ബൗളിംഗിലെ അവസാന 10 ഓവര്‍ മത്സരം മാറ്റി മറിച്ചു

ഇന്ത്യയുടെ ബാറ്റിംഗിലെ അവസാന 10 ഓവറില്‍ നേടിയ 120 റണ്‍സാണ് മത്സരഗതി മാറ്റിയെതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്നലെ ഓസ്ട്രേലിയയുടെ ഇന്ത്യയ്ക്കെതിരെയുള്ള 36 റണ്‍സിന്റെ പരാജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ആരോണ്‍ ഫിഞ്ച്. ഇന്ത്യയുടെ ബാറ്റിംഗിനു വലിയ ആഴമുണ്ടെന്നും വിക്കറ്റുകള്‍ നേടുവാനാകാതെ പോയതും ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായെന്ന് ഫിഞ്ച് പറഞ്ഞു. ഞങ്ങളെ മറ്റൊരു ടീം തീര്‍ത്തും നിഷ്പ്രഭമാക്കിയ ഒരു ദിവസമാണെന്നും എന്നാല്‍ അത് സ്ഥിരമാകില്ലെന്നും ഫിഞ്ച് പറഞ്ഞു.

അവസാന ഓവറുകളില്‍ ടീം ബൗളിംഗില്‍ മികവ് പുലര്‍ത്തിയില്ലെന്നും ഇത്തരം ഒരു ബാറ്റിംഗ് ലൈനപ്പിനെതിരെ കൂടുതല്‍ മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കേണ്ടതെന്നും ഫിഞ്ച് പറഞ്ഞു.

ലോകകപ്പ് സെഞ്ചുറികളിൽ ഇന്ത്യ ഒന്നാമത്

ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ടീമെന്ന റെക്കോർഡ് ഇന്ത്യൻ ടീമിന്. ഇന്നലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ശിഖർ ധവാൻ നേടിയ സെഞ്ചുറിയോടെയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ടീമായി ഇന്ത്യ മാറിയത്. ഇന്നലെ ധവാന്റെ സെഞ്ചുറി ലോകകപ്പിൽ ഇന്ത്യയുടെ 27മത്തെ സെഞ്ചുറിയായിരുന്നു. ലോകകപ്പിൽ ഇത് ധവാന്റെ മൂന്നാമത്തെ സെഞ്ചുറികൂടിയായിരുന്നു ഇത്.

26 സെഞ്ചുറികൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്.  23 സെഞ്ചുറികൾ നേടിയ ശ്രീലങ്കയാണ് ഓസ്ട്രേലിയക്ക് പിന്നിലുള്ളത്. ലോകകപ്പിൽ 6 സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ് ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ്. മത്സരത്തിൽ ധവാന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 36 റൺസിന്‌ ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു. നേരത്തെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ രോഹിത് ശർമയും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു.

കംഗാരുകളെ മെരുക്കി ഇന്ത്യ, വെല്ലുവിളി ഉയര്‍ത്തി അലെക്സ് കാറെ

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇന്ത്യ നല്‍കിയ 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാരാതെ നിലവിലെ ലോക ചാമ്പ്യന്മാര്‍. ഇന്ത്യയുടെ ലക്ഷ്യം ചേസ് ചെയ്ത ടീമിനു 316 റണ്‍സ് മാത്രമേ നേടാനായുള്ളു. സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം അലെക്സ്  കാറെ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 36 റണ്‍സ് അകലെ വരെ എത്തുവാനെ ഓസ്ട്രേലിയയ്ക്കായുള്ളു. കാറെ 55 റണ്‍സുമായി പുറത്താകാതെ നിന്നു.

മെല്ലെയെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സ് ഓസീസ് ഓപ്പണര്‍മാര്‍ നേടിക്കൊടുത്ത ശേഷം വണ്‍ ഡൗണായി സ്റ്റീവന്‍‍ സ്മിത്തെത്തിയ ശേഷം ഓസീസ് ഇന്നിംഗ്സിനു വേഗത കൈവരിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് യൂസുവേന്ദ്ര ചഹാലായിരുന്നു. മൂന്നാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് നേടാനായെങ്കിലും ജസ്പ്രീത് ബുംറ ഉസ്മാന്‍ ഖവാജയെ(42) പുറത്താക്കിയതോടെ 69 റണ്‍സ് കൂട്ടുകെട്ടിനും അവിടെ അവസാനമായി.

