അശ്വിൻ ടി20യിലും ഏകദിനത്തിലും സ്ഥാനം അർഹിക്കുന്നില്ല എന്ന് യുവരാജ്

ഒരു റെഡ്-ബോൾ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അശ്വിൻ മികച്ചവനാണെന്നും എന്നാൽ പരിമിത ഓവർ ഫോർമാറ്റുകളിൽ അശ്വിനെ ഇന്ത്യക്ക് ആവശ്യമില്ല എന്നുൻ യുവരാജ് സിംഗ്. അശ്വിൻ ഒരു മികച്ച ബൗളറാണ് എന്നും എന്നാൽ വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ ബാറ്റിലും ഫീൽഡിലും കാര്യമായൊന്നും അശ്വിൻ കൊണ്ടുവരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

“അശ്വിൻ ഒരു മികച്ച ബൗളറാണ്, പക്ഷേ ഏകദിനത്തിലും ടി20യിലും അവൻ ടീം സ്ഥാനം അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നില്ല, അവൻ ബൗളിംഗിൽ വളരെ മികച്ചവനാണ്, പക്ഷേ അവൻ ബാറ്റിൽ എന്താണ് കൊണ്ടുവരുന്നത്? ഫീൽഡർ എന്ന നിലയിലോ? ടെസ്റ്റ് ടീമിൽ, നല്ലതാണ്, പക്ഷേ, വൈറ്റ് ബോൾ ക്രിക്കറ്റിൽ അവൻ ഒരു സ്ഥാനത്തിന് അർഹനാണെന്ന് ഞാൻ കരുതുന്നില്ല,” യുവരാജ് പറഞ്ഞു.

2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ യുവരാജും അശ്വിനും ഉണ്ടായിരുന്നു.

“പ്ലയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം മുഹമ്മദ് ഷമിയാണ് അർഹിക്കുന്നത്” – യുവരാജ്

മുഹമ്മദ് ഷമി ആണ് ഈ ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം അർഹിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഷമി ഐ സി സിയുട്സ് പ്ലയർ ഓഫ് ദി ടൂർണമെന്റ് നോമിനേഷനിൽ ഉള്ള 9 പേരിൽ ഒരാളാണ്‌. ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ മുഹമ്മദ് ഷമി വീഴ്ത്തിയിട്ടുണ്ട്.

“ഇന്ത്യയുടെ ബെഞ്ചിൽ എപ്പോഴും മാച്ച് വിന്നർമാർ ഉണ്ടായിരുന്നു. ഹാർദിക്കിന്റെ പരിക്ക് ഒരു അനുഗ്രഹമാണെന്ന് ഞാൻ പറയില്ല, എന്നാൽ ഷമി എങ്ങനെ കളിക്കുമെന്ന് കാണാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു, കൂടാതെ അദ്ദേഹം പ്രകടനം നടത്തിയ രീതി മികച്ചതാണ്. പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിന് ആരെങ്കിലും അർഹനാണെങ്കിൽ അത് മുഹമ്മദ് ഷമിയാണെന്ന് എനിക്ക് തോന്നുന്നു,” യുവരാജ് പറഞ്ഞു.

രോഹിത് ഷർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ഒരു ലോകകപ്പ് മെഡൽ അർഹിക്കിന്നുണ്ട് എന്നും അത് ഇന്ന് ലഭിക്കട്ടെ എന്നും യുവരാജ് ആശംസിച്ചു.

“രോഹിത് ശർമ്മയ്ക്കും രാഹുൽ ദ്രാവിഡിനും തങ്ങളുടെ ആദ്യ ലോകകപ്പ് മെഡൽ നേടാനുള്ള അവസരമുണ്ട്. അവർ അത് അർഹിക്കുന്നു. ഏഷ്യാ കപ്പിന് മുമ്പ്, ഇന്ത്യൻ ഏകദിന ടീം എവിടെയാണെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. അയ്യർ, രാഹുൽ, ബുംറ എന്നിവരുടെ തിരിച്ചുവരവ് തീർച്ചയായും ഒരു മാറ്റമുണ്ടാക്കി, ”യുവരാജ് കൂട്ടിച്ചേർത്തു

