ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട്, മഹമ്മദുള്ളയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകായയിരുന്നു.  ആദ്യ മത്സരത്തിലേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകളുമായി തിരിച്ചുവരവ് നടത്തി ബംഗ്ലാദേിനെ 300നു താഴെ പിടിച്ചുകെട്ടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടായ മഹമ്മദുള്ള-മൊസ്ദൈക്ക് ഹൊസൈന്‍ ടീമിനെ 300 കടക്കുവാന്‍ സഹായിച്ചു. ആറാം വിക്കറ്റില്‍ നേടിയ 66 റണ്‍സിന്റെ സഹായത്തോടെ ബംഗ്ലാദേശ് 50 ഓവറില്‍ നിന്ന്  330 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് നേടിയ ശേഷം ഇരുവരും അടത്തതുട്ത്ത പുറത്താകുകയായിരുന്നു. തമീം മെല്ലെ തുടങ്ങി 16 റണ്‍സ് നേടി പുറത്തായപ്പോള്‍ സൗമ്യ സര്‍ക്കാര്‍ അതിവേഗത്തിലുള്ള സ്കോറിംഗ് ആണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് സൗമ്യ സര്‍ക്കാര്‍ 42 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് 142 റണ്‍സ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ വലിയ സ്കോറിലേക്ക് ഷാക്കിബ് അല്‍ ഹസനും മുഷ്ഫിക്കുര്‍ റഹിമും കൂടി നയിക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന്‍ താഹിര്‍ ഷാക്കിബിനെയും മുഹമ്മദ് മിഥുനിനെയും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. ഷാക്കിബ് 75 റണ്‍സും മുഹമ്മദ് മിഥുന്‍ 21 റണ്‍സുമാണ് നേടിയത്.

മുഷ്ഫിക്കുര്‍ റഹിമിനെയും അധികം വൈകാതെ ദക്ഷിണാഫ്രിക്ക പുറത്താക്കി. 80 പന്തില്‍ നിന്ന് 78 റണ്‍സാണ് താരം നേടിയത്. ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കാണ് വിക്കറ്റ്. മഹമ്മദുള്ള അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതും ബംഗ്ലാദേശിനു ഗുണകരമായി മാറി. താരം 33 പന്തില്‍ നിന്ന് 46 റണ്‍സാണ് നേടിയത്. മൊസ്ദേക്ക് ഹൊസൈന്‍ 26 റണ്‍സ് നേടി പുറത്തായി

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ തലവേദന സൃഷ്ടിച്ച് ലുംഗിസാനി ഗിഡിയുടെ പരിക്ക്

ബംഗ്ലാദേശിനെതിരെ തന്റെ പത്തോവര്‍ ക്വോട്ട പൂര്‍ത്തിയാക്കാതെ മടങ്ങി ലുംഗിസാനി ഗിഡി. 4 ഓവര്‍ മാത്രം എറിഞ്ഞ താരം പേശിവലിവ് കാരണം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് താരം മത്സരത്തില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കുവാന്‍ മടങ്ങിയെത്തിയതുമില്ല. ഡെയില്‍ സ്റ്റെയിന്‍ പരിക്കിന്റെ പിടിയിലായതിനെത്തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.

ഇന്ത്യയ്ക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ ലുംഗിസാനി ഗിഡിയുടെ സേവനം ഇല്ലെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അധികം ആശ്രയിക്കേണ്ടി വരിക കാഗിസോ റബാഡയെ മാത്രമായി മാറും. തന്റെ നാലോവറില്‍ നിന്ന് ഇന്ന് ഗിഡിയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

കാണികളുടെ പെരുമാറ്റം പ്രതീക്ഷിച്ചത്, അവ നേരിടുവാന്‍ തയ്യാറെടുത്ത് തന്നെയാണ് എത്തിയത്

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് എത്തിയ ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഇംഗ്ലണ്ടിലെ കാണികള്‍ വരവേറ്റത്ത് കൂകി വിളികളോടു കൂടിയാണ്. സന്നാഹ മത്സരത്തില്‍ ഇവയെ മറികടന്ന് സ്മിത്ത് ശതകം നേടിയപ്പോള്‍ ഇന്നലെ ബ്രിസ്റ്റോളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള നിയോഗം വാര്‍ണര്‍ക്കായിരുന്നു. താരം ഇന്നലെ പുറത്താകാതെ 89 റണ്‍സ് നേടിയാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

