ലോപ്പെറ്റ്യൂഗിക്ക് പകരക്കാരൻ; വോൾവ്സിന് തന്ത്രങ്ങളോതാൻ ഗാരി ഓ’നീൽ എത്തി

ലോപ്പെറ്റ്യൂഗി ടീം വിട്ട് മണിക്കൂറുകൾക്കുളിൽ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു വോൾവ്സ്. മുൻ പ്രീമിയർ ലീഗ് താരവും ബോൺമൗത്ത് പരിശീലകനും ആയിരുന്ന ഗാരി ഓ’നീൽ ആണ് പുതിയ സീസണിൽ ടീമിന് തന്ത്രങ്ങൾ ഓതുക. മൂന്ന് വർഷത്തെ കരാർ ആണ് വോൾവ്സ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗാരി ഓനീലിന് തിരക്കേറിയ ദിനങ്ങൾ തന്നെ ആയിരിക്കും മുന്നിൽ ഉള്ളത് എന്നതിൽ സംശയമില്ല. അദ്ദേഹത്തെ ടീമിലേക്ക് സ്വീകരിക്കുന്നതായി ടീം ഡയറക്ടർ മാറ്റ് ഹോബ്‌സ് പറഞ്ഞു. വളരെയധികം പ്രചോദനം നൽകുന്ന യുവ കോച്ച് ആണ് ഗാരി എന്നും ടീമിനോടോപ്പം നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിറകെയാണ് ഗാരി ബോൺമൗത്തിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടത്. സ്പാനിഷ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഇരവോളയെ പകരക്കാരനായി എത്തിക്കുകയായിരുന്നു. സീസണിന്റെ തുടക്കത്തിൽ ബോൺമൗത്തിന്റെ കെയർ ടേക്കർ കോച്ച് ആയി തുടങ്ങി പിന്നീട് മാനേജ്‌മെന്റ് തൽസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ അദ്ദേഹം, ടീമിനെ പ്രിമിയർ ലീഗിൽ തന്നെ നിലനിർത്തുന്നതിൽ വിജയിച്ചിരുന്നു. സീനിയർ ടീം പരിശീലകനായുള്ള ഗാരിയുടെ ആദ്യ സീസണും ആയിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഒട്ടും വൈകാതെ തന്നെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താനും അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ നീക്കങ്ങളിൽ ഉള്ള അഭിപ്രായ വ്യത്യാസമാണ് വോൾവ്സും ലോപെറ്റ്യൂഗിയും പിരിയാൻ കാരണമായത്. മുഖ്യ താരം റൂബെൻ നെവെസിനെ അടക്കം അവർക്ക് നഷ്ടമായിരുന്നു.

പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി, വോൾവ്സ് പരിശീലകനെ പുറത്താക്കി

പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വോൾവ്സ് ഹെഡ് കോച്ചായ ജൂലെൻ ലോപെറ്റെഗിയെ പുറത്താക്കി. ഒമ്പത് മാസം മാത്രമാണ് സ്പാനിഷ് പരിശീലകൻ ക്ലബിനൊപ്പം ഉണ്ടായിരുന്നത്. കഴിഞ്ഞ നവംബറിൽ ആയിരുന്നു മുൻ സ്പെയിൻ റയൽ മാഡ്രിഡ് ബോസ് പ്രീമിയർ ലീഗിൽ എത്തിയത്.

റിലഗേഷൻ സോണിൽ ഉണ്ടായിരുന്ന ടീമിനെ ലോപെറ്റെഗുയി 13-ാം സ്ഥാനത്തേക്ക് നയിച്ചു, എന്നാൽ ട്രാൻസ്ഫർ വിൻഡോയിൽ പരിശീലകൻ ആവശ്യപ്പെട്ട താരങ്ങളെ ക്ലബ് എത്തിക്കാത്തതായതോടെ പരിശീലകനും മാനേജ്മെന്റും തമ്മിൽ ഉരസുകയായിരുന്നു‌.