ഇത്രയും ബാലൻസ്ഡ് ആയ ഇന്ത്യൻ ടീമിനെ ഇതുവരെ കണ്ടിട്ടില്ല എന്ന് യുവരാജ്

ഇന്ത്യ ഈ ലോകകപ്പ് കിരീടം നേടും എന്ന് യുവരാജ് സിംഗ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇത്രയും സന്തുലിതമായ ഒരു ടീമിനെ താൻ മുമ്പ് കണ്ടിട്ടില്ലെന്ന് യുവരാജ് പറയുന്നു. 1999-2007 കാലഘട്ടത്തിൽ ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ മാത്രമേ ഇതുപോലെ 8-10 മാച്ച് വിന്നർമാർ ഉണ്ടായിരുന്നത് എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

“ഇന്ത്യൻ ടീമിൽ ഇതിലും മികച്ച ഒരു കോമ്പിനേഷൻ ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് ഒരു ടീമിൽ 5 ബാറ്റർമാരും 8-10 മാച്ച് വിന്നേഴ്‌സും ഉണ്ട്. 2003-2007ൽ ലോക ക്രിക്കറ്റിൽ ആധിപത്യം പുലർത്തുമ്പോൾ ഓസ്‌ട്രേലിയൻ ടീമിന് ഇത്തരമൊരു മികവ് ഉണ്ടായിരുന്നു,” യുവരാജ് സിംഗ് സ്പോർട്സ് ടാക്കിൽ പറഞ്ഞു.

വിരാട് കോഹ്ലി 100 സെഞ്ച്വറി കടക്കും എന്നും യുവരാജ് പറഞ്ഞു. “വിരാട് കോഹ്‌ലി പോകുന്ന വേഗതയിൽ, സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറികളുടെ റെക്കോർഡ് അദ്ദേഹം തകർക്കും. പ്രത്യേകിച്ച്, ഏകദിന ക്രിക്കറ്റിൽ, അദ്ദേഹത്തിന് കൂടുതൽ സെഞ്ചുറികൾ നേടാനാകുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് മികച്ച കൺവേർഷൻ റേറ്റ് ഉണ്ട്. 71 അർധസെഞ്ചുറികളും 50 സെഞ്ചുറികളും ഒരു തമാശയല്ല.” വിരാട് കോലിയെക്കുറിച്ച് യുവരാജ് സിംഗ് പറഞ്ഞു.

“രോഹിത് 100 ബോൾ നിന്നാൽ ഡബിൾ സെഞ്ച്വറി അടിക്കും” – യുവരാജ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നും എപ്പോഴും ഒരു ടീം പ്ലെയറാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. രോഹിത് വേറെ തലത്തിലാണ് ബാറ്റ് ചെയ്യുന്നത്, അദ്ദേഹം എന്നും എപ്പോഴും ഒരു ടീം കളിക്കാരനാണെന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ ഇതുവരെ 120നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 550 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

“രോഹിത് ശർമ്മ 40 പന്തുകൾ കളിച്ചാൽ 70-80 റൺസ് സ്‌കോർ ചെയ്യും. 100 പന്തുകൾ കളിച്ചാൽ ഇരട്ട സെഞ്ച്വറി നേടിയേക്കും. രോഹിത് ശർമ്മ ഒരു ടീം കളിക്കാരനാണ്, അവൻ എപ്പോഴും ഒരു ടീം പ്ലെയറാണ്. അവനെ സംബന്ധിച്ചിടത്തോളം ടീം ആണ് എപ്പോഴും ഒന്നാമതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം ടീം വിജയിക്കാൻ കാരണം,” യുവരാജ് പറഞ്ഞു.

സമ്മർദത്തിൻകീഴിലും രോഹിത് മികച്ച ക്യാപ്റ്റനാണ് “എന്നതാണ് രോഹിതിന്റെ പ്രത്യേകത. താൻ നേടിയ അഞ്ച് ഐപിഎൽ കിരീടങ്ങളിലൂടെ അദ്ദേഹം ഒരുപാട് അനുഭവങ്ങൾ നേടിയിട്ടുണ്ട്. തന്റെ ബൗളർമാരെ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് അവനറിയാം,” യുവരാജ് കൂട്ടിച്ചേർത്തു.

“താനു ധോണിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നില്ല” യുവരാജ്

താനും ധോണിയും സുഹൃത്തുക്കൾ ആണെങ്കിലും അടുത്ത സുഹൃത്തുക്കൾ അല്ല എന്ന് യുവരാജ് സിംഗ്.”ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ഞങ്ങൾ ക്രിക്കറ്റ് കാരണം സുഹൃത്തുക്കളായിരുന്നു, ഞങ്ങൾ ഒരുമിച്ച് കളിച്ചു. മഹിയുടെ ജീവിതശൈലി എന്നിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു, അതിനാൽ ഞങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല, ക്രിക്കറ്റ് കാരണം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു.” യുവരാജ് പറഞ്ഞു.

