സ്ട്രൈക്ക് റേറ്റ് ഉയര്‍ന്ന് തന്നെ നിൽക്കണമെന്ന് ശ്രദ്ധിച്ചിരുന്നു – ജൈസ്വാള്‍

മികച്ച ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിക്കണമെന്നത് ആയിരുന്നു താന്‍ ലക്ഷ്യം വെച്ചതെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയൽസിന് വേണ്ടി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ യശസ്വി ജൈസ്വാള്‍. തനിക്ക് ഗ്രൗണ്ടിൽ കാറ്റ് വീശുന്നത് എങ്ങോട്ടെന്ന ബോധ്യവുമുണ്ടായിരുന്നുവെന്നും അതും കണക്ക് കൂട്ടിയാണ് താന്‍ പല ഷോട്ടുകളും ഉതിര്‍ത്തതെന്നും ജൈസ്വാള്‍ സൂചിപ്പിച്ചു.

താന്‍ ടീം മാനേജ്മെന്റുമായി കഴിഞ്ഞ കുറച്ച് സീസണായി മികച്ച രീതിയിൽ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും താന്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‍ലി, ധോണി എന്നിവരുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും ജൈസ്വാള്‍ പറഞ്ഞു. സമ്മര്‍ദ്ദം താന്‍ ഇഷ്ടപ്പെടുന്നുവെന്നും അപ്പോള്‍ മികവ് പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണെന്നും പറഞ്ഞ ജൈസ്വാള്‍ തന്റെ ശ്രദ്ധ സ്ട്രൈക്ക് റേറ്റ് ഉയര്‍ന്ന് നിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലായിരുന്നുവെന്നും പറഞ്ഞു.

ജൈസ്വാളിന്റെ വെടിക്കെട്ട്!!! പിന്നെ ചെന്നൈയുടെ തിരിച്ചുവരവ്, അവസാന ഓവറുകളിൽ ധ്രുവ് ജുറെൽ മായാജാലം

യശസ്വി ജൈസ്വാളിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ച് ധ്രുവ് ജുറെൽ – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട്. 20 പന്തിൽ നിന്ന് 47 റൺസ് നേടിയ ഈ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്താണ് രാജസ്ഥാനെ 202/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.


യശസ്വി ജൈസ്വാള്‍ – ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് മിന്നും തുടക്കം രാജസ്ഥാന് നൽകിയപ്പോള്‍ യശസ്വി ജൈസ്വാള്‍ ആയിരുന്നു കൂട്ടത്തിൽ അപകടകാരിയായത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 64 റൺസാണ് രാജസ്ഥാന്‍ നേടിയത്.

ജൈസ്വാള്‍ 26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.  21 പന്തിൽ 27 റൺസ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തത്. 86 റൺസായിരുന്നു രാജസ്ഥാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.

പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ 100 റൺസാണ് നേടിയത്. പിന്നീടുള്ള ഓവറുകളിൽ റൺറേറ്റിന് തടയിടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചപ്പോള്‍ 14ാം ഓവറിൽ സഞ്ജുവിനെയും(17) ജൈസ്വാളിനെയും പുറത്താക്കി തുഷാര്‍ ദേശ്പാണ്ടേ ഇരട്ട പ്രഹരം രാജസ്ഥാനെ ഏല്പിച്ചു. 43 പന്തിൽ 77 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.

തീക്ഷണ ഷിമ്രൺ ഹെറ്റ്മ്യറെ പുറത്താക്കിയതോടെ 125/1 എന്ന നിലയിൽ നിന്ന് 146/4 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. താളംതെറ്റി ആടിയുലഞ്ഞ രാജസ്ഥാനെ അഞ്ചാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറെലും ചേര്‍ന്ന് 47 റൺസ് നേടിയാണ് രാജസ്ഥാനെ 202 റൺസിലേക്ക് എത്തിച്ചത്.

ജുറെൽ 15 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. ദേവ്ദത്ത് പടിക്കൽ 13 പന്തിൽ 27 റൺസ് നേടി.

