സൂപ്പർ താരങ്ങൾ ഉള്ള വെസ്റ്റ് സോണിനെ വീഴ്ത്തി സൗത്ത് സോൺ ദുലീപ് ട്രോഫി സ്വന്തമാക്കി

2023-ലെ ദുലീപ് ട്രോഫി കിരീടം സൗത്ത് സോൺ സ്വന്തമാക്കി. സൂപ്പർ താരങ്ങൾ അടങ്ങിയ വെസ്റ്റ് സോണിനെതിരെ അവസാന ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ സൗത്ത് സോൺ വിജയം ഉറപ്പിച്ചു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹനുമ വിഹാരിയുടെ നേതൃത്വത്തിലുള്ള സൗത്ത് സോൺ 75 റൺസിന്റെ വിജയമാണ് നേടിയത്. സൗത്ത് സോൺ ലിത് പതിനാലാം തവണയാണ് ദുലീപ് ട്രോഫി സ്വന്തമാക്കുന്നത്‌.

298 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് സോണിന്റെ പ്രധാന താരങ്ങൾ തുടക്കത്തിൽ തന്നെ കൂടാരം കയറിയിരിന്നു‌. ചെസ്തേശ്വർ പൂജാര (15), സൂര്യകുമാർ യാദവ് (4), പൃഥ്വി ഷാ (7) എന്നിവർ ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ വെസ്റ്റ് സോൺ 79/4 എന്ന നിലയിൽ ആയിരുന്നു.

ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചലും സർഫറാസ് ഖാനും ചേർന്നാണ് അവിടുന്ന് ടീമിനെ കരകയറ്റിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 98 റൺസിന്റെ കഠിനമായ കൂട്ടുകെട്ട് രേഖപ്പെടുത്തി. 48 റൺസെടുത്ത സർഫറാസിന്റെ വിക്കറ്റ് രവിശ്രീനിവാസൻ സായ് കിഷോർ സ്വന്തമാക്കിയതോടെ കളി സൗത്ത് സോണിന്റെ കയ്യിലേക്ക് വീണ്ടും വന്നു. നാലാം ദിനം കളി നിർത്തുമ്പോൾ 205 പന്തിൽ 11 ബൗണ്ടറികളടക്കം 92 റൺസുമായി പഞ്ചൽ പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് തുടക്കത്തിൽ തന്നെ പഞ്ചൽ നടങ്ങി.

വെസ്റ്റ് സോൺ 222 റൺസിന് പുറത്തായി. വെറും നാല് റൺസ് എടുക്കുന്നതിനിടയിലാണ് അവരുടെ അവസാന മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. സൗത്ത് സോണിന് വേണ്ടി വാസുകി കൗശിക്കും സായ് കിഷോറും നാല് വിക്കറ്റ് വീതം വീഴ്ത്തി. ‌

ദുലീപ് ട്രോഫി ജേതാക്കളായി വെസ്റ്റ് സോൺ, സൗത്ത് സോണിനെ തകര്‍ത്തത് 294 റൺസിന്

സൗത്ത് സോണിനെതിരെ 294 റൺസ് വിജയത്തോടെ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി വെസ്റ്റ് സോൺ. 529 റൺസിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോണിന് രണ്ടാം ഇന്നിംഗ്സിൽ 234 റൺസ് മാത്രമേ നേടാനായുള്ളു.

ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് സോൺ വെറും 270 റൺസിന് പുറത്തായപ്പോള്‍ സൗത്ത് സോൺ 327 റൺസ് നേടി ലീഡ് കരസ്ഥമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജൈസ്വാളിന്റെ ഇരട്ട ശതകവും സര്‍ഫ്രാസ് ഖാന്റെ ശതകവും വെസ്റ്റ് സോണിനെ 585/4 എന്ന സ്കോറിലേക്ക് എത്തിച്ചു.

സൗത്ത് സോൺ നിരയിൽ രോഹന്‍ കുന്നുമ്മൽ 93 റൺസും രവി തേജ 53 റൺസും നേടിയതൊഴിച്ചാൽ മറ്റാര്‍ക്കും രണ്ടാം ഇന്നിംഗ്സിൽ തിളങ്ങാനായില്ല. ഷംസ് മുലാനി 4 വിക്കറ്റ് വീഴ്ത്തി വെസ്റ്റ് സോൺ ബൗളിംഗിൽ തിളങ്ങി.

