Picsart 23 09 30 21 18 20 486

മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് വോൾവ്സ്!! വിജയ കുതിപ്പിന് അവസാനമിട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് വോൾവ്സ്. ഇന്ന് മൊളിനെക്സിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-1 എന്ന സ്കോറി‌ന് തോൽപ്പിച്ച് സിറ്റിയുടെ വിജയ കുതിപ്പിന് അവസാനമിടാൻ വോൾവ്സിനായി. ലീഗിൽ ഇതിനു മുമ്പ് നടന്ന ആറു മത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.

മത്സരത്തിന്റെ 13ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെയാണ് വോൾവ്സ് ലീഡ് എടുത്തത്‌. റൂബൻ ഡയസിന്റെ വക ആയിരുന്നു സെൽഫ് ഗോൾ. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ വോൾവ്സിനായി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ ഹൂലിയൻ ആൽവാരസ് സിറ്റിക്ക് സമനില നൽകി. സിറ്റി വിജയത്തിലേക്ക് കയറും എന്ന് പ്രതീക്ഷിച്ചു എങ്കിലും നടന്നത് അതായിരുന്നില്ല.

66ആം മിനുട്ടിൽ ഹ്വാങ് ഹീ ചാനിലൂടെ വോൾവ്സ് വീണ്ടും ലീഡ് എടുത്തു. സ്കോർ 2-1. ഇതിനു ശേഷം നന്നായി ഡിഫൻഡ് ചെയ്ത് വോൾവ്സ് വിജയം ഉറപ്പിച്ചു. സിറ്റി 7 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഇപ്പോഴും ഒന്നാമത് നിൽക്കുന്നുണ്ട്. എന്നാൽ ഇന്ന് ലിവർപൂൾ വിജയിച്ചാൽ അവർ ഒന്നാം സ്ഥാനത്ത് എത്തും. വോൾവ്സിന് ഏഴു മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ഉള്ളത്.

Exit mobile version