അധികം വൈകാതെ സ്മിത്തിനെയും മാര്‍ക്കസ് സ്റ്റോയിനിസിനെയും തന്റെ ഒരോവറില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. സ്മിത്ത് 70 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് പുറത്തായത്. 14 പന്തില്‍ നിന്ന് 28 റണ്‍സ് നേടി ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് കരുതിയ ഗ്ലെന്‍ മാക്സ്വെല്ലിനെ ചഹാല്‍ പുറത്താക്കിയപ്പോള്‍ 40.4 ഓവറില്‍ ഓസ്ട്രേലിയ 244/6 എന്ന നിലയിലായിരുന്നു.

പിന്നീട് അലെക്സ് കാറെയുടെ വെടിക്കെട്ട് പ്രകടനം ഓവലില്‍ പിറന്നുവെങ്കിലും താരം മറുവശത്ത് ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ഓസ്ട്രേലിയ ഓള്‍ഔട്ട് ആവുമ്പോള്‍ കാറെ 35 പന്തില്‍ നിന്ന് 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്നും യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് വീഴ്ത്തിയത്.

ശ്രീലങ്കയ്ക്ക് തിരിച്ചടിയായി നുവാന്‍ പ്രദീപിന്റെ പരിക്ക്

അഫ്ഗാനിസ്ഥാനെതിരെ മിന്നും പ്രകടനം പുറത്തെടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നുവാന്‍ പ്രദീപിന്റെ സേവനം ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ലഭിയ്ക്കില്ല. താരത്തിനു പരിശീലനത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായിരിക്കുന്നത്. അതേ സമയം ഒരാഴ്ചയ്ക്കുള്ളില്‍ താരത്തിനു വീണ്ടും കളത്തിലേക്കെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

താരത്തിന്റെ ബൗളിംഗിനുപോയഗിക്കുന്ന കൈയുടെ വിരലില്‍ മുറിവും സ്ഥാനം മാറിയതുമാണ് ഇപ്പോള്‍ താരത്തിനും ശ്രീലങ്കയ്ക്കും തിരിച്ചടിയായിരിക്കുന്നത്. നെറ്റ്സില്‍ കുശല്‍ പെരേരയ്ക്ക് ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ പരിക്ക്. കുശ്‍ പെരേര ശക്തമായി അടിച്ച സ്ട്രെയിറ്റ് ഷോട്ട് തടുക്കാനുള്ള ശ്രമം പരിക്കിലേക്ക് വഴിതെളിയ്ക്കുകയായിരുന്നു. ഉടനടി താരത്തെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള കളിയില്‍ താരം കളിയ്കിക്കില്ലെന്നും ആവശ്യമായ എല്ലാ മെഡിക്കല്‍ സഹായവും താരത്തിനു നല്‍കിയിട്ടുണ്ടെന്ന് ടീമിന്റെ മാനേജര്‍ അശാന്ത ഡി മെല്‍ അറിയിച്ചു.

താന്‍ ഐസിസി ഇവന്റുകളില്‍ മികവ് തെളിയിക്കുന്നത് യാദൃശ്ചികം മാത്രം

താന്‍ ഐസിസി മത്സരയിനങ്ങളില്‍ എപ്പോഴും ഫോമിലേക്ക് ഉയരുന്നത് ഒരു യാദൃശ്ചികമായ സംഭവം മാത്രമാണെന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍. കെന്നിംഗ്ടണ്‍ ഓവലിലെ ഈ ഗ്രൗണ്ടില്‍ കളിയ്ക്കുന്നത് താന്‍ എന്നും ഇഷ്ടപ്പെടുന്ന കാര്യമാണ് അത് കൂടാതെ ഇത്തരം ടൂര്‍ണ്ണമെന്റില്‍ താന്‍ എപ്പോളും മികവ് പുലര്‍ത്താറുണ്ട്. ശതകത്തില്‍ സന്തോഷമുണ്ടെന്നും ഈ ടോട്ടല്‍ മികച്ചതാണെന്നും ഇന്ത്യ ശക്തമായ നിലയിലാണെന്നും ഇന്ത്യയുടെ ഇന്നിംഗ്സിനു ശേഷം ശിഖര്‍ പറഞ്ഞു.

