സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിനു മുന്നിൽ നാണംകെട്ട് ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ സ്റ്റാംഫോബ്രിഡ്ജിൽ വോൾവ്സിനോടാണ് ചെൽസി പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ അവർ ലിവർപൂളിനോടും പരാജയപ്പെട്ടിരുന്നു. ഇന്ന് ഒരു ഗോളിന് മുന്നിൽ എത്തിയ ശേഷം തകർന്നടിഞ്ഞ ചെൽസി 2-4ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. മാത്യുസ് കുന്യ വോൾവ്സിനായി ഇന്ന് ഹാട്രിക്ക് നേടി.

മത്സരത്തിന്റെ 19ആം മിനുട്ടിൽ കാൾ പാൽമറിലൂടെ ആയിരുന്നു ചെൽസി ലീഡ് എടുത്തത്. ആ ലീഡ് 3 മിനുട്ട് മാത്രമാണ് നീണ്ടു നിന്നത്. 22ആം മിനുട്ടിൽ മാത്യു കുന്യയിലൂടെ അവർ സമനില നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് 2 മിനുട്ട് മുമ്പ് ഡിസാസിയുടെ ഒരു സെൽഫ് ഗോൾ വോൾവ്സിനെ 2-1ന് മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ചെൽസി തിരികെവരാൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 63ആം മിനുട്ടിൽ വീണ്ടും മാത്യു കുന്യയുടെ ഗോൾ. വോൾവ്സ് 3-1ന് മുന്നിൽ. 82ആം മിനുട്ടിൽ ഒരു പെനാൾട്ടി കൂടെ ലൽഷ്യത്തിൽ എത്തിച്ച് കുന്യ ഹാട്രിക്ക് തികച്ചു. സ്കോർ 4-1. പിന്നാലെ തിയാഗോ സിൽവ ചെൽസിക്കായി ഒരു ഗോൾ മടക്കി എങ്കിലും ഇത് പരാജയ ഭാരം കുറക്കാൻ മാത്രം സഹായിച്ചു.

ഈ വിജയത്തോടെ വോൾവ്സ് 32 പോയിന്റുമായി ചെൽസിയെ മറികടന്ന് പത്താം സ്ഥാനത്തെത്തി. 31 പോയിന്റുള്ള ചെൽസി പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

പതിവ് തെറ്റിക്കാതെ ചെൽസി, വോൾവ്സിനോടും പരാജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്മസ് ഈവിൽ പരാജയപ്പെട്ടു ചെൽസി. സ്വന്തം മൈതാനത്ത് ഉഗ്രൻ ഫോമിലുള്ള വോൾവ്സ് ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് പോച്ചറ്റീന്യോയുടെ ടീമിനെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യ പകുതിയിൽ ലഭിച്ച സുവർണ അവസരം റഹീം സ്റ്റെർലിങ് പാഴാക്കിയപ്പോൾ ഇരു പകുതികളിലും ആയി ലഭിച്ച രണ്ടു മികച്ച അവസരങ്ങൾ നിക്കോളാസ് ജാക്സനും പാഴാക്കി. ഇടക്ക് വോൾവ്സിന് ലഭിച്ച അവസരം ഗോൾ ആക്കി മാറ്റാൻ ഗോമസിനും ആയില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെമിനയുടെ ഉഗ്രൻ ഹെഡർ ചെൽസി ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും 51 മത്തെ മിനിറ്റിൽ സറാബിയയുടെ കോർണറിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ലെമിന വോൾവ്സിന് മത്സരത്തിൽ മുൻതൂക്കം നൽകി.

തുടർന്ന് സമനിലക്ക് ആയി ചെൽസി അവസരങ്ങൾ തുറന്നപ്പോൾ ഇടക്ക് വോൾവ്സ് നീക്കങ്ങളും അപകടകരമായി. ഇഞ്ച്വറി സമയത്ത് ഒരു കൗണ്ടർ അറ്റാക്കിൽ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ പകരക്കാരൻ മാറ്റ് ഡോഹർട്ടി വോൾവ്സിന് രണ്ടാം ഗോൾ സമ്മാനിച്ചു. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ സ്റ്റെർലിങിന്റെ ക്രോസിൽ നിന്നു ഗോൾ നേടിയ പകരക്കാരൻ ക്രിസ്റ്റഫർ എങ്കുങ്കു ചെൽസിക്ക് പ്രതീക്ഷ നൽകിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. നിലവിൽ പോയിന്റ് പട്ടികയിൽ ചെൽസിക്ക് ഒപ്പം എത്താൻ ഈ ജയത്തോടെ വോൾവ്സിന് ആയി. നിലവിൽ ചെൽസി പത്തും വോൾവ്സ് പതിനൊന്നും സ്ഥാനത്ത് ആണ്.