രോഹന്‍ കുന്നുമ്മലിന് ശതകം നഷ്ടം, ദുലീപ് ട്രോഫി കിരീടത്തിന് അരികെ വെസ്റ്റ് സോൺ

529 റൺസെന്ന കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോൺ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ദുലീപ് ട്രോഫി ഫൈനൽ വിജയത്തിന് തൊട്ടരികെയെത്തി വെസ്റ്റ് സോൺ നിൽക്കുന്നു. മത്സരത്തിന്റെ അവസാന ദിവസം വെറും നാല് വിക്കറ്റ് കൈവശപ്പെടുത്തിയാൽ വെസ്റ്റ് സോണിന് കിരീടം നേടാനാകും. 6 വിക്കറ്റ് നഷ്ട സൗത്ത് സോൺ ആകട്ടെ വിജയത്തിനായി ഇനിയും 375 റൺസ് നേടേണ്ടതുണ്ട്.

ടോപ് ഓര്‍ഡറിൽ രോഹന്‍ കുന്നുമ്മൽ ഒഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയതാണ് സൗത്ത് സോണിന് തിരിച്ചടിയായത്. രോഹന്‍ കുന്നുമ്മൽ 93 റൺസ് നേടി ഇന്ന് വീണ അവസാന വിക്കറ്റായാണ് പുറത്തായത്. സ്റ്റംപ്സിന് ഏതാനും ഓവറുകള്‍ മുമ്പാണ് താരത്തിന്റെ പ്രതിരോധം ഭേദിച്ച് ഷംസ് മുലാനി തന്റെ രണ്ടാം വിക്കറ്റ് നേടിയത്.

അതിത് സേഥ്, ജയ്ദേവ് ഉനഡ്കട് എന്നിവരും രണ്ട് വീതം വിക്കറ്റ് വെസ്റ്റ് സോണിനായി നേടി.

585/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് വെസ്റ്റ് സോൺ, ജയിക്കുവാന്‍ സൗത്ത് സോൺ നേടേണ്ടത് 529 റൺസ്

സൗത്ത് സോണിന് മുന്നിൽ ജയത്തിനായി ഏറെക്കുറെ അസാധ്യമായ ലക്ഷ്യം മുന്നോട്ട് വെച്ച് വെസ്റ്റ് സോൺ. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 585/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 529 റൺസെന്ന വിജയ ലക്ഷ്യമാണ് സൗത്ത് സോണിന് മുന്നിൽ വെസ്റ്റ് സോൺ വെച്ചത്.

265 റൺസ് നേടിയ യശസ്വി ജൈസ്വാളിനൊപ്പം സര്‍ഫ്രാസ് ഖാനും(127*) ഹെത് പട്ടേലും(51*) ആണ് വെസ്റ്റ് സോണിനെ മുന്നോട്ട് നയിച്ചത്. 103 റൺസാണ് അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.

സര്‍ഫ്രാസിനും ശതകം, അഞ്ഞൂറും കടന്ന് വെസ്റ്റ് സോൺ

500ന് മേലെയുള്ള സ്കോര്‍ നേടി ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോൺ കുതിയ്ക്കുന്നു. മത്സരത്തിൽ 467 റൺസിന്റെ ലീഡാണ് ഇപ്പോള്‍ വെസ്റ്റ് സോണിന്റെ കൈവശമുള്ളത്. 120 ഓവറിൽ 524/4 എന്ന നിലയിലാണ് വെസ്റ്റ് സോൺ. 100 റൺസുമായി സര്‍ഫ്രാസും 18 റൺസ് നേടി ഹെത് പട്ടേലുമാണ് ക്രീസിലുള്ളത്.

265 റൺസ് നേടിയ യശസ്വി ജൈസ്വാളിനെ ആണ് വെസ്റ്റ് സോണിന് ഇന്ന് നഷ്ടമായത്. കൃഷ്ണപ്പ ഗൗതമിന് ആണ് വിക്കറ്റ്.

