വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 392/3 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം ഡല്‍ഹി കേരളത്തിനെ 227/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടുകയായിരുന്നു.

59 റണ്‍സ് നേടി പുറത്താകാതെ നിന്ന വിഎ ജഗദീഷ് ആണ് കേരള നിരയിലെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയും സഞ്ജു സാംസണും 47 റണ്‍സ് വീതം നേടി പുറത്തായി. ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരങ്ങളായ പവന്‍ നേഗി മൂന്നും നിതീഷ് റാണ രണ്ടും വിക്കറ്റ് നേടി. നവ്ദീപ് സൈനിയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

ഹൈദ്രാബാദ്, ഉത്തര്‍പ്രദേശ്, സൗരാഷ്ട്ര എന്നിവരുമായാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.