ബട്‍ലറിൽ നിന്ന് ഏറെക്കാര്യം പഠിക്കുവാന്‍ ശ്രമിക്കാറുണ്ട് – യശസ്വി ജൈസ്വാള്‍

രാജസ്ഥാന്റെ ഇന്നലെ ഡൽഹിയ്ക്കെതിരെയുള്ള വിജയത്തിൽ ജോസ് ബട്‍ലറാണ് 79 റൺസുമായി ടോപ് സ്കോററെങ്കിലും 31 പന്തിൽ 60 റൺസ് നേടിയ യശസ്വി ജൈസ്വാള്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

താന്‍ ഒട്ടേറെ കാര്യങ്ങള്‍ ജോസ് ബട്ലറിൽ നിന്ന് പഠിക്കുന്നുണ്ടെന്നും താരം പ്രാക്ടീസ് ചെയ്യുന്ന കാര്യങ്ങള്‍ സസൂക്ഷമം വീക്ഷിക്കാറുണ്ടെന്നും ജൈസ്വാള്‍ പറഞ്ഞു.

ലൂസ് ബോള്‍ ആണെങ്കിൽ താന്‍ വേറൊന്നും ചിന്തിക്കാറില്ലെന്നും ആക്രമിച്ച് തന്നെ കളിക്കുമെന്നും ജൈസ്വാള്‍ പറഞ്ഞു. താന്‍ ഏറെ പ്രയത്നം ചെയ്തിട്ടുണ്ടെന്നും യുവ താരമെന്ന നിലയിൽ ടീമിനൊപ്പം വളര്‍ന്ന് വരുന്നത് ഏറെ പ്രധാനമാണെന്നും ജൈസ്വാള്‍ സൂചിപ്പിച്ചു.

സര്‍ഫ്രാസിനും ശതകം, അഞ്ഞൂറും കടന്ന് വെസ്റ്റ് സോൺ

500ന് മേലെയുള്ള സ്കോര്‍ നേടി ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോൺ കുതിയ്ക്കുന്നു. മത്സരത്തിൽ 467 റൺസിന്റെ ലീഡാണ് ഇപ്പോള്‍ വെസ്റ്റ് സോണിന്റെ കൈവശമുള്ളത്. 120 ഓവറിൽ 524/4 എന്ന നിലയിലാണ് വെസ്റ്റ് സോൺ. 100 റൺസുമായി സര്‍ഫ്രാസും 18 റൺസ് നേടി ഹെത് പട്ടേലുമാണ് ക്രീസിലുള്ളത്.

265 റൺസ് നേടിയ യശസ്വി ജൈസ്വാളിനെ ആണ് വെസ്റ്റ് സോണിന് ഇന്ന് നഷ്ടമായത്. കൃഷ്ണപ്പ ഗൗതമിന് ആണ് വിക്കറ്റ്.

വെസ്റ്റ് സോണിന്റെ ലീഡ് മുന്നൂറ് കടന്നു, യശസ്വി ജൈസ്വാളിന് ഇരട്ട ശതകം

യശസ്വി ജൈസ്വാളിന്റെ ഇരട്ട ശതകത്തിന്റെ ബലത്തിൽ ദുലീപ് ട്രോഫി ഫൈനലില്‍ പിടിമുറുക്കി വെസ്റ്റ് സോൺ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 319 റൺസിന്റെ ലീഡാണ് വെസ്റ്റ് സോണിന്റെ കൈവശമുള്ളത്. ആദ്യ ഇന്നിംഗ്സിൽ വെറും 270 റൺസിന് ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സിൽ 376/3 എന്ന അതിശക്തമായ നിലയിലാണ്.

209 റൺസുമായി യശസ്വി ജൈസ്വാളും 30 റൺസുമായി സര്‍ഫ്രാസ് ഖാനും ആണ് ക്രീസിലുള്ളത്. ശ്രേയസ്സ് അയ്യര്‍ 71 റൺസ് നേടി പുറത്തായി.

മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, വെസ്റ്റ് സോൺ കുതിയ്ക്കുന്നു

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് 327 റൺസിന് അവസാനിപ്പിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് സോൺ. മൂന്നാം ദിവസം ഉച്ച ഭക്ഷണ സമയത്ത് വെസ്റ്റ് സോൺ 129/1 എന്ന നിലയിലാണ്.

ഓപ്പണര്‍മാരായ യശസ്വി ജൈസ്വാളും  പ്രിയാങ്ക് പഞ്ചൽ(40) ചേര്‍ന്ന് 110 റൺസ്  ആണ് ഒന്നാം വിക്കറ്റിൽ നേടിയത്.  72 റൺസിന്റെ ലീഡ് വെസ്റ്റ് സോണിന്റെ കൈവശമുണ്ട്. 68 റൺസ് നേടിയ ജൈസ്വാളും 13 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. സായി കിഷോറിനാണ് പ്രിയാങ്ക് പഞ്ചലിന്റെ വിക്കറ്റ്.

