടുന്നത്.  താരത്തെ ടീമിൽ നിന്ന് മാറ്റുകയാണെങ്കിൽ റിഷഭ് പന്തിനോ ശ്രേയസ് അയ്യർക്കോ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുവാനും സാധ്യതയുണ്ട്.

താന്‍ മെച്ചപ്പെടാനുണ്ടെന്ന് സമ്മതിക്കുന്നു, മുഴുവന്‍ ക്വോട്ട എറിയേണ്ടതില്ലെന്ന് വിശ്വസിക്കുന്നു

ലോകകപ്പില്‍ ബംഗ്ലാദേശ് നായകനായ മഷ്റഫെ മൊര്‍തസയ്ക്ക് ബൗളിംഗില്‍ അത്ര മികച്ച ഫോമൊന്നുമല്ല ഇതുവരെ പുറത്തെടുക്കുവാനായത്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ 21 ഓവറില്‍ നിന്ന് 149 റണ്‍സ് വഴങ്ങിയ താരം ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് നേടിയിട്ടുള്ളത്. താന്‍ അത്ര മികച്ച ഫോമിലല്ലെന്നും ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും സമ്മതിച്ച മൊര്‍തസ താന്‍ മുഴുവന്‍ ക്വോട്ടയും എറിയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ താന്‍ എട്ട്-ഒമ്പത് ഓവര്‍ വരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവസാന ഓവറില്‍ 18 റണ്‍സ് വഴങ്ങേണ്ടി വന്നത് തന്റെ പത്തോവറിലെ വഴങ്ങിയ റണ്‍സ് 68 ആക്കി ഉയര്‍ത്തി. താന്‍ മുഴുവന്‍ ഓവറുകളും എപ്പോളും എറിയണമെന്ന ചിന്ത തനിക്കൊരിക്കലുമില്ല എന്നും മൊര്‍തസ പറഞ്ഞു. മറ്റാരെങ്കിലും മികച്ച രീതിയില്‍ പന്തെറിയുകയാണെങ്കില്‍ താന്‍ അവര്‍ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും മൊര്‍തസ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ ക്വോട്ടയും പൂര്‍ത്തിയാക്കേണ്ടി വരുന്ന സാഹചര്യത്തില്‍ താന്‍ കുറച്ച് കൂടി മികവ് പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് മൊര്‍തസ പറഞ്ഞു.

താന്‍ മികവ് പുലര്‍ത്തുന്നില്ലെന്നത് ശരിയാണെന്നും അതിനാല്‍ തന്നെ താന്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്നും ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ തന്നില്‍ നിന്ന് മികച്ച പ്രകടനമാണ് ഏവരും പ്രതീക്ഷിക്കുന്നതെന്നും അതില്ലാത്തപ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും മൊര്‍തസ പറഞ്ഞു. ആളുകള്‍ എന്ത് പറയുന്നതിനെക്കാള്‍ സ്വയം എന്ത് തോന്നുന്നുവെന്നതാണ് പ്രധാനം. ഞാന്‍ മോശമാണെങ്കില്‍ എനിക്ക് സ്വയം ഞാന്‍ മോശമാണെന്ന് തോന്നും അപ്പോള്‍ കാണികള്‍ എന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും മഷ്റഫെ മൊര്‍തസ പറഞ്ഞു.

റസ്സല്‍ ഇംഗ്ലണ്ടിനെതിരെ കളിയ്ക്കുമോ എന്നത് ഏതാനും ദിവസങ്ങള്‍ക്കകം മാത്രമേ വ്യക്തമാകുകയുള്ളു

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് നിരയില്‍ സൂപ്പര്‍ താരം ആന്‍ഡ്രേ റസ്സല്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തമായ ഉത്തരം നല്‍കാതെ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീമില്‍ റസ്സല്‍ ഇല്ലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് അലട്ടിയ താരം ഇന്ന് പൂര്‍ണ്ണമായി മത്സരത്തിന് ഫിറ്റല്ലാതിരുന്നതിനാലാണ് കളിപ്പിക്കാതിരുന്നത്.

