ശ്രീലങ്കയെ നൂറ് കടത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, അര്‍ദ്ധ ശതകം നേടി ശ്രീലങ്കന്‍ നായകന്‍

ഇന്നലെ വിന്‍ഡീസിനോട് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ ഇന്ന് മറ്റൊരു ഏഷ്യന്‍ ശക്തികള്‍ക്ക് കൂടി തകര്‍ച്ച. ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 29.2 ഓവറില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞപ്പോള്‍ 60/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും തിസാര പെരേരയും ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ട് സാന്റനര്‍ തകര്‍ക്കുമ്പോള്‍ ശ്രീലങ്ക 112 റണ്‍സാണ് നേടിയത്. 52 റണ്‍സുമായി ദിമുത് കരുണാരത്നേ പുറത്താകാതെ നിന്നു.

ഓപ്പണര്‍ ലഹിരു തിരിമന്നേയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും കുശല്‍ പെരേര-ദിമുത് കരുണാരത്നേ കൂട്ടുകെട്ട് 42 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയപ്പോള്‍ ശ്രീലങ്ക കരകയറുമെന്നാണ് പ്രതീക്ഷിച്ചത്. 24 പന്തില്‍ നിന്ന് 29 റണ്‍സ് നേടി അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു കുശല്‍ പെരേരയെ മാറ്റ് ഹെന്‍റി പുറത്താക്കിയ ശേഷം ടീമിന്റെ തകര്‍ച്ച ആരംഭിയ്ക്കുകയായിരുന്നു. കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും പൂജ്യത്തിനു പുറത്തായപ്പോള്‍ ധനന്‍ജയ ഡിസില്‍വ(4) ജീവന്‍ മെന്‍ഡിസ്(1) എന്നിവരുടെയും മടക്കം വേഗത്തിലായിരുന്നു.

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും(**) തിസാര പെരേരയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 52 റണ്‍സാണ് ശ്രീലങ്കയെ നൂറെന്ന സ്കോര്‍ കടത്തിയത്. 27 റണ്‍സ് നേടിയ പെരേരയെ സാന്റനര്‍ ആണ് പുറത്താക്കിയത്.

ന്യൂസിലാണ്ടിനായി മാറ്റി ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ ജെയിംസ് നീഷം, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബംഗ്ലാദേശിനു തലവേദനയായി ഒന്നിലധികം താരങ്ങളുടെ പരിക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരത്തില്‍ തമീം ഇക്ബാല്‍ കളിയ്ക്കുന്ന കാര്യം സംശയത്തില്‍. വെള്ളിയാഴ്ച പരിശീലനത്തിനിടെ താരത്തിനു പരിക്കേറ്റതിനെ തുടര്‍ന്ന് പരിശീലനം മതിയാക്കി താരം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. സ്കാനിംഗില്‍ പൊട്ടലുകളൊന്നും കണ്ടെത്തിയില്ലെങ്കിലും കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ താരത്തെ കളിപ്പിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നാണ് അറിയുന്നത്.

നേരത്തെ ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിലും താരം കളിച്ചിരുന്നില്ല. സാനമായ രീതിയില്‍ മുഹമ്മദ് സൈഫുദ്ദീന്റെയും പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. പുറം വേദന കാരണം താരം വേദന സംഹാരികളുടെ ആശ്രയത്തിലാണിപ്പോളുള്ളത്. താരത്തെ വേദന സംഹാരികളുടെ സായത്തോടെ ആദ്യ മത്സരത്തില്‍ കളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് മാനേജ്മെന്റ് നിലകൊള്ളുന്നത്.

മുസ്തഫിസുര്‍ റഹ്മാനും മഹമ്മദുള്ളയും മഷ്റഫെ മൊര്‍തസയുമെല്ലാം പലവിധ അസ്വാസ്ഥ്യങ്ങള്‍ മൂലം പൂര്‍ണ്ണമായും ഫിറ്റല്ല എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

അമിത പ്രതീക്ഷകളില്ല, ഭയപ്പാടില്ലാതെ ക്രിക്കറ്റ് കളിയ്ക്കുക എന്നത് മാത്രം ലക്ഷ്യം

ടൂര്‍ണ്ണമെന്റ് ആരംഭത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചത് തന്നെ ഏറെ ആശ്വാസകരമായ കാര്യമാണെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. തങ്ങള്‍ക്ക് വിജയത്തോടെ ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അതിനു സാധിച്ചതില്‍ സന്തോഷം. ആദ്യ മത്സരത്തിന്റെ ആകാംക്ഷ ഏറെയുണ്ടായിരുന്നുവെന്നും ടൂര്‍ണ്ണമെന്റ് തുടങ്ങിയത് തന്നെ ഏറെ ആശ്വാസം നല്‍കുന്നുവെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

താന്‍ നേരത്തെ പത്ര സമ്മേളനത്തില്‍ പറഞ്ഞത് പോലെ വലിയ പ്രതീക്ഷകളൊന്നും താന്‍ വെച്ച് പുലര്‍ത്തുന്നില്ല, ഓരോ മത്സരവും ആസ്വദിച്ച് കളിയ്ക്കുക എന്നത് മാത്രമാണ് തന്റെ ടീമിന്റെ ലക്ഷ്യം. ഭയപ്പാടില്ലാതെ ക്രിക്കറ്റ് കളിയ്ക്കുക നാട്ടിലെ ആരാധകര്‍ക്ക് ഈ ടീമിനെക്കുറിച്ച് അഭിമാനം തോന്നിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യമെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