ലിവർപൂളിനെയും ടോട്ടൻഹാമിനെയും മോളിനക്സിൽ തോൽപ്പിച്ച് അദ്ദേഹം ഒമ്പത് ലീഗ് മത്സരങ്ങൾ ഈ ചെറിയ കാലത്തിൽ ജയിച്ചു. മുൻ ബോൺമൗത്ത് ഹെഡ് കോച്ച് ഗാരി ഒ’നീൽ ആകും ലോപറ്റെഗിക്ക് പകരക്കാരനാവുക എന്നാണ് റിപ്പോർട്ട്.

വോൾവ്സിന്റെ പോർച്ചുഗീസ് താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക്!!!???

ഇംഗ്ലീഷ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക് എന്നു റിപ്പോർട്ട്. വെറും 26 കാരനായ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നു ബാഴ്‌സലോണ പിന്മാറി എന്നും റിപ്പോർട്ട് ഉണ്ട്. നേരത്തെ മെയിൽ താരവും ആയി ബാഴ്‌സ ധാരണയിൽ എത്തിയിരുന്നു, എന്നാൽ ഇത് വരെ കരാർ മുന്നോട്ട് വക്കാൻ അവർക്ക് ആയില്ല. ഇതോടെ താരത്തിന് ആയി സൗദി ക്ലബ് അൽ ഹിലാൽ ശക്തമായി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ട്. വോൾവ്സും ആയി അൽ ഹിലാൽ 55 മില്യൺ യൂറോയുടെ ധാരണയിൽ ഏകദേശം എത്തി എന്നാണ് റിപ്പോർട്ട്.

അതേസമയം നെവസിനും അൽ ഹിലാൽ പോകാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ പറയുന്നു. വോൾവ്സിനെ പ്രീമിയർ ലീഗിൽ എത്തിച്ചതിൽ അടക്കം നിർണായക പങ്ക് വഹിച്ച ക്യാപ്റ്റൻ കൂടിയായ നെവസ് ഈ സീസണിൽ ക്ലബ് വിടും എന്നു ഏകദേശം ഉറപ്പ് ആയിരുന്നു. നിലവിൽ ഇനിയും ദീർഘകാല കരിയർ ബാക്കിയുള്ള ലോകോത്തര താരമായ പോർച്ചുഗീസ് ടീമിലെ സ്ഥിര സാന്നിധ്യം ആയ നെവസ് കൂടി സൗദിയിൽ പോവുന്നത് മറ്റ് യുവതാരങ്ങളെയും അത്തരം ഒരു നീക്കത്തിലേക്ക് പ്രേരിപ്പിക്കുമോ എന്നു കണ്ടറിയാം.

ഗോളുമായി ഗർനാചോ തിരികെയെത്തി!! മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക വിജയം

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരികെയെത്തി. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ഇന്ന് വോൾവ്സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടി. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് 2 മത്സരങ്ങൾ ജയിച്ചാൽ യുണൈറ്റഡിന് ടോപ് 4 ഉറപ്പിക്കാം.

ഇന്ന് റാഷ്ഫോർഡ് ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവസാന മത്സരങ്ങളിൽ എന്ന പോലെ യുണൈറ്റഡ് ഗോളടിക്കാൻ കഷ്ടപ്പെട്ടു. ഒരു ക്ലിയർ ഹെഡർ കിട്ടിയിട്ടും ബ്രസീലിയൻ താരം ആന്റണിക്ക് യുണൈറ്റഡിനെ മുന്നിൽ എത്തിക്കാൻ ആയില്ല. അവസാനം മാർഷ്യൽ യുണൈറ്റഡിന്റെ രക്ഷക്ക് എത്തി.

മത്സരത്തിന്റെ 32ആം മിനുട്ടിൽ ആന്റണി നൽകിയ പാസിൽ നിന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തെത്തിച്ച് മാർഷ്യൽ യുണൈറ്റഡിന് ലീഡ് നൽകി. സ്കോർ1-0. രണ്ടാം പകുതിയിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കാൻ നോക്കി എങ്കിലും ഫലം കണ്ടില്ല. സാഞ്ചോക്ക് ആയിരുന്നു രണ്ടാം ഗോൾ നേടാൻ ഏറ്റവും നല്ല അവസരം കിട്ടിയത്. 73ആം മിനുട്ടിലെ താരത്തിന്റെ ഷോട്ട് പക്ഷെ ബെന്റ്ലി തടഞ്ഞു. കസെമിറോയുടെ 83ആം മിനുട്ടിലെ ഷോട്ടും ബെന്റ്ലി തടഞ്ഞു. 90ആം മിനുട്ടിൽ ആന്റണിയുടെ ഷോട്ടും ബെന്റ്ലി മനോഹരമായി തടഞ്ഞിട്ടു.

