ബംഗ്ലാദേശ് കോച്ചിംഗ് സ്ഥാനത്ത് നിന്ന് വിട പറഞ്ഞ് സ്റ്റീവ് റോഡ്സ്

കഴിഞ്ഞ വര്‍ഷം ജൂണില്‍ ബംഗ്ലാദേശിന്റെ കോച്ചായി ചുമതലയേറ്റ സ്റ്റീവ് റോഡ്സ് തല്‍സ്ഥാനം ഒഴിഞ്ഞു. റോഡ്സും ബോര്‍ഡും തമ്മില്‍ സംയുക്തമായ കൈക്കൊണ്ട തീരുമാനമാണ് ഇതെന്നാണ് അറിയുന്നത്. റോഡ്സ് 2020 ടി20 ലോകകപ്പ് വരെയായിരുന്നു ചുമതലയില്‍ തുടരേണ്ടിയിരുന്നതെങ്കിലും ലോകകപ്പില്‍ ബംഗ്ലാദേശിന് സെമിയില്‍ എത്തുവാന്‍ സാധിക്കാതിരുന്നതോടെ സ്ഥാനം ഒഴിയുകയായിരുന്നു.

എട്ടാം സ്ഥാനത്ത് മാത്രമാണ് ലോകകപ്പില്‍ ബംഗ്ലാദേശിന് അവസാനിക്കാനായതെങ്കിലും ശ്രദ്ധേയമായ പ്രകടനം തുടക്കത്തില്‍ പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും തോറ്റതോടെ ബംഗ്ലാദേശിന് എട്ടാം സ്ഥാനത്ത് എത്തുവാനെ സാധിച്ചുള്ളു.

റോഡ്സിനെ പുറത്താക്കുകയല്ലെന്നും ഇത് സംയുക്തമായ കൈക്കൊണ്ട ഒരു തീരുമാനമാണെന്ന് പറയാമെന്നുമാണ് ബംഗ്ലാദേശിന്റെ ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി അഭിപ്രായപ്പെട്ടത്. ശ്രീലങ്കന്‍ പര്യടനത്തിന് ടീമിനൊപ്പം റോഡ്സുണ്ടാകില്ലെന്നും നിസ്സാമുദ്ദീന്‍ അറിയിച്ചു. റോഡ്സിന്റെ കീഴില്‍ ബംഗ്ലാദേശ് ഏഷ്യ കപ്പില്‍ രണ്ടാം സ്ഥാനക്കാരും വിന്‍ഡീസിനെതിരെ നാട്ടിലും വിന്‍ഡീസിലും പരമ്പര വിജയിക്കുക ചെയ്തിരുന്നു. കൂടാതെ ലോകകപ്പിന് മുമ്പ് വിന്‍ഡീസ് ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ടീം വിജയം പ്രാപിച്ചു.

ലോകക്രിക്കറ്റില്‍ ഏത് വമ്പന്മാരെയും അട്ടിമറിയ്ക്കുവാന്‍ പോന്ന ടീമായി ബംഗ്ലാദേശ് ഉയര്‍ന്ന് വരുന്ന ഒരു ഘട്ടത്തിലാണ് സ്റ്റീവ് റോഡ്സ് പുറത്തേക്ക് പോകുന്നത്. ഏകദിനത്തില്‍ മികവ് പുലര്‍ത്തി മുന്നേറമ്പോളും ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം മോശമായി തന്നെ തുടരുകയാണ്.

ചന്ദ്രനിലേക്ക് ആളെ അയയ്ക്കുന്ന ഈ കാലത്ത് ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ റിസര്‍വ് ഡേ ഇല്ലാത്തത് നിരാശാജനകം

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിലെ അരിശം മറച്ച് വയ്ക്കാതെ ടീം കോച്ച് സ്റ്റീവ് റോഡ്സ്. ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കുന്ന ഈ കാലത്ത് ഇതു പോലെ നീണ്ടൊരു ടൂര്‍ണ്ണമെന്റില്‍ റിസര്‍വ് ഡേ ഇല്ലാത്തത് മോശം കാര്യമാണെന്നാണ് സ്റ്റീവ് റോഡ്സ് പറഞ്ഞത്. ഇത് ടൂര്‍ണ്ണമെന്റ് സംഘാടകര്‍ക്ക് ശ്രമകരമായ കാര്യമാണെന്നറിയാം എന്നിരുന്നാലും മത്സരങ്ങള്‍ക്കിടയില്‍ ടീമുകള്‍ക്ക് ഇഷ്ടം പോലെ സമയം ലഭിയ്ക്കുന്നുണ്ട് എന്നതാണ് സത്യം. അടുത്ത മത്സരത്തിലേക്കുള്ള യാത്ര ഒരു ദിവസം വൈകിയാലും വലിയ പ്രശ്നമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് റോഡ്സ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ കാണികള്‍ക്കും നിരാശയാണ് നല്‍കുന്നത്. ക്രിക്കറ്റ് കാണുവാനാണ് അവര്‍ ടിക്കറ്റ് എടുക്കുന്നത്. എന്നിട്ട് ഇത്തരം സ്ഥിതിയില്‍ മത്സരം ഉപേക്ഷിക്കുന്നത് മോശമാണ്. റിസര്‍വ് ഡേ ഉണ്ടാകുകയും അന്ന് മത്സരം നടക്കുകയും ചെയ്താല്‍ അത് കാണികള്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണെന്ന് സ്റ്റീവ് റോഡ്സ് അഭിപ്രായപ്പെട്ടു.

