കോപ്പയിൽ ബ്രസീലിനോട് തോറ്റ് അർജന്റീന പുറത്താവുന്നത് ഇത് തുടർച്ചയായ അഞ്ചാം തവണ

കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റ അർജന്റീന പുറത്തായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകളാക്കായിരുന്നു ലയണൽ മെസ്സിയും സംഘവും പരാജയം രുചിച്ചത്. ഇന്നത്തെ തോൽവിയോടെ ഒരു നാണക്കേടും അർജന്റീന സ്വന്തമാക്കി, കോപ്പ അമേരിക്കയിൽ തുടർച്ചയായ അഞ്ചാം തവണയാണ് ബ്രസീൽ അർജന്റീനയെ നോക്ക്ഔട്ട് ഘട്ടത്തിൽ പുറത്താക്കുന്നത്.

1993ൽ ആയിരുന്നു അർജന്റീന അവസാനമായി കോപ്പ അമേരിക്ക വിജയികൾ ആവുന്നത്. തുടർന്ന് നടന്ന 1995ലെ കോപ്പ അമേരിക്കയിൽ ബ്രസീൽ അർജന്റീനയെ ക്വാർട്ടർ ഫൈനലിൽ വെച്ച് പുറത്താക്കിയിരുന്നു. 2-2 എന്ന സ്‌കോറിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബ്രസീലിന്റെ വിജയം.

2004 കോപ്പയുടെ ഫൈനലിലാണ് പിന്നെ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത്, 2-2 എന്ന സ്‌കോറിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി, ഇപ്രാവശ്യവും വിജയം ബ്രസീലിന്റെ കൂടെ.

2007 ഫൈനലിൽ വീണ്ടും ക്ലാസിക് പോരാട്ടത്തിന് വഴിയൊരുങ്ങിയിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചു ബ്രസീൽ കപ്പുയർത്തി. തുടർന്ന് 12 വർഷങ്ങൾ എടുത്തു കോപ്പയിൽ ബ്രസീൽ – അർജന്റീന ക്ലാസ്സിക് പോരാട്ടം നടക്കാൻ, 2019 സെമി ഫൈനലിലും വിജയം കാനറികളുടെ കൂടെ നിന്നു.

ബർമിംഗ്ഹാം താരത്തെ സ്വന്തമാക്കി സൗത്താംപ്ടൺ

ബർമിംഗ്ഹാം സ്‌ട്രൈക്കർ ചെ ആഡംസിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബ് സൗത്താംപ്ടൺ. ഏകദേശം പതിനഞ്ചു മില്യൺ പൗണ്ട് തുകക്കായാണ് അഞ്ചു വർഷത്തെ കരാറിൽ സൈന്റ്സ് ഈ യുവതാരത്തെ സ്വന്തമാക്കിയിരിക്കുന്നത്.ബർമിംഗ്ഹാമിനു വേണ്ടി 123 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ആഡംസ് 38 ഗോളുകൾ സ്വന്തം പേരിലാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ 22 ഗോളുകൾ നേടിയ താരം മികച്ച ഫോമിലാണ്.

ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ചെ ആഡംസിനെ ടീമിൽ എത്തിക്കാൻ സൗത്താംപ്ടൺ ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമത്തിൽ പരാജയപ്പെട്ട സൈന്റ്സ് ഈ വിൻഡോയിൽ ഇംഗ്ലീഷ് താരത്തെ ടീമിൽ എത്തിക്കുകയായിരുന്നു.

ലെസ്റ്റർ സ്വദേശിയായ ചെ ആഡംസ് നോൺ ലീഗ് ക്ലബ് ഓഡബിയിലൂടെ ആണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 2014 ഷെഫീൽഡ് യുണൈറ്റഡിൽ എത്തിയ ആഡംസ് 2016ൽ ആണ് ബർമിംഗ്ഹാമിൽ എത്തിയത്.

മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്ററിൽ തുടരും, പുതിയ കരാർ ഒപ്പിട്ടു

യുവതാരം മാർക്കസ് റാഷ്‌ഫോർഡിനു മാഞ്ചസ്റ്റർ യൂണൈറ്റഡിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം 21കാരനായ റാഷ്‌ഫോർഡ് 2023 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് റാഷ്‌ഫോർഡ് കരാർ പുതുക്കിയ വിവരം പുറത്തുവിട്ടത്.

ക്ലബിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന മാർക്കസ് റാഷ്‌ഫോർഡ് തന്റെ 18ആം വയസിൽ 2016ൽ യൂറോപ്പ ലീഗിലൂടെ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നിങ്ങോട്ട് യുണൈറ്റഡിന്റെ പ്രധാന താരമായി മാറിയ റാഷ്‌ഫോർഡ് 172 തവണ കളത്തിൽ ഇറങ്ങി. 45 ഗോളുകളൂം സ്വന്തം പേരിലാക്കിയ താരം ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ പ്രീമിയർ ലീഗിലെ മികച്ച താരവുമായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 32 തവണയും റാഷ്‌ഫോർഡ് കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

“ഏഴു വയസ് മുതൽ ഞാൻ ഈ ക്ലബിന്റെ ഭാഗമാണ്, ഈ ക്ലബാണ് ജീവിതത്തിൽ എനിക്കെല്ലാം. യുണൈറ്റഡ് ആണ് എന്നെ കളിക്കാരൻ ആക്കിയത്. ഈ കുപ്പായം അണിയാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.” – റാഷ്‌ഫോർഡ് പറഞ്ഞു.

ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും മോശം റെക്കോർഡുമായി ചാഹൽ

ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റൺസ് ആണ് അടിച്ചെടുത്തത്. ഇന്ത്യൻ സ്പിന്നർമ്മാരെ കണക്കിന് പ്രഹരിച്ച ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ചാഹലിന്റെയും കുൽദീപിന്റെയും 20 ഓവറിൽ നിന്നും അടിച്ചെടുത്തത് 160 റൺസ് ആയിരുന്നു. ഇംഗ്ലണ്ട് ഇന്നങ്സിൽ നിർണായകമായതും ഇതായിരുന്നു.

ഇതിനിടയിൽ യുസ്‌വെന്ദ്ര ചാഹൽ ഒരു മോശം റെക്കോർഡും സ്വന്തം പേരിലാക്കി. ഒരു ലോകകപ്പ് മത്സരത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം ആയിരുന്നു ഇന്നത്തേത്. 10 ഓവറിൽ വിക്കറ്റ് ഒന്നും നേടാനാവാതെ 88 റൺസ് ആണ് ചാഹൽ വഴങ്ങിയത്. ഇതോടെ ജവഗൽ ശ്രീനാഥ് വഴങ്ങിയ 87 റൺസ് ആണ് പഴങ്കതയായത്. 2003 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 10 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ ആയിരുന്നു ശ്രീനാഥിന്റെ ഈ പ്രകടനം.

“വാൻഹാൽ ഏറ്റവും മികച്ച കോച്ച്”, മുൻ യുണൈറ്റഡ് കോച്ചിനെ പുകഴ്ത്തി റൂണി

2016ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്താക്കപ്പെട്ട ലൂയിസ് വാൻഹാൽ ആണ് താൻ ഇതുവരെ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച കോച്ചെന്നു മുൻ യുണൈറ്റഡ് താരവും നിലവിൽ ഡിസി യുണൈറ്റഡ് താരവുമായ വെയ്ൻ റൂണി. സർ അലക്സ് ഫെർഗൂസന്റെ കൂടെ ഒൻപത് വർഷ കാലയളവിൽ 5 പ്രീമിയർ ലീഗ് കിരീടങ്ങളടക്കം നേടിയിട്ടും മികച്ച കോച്ചായി റൂണി പരിഗണിക്കുന്നത് ലൂയിസ് വാൻഹാലിനെയാണ്.