തന്റെ പതിവ് ശൈലിയില്‍ അല്ലെങ്കിലും നിര്‍ണ്ണായക പ്രകടനമാണ് വാര്‍ണര്‍ ഇന്നലെ പുറത്തെടുത്തത്. ഇന്നലെയും പ്രതീക്ഷിച്ച പെരുമാറ്റം തന്നെയാണ് കാണികളില്‍ നിന്ന് നേരിട്ടത്. ബ്രിസ്ബെയിനിലെ ക്യാമ്പില്‍ തന്നെ ഇതിനെക്കുറിച്ച് തങ്ങള്‍ വിശദീകരിച്ചുവെന്ന് ഓരോരുത്തരും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ വെളിപ്പെടുത്തിയത്. ഈ പെരുമാറ്റത്തെ എങ്ങനെ നേരിടുമെന്നും എങ്ങനെ പ്രതികരിക്കുമെന്നു ടീം കൂട്ടായി ചര്‍ച്ച ചെയ്തതാണെന്നാണ് ഓസ്ട്രേലിയന്‍ താരം ആഡം സംപയും പറയുന്നത്.

ഇംഗ്ലണ്ടില്‍ സാധാരണ വരുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാവുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞു. സ്ക്വാഡിലെ ഓരോരുത്തുരും ഇതിനു വേണ്ടി തയ്യാറെടുപ്പ് നടത്തിയെന്നും കോള്‍ട്ടര്‍-നൈല്‍ വ്യക്തമാക്കി.

ലോകോത്തര സ്പിന്നര്‍മാരുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍, അവരെ വിലക്കുറച്ച് കാണുന്നത് അപകടകരം

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ പുതുമുഖങ്ങളാണെങ്കിലും അവരെ തങ്ങള്‍ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ലോകോത്തര സ്പിന്നര്‍മാരുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍, അവരെ വിലകുറച്ച് കാണുന്നത് തീകൊണ്ട് കളിയ്ക്കുന്നതിനു തുല്യമാണ്. ഏത് മത്സരമായാലും അല്പം സമ്മര്‍ദ്ദം അതുണ്ടാകുക തന്നെ ചെയ്യുമെന്നും ഈ ലോകകപ്പിനായി ഞങ്ങള്‍ ഏറെ നാളുകളായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു.

പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നേടാനാകുന്നത് എന്നും ഗുണകരമാണ്. റണ്ണൗട്ടുകളും വിക്കറ്റുകളും ടീമിനു സഹായകരമായി എന്നും ഫിഞ്ച് പറഞ്ഞു. വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിനു വലിയ ആശ്വാസമാണെന്ന് പറഞ്ഞ ഫിഞ്ച് വാര്‍ണര്‍ തുടക്കത്തില്‍ ബുദ്ധിമുട്ടിയെങ്കിലും ഇന്നിംഗ്സ് അവസാനം വരെ കൊണ്ട് പോയത് മികച്ച കാര്യമാണെന്ന് പറഞ്ഞു.

ഓസ്ട്രേലിയ ചാമ്പ്യന്‍ ടീം, അവരോട് തെറ്റുകള്‍ വരുത്താനാകില്ല

ഓസ്ട്രേലിയ ചാമ്പ്യന്‍ ടീമാണെന്ന് അവര്‍ക്കെതിരെ തെറ്റുകള്‍ വരുത്തിയാല്‍ ഒരു ടീമിനും രക്ഷയില്ലെന്ന് അഭിപ്രായപ്പെട്ട് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. അഫ്ഗാനിസ്ഥാന് മികച്ച തുടക്കം ലഭിച്ചില്ല, റഹ്മത് ഷായും നബിയും തിരിച്ചുവരവ് ഒരുക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഓസ്ട്രേലിയന്‍ പേസര്‍മാരുടെ വേഗത ഞങ്ങളെ അലട്ടിയെന്നും നൈബ് പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിയ്ക്കുന്ന പിച്ചുകള്‍ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ പിച്ചില്‍ റഷീദ്-മുജീബ് കൂട്ടുകെട്ട് പന്തെറിഞ്ഞ രീതിയില്‍ തനിയ്ക്ക് ഏറെ സന്തോഷമുണ്ടെന്നും ഗുല്‍ബാദിന്‍ നൈബ് പറഞ്ഞു.

ഫിഞ്ച് നല്‍കിയ തുടക്കം തനിക്ക് ആവശ്യത്തിനു സമയം നല്‍കി

ആരോണ്‍ ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി നല്‍കിയ തുടക്കം തനിക്ക് ആവശ്യത്തിനു സമയം നല്‍കിയെന്ന് അഭിപ്രായപ്പെട്ട് ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഡേവിഡ് വാര്‍ണര്‍. 2015ലെ ടീമിനെ അപേക്ഷിച്ച് അനുഭവ പരിചയം കുറവുള്ള ടീമാണിപ്പോളുള്ളത്, അന്നത്തെ താരങ്ങള്‍ക്ക് ഏറെ അനുഭവ പരിചയമുള്ളവരായിരുന്നു എന്നാല്‍ ഇന്നത്തേത് താരതമ്യേന യുവനിരയാണ്.