ചിന്തന്‍ ഗജ രവി തേജയെയും സായി കിഷോറിനെയും പുറത്താക്കിയപ്പോള്‍ ബേസിൽ തമ്പിയെ പുറത്താക്കി ജയ്ദേവ് ഉനഡ്കട് സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. തേജ 34 റൺസ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്. ഉനഡ്കട് നാലും അതിത് സേഥ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ചിന്തന്‍ ഗജ രണ്ട് വിക്കറ്റിന് ഉടമയായി.

അശ്വിന്‍ വീരനായകന്‍!!! ജൈസ്വാളിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ വിജയം ഒരുക്കി അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയൽസിന് 5 വിക്കറ്റ് വിജയം. വിജയത്തോടെ 18 പോയിന്റുമായി രാജസ്ഥാന്‍ റോയൽസ് രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് കടന്നു. ജൈസ്വാളിന്റെ 59 റൺസും 23 പന്തിൽ 40 റൺസ് നേടി പുറത്താകാതെ നിന്ന രവിചന്ദ്രന്‍ അശ്വിനും വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു.

ജോസ് ബട്‍ലര്‍ വീണ്ടും ചെറിയ സ്കോറിൽ പുറത്തായപ്പോള്‍ സ്കോറിൽ ബോര്‍ഡിൽ 16 റൺസ് മാത്രമായിരുന്നു. പിന്നീട് യശസ്വി ജൈസ്വാളും സഞ്ജുവും ചേര്‍ന്ന് 51 റൺസ് നേടി രാജസ്ഥാനെ മുന്നോട്ട് നയിച്ചുവെങ്കിലും ടൈം ഔട്ടിന് ശേഷം ബ്രേക്ക് ത്രൂ നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

15 റൺസ് നേടിയ സഞ്ജുവിനെ മികച്ചൊരു ക്യാച്ചിലൂടെ സ്വന്തം ബൗളിംഗിൽ മിച്ചൽ സാന്റനര്‍ പുറത്താക്കുകയായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 73 റൺസാണ് രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ദേവ്ദത്ത് പടിക്കലിനെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ രാജസ്ഥാന് കാര്യങ്ങള്‍ കൂടുതൽ പ്രയാസമായി മാറി.

ഒരു ഘട്ടത്തിൽ 84 പന്തിൽ 99 റൺസ് നേടേണ്ടിയിരുന്ന രാജസ്ഥാന്റെ ലക്ഷ്യം പിന്നീട് 42 പന്തിൽ 67 റൺസായി മാറി. മോയിന്‍ അലി എറിഞ്ഞ 14ാം ഓവറിൽ അശ്വിന്‍ സിക്സ് നേടിയപ്പോള്‍ അതേ ഓവറിൽ ജൈസ്വാൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 39 പന്തിൽ നിന്നാണ് താരം തന്റെ അര്‍ദ്ധ ശതകം നേടിയത്.

എംഎസ് ധോണി പ്രശാന്ത് സോളങ്കിയെ ബൗളിംഗിലേക്ക് കൊണ്ടുവന്നപ്പോള്‍ ജൈസ്വാൽ താരത്തെ സിക്സര്‍ പറത്തിയാണ് വരവേറ്റത്. എന്നാൽ ഓവറിൽ ജൈസ്വാളിനെ ഓവറിൽ സോളങ്കി പുറത്താക്കി. 44 പന്തിൽ 59 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.

ഇതോടെ 30 പന്തിൽ 47 റൺസെന്ന നിലയിലേക്ക് ലക്ഷ്യം മാറി. തന്റെ അടുത്തോവറിൽ തന്നെ ബൗണ്ടറി പറത്തിയ ഹെറ്റ്മ്യറിനെയും പുറത്താക്കി പ്രശാന്ത് സോളങ്കി പകരം വീട്ടിയപ്പോള്‍ ഓവറിലെ അവസാന പന്തിൽ സിക്സര്‍ നേടി അശ്വിന്‍ ലക്ഷ്യം 18 പന്തിൽ 32 റൺസാക്കി മാറ്റി.