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകൾ!! സ്പർസിന് എതിരെ വോൾവ്സിന്റെ മാരക തിരിച്ചുവരവ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ന് നടന്ന മത്സരത്തിൽ വോൾവ്സിന്റെ മാരക തിരിച്ചുവരവ്. ഇന്ന് ഇഞ്ച്വറി ടൈമിൽ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വോൾവ്സ് വിജയിച്ചത്. 90 മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു വോൾവ്സിന്റെ തിരിച്ചുവരവ്. സ്പർസിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

മത്സരം ആരംഭിച്ച മൂന്നാം മിനിറ്റിൽ ബ്രണ്ണൻ ജോൺസൺ നേടിയ ഗോളിൽ ആയിരുന്നു സ്പർസ് ലീഡ് എടുത്തത്. തുടർച്ചയായി അറ്റാക്ക് ചെയ്തു കളിച്ച വോൾവ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾ നേടാൻ 90 മിനിറ്റ് വരെ എടുത്തു. ഇഞ്ചുറി ടൈമിൽ സറാബിയ ആണ് വോൾവ്സിനായി സമനില ഗോൾ നേടിയത്. അവിടെ നിർത്താതെ പൊരുതിയ വോൾവ്സ് 97ആം മിനുട്ടിൽ ലമിനയിലൂടെ വിജയ ഗോളും നേടി.

പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താം എന്ന സ്പർസിന്റെ മോഹങ്ങൾക്ക് ഈ സമനില തിരിച്ചടിയായി. 26 പോയിൻറ് ഉള്ള സ്പർസ് ഇപ്പോൾ ലീഗിൽ ഇപ്പോൾ ലീഗൽ രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ആണ് ഒന്നാമത് ഉള്ളത് വോൾസ്. 15 പോയിൻറുമായി ആയി പന്ത്രണ്ടാം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്.

സമനിലയിൽ പിരിഞ്ഞു ന്യൂകാസിലും വോൾവ്സും; തുല്യ ശക്തികളുടെ പോരാട്ടത്തിനോടുവിൽ പോയിന്റ് പങ്കിട്ടു

രണ്ടു തവണ ലീഡ് വഴങ്ങിയിട്ടും മത്സരം വിട്ടുകൊടുക്കാതെ വോൾവ്സിന്റെ ആവേശോജ്വല പോരാട്ടം കണ്ട മത്സരത്തിന് ഒടുവിൽ സമനില വഴങ്ങി ന്യൂകാസിൽ. വോൾവ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. കല്ലം വിൽസൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലെമിനയും ഹ്വാങും വോൾവ്സിന് വേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ പോയിന്റ് പട്ടികയിൽ ന്യൂകാസിലിന്റെ ആറാം സ്ഥാനം ഭീഷണിയിൽ ആയി. വോൾവ്സ് 12ആമതാണ്.

തുടക്കം മുതൽ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു മത്സരം. ലോങ്സ്റ്റെഫിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടിരുമി കടന്ന് പോയപ്പോൾ കുയ്നയുടെ ഷോട്ട് പോപ്പ് കൈക്കലാക്കി. 22ആം മിനിറ്റിൽ ന്യൂകാസിൽ ലീഡ് എടുത്തു. ഗോർഡോന്റെ ക്രോസിലൂടെ എത്തിയ ബോളിൽ കീപ്പർക്ക് പിഴച്ചപ്പോൾ വിൽസൺ വല കുലുക്കുകയായിരുന്നു. എന്നാൽ വോൾവ്സ് കീപ്പർ സായെ ലോങ്സ്റ്റാഫ് ഫൗൾ ചെയ്തെന്ന സംശയം തോന്നിയതിനാൽ വാർ ചെക്കിന് ശേഷമാണ് ഗോൾ അനുവദിച്ചത്. പിന്നീടും ഇരു ഭാഗത്തും അവസരങ്ങൾ പിറന്നു. 36ആം മിനിറ്റിൽ വോൾവ്സ് സമനില നേടി. നെറ്റോയുടെ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ലെമിനയാണ് വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ ന്യൂകാസിൽ ലീഡ് വീണ്ടെടുത്തു. സ്കാറിനെ ഹ്വാങ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. നീണ്ട വാർ ചെക്കിന് ശേഷം പെനാൽറ്റി ശരിവെച്ചപ്പോൾ കിക്ക് എടുത്ത വിൽസണിന്റെ ഷോട്ടിൽ കീപ്പർക്ക് കൈവെക്കാൻ ആയെങ്കിലും പന്ത് വലയിൽ എത്തുന്നത് തടയാൻ സാധിച്ചില്ല.

രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച കളി തന്നെ കെട്ടഴിച്ചു. എങ്കിലും പതിയെ വോൾവ്സ് മത്സരത്തിൽ ചെറിയ മേധാവിത്വം നേടിയെടുത്തു. 71ആം മിനിറ്റിൽ ഹ്വാങ്ങിലൂടെ അവർ വീണ്ടും സ്‌കോർ നില തുല്യമാക്കി. പ്രതിരോധ താരം ടോറ്റി ഡ്രിബ്ബിൽ ചെയ്തു കയറി നൽകി അവസരം ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം ഹ്വാങ് അതിമനോഹരമായി വലയിൽ എത്തിച്ചു. ട്രിപ്പിയറുടെ ക്രോസിൽ നിന്നും സ്കാറിന്റെ ഹെഡർ അകന്ന് പോയി. അവസാന നിമിഷം ഗോളിനായി ന്യൂകാസിൽ ശ്രമം നടത്തിയെങ്കിലും വോൾവ്സ് ഉറച്ചു നിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

വീണ്ടും സമനില; തുല്യതയിൽ പിരിഞ്ഞു വോൾവ്സും ആസ്റ്റൻവില്ലയും

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മൂന്നാം മത്സരവും സമനിലയിൽ പിരിഞ്ഞപ്പോൾ പോയിന്റ് പങ്കുവെച്ച് വോൾവ്സും ആസ്റ്റൻവില്ലയും. വോൾവ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. വോൾവ്സിന് വേണ്ടി ഹ്വാങ് ഗോൾ കണ്ടെത്തിയപ്പോൾ പാവോ ടോറസിലൂടെയാണ് ആസ്റ്റൻവില്ല സമനില ഗോൾ കണ്ടെത്തിയത്. ഇതോടെ വില്ല അഞ്ചാമതും വോൾവ്സ് പതിനാലാമതുമാണ് പോയിന്റ് പട്ടികയിൽ.

ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഇരു ഭാഗത്തു നിന്നും ഉണ്ടായില്ല. വോൾവ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. പിന്നീട് വില്ല മത്സരത്തിലേക്ക് തിരിച്ചു വന്നു. ദിയാബിയുടെ ക്രോസിൽ നിന്നും ടോറസിന്റെ ഹെഡർ ലക്ഷ്യം കാണാതെ പോയി. മാക്ഗിന്നിന്റെ മികച്ചൊരു ക്രോസ് കൈക്കലാക്കി ഹോസെ സാ അപകടം ഒഴിവാക്കി. മാക്ഗിന്നിന്റെ മറ്റൊരു ശ്രമം പോസ്റ്റിലിരുമി കടന്ന് പോയി. ഹ്വാങ്ങിന്റെ ക്രോസിൽ നിന്നും ഐറ്റ്-നൊരിയുടെ ശ്രമവും ലക്ഷ്യത്തിൽ നിന്നും അകന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആസ്റ്റൻ വില്ല ലീഡിന് അടുത്തെത്തി. മാക്ഗിന്നിന്റെ ക്രോസിൽ നിന്നും വാട്കിൻസിന്റെ ശ്രമം സാ തട്ടിയകറ്റി. 53ആം മിനിറ്റിൽ വോൾവ്സ് ഗോൾ കണ്ടെത്തി. വലത് വിങ്ങിൽ നിന്നും ബോക്സിലേക്ക് കടന്ന് നെറ്റോ നൽകിയ പാസ് ഹ്വാങ് വലയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ തൊട്ടു പിറകെ വെറും രണ്ടു മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തി കൊണ്ട് ആസ്റ്റൻവില്ല മത്സരത്തിലേക്ക് തിരികെ വന്നു. ഫ്രീകിക്കിൽ നിന്നെത്തിയ ബോൾ വോൾവ്സിന് ക്ലിയർ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ബോക്സിന് തൊട്ടു പുറത്തു നിന്നും വാട്കിൻസ് നൽകിയ ക്രോസിൽ നിന്നും പാവോ ടോറസ് ഗോൾ കണ്ടെത്തുകയായിരുന്നു. നെറ്റോയെ കമറ വീഴ്ത്തിയതിന് വോൾവ്സ് പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി കനിഞ്ഞില്ല. സെമെഡോയുടെ ഷോട്ട് മാർട്ടിനസ് തടുത്തു.കലായ്സിച്ചിന്റെ പാസിൽ നിന്നും നെറ്റോക്ക് സുവർണാവസരം ലഭിച്ചെങ്കിലും അവിടെയും മാർട്ടിനസ് കൃത്യയമായി ഇടപെട്ടു. ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് ലെമിന കളം വിട്ടതോടെ വോൾവ്സ് പത്തു പേരിലേക്ക് ചുരുങ്ങി. അവസാന നിമിഷങ്ങളിൽ വാട്കിൻസിന്റെ ഹേഡർ ശ്രമം പൊസിറ്റിലിടിച്ചു തെറിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് വോൾവ്സ്!! വിജയ കുതിപ്പിന് അവസാനമിട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് വോൾവ്സ്. ഇന്ന് മൊളിനെക്സിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-1 എന്ന സ്കോറി‌ന് തോൽപ്പിച്ച് സിറ്റിയുടെ വിജയ കുതിപ്പിന് അവസാനമിടാൻ വോൾവ്സിനായി. ലീഗിൽ ഇതിനു മുമ്പ് നടന്ന ആറു മത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.

മത്സരത്തിന്റെ 13ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെയാണ് വോൾവ്സ് ലീഡ് എടുത്തത്‌. റൂബൻ ഡയസിന്റെ വക ആയിരുന്നു സെൽഫ് ഗോൾ. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ വോൾവ്സിനായി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ ഹൂലിയൻ ആൽവാരസ് സിറ്റിക്ക് സമനില നൽകി. സിറ്റി വിജയത്തിലേക്ക് കയറും എന്ന് പ്രതീക്ഷിച്ചു എങ്കിലും നടന്നത് അതായിരുന്നില്ല.

66ആം മിനുട്ടിൽ ഹ്വാങ് ഹീ ചാനിലൂടെ വോൾവ്സ് വീണ്ടും ലീഡ് എടുത്തു. സ്കോർ 2-1. ഇതിനു ശേഷം നന്നായി ഡിഫൻഡ് ചെയ്ത് വോൾവ്സ് വിജയം ഉറപ്പിച്ചു. സിറ്റി 7 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഇപ്പോഴും ഒന്നാമത് നിൽക്കുന്നുണ്ട്. എന്നാൽ ഇന്ന് ലിവർപൂൾ വിജയിച്ചാൽ അവർ ഒന്നാം സ്ഥാനത്ത് എത്തും. വോൾവ്സിന് ഏഴു മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ഉള്ളത്.

കംബാക്ക് കിംഗ്സ്!! ലിവർപൂൾ വോൾവ്സിനെ തോല്പ്പിച്ച് ലീഗിൽ ഒന്നാം സ്ഥാനത്ത്

ഒരിക്കൽ കൂടെ ലിവർപൂൾ ക്ലബിന്റെ തിരിച്ചുവരവ്. ഇന്ന് വോൾവ്സിനെതിരെ എവേ മത്സരത്തിൽ വോൾവ്സിനെതിരെ തിരിച്ചടിച്ചു കൊണ്ട് 3-1ന്റെ വിജയം ലിവർപൂൾ നേടി. ഈ ജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തും എത്തി.

