വില്ലിയൻ ഫുൾഹാമിൽ തിരിച്ചെത്തി

ബ്രസീലിയൻ താരം വില്ലിയൻ ഇംഗ്ലീഷ് ക്ലബ് ഫുൾഹാമിൽ തിരിച്ചെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇംഗ്ലണ്ട് വിട്ട താരം സൗദി ക്ലബും ആയി ചർച്ച നടത്തിയെങ്കിലും ഇത് നടന്നില്ല. തുടർന്ന് താരം ഡിസംബറിൽ ഫ്രീ ഏജന്റ് ആയി ഗ്രീക്ക് ക്ലബ് ഒളിമ്പ്യകോസിൽ ചേർന്നിരുന്നു.

36 കാരനായ വില്ലിയൻ ഫ്രീ ഏജന്റ് ആയാണ് മാർകോ സിൽവയുടെ ടീമിൽ ചേരുന്നത്. 2022 മുതൽ 2 സീസണുകൾ ഫുൾഹാമിൽ കളിച്ച താരം 9 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ചെൽസി, ആഴ്‌സണൽ ക്ലബുകൾക്ക് വേണ്ടി കളിച്ച താരത്തിന് 300 ൽ അധികം പ്രീമിയർ ലീഗ് മത്സരങ്ങളുടെ പരിചയം ഉണ്ട്.

ഫുൾഹാം കരാർ ഒപ്പ് വെച്ചത് 10 ദിവസം മുമ്പ് എന്നിട്ടും വില്ലിയനു പുറകെയും സൗദി ക്ലബ്

ഫുൾഹാം താരം വില്ലിയനെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ ഷബാബ് ശ്രമം. കഴിഞ്ഞ സീസണിൽ ഫുൾഹാമിനു ആയി കളിച്ച 32 കാരനായ ബ്രസീലിയൻ താരം 10 ദിവസം മുമ്പാണ് ഇംഗ്ലീഷ് ക്ലബും ആയി ഈ സീസണിലേക്ക് ആയി കരാർ ഒപ്പ് വെച്ചത്.

വില്ലിയനും സൗദിയിൽ പോവാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ പറയുന്നു. നല്ല വില കിട്ടിയാൽ താരത്തെ വിൽക്കാൻ തന്നെ ആവും ഫുൾഹാം തീരുമാനം. നേരത്തെ തങ്ങളുടെ മുന്നേറ്റനിര താരം അലക്‌സാണ്ടർ മിട്രോവിചിന് ആയുള്ള സൗദി ശ്രമങ്ങൾ ഫുൾഹാം നിരസിച്ചിരുന്നു. നിലവിൽ മിട്രോവിച് ഫുൾഹാമിൽ ഇനി കളിക്കില്ല എന്ന നിലപാടിൽ ആണ്.

ഫുൾഹാമിലൂടെ പ്രിമിയർ ലീഗിലേക്ക് മടങ്ങി എത്താൻ വില്യൻ

ബ്രസീലിയൻ താരം വില്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നു. ഫുൾഹാമാണ് താരത്തിന്റെ പുതിയ തട്ടകം. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിനും കുടുംബത്തിനും നേരെ വധ ഭീഷണി നേരിട്ടതോടെ ഈ മാസം മധ്യത്തോടെ നിലവിലെ ടീമായ കൊറിന്ത്യൻസുമായുള്ള കരാർ വില്യൻ റദ്ദാക്കിയിരുന്നു. ഇതിന് പിറകെ ഫുൾഹാമുമായി താരം ചർച്ചകൾ ആരംഭിക്കുകയായിരുന്നു. മുപ്പത്തിനാലുകാരനായ താരത്തിന് ഇതോടെ ആഴ്‌സനൽ വിട്ട് ഒരു വർഷത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങി വരാൻ വഴി തുറന്നു.

വില്യനെ എത്തിക്കാൻ ഫുൾഹാം തീരുമാനിച്ചതിന് പിറകെ മെഡിക്കൽ പരിശോധനകൾക്കായി താരം ഇംഗ്ലണ്ടിൽ എത്തും. ഫ്രീ ഏജന്റ് ആയതിനാൽ ഫുൾഹാമിന് കൈമാറ്റം പൂർത്തിയാക്കാൻ ദൃതിപ്പെടേണ്ട കാര്യവും ഇല്ല.

2021ലാണ് ആഴ്‌സനൽ വിട്ട് വില്യൻ തന്റെ മുൻ ക്ലബ്ബ് ആയ കൊറിന്ത്യൻസിൽ എത്തുന്നത്. ആഴ്‌സനലിലെ മറക്കാൻ ആഗ്രഹിക്കുന്ന സീസണിന് മുൻപ് ചെൽസിക്ക് വേണ്ടി ഏഴു സീസനുകളിലായി മുന്നൂറ്റിമുപ്പതോളം മത്സരങ്ങൾ കളിച്ചു. അറുപതിലധികം ഗോളുകളും ടീമിനായി നേടി. നീല കുപ്പായത്തിൽ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നീ കിരീടങ്ങളും നേടാൻ ആയി.