മതീഷ പതിരാന എറിഞ്ഞ 18ാം ഓവറിൽ അശ്വിനും പരാഗും ചേര്‍ന്ന് ഓരോ ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ 13 റൺസ് നേടി. മുകേഷ് ചൗധരി എറിഞ്ഞ 19ാം ഓവറിൽ അശ്വിന്‍ നേടിയ സിക്സ് അടക്കം 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 7 ആയി മാറി. അശ്വിന്റെ മികവിൽ 2 പന്ത് അവശേഷിക്കെ രാജസ്ഥാന്‍ 5 വിക്കറ്റ് വിജയം നേടി.

മാജിക്കൽ മഹിപാൽ!!! അര്‍ഷ്ദീപിന് അഞ്ച് വിക്കറ്റ്, പഞ്ചാബിന് വിജയിക്കുവാന്‍ 186 റൺസ്

യശസ്വി ജൈസ്വാലും എവിന്‍ ലൂയിസും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തീപ്പൊരി ഇന്നിംഗ്സുമായി മഹിപാൽ ലോംറോറും കസറിയപ്പോള്‍ മികച്ച സ്കോറിലേക്ക് കുതിച്ച് രാജസ്ഥാന്‍ റോയൽസ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് പെട്ടെന്ന് പുറത്തായെങ്കിലും മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ 185 റൺസ് നേടുകയായിരുന്നു. അവസാന പന്തിൽ രാജസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ജൈസ്വാലിന് തന്റെ അര്‍ദ്ധ ശതകം ഒരു റൺസിന് നഷ്ടമാകുകയായിരുന്നു.

ജൈസ്വാൽ 36 പന്തിൽ 49 റൺസാണ് നേടിയത്. മഹിപാൽ 17 പന്തിൽ 43 റൺസ് നേടി. 200ന് മേലെ ടീം സ്കോര്‍ ചെയ്യുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് രാജസ്ഥാനെ 185 റൺസിൽ ഒതുക്കി.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 57/1 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. അടിച്ച് തകര്‍ക്കുകയായിരുന്ന എവിന്‍ ലൂയിസിനെ പവര്‍പ്ലേയിലെ അവസാന ഓവറിൽ അര്‍ഷ്ദീപ് പുറത്താക്കുകയായിരുന്നു. 54 റൺസാണ് ഒന്നാം വിക്കറ്റിൽ എവിന്‍-ജൈസ്വാൽ കൂട്ടുകെട്ട് നേടിയത്. ലൂയിസ് 21 പന്തിൽ 36 റൺസാണ് നേടിയത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 4 റൺസ് മാത്രം നേടി മടങ്ങിയപ്പോള്‍ ഇഷാന്‍ പോറൽ ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റ് നേടി.

യശസ്വി ജൈസ്വാൽ തന്റെ മികവാര്‍ന്ന പ്രകടനം തുടര്‍ന്ന് ലിയാം ലിവംഗ്സ്റ്റണുമായി ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. 28 പന്തിൽ 48 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 17 പന്തിൽ 25 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിനെ വീഴ്ത്തി അര്‍ഷ്ദീപ് സിംഗ് തന്റെ രണ്ടാമത്തെ വിക്കറ്റുമായി പഞ്ചാബിന് ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു. തകര്‍പ്പന്‍ ക്യാച്ചിലൂടെ ഫാബിയന്‍ അല്ലെനാണ് അര്‍ഷ്ദീപിന് വിക്കറ്റ് നേടിക്കൊടുത്തത്.

അധികം വൈകാതെ രാജസ്ഥാന് ജൈസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഹര്‍പ്രീത് ബ്രാര്‍ ആണ് വിക്കറ്റ് നേടിയത്. ജൈസ്വാൽ പുറത്താകുമ്പോള്‍ 14.2 136/4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയൽസ്. അധികം വൈകാതെ രാജസ്ഥാന് ജൈസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഹര്‍പ്രീത് ബ്രാര്‍ ആണ് വിക്കറ്റ് നേടിയത്. ജൈസ്വാൽ പുറത്താകുമ്പോള്‍ 14.2 136/4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയൽസ്.

പിന്നീട് കണ്ടത് മഹിപാൽ ലോംറാറിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. ആദിൽ റഷീദിനെയും ദീപക് ഹൂഡയെയും തിരഞ്ഞ് പിടിച്ച് സിക്സറുകള്‍ പറത്തിയ ലോംറോര്‍ മത്സരം മാറ്റി മറിയ്ക്കുന്ന ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. 43 റൺസ് നേടിയ മഹിപാലിനെ വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാമത്തെ വിക്കറ്റ് നേടുകയായിരുന്നു. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് താരം നേടിയത്.

മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതിൽ അവസാന ഓവറുകളിൽ ക്രിസ് മോറിസ്, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു.

 

ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് രാജസ്ഥാന്റെ യുവ താരങ്ങള്‍ക്ക് ജോസ് ബട്‍ലറുടെ സ്നേഹസമ്മാനം

ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തിയതോടെ വിദേശ താരങ്ങള്‍ സ്വന്തം നാട്ടിലേക്ക് എത്രയും വേഗം മടങ്ങുവാന്‍ ശ്രമിക്കുന്ന വാര്‍ത്തകളാണ് ഈ അടുത്ത ദിവസങ്ങളിലായി നമ്മള്‍ കേട്ടത്. ഇപ്പോള്‍ ഇംഗ്ലണ്ട് താരവും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുമായി ജോസ് ബട്‍ലര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്റെ ടീമിലെ യുവ താരങ്ങള്‍ക്ക് സമ്മാനമായി ബാറ്റും കീപ്പിംഗ് ഗ്ലൗവും കൊടുത്ത വാര്‍ത്തയാണ് നമ്മളിലേക്ക് എത്തുന്നത്.

ഓപ്പണിംഗില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നോടൊപ്പം ഇറങ്ങിയിരുന്ന യശസ്വി ജൈസ്വാളിന് താരം ബാറ്റും. രാജസ്ഥാന്റെ ഈ സീസണിലെ അവസാന മത്സരത്തില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അനുജ് റാവത്തിന് തന്റെ കീപ്പിംഗ് ഗ്ലൗവുമാണ് ജോസ് ബട്‍ലര്‍ നല്‍കിയത്.

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ രാജസ്ഥാന് വേണ്ടി സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ശതകം നേടിയാണ് ജോസ് ബട്‍ലര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ടൂര്‍ണ്ണമെന്റ് നിര്‍ത്തിവയ്ക്കുവാന്‍ കോവിഡ് കേസുകള്‍ ബയോ ബബിളിനുള്ളിലെത്തിയതും കാരണമായി മാറുകയായിരുന്നു.

മികച്ച തുടക്കം ഉപയോഗിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്, 171 റണ്‍സ്

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 200നടുത്തുള്ള സ്കോര്‍ ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ലഭിച്ച തുടക്കം രാജസ്ഥാന്‍ താരങ്ങള്‍ക്ക് വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ജോസ് ബട്‍ലറും യശസ്വി ജൈസ്വാലും ചേര്‍ന്ന് കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ പതറിയെങ്കിലും ജോസ് ബ‍ട്ലര്‍ പിന്നെ വേഗത്തില്‍ സ്കോറിംഗ് നടത്തുകയായിരുന്നു.

എട്ടാം ഓവറില്‍ 32 പന്തില്‍ 41 റണ്‍സ് നേടിയ ജോസ് ബട‍്ലര്‍ പുറത്താകുമ്പോള്‍ 66 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഒന്നാം വിക്കറ്റില്‍ നേടിയത്. 20 പന്തില്‍ 32 റണ്‍സ് നേടിയ യശസ്വി ജൈസ്വാലിനെയും രാഹുല്‍ ചഹാര്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ 9.5 ഓവറില്‍ 91/2 എന്ന നിലയിലായിരുന്നു.

പിന്നീട് സഞ്ജു സാംസണും ശിവം ഡുബേയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് നേടിയത്. 27 പന്തില്‍ 42 റണ്‍സ് നേടിയ സഞ്ജുവിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയാണ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്.

തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയും(35) പുറത്താകുകയായിരുന്നു. അവസാന പത്തോവറില്‍ വെറും 80 റണ്‍സാണ് രാജസ്ഥാന് നേടാനായത്. അതും അവസാന ഓവറില്‍ പിറന്ന 12 റണ്‍സാണ് ടീമിനെ 171/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.