74 പന്തില്‍ നിന്ന് മാത്രം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഡേവിഡ് വാര്‍ണര്‍ മത്സരം അവസാനിച്ചപ്പോള്‍ 114 പന്തില്‍ നിന്ന് 89 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. അതേ സമയം മിന്നും തുടക്കമാണ് മറുവശത്ത് ആരോണ്‍ ഫിഞ്ച് ടീമിനു നല്‍കിയത്. 49 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. ഒന്നാം വിക്കറ്റില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം അടുത്തിടെ മാത്രമാണ് താരം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയത്. തുടക്കം വിജയത്തോടെ ആയതില്‍ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് അല്പം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ടി20 ക്രിക്കറ്റില്‍ മാത്രമാണ് താന്‍ കൂടതല്‍ കളിച്ചതെന്നും തനിക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നുവെന്ന് ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

അര്‍ദ്ധ ശതകങ്ങളുമായി ഫിഞ്ചും വാര്‍ണറും, ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം കരസ്ഥമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 207 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ 34.5  ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ലക്ഷ്യം മറി കടന്നത്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനു ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത്.

49 പന്തില്‍ നിന്ന് 66 റണ്‍സിലേക്ക് കുതിച്ച ഫിഞ്ചിനെയാണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്. 6 ഫോറും 4 സിക്സുമായിരുന്നു താരം നേടിയത്. അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് ആണ് ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഫിഞ്ച് പുറത്താകുമ്പോള്‍ 96 റണ്‍സാണ് ഓസ്ട്രേലിയ 16.2 ഓവറില്‍ നിന്ന് നേടിയത്. പിന്നീട് ഡേവിഡ് വാര്‍ണര്‍-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു.

ഖവാജയും(15) സ്മിത്തും(18) പുറത്തായെങ്കിലും ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ 89 റണ്‍സുമായി ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മികവ് കാട്ടി പാറ്റ് കമ്മിന്‍സും ആഡം സംപയും, അഫ്ഗാനിസ്ഥാന്‍ 207 റണ്‍സിനു ഓള്‍ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ 207 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍. ഏഷ്യയിലെ മറ്റു വമ്പന്മാര്‍ക്ക് ഇതുവരെ ഈ ടൂര്‍ണ്ണമെന്റില്‍ നേടുവാന്‍ കഴിയാതിരുന്നത് എന്നാല്‍ അഫ്ഗാനിസ്ഥാന് ഇന്ന് സാധിച്ചു. ഇരുനൂറ് കടക്കുക എന്ന ലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് അഫ്ഗാനിസ്ഥാന്‍ നേടിയത്. 5 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മത് ഷാ(43), ഗുല്‍ബാദിന്‍ നൈബ്(31), നജീബുള്ള സദ്രാന്‍(51) എന്നിവര്‍ മികവ് കാട്ടിയപ്പോള്‍ റഷീദ് ഖാന്‍ 11 പന്തില്‍ നിന്ന് 27 റണ്‍സ് നേടി.

ആഡം സംപയും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും നേടിയാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ആംല കളിയ്ക്കുമോ? തീരുമാനം നാളെ മാത്രം

ജോഫ്ര ആര്‍ച്ചറുടെ പന്ത് ഹെല്‍മറ്റില്‍ ഇടിച്ച ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി പവലിയനിലേക്ക് മടങ്ങിയ ഹഷിം അംല തിരികെ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റ് ചെയ്യാനെത്തിയെങ്കിലും താരത്തിനു അധികം പ്രഭാവം മത്സരത്തിലുണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല. ഇന്ന് ദക്ഷിണാഫ്രിക്കയുടെ പരിശീലനത്തില്‍ നിന്നും താരം വിട്ട് നില്‍ക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ഫാഫ് ഡു പ്ലെസി പറഞ്ഞത് ഹഷിം അംല മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്നും താരം അടുത്ത മത്സരത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നതായിരുന്നുവെങ്കിലും ഇന്ന് താരം പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നതോടെ അംലയുടെ ലഭ്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയരുകയാണ്.