നായകനായി വില്ല്യൻ!! ഹാട്രിക്ക് അസിസ്റ്റ്, ആഴ്സണലിന് സ്വപ്ന തുടക്കം

പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ആഴ്സണലിന്റെ തകർപ്പൻ വിജയത്തോടെ തുടക്കം. ഇന്ന് ക്രേവൻ കോട്ടേജിൽ വെച്ച് ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വലിയ വിജയം തന്നെയാണ് നേടിയത്. അർട്ടേറ്റയുടെ രണ്ട് പുതിയ സൈനിംഗുകളും ഗംഭീര പ്രകടനവുമായി ഇത് പുതിയ ആഴ്സണലാണെന്ന സൂചനകൾ ഇന്ന് നൽകി.

പുതിയ സൈനിംഗ് ആയ ഡിഫൻഡർ ഗബ്രിയേൽ ഒരു ഗോൾ നേടിയപ്പോൾ ചെൽസിയിൽ നിന്ന് എത്തിയ വില്ല്യൻ മൂന്ന് അസിസ്റ്റുകളുമായാണ് തിളങ്ങിയത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. വില്യന്റെ ഷോട്ടിൽ നിന്ന് ലഭിച്ച റീബൗൺ ഒരു ടാപിന്നിലൂടെ വലയിൽ എത്തിച്ചായിരുന്നു ലകാസെറ്റ് ആദ്യ ഗോൾ നേടിയത്. 49ആം മിനുട്ടിൽ ആണ് ഗബ്രിയേൽ തന്റെ അരങ്ങേറ്റത്തിൽ തന്നെ ആഴ്സണലിനായി ഗോൾ നേടിയത്‌.

വില്യന്റെ കോർണർ ഒരു ഫ്രീ ഹെഡറിലൂടെ ഗബ്രിയേൽ വലയിൽ എത്തിക്കുക ആയിരുന്നു. 59ആം മിനുട്ടിൽ ഒബാമയങ്ങിന്റെ വക ആയിരുന്നു ആഴ്സണലിന്റെ മൂന്നാം ഗോൾ. വില്യന്റെ പാസ് സ്വീകരിച്ച ഒബാമയങ്ങ് മികച്ച ഒരു ഫിനിഷിലൂടെ ആണ് മൂന്നാം ഗോൾ നേടിയത്. ഈ ഗോളിന് ശേഷവും നിരവധി അവസരങ്ങൾ ആഴ്സണൽ സൃഷ്ടിച്ചു. എങ്കിലും നാലാം ഗോൾ പിറന്നില്ല.

വില്യൻ ലണ്ടനിൽ തന്നെ തുടരും, ഇനി ആഴ്സണലിന്റെ ചുവന്ന കുപ്പായത്തിൽ

ബ്രസീലിയൻ ഫുട്ബാളർ വില്യൻ ഇനി ആഴ്സണലിൽ കളിക്കും. കരാർ അവസാനിച്ചതിനെ തുടർന്ന് ചെൽസി വിട്ട വില്യൻ ആഴ്സണലിൽ ഫ്രീ ട്രാൻസ്ഫറിൽ ചേരുകയായിരുന്നു. ആഴ്‌സനലിന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് വില്യൻ ടീമിൽ ചേർന്ന കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു വില്യൻ ചെൽസി വിടുന്ന കാര്യം പുറത്തുവിട്ടത്.

2013ൽ ചെൽസിയിൽ ചേർന്ന വില്യൻ 7 വർഷക്കാലയളവിൽ 339 മത്സരങ്ങളിൽ നീല ജേഴ്‌സി അണിഞ്ഞിരുന്നു. ഇതിനിടയിൽ 69 ഗോളുകളും 57 അസിസ്റ്റുകളും വില്യൻ നേടിയിരുന്നു. ഈ സീസണിൽ ലാംപാർടിന്റെ കീഴിൽ 47 മത്സരങ്ങളിൽ കളിച്ച വില്യൻ 11 ഗോളുകളും സ്വന്തമാക്കിയിരുന്നു. ചെൽസിക്ക് വേണ്ടി 2 പ്രീമിയർ ലീഗ് കിരീടങ്ങൾ, യൂറോപ്പ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും വില്യൻ സ്വന്തമാക്കിയിരുന്നു.

വില്യൻ ആഴ്സണലിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ആഴ്‌സണൽ മാനേജർ ആർതേറ്റയും പറഞ്ഞു. ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള താരമാണ് വില്യൻ എന്നാണ് ആർതേറ്റ പറഞ്ഞത്.