അതേ സമയം വരുന്ന രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ റസ്സലിന്റെ ആരോഗ്യ നില ഭേദപ്പെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഏറെ നിര്‍ണ്ണായകമായ മത്സരമാണെന്നും റസ്സലിന്റെ സാന്നിദ്ധ്യം ടീമിനെ കരുത്തനാക്കുമെന്നും ഹോള്‍ഡര്‍ പറഞ്ഞു.

സൂപ്പര്‍ താരം അഫ്ഗാനിസ്ഥാനെതിരെ മടങ്ങി വരുമെന്നറിയിച്ച് ഡു പ്ലെസി

പരിക്കേറ്റ് ദക്ഷിണാഫ്രിക്കയുടെ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന ലുംഗിസാനി ഗിഡി അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. താരം ഇന്ന് മത്സരത്തിനു മുമ്പ് നെറ്റ്സില്‍ പന്തെറിഞ്ഞുവെങ്കിലും ഇന്നത്തെ മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ഏറെ നിര്‍ണ്ണായകമാണെന്നും ലുംഗിസാനി ഗിഡിയുടെ സാന്നിദ്ധ്യം ബൗളിംഗിനെ കരുത്താര്‍ജ്ജിപ്പിക്കുമെന്നും പറഞ്ഞ ഫാഫ് ഈ മത്സരത്തില്‍ വിജയം നേടി ടീമിനു ആവശ്യമായ മനോവീര്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചു.

ധോണിയ്ക്ക് ശേഷം ഗെയിലിനുമേല്‍ പിടിമുറുക്കി ഐസിസി

എംഎസ് ധോണിയുടെ ബലിദാന്‍ ഗ്ലൗസുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കിനു ശേഷം അടുത്തത് ക്രിസ് ഗെയിലിനുമേല്‍ പിടിമുറുക്കി ഐസിസി. തന്റെ ബാറ്റിലെ യൂണിവേഴ്സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാനാകില്ലെന്ന് ഐസിസി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ ഗെയില്‍ ഐസിസിയോട് തന്നെ ഇതിനു അനുവദിക്കണമെന്ന ആവശ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് തള്ളി ഐസിസി രംഗത്തെത്തിയിട്ടുണ്ട്.

വ്യക്തിപരമായ മെസ്സേജുകള്‍ ജഴ്സിയിലോ ക്രിക്കറ്റ് ഗിയറുകളിലോ പാടില്ലെന്നാണ് ഐസിസി പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ ദി ബോസ് എന്ന ലോഗോ ഗെയില്‍ ബാറ്റില്‍ ഉപയോഗിക്കുന്നത് ഐസിസി ഇതോടെ വിലക്കിയിരിക്കുകയാണ്. നേരത്തെ ധോണിയുടെ ഗ്ലൗസില്‍ ഇത്തരത്തില്‍ ഇന്ത്യയുടെ സൈന്യവുമായി ബന്ധപ്പെട്ട ചിഹ്നം വന്നത് വിവാദമായിരുന്നു.

പേസര്‍മാര്‍ നല്‍കിയത് സ്വപ്നതുല്യ തുടക്കം, പ്രത്യേകിച്ച് ഷെല്‍ഡണ്‍

വിന്‍ഡീസിനു പേസര്‍മാര്‍ പ്രത്യേകിച്ച് ഷെല്‍ഡണ്‍ കോട്രെല്‍ നല്‍കിയത് സ്വപ്ന തുല്യ തുടക്കമെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇത്തരം സാഹചര്യങ്ങളില്‍ ഇതുപോലെയുള്ള തുടക്കം നേടുക എന്നത് ഏറെ പ്രാധാന്യമായിരുന്നു. തന്റെ ബൗളര്‍മാര്‍ ന്യൂ ബോളില്‍ എപ്പോളും വിക്കറ്റുകള്‍ നേടി തരുന്നുണ്ടെന്നും ആദ്യ പത്തോവറില്‍ റണ്‍സ് വഴങ്ങിയാലും ടീമിനു വിക്കറ്റ് ലഭിയ്ക്കുമെങ്കില്‍ അത് വലിയൊരു പ്രശ്നമായി തോന്നുന്നില്ലെന്നും ഹോള്‍ഡര്‍ പറഞ്ഞു.