ഇന്ത്യയുടെ ബൗളിംഗ് നിര ശക്തമാണെന്നും ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരെ അവര്‍ ബുദ്ധിമുട്ടിക്കുമെന്നും ശിഖര്‍ പ്രതീക്ഷ പുലര്‍ത്തി.

ഇന്ത്യയുടെ ഈ പ്രകടനം ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടീം നേടുന്ന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍

ഇന്ത്യ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 352 റണ്‍സ് ഓസ്ട്രേലിയയ്ക്കെതിരെ ലോകകപ്പില്‍ ഏതെങ്കിലും ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്. ഇറങ്ങിയ ബാറ്റ്സ്മാന്മാരില്‍ നിന്നെല്ലാം ശ്രദ്ധേയമായ പ്രകടനം പുറത്ത് വന്ന് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ നിന്ന 352 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ശിഖര്‍ ധവാന്‍ ശതകം(117) നേടിയപ്പോള്‍ വിരാട് കോഹ്‍ലി 82 റണ്‍സും രോഹിത് ശര്‍മ്മ 57 റണ്‍സുമാണ് നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 27 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയപ്പോള്‍ ധോണി 14 പന്തില്‍ നിന്ന് 27 റണ്‍സ് നേടി. 3 പന്തില്‍ നിന്ന് 11 റണ്‍സുമായി കെഎല്‍ രാഹുലും മികവ് പുലര്‍ത്തി. ലോകകപ്പില്‍ ഇന്ത്യ നേടുന്ന നാലാമത്തെ ഉയര്‍ന്ന സ്കോര്‍ കൂടിയാണ് ഇത്.

2007ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ബെര്‍മുഡയ്ക്കെതിരെ 413/5 ആണ് ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 1999ല്‍ ശ്രീലങ്കയ്ക്കെതിരെ ടോണ്ടണില്‍ നേടിയ 373/6 എന്ന സ്കോറും 2011ല്‍ ബംഗ്ലാദേശിനെതിരെ മിര്‍പുരില്‍ നേടിയ 370/4 എന്ന സ്കോറുമാണ് മറ്റു വലിയ സ്കോറുകള്‍.

സ്മിത്തിനെ കള്ളനെന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍, ആ വിളി നിര്‍ത്തൂവെന്ന് ആവശ്യപ്പെട്ട് കോഹ്‍ലി

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും വിരാട് കോഹ്‍ലിയും അടിച്ച് തകര്‍ക്കുമ്പോള്‍ ഗ്രൗണ്ടിലേ തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു സ്റ്റീവ് സ്മിത്തിനെതിരെ ചില ഇന്ത്യന്‍ ആരാധകരുടെ കള്ളനെന്ന വിളികള്‍ ഉയര്‍ന്നിരുന്നു. ഹാര്‍ദ്ദിക് പുറത്തായ ആ ഇടവേളയില്‍ അത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ട് പകരം വേണമെങ്കില്‍ തനിക്ക് വേണ്ടി ചിയര്‍ ചെയ്യുവാന്‍ കോഹ്‍ലി ആവശ്യപ്പെടുകയായിരുന്നു.