2016ൽ എഫ്എ കപ്പ് വിജയത്തിന് ശേഷമാണ് വാൻ ഹാലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയത്. രണ്ടു വര്ഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലിപ്പിച്ച വാൻഹാലിനു പക്ഷെ അത്ര നല്ല ദിനങ്ങൾ ആയിരുന്നില്ല ഓൾഡ് ട്രാഫോഡിൽ ഉണ്ടായിരുന്നത്. ഇങ്ങയെയൊക്കെയാണെങ്കിലും റൂണി മികച്ച കോച്ചായി കാണുന്നത് വാൻഹാലിനെയാണ്. “ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കോച്ച് ലൂയിസ് വാൻഹാൽ ആണ്, അദ്ധേഹത്തിന്റെ ടാക്റ്റിക്സ് വളരെ മികച്ചതാണ്. ഓരോ കാര്യത്തിലും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ വളരെ കൂടുതൽ ആണ്. ഇങ്ങനെ ഒന്ന് അതിനു മുൻപ് ഞാൻ കണ്ടിരുന്നില്ല” റൂണി പറഞ്ഞു.

2004ൽ എവർട്ടണിൽ നിന്നും ഫെർഗൂസൻ ആണ് റൂണിയെ യുണൈറ്റഡിൽ എത്തിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ കൂടെ 5 പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങൾ റൂണി സ്വന്തമാക്കിയിരുന്നു. 2016ൽ ആണ് റൂണി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു എവർട്ടണിലേക്ക് ചേക്കേറിയത്.

വീണ്ടും 92 ആവർത്തിച്ച് പാകിസ്ഥാൻ

1992ലെ ലോകകപ്പുമായുള്ള സമാനതകൾ പാകിസ്ഥാൻ ക്രിക്കറ്റ് ടീം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന ന്യൂസിലന്ഡിനെതിരായ പോരാട്ടത്തിലും പാകിസ്ഥാൻ ചരിത്രം ആവർത്തിച്ചു. ലോകകപ്പിലെ ഏഴാമത്തെ മത്സരമായിരുന്നു പാകിസ്താന് ഇന്നലെ, ന്യൂസിലന്ഡിനെതിരെ 5 പന്ത് ശേഷിക്കെയാണ് പാക് ടീം വിജയ ലക്‌ഷ്യം മറികടന്നത്. 92ലെ ലോകകപ്പിലും പാക് ടീം ഏഴാമത്തെ മത്സരത്തിൽ 5 പന്ത് ശേഷിക്കെയാണ് വിജയം കണ്ടിരുന്നത്. അന്ന് ശ്രീലങ്ക ഉയർത്തിയ 213 എന്ന വിജയ ലക്‌ഷ്യം 49.1 ഓവറിൽ ആണ് പാക് മറികടന്നത്.

92 ലോകകപ്പിലെ വിജയം വീണ്ടും ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് പാക് ആരാധകർ. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെ ആണ് പാകിസ്ഥാന്റെ അടുത്ത മത്സരം. തുടർന്ന് ബംഗ്ലാദേശിനെയും പാകിസ്ഥാൻ നേരിടും. നിലവിൽ 7 മത്സരങ്ങളിൽ നിന്നും 7 പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. രണ്ടു മല്സരങ്ങള്കും വിജയിച്ചു സെമിയിൽ പ്രവേശിക്കാം എന്ന പ്രതീക്ഷയിൽ ആണ് പാക് ടീം.

ലയണൽ സ്കലോണിക്ക് മഞ്ഞക്കാർഡ്, വിചിത്ര റെക്കോർഡ്

അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി വിചിത്രമായ ഒരു റെക്കോർഡ് സ്വന്തം പേരിലാക്കി. കോപ്പ അമേരിക്കയിൽ ഇന്നലെ നടന്ന അർജന്റീന – ഖത്തർ നിർണായക പോരാട്ടത്തിനിടെ മത്സരത്തിന്റെ നിയമം ലംഘിച്ച അർജന്റീനയുടെ പരിശീലകന് നേരെ റഫറി മഞ്ഞക്കാർഡ് ഉയർത്തിയിരുന്നു. കോപ്പ അമേരിക്കയുടെ 103 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു പരിശീലകൻ മഞ്ഞക്കാർഡ് നേടുന്നത്, അങ്ങനെ നാണക്കേടോടെ ചരിത്ര പുസ്തകത്തിൽ ഇടം നേടാൻ ലയണൽ സ്കലോണിക്കായി.