ഇന്ന് തന്റെ ടീം മികച്ച സ്ഥിതിയിലായിരുന്നുെങ്കിലും കാലാവസ്ഥയ്ക്ക് മേല്‍ ഞങ്ങള്‍ക്കാര്‍ക്കും നിയന്ത്രണമില്ലെന്ന് വിന്‍ഡീസ് നായകന്‍ പറഞ്ഞു. ഇന്ന് മുഴുവന്‍ കളി നടന്നേക്കുമെന്നാണ് തങ്ങള്‍ വിചാരിച്ചിരുന്നതെങ്കിലും അതുണ്ടായില്ല, എന്നാല്‍ വരും ദിവസങ്ങളില്‍ മുഴുവന്‍ ഓവറുകള്‍ കളിയ്ക്കുവാന്‍ അവസരമുണ്ടാകുമെന്നും അന്ന് തങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് പ്രതീക്ഷയെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ഇരു ടീമുകളും ഒരു ഫലം ആഗ്രഹിച്ചിരുന്നു, മഴ മുടക്കുന്ന കളികള്‍ ഏറ്റവും മോശം അവസ്ഥ

ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യമാണ് മഴ മൂലം കളി തടസ്സപ്പെടുന്നതെന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു. 27/2 എന്ന നിലയിലെത്തിയ ടീമിന്റെ രക്ഷയ്ക്കെത്തിയത് മഴയാണെന്ന് പറയാമെങ്കിലും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി തന്റെ ടീം മത്സരം ആഗ്രഹിച്ചിരുന്നുവെന്നും ജയിച്ച് പോയിന്റ് നേടുകയായിരുന്നു ആഗ്രഹമെന്നും പറഞ്ഞു.

ഇരു ടീമുകളും മത്സരത്തില്‍ നിന്നൊരു ഫലം ആഗ്രഹിച്ചിരുന്നുവെന്നും ഇത്തരം ദിവസങ്ങളില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു തുടക്കമാണ് ടീം ആഗ്രഹിച്ചതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഫാഫ് പറഞ്ഞു. അവരുടെ സ്ട്രൈക്ക് ബൗളര്‍മാര്‍ക്ക് വിക്കറ്റ് നേടുവാനായി എന്നത് ശ്രദ്ധേയമായ കാര്യമാണ്. പൊതുവേ മഴ ബാധിക്കുന്ന കളിയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് കാര്യങ്ങള്‍ അനുകൂലമാകുന്നത്. എന്നാല്‍ 30-35 ഓവര്‍ മത്സരമാണെങ്കില്‍ ബൗളിംഗ് ടീമിനു സ്കോര്‍ പ്രതിരോധിക്കുവാനാകുന്നതാണെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

മഴയുടെ തുണയില്‍ ആദ്യ പോയിന്റ് നേടി ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

ലോകകപ്പിലെ തുടര്‍ച്ചയായ നാലാം തോല്‍വി ഒഴിവാക്കുവാനായി ഇന്ന് വിന്‍ഡീസിനെ നേരിട്ട ദക്ഷിണാഫ്രിക്ക 27/2 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നുവെങ്കിലും മഴ വില്ലനായി എത്തിയപ്പോള്‍ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിനു ശേഷം ഇത് രണ്ടാം മത്സരമാണ് മഴ മൂലം ഒഴിവാക്കപ്പെടുന്നത്.

ഇതോടെ ടൂര്‍ണ്ണമെന്റിലെ ആദ്യ പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ വിജയിച്ചാല്‍ സെമിയിലേക്ക് കടക്കുകയെന്ന് വിദൂര സാധ്യത ഇപ്പോളും ദക്ഷിണാഫ്രിക്കയ്ക്കായുണ്ട്. എങ്കിലും വേറെ പല മത്സരങ്ങളുടെ ഫലങ്ങളെയും ആശ്രയിച്ചാവും ഇത്.