ഇത് കേട്ട ഇന്ത്യന്‍ ആരാധകര്‍ സ്മിത്തിനെതിരെയുള്ള കളിയാക്കല്‍ നിര്‍ത്തുകയായിരുന്നു. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്ന വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഇംഗ്ലണ്ടിലെ ആരാധകര്‍ കൂകിവിളികളിലൂടെയാണ് സ്വാഗതം ചെയ്തത്. ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരും സമാനമായ രീതി അവലംബിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഹാര്‍ഡ് ഹിറ്റിംഗ് ഹാര്‍ദ്ദിക് പാണ്ഡ്യ, ശതകം നേടി ശിഖര്‍ ധവാന്‍, ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍

ടോപ് ഓര്‍ഡറിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങി ടീം ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിനൊപ്പം രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ കൂടിയായപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 22.3 ഓവറില്‍ നിന്ന് 127 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

57 റണ്‍സ് നേടിയ രോഹിത്തും 109 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയ ശിഖര്‍ ധവാനും പുറത്തായെങ്കിലും വിരാട് കോഹ‍‍്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും എംഎസ് ധോണിയുമെല്ലാം അവസാന ഓവറുകളില്‍ നേടിയ കൂറ്റനടികള്‍ ഇന്ത്യയുടെ സ്കോര്‍ 352 റണ്‍സിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കത്തിക്കയറിയപ്പോള്‍ ഒപ്പം വിരാട് കോഹ്‍ലിയും അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ തന്നെ നല്‍കിയ അവസരം അലെക്സ് കാറെ കൈവിട്ടത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. തന്റെ അര്‍ദ്ധ ശതകം നേടുവാന്‍ ഹാര്‍ദ്ദിക്കിനു സാധിച്ചില്ലെങ്കിലും 27 പന്തില്‍ നിന്ന് 48 റണ്‍സാണ് നേടിയത് 4 ഫോറും 3 സിക്സുമാണ് താരം നേടിയത്.

പിന്നീടെത്തിയ എംഎസ് ധോണിയും അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയെങ്കിലും അവസാന ഓവറില്‍ പുറത്തായി. ധോണി 14 പന്തില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ കോഹ്‍ലി പുറത്താകുമ്പോള്‍ താരം 77 പന്തില്‍ നിന്ന് 82 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ സ്റ്റോയിനിസ് ധോണിയുടെയും കോഹ്‍ലിയുടെയും വിക്കറ്റ് നേടുകയായിരുന്നു.

തെറ്റുകളെല്ലാം ശരിയാക്കിയ പ്രകടനം – ജേസണ്‍ റോയ്

ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശിനെതിരെയുള്ള പ്രകടനം പാക്കിസ്ഥാനെതിരെ വരുത്തിയ തെറ്റുകളെല്ലാം തിരുത്തിയ മത്സരമെന്ന് പറഞ്ഞ് ജേസണ്‍ റോയ്. ഇന്നലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിനെ ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകത്തിന്റെയും(153) ജോസ് ബട്‍ലര്‍(64), ജോണി ബൈര്‍സ്റ്റോ(51) എന്നിവരുടെയും പ്രകടനം 386 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന്റെ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ നിര്‍ണ്ണായകമായ ഒരു ക്യാച്ച് ജേസണ്‍ റോയ് കൈവിട്ടിരുന്നു. അതിനു ശേഷം താരം അടിച്ച് തകര്‍ക്കുകയും ബാറ്റിംഗിനിറങ്ങിയപ്പോള്‍ റോയ് വേഗത്തില്‍ ഔട്ട് ആവുകയും ചെയ്തിരുന്നു മത്സരത്തില്‍. അന്ന് വരുത്തിയ തെറഅറുകളെല്ലാം ടീം തിരുത്തിയെന്നും ജോണി ബൈര്‍സ്റ്റോയും താനും ആദ്യ പത്തോവര്‍ ബാറ്റ് ചെയ്തപ്പോള്‍ തന്നെ ടീം വലിയ സ്കോര്‍ നേടുമെന്ന് ഉറപ്പായിരുന്നുവെന്നും ജേസണ്‍ റോയ് വെളിപ്പെടുത്തി.