മൊളിനക്സിൽ ആർക്കും കാര്യങ്ങൾ എളുപ്പമായിരിക്കില്ല എന്ന് സൂചിപ്പിക്കുന്ന പ്രകടനം ആണ് തുടക്കത്തിൽ തന്നെ വോൾവ്സ് കാഴ്ച വെച്ചത്. മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ വോൾവ്സ് ലിവർപൂളിനെ ഞെട്ടിച്ച് ലീഡ് എടുത്തു. നെറ്റോ നടത്തിയ ഒരു മികച്ച റൺ ആണ് ലിവർപൂൾ പ്രതിരോധത്തെ കീഴ്പ്പെടുത്താൻ സഹായിച്ചത്. നെറ്റോയുടെ പാസ് ഹ്വാങ് ഹീ ചാൻ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.

ആദ്യ പകുതിയിൽ വോൾവ്സ് ആ ലീഡ് നിലനിർത്തി. പക്ഷെ ഈ സീസണിൽ ഇതുവരെ എന്ന പോലെ ലിവർപൂളിന്റെ തിരിച്ചടി കാണാൻ ആയി. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ സലായുടെ പാസ് സ്വീകരിച്ച് കോഡി ഗാക്പോ ലിവർപൂളിന് സമനില ഗോൾ നൽകി. ലിവർപൂൾ അതിനു ശേഷവും അറ്റാക്ക് തുടർന്നു.

മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ശേഷിക്കെ സലാ തന്നെ രണ്ടാം ഗോളിനും അവസരം ഒരുക്കി. ഇത്തവണ സലായുടെ പാസ് സ്വീകരിച്ച് റൊബേർട്സൺ പന്ത് സാറിനെ മറികടന്ന് വലയിൽ എത്തിച്ചു. സ്കോർ 2-1. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഹാർവി എലിയറ്റിന്റെ ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിലേക്ക് പോയി. സ്കോർ 3-1. ഈ ഗോൾ ലിവർപൂൾ വിജയവും ഉറപ്പിച്ചു.

ലിവർപൂൾ ഈ വിജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. വോൾവ്സ് 3 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുന്നു.

ഇരട്ട ഗോളുമായി എഡ്വെർഡ്; വോൾവ്സിനെ കീഴടക്കി ക്രിസ്റ്റൽ പാലസ്

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വോൾവ്സിനെ കീഴടക്കി കൊണ്ട് ക്രിസ്റ്റൽ പാലസ് സീസണിലെ തങ്ങളുടെ രണ്ടാം ജയം കുറിച്ചു. ഇരട്ട ഗോളുമായി എഡ്വെർഡും ഇരട്ട അസിസ്റ്റുമായി മറ്റെറ്റയും തിളങ്ങിയപ്പോൾ ജേതാക്കളുടെ മറ്റൊരു ഗോൾ എസെ ആണ് നേടിയത്. ഹ്വാങ്, മതിയാസ് കുഞ്ഞ എന്നിവർ വോൾവ്സിന്റെ ഗോളുകൾ കണ്ടെത്തി. ഇതോടെ പാലസ് ഏഴാം സ്ഥാനത്തേക്ക് കയറി. സ്വന്തം തട്ടകത്തിൽ പാലസിന്റെ ആദ്യ ജയം കൂടിയാണ് ഇത്.

ഗോൾ രഹിതം ആയിരുന്ന ആദ്യ പകുതിയിൽ വോൾവ്സ് ചെറിയ മുൻതൂക്കം നേടി. എന്നാൽ നീക്കങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. തുടക്കത്തിൽ കുഞ്ഞയുടെയും സിൽവയുടെയും ഷോട്ടുകൾ ഫലം കണ്ടില്ല. പന്ത് കൈവശം വെച്ച് നീക്കങ്ങൾ മേനഞ്ഞെടുക്കാൻ വോൾവ്സ് ശ്രമിച്ചപ്പോൾ കൗണ്ടർ നീക്കങ്ങൾക്ക് ആയിരുന്നു വോൾവ്സ് പ്രാധാന്യം നൽകിയത്. 14ആം മിനിറ്റിൽ എസെയെ ഗോമസ് വീഴ്ത്തിയതിന് ക്രിസ്റ്റൽ പാലസ് താരങ്ങൾ പെനാൽറ്റിക്ക് വേണ്ടി മുറവിളി കൂട്ടിയെങ്കിലും റഫറിയും വാറും അനുകൂലമായ തീരുമാനം എടുത്തില്ല. തൊട്ടു പിറകെ വോൾവ്സ് കീപ്പർ സായുടെ പിഴവിൽ നിന്നും ക്രിസ്റ്റൽ പാലസ് ഗോളിന് അടുതെത്തി. ഡോസന് കൈമാറിയ പാസ് റാഞ്ചിയയെടുത്ത ലെർമ, ബോക്സിനുള്ളിൽ ആയുവിന് പന്ത് കൈമാറി. താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും പറന്നെത്തിയ കിൽമാൻ ഗോൾ ലൈൻ സേവുമായി ടീമിന്റെ രക്ഷക്കെത്തി. ഇതോടെ ക്രിസ്റ്റൽ പാലസ് മത്സരത്തിൽ കൂടുതൽ ശക്തിയോടെ തിരിച്ചു വന്നു.

