ആരാധകരുടെ പിന്തുണ തുടര്‍ന്നുള്ള മത്സരങ്ങളിലും പ്രതീക്ഷിക്കുന്നു

ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിജയത്തെ വളരെ വലിയ ആരാധകൂട്ടമാണ് സാക്ഷ്യം വഹിച്ചത്. ഈ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മഷ്റഫെ മൊര്‍തസ തങ്ങള്‍ക്ക് ഇനിയുള്ള മത്സരങ്ങളിലും ഇവരുടെ പിന്തുണ ഇത് പോലെ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. സമാനമായ രീതിയില്‍ നാട്ടിലുള്ളവരും അടുത്ത മത്സരത്തില്‍ വിജയ പ്രതീക്ഷ പുലര്‍ത്തുവാന്‍ തുടങ്ങിക്കാണെന്നും അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൊര്‍തസ പറഞ്ഞു.

മികച്ച സ്കോര്‍ നേടിയെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ മത്സരം കൈവിട്ട് പോകുമെന്ന് തനിയ്ക്കും ടീമിനും ബോധ്യമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ ശരിയായ ഇടങ്ങളില്‍ പന്തെറിയുവാനായിരുന്നു വിക്കറ്റുകള്‍ നേടുവാനുള്ള ആദ്യ പടിയെന്നും മൊര്‍തസ പറഞ്ഞു. മുസ്തഫിസുറിനും സൈഫുദ്ദീനും വിക്കറ്റ് നേടിക്കൊടുക്കുവാന്‍ വേണ്ട സാഹചര്യങ്ങള്‍ സ്പിന്നര്‍മാരുണ്ടാക്കികൊടുത്തുവെന്നും ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു.

ഹര്‍ഭജന്‍ പറയുന്നത് ശരി, ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സാധ്യത എന്നാല്‍ പാക്കിസ്ഥാനെ എഴുതി തള്ളരുത്

ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി പാക്കിസ്ഥാനില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ സിംഗിന്റെ അഭിപ്രായ യുക്തിസഹജമാണെങ്കിലും പാക്കിസ്ഥാനെ എഴുതി തള്ളുവാനാകില്ലെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ഇരുവരും പങ്കെടുത്ത ഒരു ചര്‍ച്ചയിലാണ് ഈ അഭിപ്രായം മുന്‍ പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞത്. പാക്കിസ്ഥാനെക്കാള്‍ മികച്ച സാധ്യത ഇന്ത്യയ്ക്കെന്നത് സത്യമാണ് പക്ഷേ പാക്കിസ്ഥാന്‍ അപകടകാരിയായ ടീമാണെന്നത് മറക്കരുതെന്നും ടീമിനെ അനായാസം തോല്പിക്കാമെന്ന് ഇന്ത്യ കരുതിയാല്‍ അത് ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച ടീം നേരിടുകയായിരുന്നുവെന്ന് എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുവാനുള്ള ശേഷിയുള്ള ടീമാണ് പാക്കിസ്ഥാനെന്നും മിസ്ബ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റിംഗ് വൈര്യം കടുത്തതാണെന്ന് പറഞ്ഞ മിസ്ബ 90കളില്‍ പാക്കിസ്ഥാന്‍ അതിശക്തമായ സമയത്തും ലോകകപ്പില്‍ ഇന്ത്യ തന്നെയാണ് വിജയിച്ചിരുന്നതെന്നും ഇപ്പോള്‍ ഇന്ത്യ ശക്തരാകുമ്പോള്‍ പാക്കിസ്ഥാന് ജയിക്കുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്ന് പറഞ്ഞു.

ഈ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി പാക്കിസ്ഥാനില്ല

ലോകകപ്പില്‍ ജൂണ്‍ 16നു ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ജയം അത് ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. നിലവിലെ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്ഥാനില്ലെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 105 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റത്രയും പ്രാധാന്യമുള്ളതല്ലെന്നാണ് തനിക്ക് തോന്നുന്നത്. ഈ മത്സരത്തിന്റെ ആവേശം മീഡിയ സൃഷ്ടിച്ചെടുക്കുന്നത് മാത്രമാണ്. പത്ത് തവണ ഏറ്റുമുട്ടിയാല്‍ 9.5 തവണയും ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ വിജയം നേടുവാന്‍ കഴിയും. പാക്കിസ്ഥാന് മാച്ച് വിന്നേഴ്സ് ഇല്ലെന്നും ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തന്നെയാണ് സാധ്യത കൂടുതലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് 11 മാച്ച് വിന്നര്‍മാരുടണ്ടെന്നും കൂടുതല്‍ പരിചയസമ്പത്തുള്ള താരങ്ങളും വലിയ താരങ്ങളുടം ഇന്ത്യയ്ക്കൊപ്പമാണെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