“ഞാനും മഹിയും ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഞങ്ങൾ 100% ത്തിലധികം നമ്മുടെ രാജ്യത്തിന് നൽകി, അതിൽ അദ്ദേഹം ക്യാപ്റ്റൻ, ഞാൻ വൈസ് ക്യാപ്റ്റൻ, നിങ്ങൾ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആകുമ്പോൾ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും,” യുവരാജ് പറഞ്ഞു.

“ചിലപ്പോൾ അവൻ എനിക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങൾ എടുത്തു, ചിലപ്പോൾ അവൻ ഇഷ്ടപ്പെടാത്ത തീരുമാനങ്ങൾ ഞാൻ എടുത്തു. അത് എല്ലാ ടീമുകളിലും സംഭവിക്കുന്നു. ഞാൻ എന്റെ കരിയറിന്റെ അവസാനത്തിൽ ആയിരിക്കുമ്പോൾ, എന്റെ കരിയറിനെ കുറിച്ച് ശരിയായ ചിത്രം ലഭിക്കാതിരുന്നപ്പോൾ, ഞാൻ അവനോട് ഉപദേശം ചോദിച്ചു.. സെലക്ഷൻ കമ്മറ്റി നിങ്ങളെ ഇപ്പോൾ നോക്കുന്നില്ലെന്ന് എന്നോട് പറഞ്ഞ ആളാണ് ധോണി. അത് എനിക്ക് കാര്യങ്ങൾ വ്യക്തമാകാൻ സഹായകമായി” അദ്ദേഹം കൂട്ടിച്ചേർത്തു.

“നിങ്ങളുടെ ടീമംഗങ്ങൾ ഫീൽഡിന് പുറത്ത് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാകണമെന്നില്ല. എല്ലാവർക്കും വ്യത്യസ്തമായ ജീവിതശൈലി ഉണ്ട്. ചില ആളുകൾ ചില ആളുകളുമായി ഇടപഴകുന്നു, ഫീൽഡിൽ ഇറങ്ങാൻ നിങ്ങൾ എല്ലാവരുമായും ഉറ്റ ചങ്ങാതിമാരായിരിക്കണമെന്നില്ല. നിങ്ങൾ ഏതെങ്കിലും ടീമിനെ എടുക്കുകയാണെങ്കിൽ, പതിനൊന്നുപേരും ഒത്തുചേരില്ല.” യുവരാജ് തുടർന്നു.

ഈ ഇന്ത്യൻ ടീമിന് ലോകകപ്പ് നേടാൻ ആകും എന്ന് വിശ്വാസം ഉണ്ടെന്ന് യുവരാജ് സിംഗ്

2023 ലോകകപ്പിൽ ഇന്ത്യക്ക് എല്ലാ ആശംസകളും നേർന്ന് കൊണ്ട് യുവരാജ് സിംഗ്. ഈ ഇന്ത്യക്ക് ലോകകപ്പ് നേടാൻ ഉള്ള കരുത്ത് ഉണ്ടെന്നും താനും ഈ രാജ്യവും ഈ സ്ക്വാഡിൽ വിശ്വസിക്കുന്നുണ്ട് എന്നും യുവരാജ് പറഞ്ഞു. ഇന്ത്യക്ക് ഒപ്പം ഏകദിന ലോകകപ്പും ടി20 ലോകകപ്പും നേടിയിട്ടുള്ള താരമാണ് യുവരാജ്.

“ഓരോ റണ്ണിനും ഓരോ വിക്കറ്റിനും ഓരോ വിജയത്തിനും ആഹ്ലാദിച്ചുകൊണ്ട് രാജ്യം മുഴുവൻ നിങ്ങളുടെ പിന്നിൽ ഉറച്ചു നിൽക്കുന്നു. എല്ലാം നൽകൂ, ഒരിക്കൽ കൂടി ആ ട്രോഫി വീട്ടിലേക്ക് കൊണ്ടുവരൂ. ഞങ്ങൾ നിങ്ങളിൽ വിശ്വസിക്കുന്നു, നിങ്ങൾക്കത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം!” യുവരാജ് എക്സിൽ കുറിച്ചു.