പക്ഷെ പരിക്ക് മാറി എത്തിയ ഗർനാചോ 95ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഒരു കൗണ്ടർ അറ്റാക്കിലൂടെ ബ്രൂണോ ഫെർണാണ്ടസ് ഗർനാചോയെ കണ്ടെത്തി. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തയട്ടിയെങ്കിലും വലക്ക് അകത്തേക്ക് തന്നെ കയറി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 66 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുന്നു. മൂന്നാമത് ഉള്ള ന്യൂകാസിലിനും 66 പോയിന്റാണ്. പക്ഷെ മെച്ചപ്പെട്ട ഗോൾഡിഫറൻസ് അവരെ മുന്നിൽ നിർത്തുന്നു. ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് യുണൈറ്റഡിന് ലീഗിൽ ഉള്ളത്. ഇന്ന് പരാജയപ്പെട്ട വോൾവ്സ് 40 പോയിന്റുമായി 13ആം സ്ഥാനത്ത് നിൽക്കുന്നു.

റോയി ഹഡ്സണിന്റെ കീഴിൽ പാലസിന് ആദ്യ തോൽവി, നിർണായക ജയവുമായി വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയവുമായി വോൾവ്സ്. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് അവർ മറികടന്നത്. ഇതിഹാസ പരിശീലകൻ റോയി ഹഡ്സൺ സ്ഥാനം ഏറ്റെടുത്ത ശേഷം പാലസ് നേരിടുന്ന ആദ്യ പാരാജയം ആണ് ഇത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ നെവസിന്റെ കോർണറിൽ നിന്നു കുൻഹയുടെ ഷോട്ട് തടയാനുള്ള പാലസ് പ്രതിരോധ താരം ആന്റേഴ്‌സന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പതിക്കുക ആയിരുന്നു.

സെൽഫ് ഗോളിൽ പിറകിൽ ആയ പാലസ് നന്നായി തന്നെയാണ് കളിച്ചത് എന്നാൽ ഗോൾ കണ്ടത്താൻ അവർക്ക് ആയില്ല. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ നെറ്റോയെ പാലസ് ഗോൾ കീപ്പർ ജോൺസ്റ്റോൺ വീഴ്ത്തിയതോടെ വോൾവ്സിന് അനുകൂലമായി പെനാൽട്ടി ലഭിച്ചു തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട റൂബൻ നെവസ് വോൾവ്സ് ജയം ഉറപ്പിച്ചു. ഗോൾ ഷർട്ട് ഊരി ആഘോഷിച്ച നെവസിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ജയത്തോടെ 33 കളികളിൽ നിന്നു 37 പോയിന്റുകൾ ഉള്ള വോൾവ്സ് പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ തുടരും എന്നു ഏതാണ്ട് ഉറപ്പാക്കി. നിലവിൽ ഇത്ര തന്നെ പോയിന്റുകൾ പാലസിനും ഉണ്ട്.

ഒടുവിൽ ലെസ്റ്റർ സിറ്റിക്ക് ജയം, തരം താഴ്ത്തൽ പോരാട്ടത്തിൽ വമ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ജയം കണ്ടത്തി ലെസ്റ്റർ സിറ്റി. പുതിയ പരിശീലകൻ ഡീൻ സ്മിത്തിന് കീഴിൽ ലെസ്റ്റർ സിറ്റി നേടുന്ന ആദ്യ ജയം ആണ് ഇത്. തുടർച്ചയായ രണ്ടു ജയങ്ങളും ആയി എത്തിയ വോൾവ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ സ്വന്തം മൈതാനത്ത് ലെസ്റ്റർ പിറകിൽ പോയി. മരിയ ലെമിനയുടെ പാസിൽ നിന്നു മാതിയസ് കുൻഹയാണ് വോൾവ്സിന് ആയി ഗോൾ നേടിയത്.