താരത്തിന്റെ പരിക്ക് എത്ര ഗുരുതരമെന്ന് അറിയില്ലെന്ന് നായകന്‍, ഇന്ത്യയ്ക്കെതിരെ കളിയ്ക്കുന്നത് പരിശോധനയ്ക്ക് ശേഷം നിശ്ചയിക്കുമെന്നും ഫാഫ് ഡു പ്ലെസി

ലുംഗിസാനി ഗിഡിയുടെ പരിക്ക് എത്ര ഗുരുതരമാണെന്ന് തനിക്ക് അറിയില്ലെന്നും താരം ബംഗ്ലാദേശിനെതിരെ പേശിവലിവ് മൂലം ക്വോട്ട പൂര്‍ത്തിയാക്കാതെ മടങ്ങിയത് ടീമിന്റെ ബൗളിംഗ് പദ്ധതികളെ ബാധിച്ചുവെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഇന്ത്യയ്ക്കെതിരെ താരം കളിയ്ക്കുന്ന കാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു. പൊതുവേ ഇത്തരം പരിക്ക് വന്നാല്‍ രണ്ടോ മൂന്നോ ദിവസമോ അല്ലേല്‍ ഒരാഴ്ചയോ വിശ്രമമാണ് വിധിയ്ക്കുക.

കുറഞ്ഞത് മൂന്ന് ദിവസം വേണമെങ്കില്‍ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ ലുംഗിസാനി ഗിഡി കളിയ്ക്കുകയില്ലെന്ന് വേണം ഇപ്പോളത്തെ സ്ഥിതിയില്‍ വിലയിരുത്തുവാന്‍. ഡെയില്‍ സ്റ്റെയിന്‍ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല. പരിക്കിനെത്തുടര്‍ന്ന് റീഹാബ് പ്രക്രിയയിലൂടെ കടന്ന് പോകുന്ന താരം പൂര്‍ണ്ണ ഫിറ്റാകാത്തതായിരുന്നു കാരണം. ആദ്യ മത്സരത്തില്‍ തലയ്ക്ക് പന്ത് കൊണ്ട ഹഷിം അംലയും രണ്ടാമത്തെ മത്സരത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കെതിരെ താരം കളിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ടോസ് നിര്‍ണ്ണായകം, ഇത്തരം പിച്ചുകളില്‍ പ്രശ്നമില്ലെന്ന് തന്റെ അഭിപ്രായം

ഇത്തരം പിച്ചുകള്‍ പ്രശ്നമുള്ളതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ലോകകപ്പില്‍ ഇതിലും ഭേദപ്പെട്ട പിച്ച് ആണ് ആവശ്യമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ അഭിപ്രായപ്പെട്ടപ്പോള്‍ നേരെ വിപരീതമായാണ് കെയിന്‍ വില്യംസണ്‍ പറയുന്നത്. ടോസ് വളരെ നിര്‍ണ്ണായകമാണെന്നും. ഇരു ഇന്നിംഗ്സുകളിലും ഇത്തരം പിച്ചില്‍ ന്യൂബോളില്‍ മൂവ്മെന്റ് പ്രതീക്ഷിക്കുന്നതാണ്.

വളരെ ചുരുങ്ങിയ ടോട്ടലില്‍ ഒരു ടീം പുറത്തായാല്‍ ഏത് നല്ല പിച്ചിലാണെങ്കില്‍ ആ സ്കോര്‍ സംരക്ഷിക്കുക പ്രയാസകരമാണ്. ആദ്യ ഓവറുകളിലെ മൂവ്മെന്റിനെ മറികടന്നാല്‍ പിന്നീട് ബാറ്റിംഗ് വളരെ എളുപ്പമാണ്, അതാണ് ന്യൂസിലാണ്ട് ബാറ്റ്സ്മാന്മാര്‍ നടപ്പിലാക്കിയതും പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കിയതെന്നും വില്യംസണ്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ വൈവിധ്യമാര്‍ന്ന വിക്കറ്റുകളാണ് ലഭിയ്ക്കുക. ബൗളര്‍മാരുമായി കൂടുതലൊന്നും കൂടിയാലോചിച്ചില്ല, പിച്ച് കണ്ടപ്പോള്‍ തന്നെ ആക്രമണ ബൗളിംഗാണ് തങ്ങള്‍ ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ ഗപ്ടില്‍ 51 പന്തില്‍ 73 റണ്‍സും കോളിന്‍ മണ്‍റോ 46 പന്തില്‍ നിന്ന് 57 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

ഇത് ബംഗ്ലാദേശിന്റെ മികച്ച വിജയങ്ങളിലൊന്ന്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 21 റണ്‍സിന്റെ വിജയം ടീമിന്റെ മികച്ച വിജയങ്ങളിലൊന്നെന്ന് ഷാക്കിബ് അല്‍ ഹസന്‍. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു ഷാക്കിബ് അല്‍ ഹസന്‍. 75 റണ്‍സും ഒരു വിക്കറ്റും നേടിയ ഷാക്കിബ് നിര്‍ണ്ണായക പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്.