ആദ്യ പകുതിയിലെ ക്ഷീണം തീർത്ത് ഇരു ടീമുകളും രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തി. 56ആം മിനിറ്റിൽ ഇടത് വിങ്ങിൽ മിച്ചൽ തൊടുത്ത ക്രോസിൽ നിന്നും എഡ്വെർഡ് വല കുലുക്കിയതോടെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. 65ആം മിനിറ്റിൽ ഹ്വാങ് സ്‌കോർ നില തുല്യമാക്കി. നെറ്റോയുടെ ഫ്രീകിക്കിൽ നിന്നും ഹെഡർ ഉതിർത്താണ് താരം വല കുലുക്കിയത്. ആയുവിന്റെ മികച്ചൊരു ഷോട്ട് ജോസെ സാ രക്ഷപ്പെടുത്തി. എസെയുടെ ഷോട്ടും കീപ്പർ തടുത്തു. എന്നാൽ 78ആം മിനിറ്റിൽ എസെ ഗോൾ വല കുലുക്കുക തന്നെ ചെയ്തു. മറ്റെറ്റയുടെ പാസിൽ നിന്നാണ് താരം ലക്ഷ്യം കണ്ടത്. തിരിച്ചു വരാനുള്ള വോൾവ്സിന്റെ അവസാന പ്രതീക്ഷകളും കെടുത്തി കൊണ്ട് എഡ്വെർഡ് വീണ്ടും വല കുലുക്കി. 84ആം മിനിറ്റിൽ മറ്റേറ്റയുമായി ചേർന്ന് നടത്തിയ നീക്കത്തിനോടുവിൽ ബോക്സിനുള്ളിൽ നിന്നും താരം എതിർ താരങ്ങൾക്കിടയിലൂടെ ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് നെറ്റോയുടെ ഷോട്ട് പാലസ് കീപ്പർ ജോൺസ്റ്റോൺ സേവ് ചെയ്തു. എസെയുടെ ഷോട്ട് സായും രക്ഷപ്പെടുത്തി. മത്സരത്തിന്റെ അവസാന മിനിറ്റിൽ നെറ്റോയുടെ ക്രോസിൽ നിന്നും കുഞ്ഞ ഹെഡർ ഉതിർത്ത് വല കുലുക്കിയെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു.

കോട്ട കെട്ടി ജോസെ സാ; സീസണിലെ ആദ്യ ജയം കുറിച്ച് വോൾവ്സ്

ഗോൾ കീപ്പർ ജോസെ സാ നിർണായക സേവുകളുമായി കളം നിറഞ്ഞ മത്സരത്തിൽ എവർടണെ വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി വോൾവ്സ്. പകരക്കാരനായി എത്തിയ കലായ്സിച്ച് മത്സരത്തിലെ ഏക ഗോൾ കുറിച്ചു. പുതിയ കോച്ച് ഗാരി ഓനീലിനും വോൾവ്സിനോടൊപ്പം തന്റെ ആദ്യ ജയം കുറിക്കാൻ ആയി. സ്വന്തം തട്ടകത്തിൽ ജയം കൈവിട്ട എവർടണിന്റെ ഏഴോളം ശ്രമങ്ങൾ പോസ്റ്റ് ലക്ഷ്യമാക്കി തന്നെ എത്തിയെങ്കിലും പോർച്ചുഗീസ് കീപ്പർ സായുടെ മികച്ച പ്രകടനം വോൾവ്സിന് തുണയാവുകയായിരുന്നു.