മഴ മാറുന്നില്ല, സൗത്താംപ്ടണില്‍ കളി നടക്കുക സംശയത്തില്‍

തോരാതെ പെയ്യുന്ന മഴയില്‍ ഈ ലോകകപ്പിലെ രണ്ടാമത്തെ മത്സരവും മുടങ്ങുന്നതിനുള്ള സാധ്യത ഏറെ. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മത്സരം പുരോഗമിക്കവെയാണ് വില്ലനായി മഴയെത്തിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 7.3 ഓവറില്‍ നിന്ന് 29 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി നില്‍ക്കവെയാണ് മഴ വില്ലനായി എത്തുന്നത്.

ഷെല്‍ഡണ്‍ കോട്രെല്‍ ആണ് വിന്‍ഡീസിനു വേണ്ടി രണ്ട് വിക്കറ്റും നേടിയത്. 6 റണ്‍സ് നേടിയ ഹഷിം അംലയും 5 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും ആണ് പുറത്തായ താരങ്ങള്‍. ക്രീസില്‍ ക്വിന്റണ്‍ ഡി കോക്ക് 17 റണ്‍സുമായും റണ്ണൊന്നുമെടുക്കാതെ ഫാഫ് ഡു പ്ലെസിയുമാണ് നില്‍ക്കുന്നത്.

അതേ സമയം മത്സരത്തില്‍ കുറഞ്ഞത് 20 ഓവറിന്റെ ഇന്നിംഗ്സെങ്കിലും നടക്കുന്നതിനു മഴ മാറി ഇന്ത്യന്‍ സമയം രാത്രി 9.30നുള്ളിലെങ്കിലും മത്സരം പുനരാരംഭിക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ ഇതിനുള്ള സാധ്യതയാണ് കൂടുതലെന്ന് വേണം വിലയിരുത്തുവാന്‍.

ഈ പകരം വീട്ടല്‍ ആവശ്യമായിരുന്നെന്ന് വിരാട് കോഹ്‌ലി

ലോകകപ്പിൽ ഓസ്ട്രേലിയയോട് പകരം വീട്ടേണ്ടത് ഇന്ത്യൻ ടീമിന് ആവശ്യമായിരുന്നെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിൽ 36 റൺസിനാണ് കഴിഞ്ഞ തവണത്തെ ജേതാക്കളായ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രലിയ 316 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യയിൽ നടന്ന പരമ്പരയിൽ തോറ്റതുകൊണ്ട് തന്നെ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ ജയം അനിവാര്യമായിരുന്നെന്ന് കോഹ്‌ലി പറഞ്ഞു.  ആദ്യ പന്ത് മുതൽ താരങ്ങൾ ജയിക്കേണ്ട ആവശ്യകത കാണിച്ചു തരുകയും ചെയ്തു. ഓപ്പണർമാരുടെ മികച്ച പ്രകടനവും ബാറ്റിങ്ങ് പിച്ചിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളർമാരുടെ പ്രകടനവും ഇന്ത്യക്ക് ജയം നേടികൊടുത്തെന്ന് കോഹ്‌ലി പറഞ്ഞു. ഹർദിക് പാണ്ട്യയുടെ പ്രകടനവും ധോണിയുടെ പ്രകടനവും ഇന്ത്യക്ക് തുണയായെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

ജൂൺ 13ന് ട്രെന്റ് ബ്രിഡ്ജിൽ വെച്ച് ന്യൂസിലാൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മത്സരം.

ഇന്ത്യന്‍ ആരാധകര്‍ മോശം പ്രവണത സൃഷ്ടിക്കുന്നത് ഇഷ്ടമല്ല, അതിനാല്‍ തന്നെ താന്‍ സ്മിത്തിനോട് മാപ്പും ചോദിക്കുന്നു

ഓവലില്‍ ഇന്ത്യന്‍ ആരാധകര്‍ സ്റ്റീവന്‍ സ്മിത്തിനെ ചതിയനെന്ന് വിളിച്ച ഇന്ത്യന്‍ ആരാധകരുടെ പ്രവൃത്തിയില്‍ മാപ്പ് ചോദിച്ച് വിരാട് കോഹ്‍ലി. ഇന്ത്യന്‍ ആരാധകരം ഇത്തരത്തിലൊരു മോശം പ്രവണത സൃഷ്ടിക്കുന്നത് തനിക്ക് താല്പര്യമില്ലെന്നും അതിനാലാണ് താന്‍ മത്സരത്തിനിടെ ഇടപെട്ടതെന്നും കോഹ്‍ലി പറഞ്ഞു. മത്സരത്തിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെതിരെ ഒരു സംഘം ഇന്ത്യന്‍ ആരാധകര്‍ ചതിയനെന്ന് വിളിയ്ക്കുകയായിരുന്നു.