മത്സരത്തിൽ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തിയിരുന്നു. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്നു അർജന്റീനക്ക് വേണ്ടി ലൗറ്റാറോ മാർട്ടിനെസും സെർജിയോ അഗ്യൂറോയും ആണ് ഗോളുകൾ നേടിയത്.

ചരിത്രമുറങ്ങുന്ന മറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ വേനസ്വേല ആണ് അർജന്റീനയുടെ എതിരാളികൾ.

“കളിയാക്കി മതിയായില്ലേ”, സ്റ്റാർ സ്പോർട്സിനെതിരെ പരാതിയുമായി പാകിസ്ഥാൻ

സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയുന്ന ലോകകപ്പിനോട് അനുബന്ധിച്ചുള്ള പരസ്യത്തിനെതിരെ ഐസിസിക്ക് പരാതി നൽകി പാകിസ്‌താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ നടന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി സംപ്രേഷണം ചെയ്ത പരസ്യത്തിന് എതിരെയാണ് പിസിബി പരാതി നൽകിയിരിക്കുന്നത്.

2015 ലോകകപ്പ് സമയത്ത് പുറത്തിറക്കിയ മോക്കാ മോക്കാ സീരീസിന് തുടർച്ചയായാണ് സ്റ്റാർ സ്പോർട്‌സ് ഇപ്രവശ്യവും പരസ്യം ഇറക്കിയത്. 2015ൽ വളരെ ഹിറ്റ് ആയ പരസ്യത്തിന്റെ തുടർച്ചയായി ഇറക്കിയ പരസ്യം പക്ഷെ പാകിസ്ഥാൻ ജനതയെ മുഴുവൻ കളിയാക്കി ചിത്രീകരിക്കുന്നു എന്നാണ് പിസിബിയുടെ വാദം.

ഒരു പാകിസ്ഥാൻ ആരാധകൻ ബംഗ്ലാദേശ് ആരാധകനോട് സംസാരിക്കുന്നതാണ് പരസ്യത്തിന്റെ തുടക്കം. ഒരിക്കലും തോറ്റ് കൊടുക്കരുത് എന്നു എന്റെ പിതാവ് പറഞ്ഞിട്ടുണ്ട് എന്നു പാകിസ്ഥാൻ ആരാധകൻ ബംഗ്ലാദേശി ആരാധകനോട് പറയുമ്പോൾ ഇന്ത്യൻ ആരാധകൻ വന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറയുന്നു. പാകിസ്ഥാന്റെ പിതാവാണ് ഇന്ത്യക്കാർ എന്നാണ് സ്റ്റാർ പറയാതെ പറഞ്ഞത്.

ലോകകപ്പിന്റെ ഓഫിഷ്യൽ സംപ്രേക്ഷകരായ സ്റ്റാർ ഇങ്ങനത്തെ പരസ്യം നൽകരുത് എന്നാണ് പിസിബിയുടെ ആവശ്യം. ഐസിസി സ്റ്റാർ സ്പോർട്സ് അധികൃതരുമായി ചർച്ച നടത്തി എന്നാണ് റിപോർട്ടുകൾ.

അർജന്റീനക്ക് ശേഷം കോപ്പയിൽ ചരിത്രം കുറിക്കാനൊരുങ്ങി ചിലി

അർജന്റീനക്ക് ശേഷം കോപ്പ അമേരിക്ക ടൂര്ണമെന്റുകളുടെ ചരിത്രത്തിൽ ഒരു അപൂർവ നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് ചിലി. കഴിഞ്ഞ രണ്ടു കോപ്പ അമേരിക്ക ടൂർണമെന്റുകളിലും ചിലി ആയിരുന്നു ജേതാക്കൾ ആയത്. 2015ലും 2016ലും അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ചിലി കോപ്പ അമേരിക്ക നേടിയത്. തുടർച്ചയായി മൂന്നാമത്തെ കോപ്പ അമേരിക്ക നേടാൻ ഒരുങ്ങുകയാണ് ചിലി ഇപ്രാവശ്യം.