 

 

 

ജിറൂദും വില്ലിയനും ചെൽസിയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഫ്രാങ്ക് ലാമ്പർഡ്

ഈ സീസണോടെ ചെൽസിയിൽ കരാർ അവസാനിക്കുന്ന ഒലിവിയർ ജിറൂദും വില്ലിയനും ചെൽസിയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ്. ചെൽസിയിൽ ജിറൂദിന്റെയും വില്ലിയന്റെയും കരാറുകൾ ജൂണിൽ അവസാനിക്കാനിരിക്കെയാണ് ചെൽസി പരിശീലകന്റെ പ്രതികരണം. പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണെങ്കിൽ ഇരുതാരങ്ങളുടെയും കരാർ നീട്ടാൻ ചെൽസി ശ്രമം നടത്തുമെന്നും ലാമ്പർഡ് പറഞ്ഞു.

കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ജൂൺ മാസത്തിൽ പ്രീമിയർ ലീഗ് പൂർത്തിയാകാൻ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ കരാർ അവസാനിക്കുന്ന താരങ്ങളുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ക്ലബിനോട് അതിയായ താല്പര്യമുള്ള താരങ്ങൾ ആണ് ഇവരെന്നും അത്കൊണ്ട് തന്നെ തന്നെ താരങ്ങൾ ക്ലബിനൊപ്പം തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലാമ്പർഡ് പറഞ്ഞു.

വംശീയ അധിക്ഷേപത്തിനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് വില്യൻ

ഫുട്ബോളിലെ വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് ചെൽസി താരം വില്യൻ. കഴിഞ്ഞ ദിവസം ടോട്ടൻഹാമും ചെൽസിയും തമ്മിലുള്ള മത്സരത്തിനിടെ ചെൽസി താരം റുഡിഗറിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായിരുന്നു. ടോട്ടൻഹാം ആരാധകരാണ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. തുടർന്നാണ് ഈ വിഷയത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് വില്യൻ രംഗത്തെത്തിയത്.

ഈ സംഭവ വികാസങ്ങൾ വളരെ നാണക്കേട് ഉണ്ടാക്കുന്നതും നിരാശപടർത്തുന്നതുമാണെന്ന് വില്യൻ പറഞ്ഞു. എങ്ങനെയാണ് ആരാധകർക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുകയെന്ന് ചോദിച്ച വില്യൻ ടോട്ടൻഹാമിൽ തന്നെ കറുത്ത വർഗക്കാർ കളിക്കുന്നില്ലേ എന്ന ചോദ്യവും ഉന്നയിച്ചു. ഇത്തരത്തിലുള്ള വംശീയ അധിക്ഷേപത്തിനെതിരെ ഫുട്ബോൾ ഫെഡറേഷൻ കൂടുതൽ നടപടികൾ എടുക്കണമെന്നും വില്യൻ പറഞ്ഞു. ഇതേ മത്സരത്തിനിടെ ടോട്ടൻഹാം താരം സോണിനെ വംശീയമായി അധിക്ഷേപിച്ച ചെൽസി ആരാധകനെ അറസ്റ്റ് ചെയ്തിരുന്നു.

ചെൽസിയിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വില്യൻ

ചെൽസിയിൽ തുടർന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് ചെൽസി താരം വില്യൻ. ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ വില്യന്റെ കരാർ അവസാനിക്കും. എന്നാൽ പുതിയ കരാറിനായി താൻ കാത്തിരിക്കുകയാണെന്ന് വില്യൻ പറഞ്ഞു. 2013ലാണ് റഷ്യൻ ക്ലബായ അൻസി മഖചകാലയിൽ നിന്ന് വില്യൻ ചെൽസിയിൽ എത്തുന്നത്. ചെൽസിയുടെ കൂടെ രണ്ട പ്രീമിയർ ലീഗ് കിരീടവും ഒരു എഫ്. എ കപ്പ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും ഒരു യൂറോപ്പ ലീഗ് കിരീടവും വില്യൻ നേടിയിട്ടുണ്ട്.

പുതിയ കരാറിനെ കുറിച്ച് ചെൽസി മാനേജ്മെന്റുമായി ചർച്ചകൾ ഒന്നും ഇതുവരെ തുടങ്ങിയില്ലെന്നും അതെ സമയം താൻ പുതിയ കരാർ ഒപ്പിടാൻ തയാറാണെന്നും വില്യൻ പറഞ്ഞു. “തന്റെ കരാറിൽ ഒരു വർഷം കൂടെ ബാക്കിയുണ്ട്, തനിക്ക് ഇവിടെ തുടരണം കാരണം എനിക്ക് ചെൽസിക്ക് വേണ്ടി കളിക്കണം. ചെൽസിയെ എനിക്കിഷ്ടമാണ് , തനിക്കും തന്റെ കുടുംബത്തിനും ലണ്ടൻ നഗരവും ഇഷ്ട്ടമാണ്” വില്യൻ പറഞ്ഞു.

ചെൽസിയുടെ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്ന് പറഞ്ഞ വില്യൻ ചെൽസിക്ക് വേണ്ടി കൂടുതൽ ട്രോഫികളും ഗോളുകളും നേടികൊടുക്കണമെന്നും പറഞ്ഞു.

Exit mobile version