ഹാര്‍ദ്ദിക് പുറത്തായ ഇടവേളയില്‍ കോഹ്‍ലി ഇവരോട് ഇതെന്താണ് കാണിക്കുന്നതെന്നും സ്മിത്തിനു വേണ്ടി കൈയ്യടിക്കുവാനും ആരാധകരോട് കോഹ്‍ലി ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഗ്രൗണ്ടില്‍ തന്നെ ഇരുവരും കൈ കൊടുത്ത് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്മിത്ത് ബാറ്റിംഗിനറങ്ങിയപ്പോളും സമാനമായ സാഹചര്യം ഉണ്ടാകുകയും കോഹ്‍ലി മിഡ് വിക്കറ്റില്‍ ഫീല്‍‍ഡ് ചെയ്യവേ ആരാധകരോട് തിരിഞ്ഞ് കൈ കൂപ്പി ഇത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

താന്‍ ഇത് പോലെ ഒരു തെറ്റ് ചെയ്ത ശേഷം മാപ്പ് പറഞ്ഞിട്ടും ഇതേ രീതിയില്‍ തന്നെ വേട്ടയാടിയാല്‍ അത് തനിക്കും ഇഷ്ടപ്പെടുകയില്ലെന്നും അതിനാല്‍ തന്നെ താന്‍ സ്മിത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ ചെയ്ത പ്രവൃത്തിയായിരുന്നു ഇതെന്നും വിരാട് കോഹ്‍ലി പറഞ്ഞു. അദ്ദേഹത്തിനോട് താന്‍ ഈ ആള്‍ക്കൂട്ടത്തിനു വേണ്ടി മാപ്പ് പറയുന്നുവെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

സൗത്താംപ്ടണില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍‍ഡീസ്, ദക്ഷിണാഫ്രിക്കയ്ക്ക് ജീവന്മരണ പോരാട്ടം

ഇംഗ്ലണ്ട് ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തീരുമാനിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന തീപാറും പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങിയാല്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഇന്ന് വിരാമം ആകുമെന്ന് ഏറെക്കുറെ ഉറപ്പാകും. ദക്ഷിണാഫ്രിക്ക രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. എയ്ഡന്‍ മാര്‍ക്രവും ബ്യൂറന്‍ ഹെന്‍ഡ്രിക്സും ടീമിലേക്ക് എത്തുമ്പോള്‍ തബ്രൈസ് ഷംസിയും ജീന്‍ പോള്‍ ഡുമിനിയും ടീമില്‍ നിന്ന് പുറത്ത് പോകുന്നു. വിന്‍ഡീസ് നിരയിലും രണ്ട് മാറ്റങ്ങളാണുള്ളത് എവിന്‍ ലൂയിസും ആന്‍‍‍ഡ്രേ റസ്സലും പുറത്ത് പോകുമ്പോള്‍ ഡാരെന്‍ ബ്രാവോയും കെമര്‍ റോച്ചും ടീമിലേക്ക് എത്തുന്നു.

ദക്ഷിണാഫ്രിക്ക: ഹഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡു പ്ലെസി, റാസ്സി വാന്‍ ‍ഡെര്‍ ഡൂസ്സെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, ബ്രൂറന്‍ ഹെന്‍ഡ്രിക്സ്

വിന്‍ഡീസ്: ക്രിസ് ഗെയില്‍, ഷായി ഹോപ്, ഡാരെന്‍ ബ്രാവോ, നിക്കോളസ് പൂരന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ആഷ്‍ലി നഴ്സ്, കെമര്‍ റോച്ച്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്

Exit mobile version