എവർടണായിരുന്നു ആദ്യ പകുതിയിൽ ചെറിയ മുൻതൂക്കം. ഡാഞ്ചുമയുടെ മികച്ചൊരു ഷോട്ട് വോൾവ്സ് കീപ്പർ തടുത്തത് പോസ്റ്റിലും തട്ടി തെറിച്ചു. എന്നാൽ പിന്നീട് റഫറി ഈ നീക്കത്തിന് ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. മത്സരം അരമണിക്കൂർ ആകവേ വീണ്ടും എവർടണിന് അവസരം ലഭിച്ചു. ആദ്യം ഗാർണറുടെ ഷോട്ട് ഗതിമാറിയെത്തിയത് തടുത്തിട്ട ജോസെ സാ, പിറകെ ബ്രാത്വൈറ്റിന്റെ ശ്രമവും തടഞ്ഞു. എന്നാൽ ശേഷം പന്ത് ലഭിച്ച തർകോവ്സ്കിക്കും അമ്പേ പിഴച്ചപ്പോൾ ഗോൾ നേടാനുള്ള സുവർണവസരം എവർടൺ കളഞ്ഞു കുളിച്ചു.

രണ്ടാം പകുതിയിലും എവർടൺ ആക്രമണം തുടർന്നു. കീപ്പറുടെ കരങ്ങൾ വോൾവ്സിനെ മത്സരത്തിൽ നിലനിർത്തി. യങ്ങിന്റെ ക്രോസ് തടുത്ത ജോസെ സാ, ഗാർനറുടെ ഷോട്ടും തട്ടിയകറ്റി. ബ്വെനൊയുടെ ക്രോസിൽ സിൽവ വോൾവ്സിനായി വല കുലുക്കി എങ്കിലും നീക്കം ഓഫ്സൈഡ് വിധിക്കപ്പെട്ടു. ഡോകൊറെയുടെ ഗോൾ എന്ന് ഉറപ്പിച്ച ശ്രമവും സാ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് എവർടണ് വല കുലുക്കാൻ സാധിച്ചെങ്കിലും ഡോകൊറെ ഓഫ്സൈഡ് കെണിയിൽ പെട്ടതോടെ സ്‌കോർ മാറ്റമില്ലാതെ തുടർന്നു. ഒടുവിൽ മുഴുവൻ സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കേ നെറ്റോയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് കൊണ്ട് കലായ്സിച്ച് വോൾവ്സിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി സമയത്തും എവർടണ് ഗോൾ കണ്ടെത്താൻ സാധിക്കാതെ പോയതോടെ വോൾവ്സ് നിർണായക ജയം സ്വന്തമാക്കി.

വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരത്തെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം മാതിയസ് നൂനസിന് ആയി മാഞ്ചസ്റ്റർ സിറ്റി ശ്രമം. മധ്യനിര ശക്തമാക്കുന്നതിന്റെ ഭാഗം ആയാണ് 24 കാരനായ താരത്തെ ഇംഗ്ലീഷ് ചാമ്പ്യന്മാർ ലക്ഷ്യം വെക്കുന്നത്. എന്നാൽ ടീമിൽ വലിയ പ്രാധാന്യം ഉള്ള താരത്തെ വിട്ട് കൊടുക്കാൻ വോൾവ്സ് തയ്യാറാവില്ല. നിലവിൽ താരത്തിന് ആയി മാഞ്ചസ്റ്റർ സിറ്റി 50 മില്യൺ യൂറോയുടെ ഓഫർ മുന്നോട്ട് വെച്ചു എന്നാണ് റിപ്പോർട്ട്. താരം ഇതിനകം തന്നെ സിറ്റിയും ആയി ധാരണയിൽ വ്യക്തിഗത എത്തി എന്നും റിപ്പോർട്ട് പറയുന്നു.