ഈ കോപ്പ അമേരിക്ക കൂടെ വിജയിക്കാനായാൽ അർജന്റീനക്ക് ശേഷം തുടർച്ചയായി മൂന്ന് കോപ്പ അമേരിക്ക നേടുന്ന ആദ്യത്തെ ടീമായി മാറും ചിലി. 1945, 1946, 1947 വർഷങ്ങളിൽ ആയിരുന്നു അർജന്റീന തുടർച്ചയായി കോപ്പ അമേരിക്ക വിജയിച്ചത്. ഇതിനു മുൻപ് ബ്രസീൽ, ഉറുഗ്വായ് ടീമുകൾ ആണ് തുടർച്ചയായി രണ്ടു തവണയെങ്കിലും കോപ്പ അമേരിക്ക വിജയിച്ചിട്ടുള്ളത്.

ബ്രസീലിനു വേണ്ടി ടൂർണമെന്റിലെ ആദ്യ ഗോൾ നേടുന്നത് പതിവാക്കി ലിറ്റിൽ മജീഷ്യൻ

ബാഴ്‌സലോണയ്ക്ക് വേണ്ടി മോശം ഫോമിലാണ് കളിക്കുന്നത് എങ്കിലും ബ്രസീലിനു വേണ്ടി കുപ്പായം അണിയുമ്പോൾ കുട്ടീഞ്ഞോ എന്നും മികച്ച ഫോമിലാവും. ഇന്ന് പുലർച്ചെ നടന്ന കോപ അമേരിക്കയിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിനു വേണ്ടി ഇരട്ട ഗോളുകൾ നേടിയാണ് കുട്ടീഞ്ഞോ തിളങ്ങിയത്. ടൂർണമെന്റിലെ ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത് കുട്ടീഞ്ഞോ ആയിരുന്നു. ഇത് തുടർച്ചയായ മൂന്നാമത്തെ മേജർ ടൂർണമെന്റിൽ ആണ് കുട്ടീഞ്ഞോ ബ്രസീലിന്റെ ആദ്യ ഗോൾ നേടുന്നത്.

2016ൽ നടന്ന കോപ്പ അമേരിക്കയിൽ യുഎസ്എക്കെതിരെ ആയിരുന്നു ബ്രസീലിന്റെ ആദ്യ മത്സരം. ആദ്യ ഗോൾ നേടിയത് കുട്ടീഞ്ഞോ ആയിരുന്നു. കഴിഞ്ഞ ലോകകപ്പിലും ബ്രസീലിനു വേണ്ടി ആദ്യ ഗോൾ നേടിയത് കുട്ടീഞ്ഞോ തന്നെ. സ്വിറ്റ്‌സർലാന്റിനെതിരെ മികച്ച ഒരു ഗോൾ. ഇപ്പോൾ സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പയിലും ആദ്യ ഗോൾ കുട്ടീഞ്ഞോ വക തന്നെ.

പ്രീമിയർ ലീഗിൽ എവർട്ടൻ, ന്യൂകാസിൽ, ഹഡേഴ്‌സ്ഫീൽഡ് ടീമുകൾക്ക് വിജയം

പ്രീമിയർ ലീഗിൽ ചൊവ്വാഴ്ച രാത്രിയിലെ പോരാട്ടങ്ങളിൽ എവർട്ടൻ, ന്യൂകാസിൽ യുണൈറ്റഡ്, ഹഡേഴ്‌സ്ഫീൽഡ് എന്നീ ക്ലബുകൾക്ക് വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് എവർട്ടൻ കാർഡിഫ് സിറ്റിയെ തോൽപ്പിച്ചത്. എവർട്ടന് വേണ്ടി സിഗുർഡ്സൻ രണ്ടു ഗോളുകൾ നേടിയപ്പോൾ കാൽവേർട്ട് ലെവിന്റെ വകയായിരുന്നു മൂന്നാം ഗോൾ. വിജയത്തോടെ എവർട്ടൻ ഒൻപതാം സ്ഥാനത്തെത്തി.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബേൺലിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന്റെ വിജയം. സ്ഷാറും ലോങ്സ്റ്റഫും ആണ് ന്യൂകാസിലിന് വേണ്ടി വല കുലുക്കിയത്. വിജയത്തോടെ ന്യൂകാസിൽ 31 പോയിന്റോടെ ടേബിളിൽ 13ആം സ്ഥാനത്തെത്തി.