റഹിം കളിക്കുന്നത് സംശയത്തില്‍ – സ്റ്റീവ് റോഡ്സ്

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ മുഷ്ഫിക്കുര്‍ റഹിം കളിക്കുന്നത് സംശയത്തിലാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് സ്റ്റീവ്‍ റോഡ്സ്. ആദ്യ ടെസ്റ്റില്‍ താരം പരിക്ക് മൂലം കളിച്ചിരുന്നില്ല. ആ ടെസ്റ്റ് ബംഗ്ലാദേശ് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ താരം മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷയെന്നും റോഡ്സ് കൂട്ടിച്ചേര്‍ത്തു. താരം വെല്ലിംഗ്ടണ്‍ ടെസ്റ്റിനു മുമ്പുള്ള പരിശീലന സെഷനുകളില്‍ പങ്കെടുത്തുവെങ്കിലും പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ കാത്തിരിക്കുവാനാണ് തീരുമാനമെന്നും റോഡ്സ് പറഞ്ഞു.

എന്നാല്‍ അല്പസ്വല്പം അസ്വസ്ഥകളുണ്ടെങ്കിലും തമീം ഇക്ബാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് റോഡ്സ് വ്യക്തമാക്കി. ആദ്യ ടെസ്റ്റില്‍ ശതകം ഉള്‍പ്പെടെ ഇരു ഇന്നിംഗ്സുകളിലായി 200ലധികം റണ്‍സ് നേടിയ താരമാണ് തമീം ഇക്ബാല്‍.

ഹാമിള്‍ട്ടണിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 52 റണ്‍സിനുമാണ് ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ മഹമ്മദുള്ള-സൗമ്യ സര്‍ക്കാര്‍ കൂട്ടുകെട്ട് 235 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും തമീം ഒഴികെയുള്ള മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ ടീം ഇന്നിംഗ്സ് തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

ആ ഒരു ജയം മതി, ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രം മാറുവാന്‍: സ്റ്റീവ് റോഡ്സ്

ബംഗ്ലാദേശിനു കിട്ടാക്കനിയായ ഫൈനല്‍ മത്സര ജയം ഒരു തവണ സ്വന്തമാക്കാനായാല്‍ ടീമിന്റെ ആത്മവിശ്വാസം തന്നെ മാറിമറിയുമെന്ന് അറിയിച്ച് ടീം കോച്ച് സ്റ്റീവ് റോഡ്സ്. ആറാമത്തെ തവണയാണ് ഫൈനലില്‍ ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങുന്നത്. അതിനു പുറമേ നാലോളം വലിയ പരമ്പരകളില്‍ മൂന്ന് തവണയെങ്കിലും പരമ്പര വിജയിക്കുവാനുള്ള അവസരം ടീം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മാറി മറിയുവാന്‍ ഒരു ഫൈനലിലെ വിജയം മാത്രം മതിയെന്നാണ് ബംഗ്ലാദേശ് കോച്ച് അഭിപ്രായപ്പെടുന്നത്.

നിദാഹസ് ട്രോഫിയില്‍ കൈപ്പിടിയിലൊതുങ്ങിയ മത്സരമാണ് നഷ്ടമായതെങ്കില്‍ ഏഷ്യ കപ്പില്‍ അവസാന ഓവര്‍ വരെ പൊരുതിയ ശേഷം ഇന്ത്യ വിജയം കൊയ്തു. ഒരു വിജയം സ്വന്തമാക്കാനായാല്‍ ബംഗ്ലാദേശ് മാനസികമായി ഈ കഷ്ടതകളെ മറികടക്കുമെന്നാണ് റോഡ്സ് പറയുന്നത്.

കോച്ചിനോട് സമാനമായ അഭിപ്രായമാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയും അഭിപ്രായപ്പെട്ടത്. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞതില്‍ ബാറ്റിംഗ് നിരയ്ക്ക് തുല്യമായ പങ്കുണ്ടെന്നാണ് മഷ്റഫേ മൊര്‍തസ അഭിപ്രായപ്പെട്ടത്. വലിയ മത്സരത്തിന്റെ സമ്മര്‍ദ്ദമാവാം മധ്യ നിരയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു.

Exit mobile version