എന്നാല്‍ താരത്തിനെ നാളെ ഒരു പരിശോധനയ്ക്ക് കൂടി വിധേയമാക്കിയ ശേഷം നാളെ രാവിലെ മാത്രമേ കളിയ്ക്കുമോ ഇല്ലയോ എന്ന തീരുമാനം എടുക്കുകയുള്ളുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. ആദ്യ മത്സരം പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക നാളെ ബംഗ്ലാദേശിനെയാണ് നേരിടുന്നത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും അധികം തവണ “ബാറ്റ് കാരി”ചെയ്ത താരമായി ദിമുത് കരുണാരത്നേ

ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കന്‍ നിരയില്‍ അഭിമാനപൂര്‍വ്വമായ പ്രകടനം പുറത്തെടുത്തത് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ മാത്രമാണ്. ടീം 29.2 ഓവറില്‍ 136 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലങ്കന്‍ നായകന്‍ 52 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും അധികം തവണ ബാറ്റ് കാരി ചെയ്ത താരമെന്ന ബഹുമതി ഇതോടെ ലങ്കയുടെ നായകനെ തേടിയെത്തി. മുദ്ദാസര്‍ നാസറും ഗ്രാന്റ് ഫ്ലവറിനൊപ്പമായിരുന്നു ഇന്നത്തെ ഇന്നിംഗ്സ് വരെ ദിമുത് കരുണാരത്നേയുടെ സ്ഥാനം.

ഇത് മൂന്നാം തവണയാണ് ദിമുത് കരുണാരത്നേ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇത്തരം ഇന്നിംഗ്സ് പുറത്തെടുക്കുന്നത്. 2017ലും 2019ലും കാന്‍ഡിയ്ക്ക് വേണ്ടി താരം സമാനമായി രീതിയില്‍ ബാറ്റ് വീശിയിട്ടുണ്ട്. ലോകകപ്പിലും ഈ നേട്ടം സ്വന്തമാക്കുന്ന വെറും രണ്ടാമത്തെ താരമാണ് കരുണാരത്നേ. 1999ല്‍ വിന്‍ഡീസ് താരം റിഡ്‍ലി ജേക്കബ്സ് ആണ് സമാനമായി രീതിയില്‍ തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. അന്ന് ഓസ്ട്രേലിയയ്ക്കെതിരെ ജേക്കബ്സ് 49 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകായയിരുന്നു.

ഭാഗ്യത്തിന്റെ തുണയോട് കൂടി പൊരുതി നിന്ന് ലങ്കന്‍ നായകന്‍, പുറത്താകാതെ നേടിയത് 52 റണ്‍സ്

ഓപ്പണറായി ഇറങ്ങി ടീം 29.2 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോളും ഒരറ്റത്ത് പിടിച്ച് നില്‍ക്കുവാന്‍ ലങ്കന്‍ നായകനായെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ലങ്കയ്ക്ക് തിരിച്ചടിയായി. ശ്രീലങ്കയ്ക്ക് വേണ്ടി ഇന്നിംഗ്സ് തീരുന്നത് വരെ ക്രീസില്‍ നിന്ന ദിമുതിനു മത്സരത്തില്‍ രണ്ട് അവസരങ്ങളാണ് ലഭിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഓവറില്‍ പന്ത് വിക്കറ്റില്‍ ഇടിച്ചുവെങ്കിലും ബെയിലുകള്‍ തെറിക്കാത്തതിനാല്‍ ദിമുത് രക്ഷപ്പെടുകയായിരുന്നു.

രണ്ടാമത്തെ അവസരം ഇന്നിംഗ്സ് അവസാനിക്കുന്നതിനു തൊട്ട് മുമ്പായിരുന്നു ഫെര്‍ഗൂസണിന്റെ പന്തില്‍ മിച്ചല്‍ സാന്റനര്‍ ഡൈവിംഗ് ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും ടിവി അമ്പയറുടെ സഹായത്തോടെ താരം പുറത്തല്ലെന്ന് വിധിയ്ക്കുകയായിരുന്നുവെങ്കിലും അടുത്ത പന്തില്‍ തന്നെ മലിംഗ പുറത്തായതോടെ ലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

84 പന്തുകള്‍ നേരിട്ട ദിമുത് കരുണാരത്നേ 4 ഫോറാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍. റണ്‍സ് സ്കോര്‍ ചെയ്ത ശേഷം അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരെ ആശ്രയിക്കുകയെന്നതാണ് ടീമിന്റെ തീരുമാനമെന്നാണ് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് പറഞ്ഞത്. അതേ സമയം ഓസ്ട്രേലിയന്‍ നിരയില്‍ ഷോണ്‍ മാര്‍ഷിനു പകരം ഉസ്മാന്‍ ഖവാജയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ മികച്ച ഫോമാണ് ഇതിനു കാരണമെന്നാണ് ആരോണ്‍ ഫിഞ്ച് വിശദീകരിച്ചത്. തങ്ങള്‍ ബാറ്റ് ചെയ്യാനാണ് കരുതിയിരുന്നതെന്നും ഫിഞ്ച് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ഹസ്രത്തുള്ള സാസായി, റഹ്മത് ഷാ, ഹസ്രത്തുള്ള ഷഹീദി, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, ദവലത് സദ്രാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഹമീദ് ഹസ്സന്‍

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സംപ

Exit mobile version