“2023 ലോകകപ്പിൽ ടീം ഇന്ത്യക്ക് എല്ലാ വിജയവും മഹത്വവും ആശംസിക്കുന്നു. നമുക്ക് വീണ്ടും ചരിത്രം സൃഷ്ടിക്കാം!” യുവരാജ് പറഞ്ഞു

“ആ ട്രോഫി ഉയർത്തുന്നത് എന്താണെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, നിങ്ങൾ ഓരോരുത്തരും ആ ആനന്ദം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ടീമിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഓർക്കുക, ലോകകപ്പ് എന്നത് ഒരു കിരീടം മാത്രമല്ല; അത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ”യുവരാജ് പോസ്റ്റ് ചെയ്തു.

യുവരാജ് സിംഗ് വിരമിച്ചത് മുതൽ ഇന്ത്യക്ക് നമ്പർ 4 പ്രശ്നമാണെന്ന് രോഹിത് ശർമ്മ

യുവരാജ് സിംഗ് വിരമിച്ചതിന് ശേഷം ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ നാലാം നമ്പറിൽ ഇന്ത്യക്ക് സ്ഥിരമായി ഒരു പരിഹാരം കണ്ടെത്താൻ ആയില്ല എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

“നമ്പർ 4 വളരെക്കാലമായി ഞങ്ങൾക്ക് ഒരു പ്രശ്നമാണ്. യുവിക്ക് ശേഷം ആരും വന്ന് ആ സ്ഥാനം സ്ഥിരമായി സ്വന്തമാക്കിയിട്ടില്ല. ശ്രേയസ് അയ്യർ യഥാർത്ഥത്തിൽ ബാറ്റ് ചെയ്യുന്നത് നമ്പർ നമ്പറിലാണ്. നമ്പർ 4ൽ അവൻ നന്നായി ചെയ്തു – അവന്റെ നമ്പേഴ്സ് വളരെ മികച്ചതുമാൺ ,” രോഹിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“നിർഭാഗ്യവശാൽ, പരിക്കുകൾ ശ്രേയസ് അയ്യറിനെ ബുദ്ധിമുട്ടിച്ചു; അവൻ കുറച്ചുകാലമായി പുറത്താണ്, സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞ 4-5 വർഷമായി ഇതാണ് സംഭവിക്കുന്നത്. പലർക്കും പരിക്കേറ്റത് കൊണ്ട് ആ സ്ഥാനത്ത് സ്ഥിരമായി ഒരാളെ കണ്ടെത്താൻ ആയില്ല, ”അദ്ദേഹം പറഞ്ഞു.

രണ്ട് മാസത്തിനുള്ളിൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കെ, നാലാം സ്ഥാനത്തേക്ക് അനുയോജ്യമായ കളിക്കാരനെ കണ്ടെത്താൻ ഇന്ത്യൻ ടീം പാടുപെടുകയാണ്.

ഇന്ത്യൻ ഇതിഹാസങ്ങളുടെ വെടിക്കെട്ട്, സച്ചിനും യൂസുഫും യുവരാജും തിളങ്ങി

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.

ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി. 3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. ഇതിനു ശേഷം വന്ന യൂസുഫ് പഠാൻ 11 പന്തിൽ 27 റൺസ് അടിച്ചു. 3 സിക്സ് ആണ് യൂസുഫ് അടിച്ചത്‌ അവസാനം യുവരാജും തകർത്തതോടെ ഇന്ത്യക്ക് നല്ല സ്കോർ ആയി.

യുവരാജ് 15 പന്തിൽ നിന്ന് 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. യുവരാജും 3 സിക്സെടുത്തു. റെയ്ന 12, ഇർഫാൻ 11*, നമാൻ ഓജ 20, ബിന്നി 18 എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി മിച്ചൽ മാർഷും ഹേസൽവുഡും

ടി20 ലോകകപ്പ് ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷും ഹേസൽവുഡും. ഐ.സി.സിയുടെ മൂന്ന് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ റെക്കോർഡിനൊപ്പമാണ് ഓസ്‌ട്രേലിയൻ താരങ്ങൾ എത്തിയത്. അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കുന്ന ആദ്യ താരമായി യുവരാജ് സിങ് നേരത്തെ മാറിയിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് മിച്ചൽ മാർഷും ഹേസൽവുഡും എത്തിയത്.

യുവരാജ് സിങ് 2000ൽ അണ്ടർ 19 ലോകകപ്പ് നേടുകയും തുടർന്ന് 2007ൽ ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പ് കിരീടവും നേടിയിരുന്നു. 2010ൽ അണ്ടർ 19 കിരീടം നേടിയ ഓസ്‌ട്രേലിയൻ ടീമിലെ അംഗങ്ങൾ ആയിരുന്നു മിച്ചൽ മാർഷും ഹേസൽവുഡും. തുടർന്ന് 2015ൽ ഇവർ ഏകദിന ലോകകപ്പ് കിരീടവും നേടിയിരുന്നു.