റസ്സല്‍ ഇംപാക്ട് പ്ലേയര്‍, പേസ് ബൗളര്‍മാരുടെ ശ്രമത്തിനു ബാറ്റ്സ്മാന്മാര്‍ പിന്തുണച്ചപ്പോള്‍ നേടിയ വിജയം

ന്യൂ ബോളില്‍ വിക്കറ്റുകള്‍ നേടാനായത് വിന്‍ഡീസിന്റെ വിജയത്തുടക്കത്തില്‍ നിര്‍ണ്ണായകമായി എന്ന് പറഞ്ഞ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആന്‍ഡ്രേ റസ്സല്‍ ഇംപാക്ട് പ്ലേയര്‍ ആണെന്നും താരം അത് ഇന്ന് കാണിച്ചുവെന്നും ഹോള്‍ഡര്‍ പറഞ്ഞു. ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ സാഹചര്യം ബാറ്റ്സ്മാന്മാര്‍ മുതലാക്കിയപ്പോള്‍ നേടിയ വിജയമാണ് വിന്‍ഡീസിന്റേതെന്നും ടീം നായകന്‍ പറഞ്ഞു.

ഒഷെയ്ന്‍ തോമസും ഷെല്‍ഡണ്‍ കോട്രെല്ലും മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. റസ്സലിന്റെ മികച്ച പന്തുകള്‍ പാക്കിസ്ഥാനെ ബാക്ക്ഫുട്ടിലാക്കിയെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഒഷെയ്‍ന്‍ റണ്‍സ് അധികം വഴങ്ങുവാന്‍ സാധ്യതയുള്ള താരമാണെങ്കിലും അത്രയും വേഗത്തിലെറിയുവാന്‍ കഴിയുന്ന യുവതാരം ടീമിലുള്ളത് ഏറെ ഗുണം ചെയ്യുമെന്നും ഹോള്‍ഡര്‍ പറഞ്ഞു.

ക്രിസ് ഗെയിലിന്റെ മികച്ച തുടക്കവും നിക്കോളസ് പൂരന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ബാറ്റിംഗ് പ്രകടനവും ടീമിന്റെ വിജയം എളുപ്പത്തിലാക്കിയെന്ന് ഹോള്‍ഡര്‍ പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയിലിന്റെ തുടക്കം ഇത്തരം ചേസുകളിലെ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതായിരുന്നുവെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി.

തോല്‍വിയ്ക്ക് പ്രധാന കാരണം ടോസ് എന്ന് പാക്കിസ്ഥാന്‍ നായകന്‍

ട്രെന്‍ഡ് ബ്രിഡ്ജിലെ ഈ സാഹചര്യങ്ങളില്‍ ടോസ് നഷ്ടമായതും തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായതുമാണ് പാക്കിസ്ഥാന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഈ നിലയില്‍ നിന്ന് തിരിച്ചുവരവ് വളരെ പാടായിരുന്നുവെന്നും ഇവിടെ നിന്നും ഇനി പോസിറ്റീവ് ക്രിക്കറ്റാണ് പാക്കിസ്ഥാന്‍ കളിയ്ക്കേണ്ടതെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

ബാറ്റിംഗ് യൂണിറ്റ് കൈവിട്ടതാണ് തിരിച്ചടിയായത്. പേസ് ബൗളിംഗുമായി തങ്ങളെ വിന്‍ഡീസ് ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയായിരുന്നു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മികച്ച രീതിയില്‍ പാക്കിസ്ഥാന് കളിയ്ക്കുവാനായില്ലെന്ന് പറഞ്ഞ സര്‍ഫ്രാസ് ഇന്നത്തെ ദിവസം പാക്കിസ്ഥാന് മോശം ദിവസമാണെന്ന് പറഞ്ഞു. തന്റെ ടീം തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പാണെന്നും മുഹമ്മദ് അമീര്‍ തിരികെ മികച്ച ബൗളിംഗിലേക്ക് വന്നത് ശുഭസൂചനയാണെന്നും സര്‍ഫ്രാസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ തങ്ങള്‍ക്ക് മികച്ച പിന്തുണ പൊതുവേ ലഭിയ്ക്കാറുണ്ടെന്നും അത് ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു.

ആദ്യ ലോകകപ്പ് മത്സരത്തിനെക്കുറിച്ച് അധികം സമ്മര്‍ദ്ദമില്ലായിരുന്നു

ഒരു യുവതാരമെന്ന നിലയില്‍ തനിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചതെന്ന് അറിയിച്ച് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഒഷെയ്‍ന്‍ തോമസ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സില്‍ നിന്ന് ട്രോഫി ലഭിച്ചത് തന്നെ തനിക്ക് വലിയ അംഗീകാരമായി ആണ് കരുതുന്നതെന്നും ഒഷെയ്‍ന്‍ തോമസ് പറഞ്ഞു. തനിക്ക് തലേ ദിവസം നല്ല രീതിയില്‍ ഉറക്കം കിട്ടിയെന്നും ആദ്യ ലോകകപ്പ് മത്സരമെന്ന ചിന്ത തന്നെ അലട്ടുന്നില്ലായിരുന്നുവെന്നും തോമസ് പറഞ്ഞു.

ആന്‍ഡ്രേ റസ്സലിന്റെ ആക്രമോത്സുകമായ ബൗളിംഗ് ആണ് ടീമിനു കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നും ഒഷെയ്ന്‍ അഭിപ്രായപ്പെട്ടു. റസ്സല്‍ വളരെ വേഗത്തിലുള്ള ബൗണ്‍സറുകളിലൂടെ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുകകയായിരുന്നുവെന്നും പിന്നീട് വന്ന ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും ഒഷെയ്‍ന്‍ വ്യക്തമാക്കി.

Exit mobile version