ലോകകപ്പില്‍ ഇതിനു മുമ്പും പല അട്ടിമറികള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ തങ്ങള്‍ മികച്ച ടീമാണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും ഷാക്കിബ് പറഞ്ഞു. ഇതിലും മികച്ച തുടക്കം തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് പറഞ്ഞ ഷാക്കിബ് ടീം ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ ഇത്തരം ഒരു തുടക്കം നേടാനാകുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്ന് പറഞ്ഞു.

രണ്ട് വര്‍ഷം താന്‍ വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി കളിച്ചിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ഈ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് പരിചിതമുള്ളതാണ്. കൂടാതെ 2017 ചാമ്പ്യന്‍സ് ട്രോഫിയും ഇവിടെ കളിച്ചിട്ടുള്ളത് ഗുണം ചെയ്തുവെന്നും ഷാക്കിബ് പറഞ്ഞു. തനിയ്ക്കും ഷാക്കിബിനും ഒരു മികച്ച കൂട്ടുകെട്ട് പുറത്തെടുക്കുന്നതിന്റെ അനിവാര്യതയെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നുവെന്നും ഷാക്കിബ് പറഞ്ഞു.

പിച്ചില്‍ നിന്നുള്ള സഹായത്തിലെക്കാള്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത് ഫീല്‍ഡര്‍മാര്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍

ശ്രീലങ്കയ്ക്കെതിരെയുള്ള പിച്ച് പച്ചപ്പ് നിറഞ്ഞതായിരുന്നുവെന്നും തങ്ങള്‍ അത് മുതലാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി മാറിയ മാറ്റ് ഹെന്‍റി. ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും എറിഞ്ഞ് തകര്‍ത്തപ്പോള്‍ ശ്രീലങ്ക വെറും 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇത്തരം പിച്ച് പൊതുവേ ക്രിക്കറ്റില്‍ ലഭിയ്ക്കാറില്ല, പൊതുവേ ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായ പിച്ചാണ് എപ്പോളും ലഭിയ്ക്കുക, ഈ മത്സരത്തില്‍ ബൗളിംഗ് അനുകൂലമായ പിച്ച് ലഭിയ്ക്കുകയും ചെയ്തു ഞങ്ങളത് മുതലാക്കുകയും ചെയ്തുവെന്ന് മാറ്റ് ഹെന്‍റി പറഞ്ഞു.

കൂടാതെ ഇത്തരം പിച്ചുകളിലെ വലിയ വ്യത്യാസം എന്തെന്നാല്‍ ബൗളര്‍മാര്‍ക്ക് വേണ്ട പിന്തുണ ഫീല്‍ഡര്‍മാര്‍ നല്‍കുമ്പോളാണെന്നും മാറ്റ് ഹെന്‍റി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ ഫീല്‍ഡര്‍മാര്‍ മികച്ച് നിന്നുവെന്നും അത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമായി എന്നും മാറ്റ് ഹെന്‍റി പറഞ്ഞു.

മികച്ച രീതിയില്‍ ബാറ്റ് വീശിയത് താനും കുശല്‍ പെരേരയും മാത്രം, ലോകകപ്പില്‍ ഭേദപ്പെട്ട പിച്ചുകള്‍ ഉണ്ടാകണം

ശ്രീലങ്കയ്ക്കായി ന്യൂസിലാണ്ടിനെതിരെ മികച്ച ബാറ്റിംഗ് പുലര്‍ത്തിയത് താനും കുശല്‍ പെരേരയും മാത്രമെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. ഇത്തരം സാഹചര്യങ്ങളില്‍ 136 ഒരു സ്കോറെ അല്ലെന്ന് പറഞ്ഞ കരുണാരത്നേ തന്റെ ടീമിനു തിരിച്ചടിയായത് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണെന്നും വ്യക്തമാക്കി. കൂട്ടുകെട്ടുകള്‍ ഇല്ലാത്തതാണ് ടീമിനു തിരിച്ചടിയായതെന്നും ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു.