വെസ്റ്റ് സോണിന്റെ ലീഡ് മുന്നൂറ് കടന്നു, യശസ്വി ജൈസ്വാളിന് ഇരട്ട ശതകം

യശസ്വി ജൈസ്വാളിന്റെ ഇരട്ട ശതകത്തിന്റെ ബലത്തിൽ ദുലീപ് ട്രോഫി ഫൈനലില്‍ പിടിമുറുക്കി വെസ്റ്റ് സോൺ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 319 റൺസിന്റെ ലീഡാണ് വെസ്റ്റ് സോണിന്റെ കൈവശമുള്ളത്. ആദ്യ ഇന്നിംഗ്സിൽ വെറും 270 റൺസിന് ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സിൽ 376/3 എന്ന അതിശക്തമായ നിലയിലാണ്.

209 റൺസുമായി യശസ്വി ജൈസ്വാളും 30 റൺസുമായി സര്‍ഫ്രാസ് ഖാനും ആണ് ക്രീസിലുള്ളത്. ശ്രേയസ്സ് അയ്യര്‍ 71 റൺസ് നേടി പുറത്തായി.

മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, വെസ്റ്റ് സോൺ കുതിയ്ക്കുന്നു

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് 327 റൺസിന് അവസാനിപ്പിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് സോൺ. മൂന്നാം ദിവസം ഉച്ച ഭക്ഷണ സമയത്ത് വെസ്റ്റ് സോൺ 129/1 എന്ന നിലയിലാണ്.

ഓപ്പണര്‍മാരായ യശസ്വി ജൈസ്വാളും  പ്രിയാങ്ക് പഞ്ചൽ(40) ചേര്‍ന്ന് 110 റൺസ്  ആണ് ഒന്നാം വിക്കറ്റിൽ നേടിയത്.  72 റൺസിന്റെ ലീഡ് വെസ്റ്റ് സോണിന്റെ കൈവശമുണ്ട്. 68 റൺസ് നേടിയ ജൈസ്വാളും 13 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. സായി കിഷോറിനാണ് പ്രിയാങ്ക് പഞ്ചലിന്റെ വിക്കറ്റ്.

ചിന്തന്‍ ഗജ രവി തേജയെയും സായി കിഷോറിനെയും പുറത്താക്കിയപ്പോള്‍ ബേസിൽ തമ്പിയെ പുറത്താക്കി ജയ്ദേവ് ഉനഡ്കട് സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. തേജ 34 റൺസ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്. ഉനഡ്കട് നാലും അതിത് സേഥ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ചിന്തന്‍ ഗജ രണ്ട് വിക്കറ്റിന് ഉടമയായി.

ദുലീപ് ട്രോഫിയിൽ ലീഡ് നേടി സൗത്ത് സോൺ, ബാബ ഇന്ദ്രജിത്തിന് ശതകം

ദുലീപ് ട്രോഫിയിൽ ലീഡ് നേടി സൗത്ത് സോൺ. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 318/7 എന്ന നിലയിലുള്ള ടീമിന് 48 റൺസിന്റെ ലീഡാണുള്ളത്. 118 റൺസ് നേടിയ ബാബ ഇന്ദ്രജിത്തിനൊപ്പം മനീഷ് പാണ്ടേ(48), കൃഷ്ണപ്പ ഗൗതം(43), രോഹന്‍ കുന്നുമ്മൽ(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 26 റൺസ് നേടിയ രവി തേജയും 6 റൺസ് നേടി രവിശ്രീനിവാസന്‍ സായി കിഷോറും ആണ് ക്രീസിലുള്ളത്.

വെസ്റ്റ് സോണിനായി ജയ്ദേവ് ഉനഡ്കടും അതിത് സേഥും മൂന്ന് വീതം വിക്കറ്റ് നേടി. നേരത്തെ വെസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്സ് 270 റൺസിൽ അവസാനിച്ചിരുന്നു.

വെസ്റ്റ് സോൺ 270 റൺസിന് ഓള്‍ഔട്ട്, സായി കിഷോറിന് അഞ്ച് വിക്കറ്റ്

ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്സ് 270 റൺസിന് അവസാനിപ്പിച്ച സൗത്ത് സോൺ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 87/2 എന്ന നിലയിൽ. 34 റൺസുമായി ബാബ ഇന്ദ്രജിത്തും 13 റൺസ് നേടിയ ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്.