ജാതി പരാമര്‍ശം, യുവരാജ് സിംഗ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

ജൂൺ 2020ലെ രോഹിത് ശര്‍മ്മയുമായുള്ള തന്റെ ലൈവ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലെ ജാതീയമായ പരാമര്‍ശത്തിന് യുവരാജ് സിംഗ് അറസ്റ്റിൽ. യൂസുവേന്ദ്ര ചഹാലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് സംസാരിക്കുമ്പോളാണ് യുവരാജിൽ നിന്ന് ഈ പരാമര്‍ശം വന്നത്. യുവരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താരത്തിനെ ജാമ്യത്തിൽ വിടുകയായിരുന്നു.

ഹരിയാനയിലെ ഹന്‍സിയിൽ ഒരു ദളിത് ആക്ടിവിസ്റ്റ് നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഇതോടെ യുവരാജ് സിംഗ് ഹിസാറിൽ വന്ന് കീഴടങ്ങുകയായിരുന്നു.

രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു താരത്തിനെ അറസ്റ്റ് ചെയ്തത്.

ഓപ്പണിംഗിൽ രോഹിത്തും ഗില്ലുമായിരിക്കും ഇറങ്ങുക, യുവിയുടെ പ്രവചനം ഇപ്രകാരം

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ ഓപ്പണിംഗിൽ ഇറങ്ങുക രോഹിത്ത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലുമായിരിക്കുമെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ഡ്യൂക്ക് ബോളിൽ തുടക്കം നന്നാവണമെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ പുതുമുഖമായ ഗില്ലിനും അടുത്തിടെ ടെസ്റ്റ് ഓപ്പണിംഗിലേക്ക് തിരികെയെത്തിയ രോഹിത്തിനുമാവും ഇന്ത്യന്‍ മാനേജ്മെന്റ് അവസരം നല്‍കുകയെന്ന് യുവരാജ് അഭിപ്രായം പങ്കുവെച്ചു.

രോഹിത് ശര്‍മ്മയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് തുണയാകുമെന്നും താരം ഓപ്പണിംഗിൽ ഏഴ് ശതകങ്ങള്‍ ടെസ്റ്റിൽ നേടിയിട്ടുണ്ടെന്നുള്ളതും മറക്കരുതെന്ന് യുവി പറഞ്ഞു. എന്നാൽ ഇരുവരും ഇംഗ്ലണ്ടിൽ ഇതുവരെ ഓപ്പൺ ചെയ്തിട്ടില്ലെന്നതും പരിഗണിക്കേണ്ട കാര്യമാണെന്ന് യുവി പറഞ്ഞു.

ഇന്ത്യ മത്സരത്തെ ഓരോ സെഷനായി സമീപിക്കണമെന്നാണ് യുവരാജ് സിംഗ് പറ‍ഞ്ഞത്. ബോള്‍ വളരെ അധികം സ്വിംഗ് ചെയ്യുമെന്നത് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സാഹചര്യവുമായി പൊരുത്തപ്പെട്ടുവാന്‍ എത്രയും വേഗം സാധിക്കുന്നുവോ അതാണ് പ്രധാനമെന്നും യുവരാജ് കൂട്ടിചേര്‍ത്തു.

റോഡ് സേഫ്ടി വേള്‍ഡ് സീരീസിനായി സച്ചിനും യുവരാജും റായ്പൂരില്‍ എത്തി

റോഡ് സേഫ്ടി വേള്‍ഡ് സീരീസ് 2021ല്‍ പങ്കെടുക്കുന്നതിനായി സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംഗും റായ്പൂരില്‍ എത്തി. മാര്‍ച്ച് 2020ല്‍ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. മാര്‍ച്ച് 5ന് റായ്പൂരില്‍ വീണ്ടും ടൂര്‍ണ്ണമെന്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യ ലെജന്‍ഡ്സിന് വേണ്ടിയാണ് സച്ചിനും യുവരാജും കളത്തിലിറങ്ങുന്നത്.

മുംബൈയിലും പൂനെയിലും നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് ഇവിടങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചത്തീസ്ഗഢിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

യുവരാജ് സിംഗ് ആണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ സച്ചിനുമായി പിപിഇ കിറ്റ് ധരിച്ചുള്ള ചിത്രം പങ്കുവെച്ചത്. മാര്‍ച്ച് 21ന് ആണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ നടക്കുക.

Exit mobile version