ക്രിക്കറ്റ് ആരാധകര്‍ ആവേശകരമായ മത്സരം കാണുവാനാണ് സ്റ്റേഡിയത്തില്‍ എത്തുന്നത്, അപ്പോള്‍ ടീമില്‍ നിന്ന് നിരാശാജനകമായ പ്രകടനം പുറത്ത് വരുന്നത് അവര്‍ക്കും തിരിച്ചടിയാണ്, അതിനാല്‍ തന്നെ മെച്ചപ്പെട്ട് ബാറ്റിംഗ് വിക്കറ്റുകള്‍ ആണ് ലോകകപ്പില്‍ ആവശ്യമെന്നും ദിമുത് കരുണാരത്നേ പറഞ്ഞു. തങ്ങള്‍ പ്രാക്ടീസ് മത്സരങ്ങളില്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും ഇനിയുള്ള മത്സരങ്ങളില്‍ ടീം മികച്ച വിക്കറ്റുകളാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

ലുംഗിസാനി ഗിഡിയുടെ പരിക്ക് താളം തെറ്റിച്ചു

തങ്ങള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ ഒന്നും ശരിയാകാതെ പോയൊരു ദിനമായിരുന്നു ബംഗ്ലാദേശിനെതിരെയുള്ള മത്സരമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ലുംഗിസാനി ഗിഡിയുടെ പരിക്ക് ടീമിന്റെ താളം തെറ്റിച്ചു. അത് തങ്ങളുടെ ബൗളിംഗ് പ്ലാനിനെ പാടെ മാറ്റി മറിച്ചുവെന്നും ഫാഫ് ഡു പ്ലെസി അഭിപ്രായപ്പെട്ടു. 330 വലിയ സ്കോറായിരുന്നുവെന്നും ടീമില്‍ ഒരുവിധം എല്ലാവരും ഒരു പരിധി വരെ റണ്‍സ് കണ്ടെത്തിയെങ്കിലും അത് പര്യാപ്തമല്ലായിരുന്നവെന്നത് മത്സരഫലം സൂചിപ്പിക്കുന്നുവെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ഗ്രൗണ്ട്സ്മാനോട് സംസാരിച്ചപ്പോള്‍ പിച്ചില്‍ പേസും ബൗണ്‍സും ഉണ്ടാകുമെന്ന് കരുതിയെന്നും അതാണ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ കാരണമെന്നും ഫാഫ് ഡു പ്ലെസി സൂചിപ്പിച്ചു. ഏഷ്യന്‍ ടീമുകള്‍ റണ്‍സ് നേടിക്കഴിഞ്ഞാല്‍ അവരുടെ സ്പിന്‍ ബൗളിംഗ് കരുത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മിടുക്കന്മാരാണെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

ഗിഡിയുടെ അഭാവത്തിലും ഇത്രയധികം റണ്‍സ് വഴങ്ങുന്നത് ശരിയല്ലെന്ന് പറഞ്ഞ ഫാഫ് ഡു പ്ലെസി അവസാന അഞ്ചോവറില്‍ തന്റെ ടീം വളരെ മോശമായിരുന്നുവെന്നതാണ് സ്കോര്‍ ബോര്‍ഡ് കാണുമ്പോള്‍ മനസ്സിലാവുന്നതെന്നും പറഞ്ഞു. 45 ഓവര്‍ വരെ മത്സരം എത്തുമ്പോള്‍ തങ്ങള്‍ വിക്കറ്റുകള്‍ നേടി തിരിച്ചുവരവ് നടത്തിയെന്നും ഷാക്കിബ്-മുഷ്ഫിക്കുര്‍ എന്നീ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കി മേല്‍ക്കൈ നേടിയതാണെങ്കിലും അവസാന അഞ്ചോവറില്‍ കളി ടീം കൈവിട്ടുവെന്നും ഫാഫ് പറഞ്ഞു.

ലോകകപ്പില്‍ ഏറ്റവും അധികം വിജയം നേടുന്ന ബംഗ്ലാദേശ് നായകനായി മഷ്റഫെ മൊര്‍തസ

ലോകകപ്പില്‍ ബംഗ്ലാദേശിനു വേണ്ടി ഏറ്റവും അധികം വിജയം നേടുന്ന നായകനായി മഷ്റഫെ മൊര്‍തസ. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ആധികാരിക ജയത്തോടെ 6 മത്സരങ്ങളില്‍ നിന്ന് താരത്തിനു കീഴില്‍ ബംഗ്ലാദേശ് 4 വിജയം കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ മൊര്‍തസയും ഷാക്കിബ് അല്‍ ഹസനും 3 വിജയങ്ങളാണ് പങ്കുവെച്ചിരുന്നത്. ലോകകപ്പില്‍ ഷാക്കിബ് 7 മത്സരങ്ങളില്‍ ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്.