വെസ്റ്റ് സോണിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടിനെ ഇന്ന് രാവിലെ സായി കിഷോര്‍ ആണ് തകര്‍ത്തത്. ഹെത് പട്ടേലിനെ രണ്ട് റൺസ് കൂടി നേടുന്നതിനിടെ 98 റൺസിൽ കിഷോര്‍ പുറത്താക്കിയപ്പോള്‍ ചിന്തന്‍ ഗജയെയും താരം തന്നെ പുറത്താക്കി. സായി കിഷോര്‍ 5 വിക്കറ്റ് നേടിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് 47 റൺസുമായി പുറത്താകാതെ നിന്നു.

31 റൺസ് നേടിയ രോഹന്‍ കുന്നുമല്ലിനെയും 9 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെയും ആണ് സൗത്ത് സോണിന് നഷ്ടമായത്.

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ പതറിയ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്. 167/8 എന്ന നിലയിലേക്ക് വീണ വെസ്റ്റ് സോണിനെ 83 റൺസിന്റെ അപരാജിത എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ആദ്യ ദിവസം 250/8 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ ഹെത് പട്ടേൽ – ജയ്ദേവ് ഉനഡ്കട് കൂട്ടുകെട്ടിന് സാധിക്കുകയായിരുന്നു.

16/3 എന്ന നിലയിലേക്ക് ചീപ്പുരപ്പള്ളി സ്റ്റീഫനും ബേസിൽ തമ്പിയും വെസ്റ്റ് സോണിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ നാലാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 48 റൺസുമായി ചെറുത്ത്നില്പ് സൃഷ്ടിക്കുകയായിരുന്നു.

എന്നാൽ 37 റൺസ് നേടിയ ശ്രേയസ്സ് അയ്യരെയും 34 റൺസ് നേടിയ സര്‍ഫ്രാസ് ഖാനെയും വീഴ്ത്തിയ സായി കിഷോര്‍ ഷംസ് മുലാനിയെക്കൂടി വീഴ്ത്തിയതോടെ വെസ്റ്റ് സോൺ 101/6 എന്ന നിലയിലേക്ക് വീണു.

ഹെത് പട്ടേലും അതിത് സേഥും(25) ഏഴാം വിക്കറ്റിൽ 63 റൺസ് നേടിയെങ്കിലും ബേസിൽ തമ്പി സേഥിനെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീടാണ് 9ാം വിക്കറ്റിൽ പട്ടേലും ഉനഡ്കടും വെസ്റ്റ് സോണിനെ തിരികെ ട്രാക്കിലെത്തിച്ചത്.

ഹെത് പട്ടേൽ 96 റൺസ് നേടിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് 39 റൺസ് നേടിയാണ് ക്രീസിൽ നിൽക്കുന്നത്. സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബേസിൽ തമ്പിയും ചീപ്പുരപ്പള്ളി സ്റ്റീഫനും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

ദുലീപ് ട്രോഫിയിൽ പരിക്കേറ്റ് വെങ്കിടേഷ് അയ്യര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോയമ്പത്തൂരില്‍‍ നടക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റിൽ സെന്‍ട്രൽ സോണിന് വേണ്ടി കളിക്കുന്ന വെങ്കിടേഷ് അയ്യരിന് കഴുത്തിന് പന്ത് കൊണ്ട് അടി കൊണ്ടു. താരത്തിനെ സ്കാനുകള്‍ക്ക് വിധേയനാക്കിയ ശേഷം അയ്യര്‍ ഡിസ്ചാര്‍ജ്ജ് ആയി മടങ്ങുകയായിരുന്നു.

ബാറ്റിംഗിനിടെ താരം ബൗളര്‍ക്ക് നേരെ പന്ത് പുഷ് ചെയ്തപ്പോള്‍ ബൗളര്‍ ചിന്തന്‍ ഗജ അത് താരത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. കഴുത്തിൽ പന്ത് കൊണ്ട ഉടനെ താരം ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

ഓൺ ഡ്യൂട്ടി ഡോക്ടര്‍ എത്തി ശുശ്രൂഷിച്ച ശേഷം താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

Exit mobile version