 

രാജസ്ഥാന്റെ വിജയം ഉറപ്പാക്കി കരുതലോടെ സഞ്ജുവിന്റെ ഇന്നിംഗ്സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയെ 133 റണ്‍സിന് ഒതുക്കിയ ശേഷം 18.5 ഓവറില്‍ 4 നഷ്ടത്തിലാണ് രാജസ്ഥാന്റെ വിജയം. സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയ്ക്ക് കടിഞ്ഞാണിട്ട് റിസ്ക് എടുക്കാതെ ക്രീസില്‍ നിലയുറപ്പിച്ചാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. സഞ്ജുവിന് പിന്തുണയുമായി ഡേവിഡ് മില്ലര്‍, ശിവം ഡുബേ, യശസ്വി ജൈസ്വാല്‍ എന്നിവരാണ് നിര്‍ണ്ണായക സംഭാവന നല്‍കിയത്.

ജോസ് ബട്‍ലറുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും മറുവശത്ത് ഈ സീസണിലെ ആദ്യാവസരം ലഭിച്ച യശസ്വി ജൈസ്വാല്‍ 22 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ താരത്തിനെ പുറത്താക്കി ശിവം മാവി മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാമത്തെ ബ്രേക്ക്ത്രൂ നേടിക്കൊടുത്തു.

പകരം ക്രീസിലെത്തിയ ശിവം ഡുബേയും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 9ാം ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 77/2 എന്ന നിലയിലായിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം അധികം വൈകാതെ ശിവം ഡുബേയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 45 റണ്‍സാണ് സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് നേടിയത്. ശിവം ഡുബേ 18 പന്തില്‍ 22 റണ്‍സ് നേടിയാണ് പുറത്തായത്.

ഡുബേ പുറത്തായപ്പോള്‍ മില്ലറിന് പകരം രാഹുല്‍ തെവാത്തിയെയാണ് രാജസ്ഥാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയത്. എന്നാലത് വിജയം കണ്ടില്ല. 5 റണ്‍സ് മാത്രം നേടിയ താരത്തിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡ് 100/4 എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവിനൊപ്പം അഞ്ചാം വിക്കറ്റില്‍ നേടിയ 34 റണ്‍സിന്റെ ബലത്തില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സഞ്ജു 41 പന്തില്‍ 42 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 24 റണ്‍സും നേടിയാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.

34 റണ്‍സാണ് മില്ലര്‍ – സഞ്ജു കൂട്ടുകെട്ട് നേടിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി.

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍ മുംബൈ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 7 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

യശസ്വി ജൈസ്വാലും ആദിത്യ താരെയും ചേര്‍ന്ന് 88 റണ്‍സാണ് 9.5 ഓവറില്‍ മുംബൈയ്ക്കായി നേടിയത്. 42 റണ്‍സ് നേടിയ ആദിത്യ താരെയെ ജലജ് സക്സേന പുറത്താക്കിയപ്പോളാണ് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ ലഭിച്ചത്. അധികം വൈകുന്നതിന് മുമ്പ് 40 റണ്‍സ് നേടിയ ജൈസ്വാലിനെ മുംബൈയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 101 റണ്‍സാണ് നേടിയത്. നിധീഷിനായിരുന്നു വിക്കറ്റ്.

അതിന് ശേഷം സൂര്യകുമാര്‍ യാദവും സിദ്ധേഷ് ലാഡും ചേര്‍ന്ന് 49 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 21 റണ്‍സ് നേടിയ ലാഡിനെ പുറത്താക്കി ജലജ് സക്സേന തന്റെ രണ്ടാം വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവിനെയും(38) പുറത്താക്കി ജലജ് സക്സേന മുംബൈയുടെ കുതിപ്പിന് തടയിട്ടു.

അവസാന ഓവറുകളില്‍ സര്‍ഫ്രാസ് ഖാനും ശിവം ഡുബേയും കേരള ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചപ്പോള്‍ മുംബൈ ഇരുനൂറും കടന്ന് മുന്നോട്ട് പോകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെഎം ആസിഫ് മുംബൈയെ 196 റണ്‍സില്‍ ഒതുക്കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 43 റണ്‍സാണ് നേടിയത്.

ശിവം ഡുബേ 13 പന്തില്‍ 26 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 9 പന്തില്‍ 17 റണ്‍സുമാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ സര്‍ഫ്രാസിനെയും ശിവം ഡുബേയെയും ആസിഫ് പുറത്താക്കിയെങ്കിലും താരത്തിന് ഹാട്രിക് നേടാനായില്ല. അവസാന പന്തില്‍ അഥര്‍വ്വയുടെ വിക്കറ്റ് വീഴ്ത്തി താരം തന്റെ മൂന്ന് വിക്കറ്റ് നേട്ടം തികച്ചു.

Exit mobile version