ഇന്നത്തെ പ്രകടനത്തോടെ മൊര്‍തസയുടെ കീഴില്‍ ഇനിയും വിജയങ്ങള്‍ ലോകകപ്പില്‍ കരസ്ഥമാക്കുവാന്‍ സാധിക്കുമെന്നാണ് ബംഗ്ലാദേശ് വിശ്വസിക്കുന്നത്. ഹബീബുള്‍ ബഷര്‍(9 മത്സരങ്ങളില്‍ മൂന്ന് വിജയം), അമിനുള്‍ ഇസ്ലാം(5 മത്സരങ്ങളില്‍ രണ്ട് വിജയം), ഖലീദ് മഷൂദ്(6 മത്സരങ്ങളില്‍ നിന്ന് വിജയമൊന്നുമില്ല) എന്നിവരാണ് ബംഗ്ലാദേശിനെ ലോകകപ്പില്‍ നയിച്ച നായകന്മാര്‍.

ഏകദിനത്തില്‍ 250 വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസന്‍

ഏകദിനത്തില്‍ തന്റെ 250ാം വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസന്‍. ഇന്ന് ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തെ വീഴ്ത്തിയാണ് ഷാക്കിബിന്റെ ഈ നേട്ടം. 45 റണ്‍സ് നേടിയ താരത്തെ വീഴത്തി നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂവാണ് ഷാക്കിബ് ടീമിനു നേടിക്കൊടുത്തത്. രണ്ടാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി ഫാഫ് ഡു പ്ലെസി – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് ബംഗ്ലാദേശിനു ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ഈ വിക്കറ്റ്.

ഇന്നത്തെ മത്സരത്തില്‍ 10 ഓവറില്‍ നിന്ന് 50 റണ്‍സ് മാത്രമാണ് ഷാക്കിബ് വഴങ്ങിയത്. മത്സരം 21 റണ്‍സിനു ജയിക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചു. നേരത്തെ ബാറ്റിംഗിനിടെയും ഷാക്കിബ് നിര്‍ണ്ണായകമായ 75 റണ്‍സ് നേടിയിരുന്നു. മൂന്നാം വിക്കറ്റില്‍ മുഷ്ഫിക്കുര്‍ റഹിമുമായി നേടിയ 142 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്സിനു അടിത്തറയായി മാറിയത്.

ബംഗ്ലാദേശിനിത് ചരിത്രം, ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം തോല്‍വി

ലോകകപ്പില്‍ കളി മറക്കുന്നത് പതിവാക്കി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെതിരെ ഏറ്റ തോല്‍വിയ്ക്ക് ശേഷം രണ്ടാം മത്സത്തില്‍ ബംഗ്ലാദേശിനെതിരെയും തോല്‍വിയേറ്റ് വാങ്ങി ഫാഫ് ഡു പ്ലെസിയും സംഘവും. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 330 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സാണ് 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

ഫാഫ് ഡു പ്ലെസി അര്‍ദ്ധ ശതകം നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ മികച്ച തുടക്കം ലഭിച്ച എയ്ഡന്‍ മാര്‍ക്രം(45), ഡേവിഡ് മില്ലര്‍(38), റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(41) എന്നിവര്‍ക്ക് തങ്ങളുടെ ഇന്നിംഗ്സ് വലിയ സ്കോറിലേക്ക് നയിക്കുവാന്‍ സാധിക്കാതെ പോയതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഫാഫ് ഡു പ്ലെസി 53 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയാണ് പുറത്തായത്.

അവസാന ഓവറുകളില്‍ ജെപി ഡുമിനി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 21 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിനു സാധിച്ചുള്ളു. ലക്ഷ്യം അവസാന 18 പന്തില്‍ 44 റണ്‍സാക്കി കുറച്ചുവെങ്കിലും അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുസ്തഫിസുര്‍ ഡുമിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കാര്യങ്ങള്‍ ബംഗ്ലാദേശിനു അനുകൂലമായി മാറി. 45 റണ്‍സാണ് 37 പന്തില്‍ നിന്ന് ജെപി ഡുമിനി നേടിയത്.

ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ മൂന്നും റഹ്മാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഫാഫ് ഡു പ്ലെസിയുടെ നിര്‍ണ്ണായക വിക്കറ്റാണ് മെഹ്ദി ഹസന്‍ വീഴ്ത്തിയത്.

Exit mobile version