കഴിഞ്ഞ കുറേ വര്‍ഷമായി ഈ സംഘം വളരെ മികച്ച ക്രിക്കറ്റാണ് കളിയ്ക്കുന്നത്. താന്‍ ഏറെ സന്തോഷവാനായാണ് ഇന്ന് കളം വിടുന്നതെന്നും ഓയിന്‍ മോര്‍ഗനും അതേ അവസ്ഥയിലായിരിക്കുമെന്നും ജേസണ്‍ റോയ് പറഞ്ഞു.

ആദ്യ മത്സരത്തില്‍ രോഹിത്, രണ്ടാം മത്സരത്തില്‍ ശിഖര്‍ – ശതകം ശീലമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ശര്‍മ്മയാണെങ്കില്‍ ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ ആ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ മറ്റേ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആണ്. 95 പന്തില്‍ നിന്ന് ശതകം പൂര്‍ത്തിയാക്കിയ ധവാന്റെയും രോഹിത് ശര്‍മ്മ നേടിയ അര്‍ദ്ധ ശതകത്തിന്റെയും(57) ബലത്തില്‍ ഇന്ത്യ 33 ഓവറുകള്‍ പിന്നിടുമ്പോള്‍ 190/1 എന്ന നിലയിലാണ്.

രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റ് നഥാന്‍ കോള്‍ട്ടര്‍-നൈലിനാണ് ലഭിച്ചത്. 28 റണ്‍സുമായി വിരാട് കോഹ്‍ലിയും മികച്ച രീതിയില്‍ ധവാന് പിന്തുണ നല്‍കുന്നുണ്ട്.

വേഗതയേറിയ 2000, സച്ചിനെ മറികടന്ന് രോഹിത്

ഇന്ന് ഓസ്ട്രേലിയക്ക് എതിരായ ഇന്നിങ്സോടെ ഒരു പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ഇന്ത്യൻ ഓപണർ രോഹിത് ഷർമ്മ. ഓസ്ട്രേലിയക്ക് എതിരെ ഏറ്റവും വേഗതയിൽ 2000 ഏകദിന റൺസ് സ്കോർ ചെയ്യുന്ന താരമായാണ് രോഹിത് ഇന്നത്തെ ഇന്നിങ്സോടെ മാറിയത്. 37 ഇന്നിങ്സിൽ നിന്നാണ് രോഹിത് ഷർമ്മ 2000 റൺസിൽ എത്തിയത്.

ഇതുവരെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർക്കായിരുന്നു ഈ റെക്കോർഡ്. സച്ചിൻ 40 ഇന്നിങ്സുകളിൽ നിന്നായിരുന്നു 2000 റൺസ് നേടിയത്. ഓസ്ട്രേലിയക്ക് എതിരെ 2000 ഏകദിന റൺസ് നേടുന്ന നാലാമത്തെ താരമായും രോഹിത് മാറി. രോഹിതിനെയും സച്ചിനെയും കൂടാതെ റിച്ചാർഡ്സ്, ഹെയ്നെസ എന്നിവരെ ഈ നേട്ടത്തിൽ എത്തിയിട്ടുള്ളൂ. 3077 ഏകദിന റൺസ് സച്ചിൻ ഓസ്ട്രേലിയക്ക് എതിരെ നേടിയിട്ടുണ്ട്.

ഓസ്ട്രേലിയക്ക് എതിരെ മാത്രമല്ല ഏകദിന ക്രിക്കറ്റി ഏതെങ്കിലും ഒരു താരം ഒരു എതിരാളിക്ക് എതിരെ നേടുന്ന വേഗതയേറിയ 2000 കൂടിയാണ് രോഹിതിന്റെ ഈ 2000.

ആദ്യം അടിച്ച് തകർക്കാനൊരുങ്ങി ഇന്ത്യ

ലോകകപ്പിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ ഇറങ്ങും. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

സ്ക്വാഡ്

Australia : David Warner, Aaron Finch(c), Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Nathan Coulter-Nile, Pat Cummins, Mitchell Starc, Adam Zampa

India : Shikhar Dhawan, Rohit Sharma, Virat Kohli(c), Lokesh Rahul, MS Dhoni(w), Kedar Jadhav, Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah

Exit mobile version