സ്പോർട്ടിങ് ലിസ്ബണിൽ നിന്നു 2022 ഓഗസ്റ്റിൽ ക്ലബ് റെക്കോർഡ് തുകയായ 45 മില്യൺ യൂറോ നൽകി വോൾവ്സ് ടീമിൽ എത്തിച്ച താരത്തിന് ഇതിനെക്കാൾ വളരെ കൂടുതൽ അവർ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിര നിറഞ്ഞു കളിക്കുന്ന താരം സ്പോർട്ടിങിനു ആയി 101 മത്സരങ്ങളിൽ നിന്നു 8 ഗോളുകളും വോൾവ്സിന് ആയി 40 മത്സരങ്ങളിൽ നിന്നു 1 ഗോളും നേടിയിട്ടുണ്ട്. പോർച്ചുഗലിന് ആയി 2021 ൽ അരങ്ങേറ്റം കുറിച്ച താരം ഇത് വരെ 11 കളികളിൽ നിന്നു 1 ഗോൾ രാജ്യത്തിനു ആയി നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ നിലനിൽക്കാൻ പൊരുതുന്ന വോൾവ്സ് താരത്തെ നിലനിർത്താൻ ശ്രമിക്കും എന്നുറപ്പാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവ്സ് മത്സരം നിയന്ത്രിച്ച റഫറിമാർ അടുത്ത കളിയിൽ പുറത്ത്

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവ്സ് മത്സരം നിയന്ത്രിച്ച റഫറിമാർ അടുത്ത കളിയിൽ ഉണ്ടാവില്ല. മത്സരത്തിൽ വോൾവ്സിന് അനുകൂലമായി ലഭിക്കേണ്ട പെനാൽട്ടി അവർ വാർ പരിശോധനക്ക് ശേഷവും നൽകിയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഒനാന അവസാന നിമിഷങ്ങളിൽ ചെയ്ത ഫൗൾ റഫറിമാർ കണ്ടില്ല എന്നു വെക്കുക ആയിരുന്നു. ഇതിൽ പ്രതിഷേധിച്ച വോൾവ്സ് പരിശീലകൻ ഗാരി ഒനീലിന് റഫറി മഞ്ഞ കാർഡും നൽകി.

മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ പ്രീമിയർ ലീഗ് മുതിർന്ന റഫറി ജൊനാഥൻ മോസ് തന്നോട് ഈ തീരുമാനം തെറ്റായിരുന്നു എന്നു പറഞ്ഞത് ആയും വോൾവ്സ് പരിശീലകൻ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആണ് റഫറിമാർക്ക് എതിരായ നടപടി. റഫറി സൈമൺ ഹൂപ്പർ, വാർ റഫറി മൈക്കിൾ സെയിൽസ്ബറി, വാർ അസിസ്റ്റന്റ് റഫറി റിച്ചാർഡ് വെസ്റ്റ് എന്നിവർക്ക് എതിരാണ് നടപടി. പുതിയ സീസണിലും വാർ ഉണ്ടായിട്ടും പ്രീമിയർ ലീഗിൽ റഫറിമാർ പിഴവ് വരുത്തുന്നതിന് കനത്ത പ്രതിഷേധം ആണ് ആരാധകരിൽ നിന്നുണ്ടാവുന്നത്.

ആദാമ ട്രയോരെ ഫുൾഹാമിൽ ചേർന്നു

27 കാരനായ സ്പാനിഷ് വിങർ ആദാമ ട്രയോരെ ഫുൾഹാമിൽ ചേർന്നു. വോൾവ്സും ആയുള്ള കരാർ അവസാനിച്ച ശേഷം ഫ്രീ ഏജന്റ് ആയാണ് ട്രയോരെ ഫുൾഹാമിൽ ചേർന്നത്. ആദ്യം 2 വർഷത്തേക്ക് ആണ് താരം ഫുൾഹാമിൽ കരാർ ഒപ്പ് വെച്ചത്. ഇത് ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

ബാഴ്‌സലോണ അക്കാദമിയിൽ നിന്നു കളി തുടങ്ങിയ ട്രയോരെ ആസ്റ്റൺ വില്ല, മിഡിൽസ്ബ്രോ ടീമുകൾക്ക് ആയി കളിച്ച ശേഷമാണ് 2018 ൽ വോൾവ്സിൽ എത്തുന്നത്. ഇടക്ക് ബാഴ്‌സലോണയിൽ ലോണിലും താരം പോയി. സ്പാനിഷ് ദേശീയ ടീമിന് ആയി 8 തവണയും താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ വേഗവും കരുത്തും ഗുണമാകും എന്ന പ്രതീക്ഷയിൽ ആണ് ഫുൾഹാം. ട്രയോരെയുടെ മുൻ വോൾവ്സ് സഹതാരം റൗൾ ഹിമനസും ഈ സീസണിൽ ഫുൾഹാമിൽ എത്തിയിരുന്നു.

Exit mobile version