മറ്റൊരു മത്സരത്തിൽ റെലഗേഷൻ ഭീഷണി നേരിടുന്ന ഹഡേഴ്‌സ്ഫീൽഡ് കരുത്തരായ വോൾവ്‌സിനെ അട്ടിമറിച്ചു. മത്സരത്തിന്റെ അവസാനം ഇഞ്ചുറി ടൈമിൽ മുനീയെ നേടിയ ഗോളിൽ ആണ് ടീം വിജയം കണ്ടത്. വിജയിച്ചു എങ്കിലും ഹഡേഴ്‌സ്ഫീൽഡ് ടേബിളിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

“സോൾഷ്യാർ യുണൈറ്റഡിന് ഒരു തലവേദനയാവും” – ഗാരി നെവിൽ

കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ജോസേ മൗറീഞ്ഞോക്ക് പകരമായി ഒലെ ഗുണ്ണാർ സോൾഷ്യാർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക കോച്ചായി ചുമതലയേറ്റടുത്തത്. തുടർന്നിങ്ങോട്ട് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ടീമായി വൻ പ്രകടനമാണ് സോൾഷ്യാറിന് കീഴിൽ യുണൈറ്റഡ് പുറത്തെടുക്കുന്നത്. സോൾഷ്യാറിന്റെ കീഴിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നിടത്തോളം പുതിയ മാനേജരെ തിരഞ്ഞെടുക്കുക എന്നത് യുണൈറ്റഡ് മാനേജ്‌മെന്റിന് വലിയ തലവേദയായിരിക്കും ഇന്ന് മുൻ യുണൈറ്റഡ് ക്യാപ്റ്റനും സോൾഷ്യാറുടെ സഹതാരവുമായിരുന്ന ഗാരി നെവിൽ.

സോൾഷ്യാറിന്റെ കീഴിൽ ഇതുവരെ തോൽവി അറിയാത്ത യുണൈറ്റഡ് 9 മത്സരങ്ങളിൽ നിന്നും 8 എണ്ണവും വിജയിച്ചിട്ടുണ്ട്, അത് കൊണ്ട് തന്നെ സോൾഷ്യാർ സ്ഥിരം മാനേജർ ആവാൻ അവകാശമുന്നയിച്ചാൽ മാനേജ്മെന്റിന് അദ്ദേഹത്തെ അവഗണിക്കാൻ കഴിയില്ല എന്നാണ് ഗാരി പറയുന്നത്.

“വരുന്ന 3-4 മാസങ്ങളിൽ എന്തും സംഭവിക്കാം, സോൾഷ്യാർ ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ അദ്ദേഹത്തെ അവഗണിക്കാൻ യുണൈറ്റഡിന് കഴിയില്ല. കളിക്കാരും, ഫാൻസും എല്ലാം സോൾഷ്യാറിന്റെ കൂടെ ഉണ്ടെങ്കിൽ പിന്നെ മറ്റൊരു മാനേജരെ നോക്കുക എന്നത് ബോർഡിന് ബുദ്ധിമുട്ടാവും” നെവിൽ പറഞ്ഞു.

നാളെ ലെസ്റ്റർ സിറ്റിക്കെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. സോൾഷ്യാർ മാനേജരായി ചുമതല ഏറ്റെടുക്കുമ്പോൾ നാലാം സ്ഥാനത്തിൽ നിന്നും 11 പോയിന്റ് പിന്നിൽ ആയിരുന്നു യുണൈറ്റഡ്, എന്നാൽ ഇപ്പോൾ 2 പോയിന്റ് പിന്നിൽ മാത്രമാണ് ടീം.

Exit mobile version