37 മത്തെ മിനിറ്റിൽ ജോസെ സാ ജെയ്മി വാർഡിയെ വീഴ്ത്തിയതിനു പെനാൽട്ടി ലഭിച്ചതോടെ ലെസ്റ്ററിന് മത്സരത്തിൽ തിരിച്ചു വരാൻ അവസരം ലഭിച്ചു. പെനാൽട്ടി ലക്ഷ്യം കണ്ട ഇഹനാച്ചോ ലെസ്റ്റർ സിറ്റിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മത്സരത്തിൽ പന്ത് കൈവശം വച്ചതിൽ വോൾവ്സ് ആധിപത്യം ഉണ്ടായെങ്കിലും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ലെസ്റ്റർ സിറ്റി ആയിരുന്നു. രണ്ടാം പകുതിയിൽ 75 മത്തെ മിനിറ്റിൽ വിക്ടർ ക്രിസ്റ്റിയൻസന്റെ പാസിൽ നിന്നു പ്രതിരോധതാരം തിമോത്തി കാസ്റ്റാഗ്നെ ലെസ്റ്ററിന് ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ വോൾവ്സിന് പെനാൽട്ടിക്ക് ആയി അപ്പീൽ ഉണ്ടായെങ്കിലും വാർ അത് അനുവദിച്ചില്ല. ജയത്തോടെ ലെസ്റ്റർ സിറ്റി 17 സ്ഥാനത്തേക്ക് കയറിയപ്പോൾ വോൾവ്സ് 13 മത് തുടരുകയാണ്.

വോൾവ്സിന് ആയി ആദ്യ ഗോളുമായി ഡീഗോ കോസ്റ്റ, ബ്രന്റ്ഫോർഡിനെ വീഴ്ത്തി വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സ് തരം താഴ്ത്തൽ ഭീഷണിയിൽ നിന്നു രക്ഷപ്പെടുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. ഇതോടെ ലീഗിൽ പതിമൂന്നാം സ്ഥാനത്തേക്ക് അവർ ഉയർന്നു. അതേസമയം ലീഗിൽ ബ്രന്റ്ഫോർഡ് ഒമ്പതാം സ്ഥാനത്ത് ആണ്. ലീഗിൽ തുടർച്ചയായ രണ്ടാം ജയം ആണ് വോൾവ്സിന് ഇത്. ക്ലബിന് ആയി മുൻ ചെൽസി താരം ഡീഗോ കോസ്റ്റ ആദ്യ ഗോൾ നേടുന്നതും ഇന്ന് കാണാൻ ആയി.

മത്സരത്തിൽ 27 മത്തെ മിനിറ്റിൽ ആണ് കോസ്റ്റ തന്റെ ആദ്യ വോൾവ്സ് ഗോൾ നേടിയത്. മത്സരത്തിൽ വോൾവ്സ് ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലും ബ്രന്റ്ഫോർഡിന് ആയില്ല. 69 മത്തെ മിനിറ്റിൽ നുനസിന്റെ ക്രോസ് തടയാൻ പിനോക്കിനു ആയെങ്കിലും പകരക്കാരനായി ഇറങ്ങിയ ഹാങ് ഹീ-ചാൻ വോൾവ്സിനു രണ്ടാം ഗോൾ സമ്മാനിച്ചു. ഇതോടെ അവർ ജയം ഉറപ്പിച്ചു. പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം ജയത്തോടെ വോൾവ്സ് വലിയ ചുവടുവച്ച് ആണ് വച്ചത്.

ലമ്പാർഡ് വന്നിട്ടും രക്ഷയില്ല, ചെൽസി വോൾവ്സിനോടും തോറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ദയനീയ പ്രകടനം തുടർന്ന് ചെൽസി. പുതിയ പരിശീലകൻ ലമ്പാർഡിന്റെ കീഴിൽ ഇറങ്ങിയ ചെൽസി ഇന്ന് വോൾവ്സിനോടാണ് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം‌. ലമ്പാർഡ് ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തി എങ്കിലും ഇന്ന് ഒന്നും ഫലം കണ്ടില്ല. നൂനസ് നേടിയ ഒരു ലോകോത്തര ഗോളാണ് ഇന്ന് വിജയ ഗോളായി മാറിയത്.

31ആം മിനുട്ടിൽ ആയിരിന്നു അസാധ്യം എന്ന് തോന്നിയ ആങ്കിളിൽ നിന്ന് ഒരു പവർഫുൾ ഷോട്ടിലൂടെ നൂനസ് വല കണ്ടെത്തിയത്‌. താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. മറുപടിയായി ചെൽസിക്ക് നല്ല അവസരങ്ങൾ പോലും സൃഷ്ടിക്കാൻ ആയില്ല‌. ആകെ ഒരു ഷോട്ട് ഓൺ ടാർഗറ്റ് മാത്രമെ ചെൽസിക്ക് മത്സരത്തിൽ ഉണ്ടായുള്ളൂ.

ഈ പരാജയത്തോടെ ചെൽസി 11ആം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്‌‌. 30 മത്സരങ്ങളിൽ നിന്ന് അവർക്ക് 39 പോയിന്റ് ആണുള്ളത്. 31 പോയിന്റുമായി വോൾവ്സ് 12ആം സ്ഥാനത്താണ്‌.

വീണ്ടും എവേ ഗ്രൗണ്ടിൽ പരാജയപ്പെട്ട് ടോട്ടനം

വോൾവ്‌സിനു മുന്നിലും ടോട്ടനം പരാജയപ്പെട്ടു. അദാമ ട്രയോരെ നേടിയ ഏക ഗോളിന്റെ ബലത്തിൽ ആണ് വോൾവ്സ് വിജയിച്ചത്. മത്സരത്തിൽ ഇരു ടീമുകളും ഗോൾ കണ്ടെത്താൻ പ്രയാസപ്പെടുന്നതാണ് കളിയുടെ ഭൂരിഭാഗം സമയത്തും കണ്ടത്. മത്സരം സമനിലയിൽ ആകുമോ എന്ന് ആശങ്കപ്പെടുന്ന സമയത്താണ് 82-ാം മിനിറ്റിൽ ട്രയോരെ ടോട്ടൻഹാമിന്റെ പ്രതിരോധത്തെ മറികടന്ന് വിജയ ഗോൾ നേടി. കളിയുടെ ശേഷിക്കുന്ന മിനിറ്റുകളിൽ സമനില ഗോൾ കണ്ടെത്താൻ ടോട്ടൻഹാം ശ്രമിച്ചെങ്കിലും വോൾവ്സ് പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനോട് തോറ്റ ടോട്ടൻഹാമിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. അവരുടെ തുടർച്ചയായ നാലാമത്തെ എവേ തോൽവി കൂടിയാണിത്. ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള സ്പർസിന്റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ തോൽവി. സ്പർസ് ഇപ്പോഴും 45 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. 26 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള വോൾവ്സ് പതിമൂന്നാം സ്ഥാനത്തും നിൽക്കുന്നു.

ലിവർപൂളിന് ഇത് ദുരിതകാലം!! വോൾവ്സിനു മുന്നിൽ നാണംകെട്ടു

ലിവർപൂളിന്റെ ദുരിതകാലം തുടരുന്നു. അവർ ഇന്ന് വോൾവ്സിനോടും പരാജയം ഏറ്റവാങ്ങി. മൊളിനക്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെട്ടത്. ഇന്ന് മത്സരത്തിന്റെ ആദ്യ പതിനൊന്ന് മിനുട്ടുകൾക്ക് അകം തന്നെ ലിവർപൂൾ 2 ഗോളിന് പിറകിലായിരുന്നു.

അഞ്ചാം മിനുട്ടിൽ മാറ്റിപിന്റെ ഒരു സെൽഫ് ഗോളാണ് ലിവർപൂളിനെ ഞെട്ടിച്ചത്. ഈ ഗോൾ വന്ന ക്ഷീണത്തിൽ നിൽക്കുകയായിരുന്ന ലിവർപൂൾ അധികം വൈകാതെ രണ്ടാം ഗോളും വഴങ്ങി. അരങ്ങേറ്റക്കാരൻ ഡോസൺ ആണ് വോൾവ്സിന്റെ ലീഡ് ഇരട്ടിയാക്കിയത്. 11 മിനുട്ടിൽ തന്നെ 2-0. ഈ ഗോളുകളിൽ പകച്ചു പോയ ലിവർപൂളിന് കളിയിലേക്ക് തിരികെവരാൻ ആയില്ല.

രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ റൂബൻ നെവസിലൂടെ വോൾവ്സിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ വന്നു. അഡമ ട്രയോരെയെയുടെ പാസ് സ്വീകരിച്ച് ആയിരുന്നു നെവസിന്റെ ഫിനിഷ്. ഈ പരാജയത്തോടെ ലിവർപൂൾ 29 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്‌. വോൾവ്സ് 20 പോയിന്റുമായി പതിനഞ്ചാം സ്ഥാനത്തും നിൽക്കുന്നു

ഡാങോ ഓട്ടാരയെ ടീമിലേക്ക് എത്തിക്കാൻ ബൗൺമത്ത്

ഫ്രഞ്ച് ലീഗിൽ ലോറിയന്റ് താരമായ ഡാങോ ഒട്ടാരയെ ബേൺമൗത്ത് ടീമിലേക്ക് എത്തിക്കുന്നു. കൈമാറ്റത്തിന് ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. മുന്നേറ്റ താരത്തെ എതിക്കാൻ വേണ്ടി ഏകദേശം ഇരുപത് മില്യൺ പൗണ്ട് ആണ് ബേൺമൗത്ത് ചിലവഴിക്കുക. താരം മെഡിക്കൽ പരിശോധനകൾക്ക് വേണ്ടി തിരിച്ചിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയുടെ താരമായ ഒട്ടാര, രാജ്യത്തെ മജസ്റ്റിക് ക്ലബ്ബിൽ നിന്നാണ് ഫ്രഞ്ച് ലീഗിലേക്ക് എത്തുന്നത്. 2020ൽ ലോറിയന്റെ ബി ടീമിൽ ചേർന്ന താരം തൊട്ടടുത്ത സീസൺ മുതൽ സീനിയർ ടീമിലും അരങ്ങേറി. ഇത്തവണ പതിനെട്ട് മത്സരങ്ങളിൽ നിന്നും ആറ് ഗോളുകൾ നേടാൻ ഇരുപതുകാരനായിട്ടുണ്ട്. റെലെഗേഷൻ സോണിന് തൊട്ടടുത്തതായി നിൽക്കുന്ന ബേൺമൗത്ത് ജനുവരിയിൽ ടീമിലേക്ക് എത്തിക്കുന്ന ആദ്യ താരമാണ് ഒട്ടാര.

ലോപറ്റ്യുഗിക്ക് പ്രീമിയർ ലീഗിൽ വിജയത്തുടക്കം; എവർട്ടണെ വീഴ്ത്തി വോൾവ്സ്

പ്രീമിയർ ലീഗിലേക്കുള്ള വരവ് വിജയത്തോടെ ആഘോഷിച്ച് ലോപറ്റ്യുഗി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എവർടനെ വീഴ്ത്തി വോൾവ്സ് ലോകകപ്പ് ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റ് കരസ്ഥമാക്കി. പൊഡൻസ്, ഐറ്റ് നോരി എന്നിവർ വോൾവ്സിനായി വല കുലുക്കിയപ്പോൾ യാരി മിനയാണ് എവർടന്റെ ഗോൾ കണ്ടെത്തിയത്. എവർടൻ പതിനേഴാം സ്ഥാനത്തും വോൾവ്സ് പതിനെട്ടാം സ്ഥാനത്തും തുടരുകയാണ്.

ആദ്യ പകുതിയിൽ എവർടനായിരുന്നു മുൻതൂക്കം. എങ്കിലും മത്സരത്തിൽ ഉടനീളം നഷ്ടപ്പെടുത്തിയ മികച്ച അവസരങ്ങൾ അവർക്ക് തിരിച്ചടി ആയി. ലോപറ്റ്യുഗിക്ക് കീഴിൽ മുഴുവനായി താളം കണ്ടെത്താൻ വോൾവ്സ് ബുദ്ധിമുട്ടി. ഏഴാം മിനിറ്റിൽ തന്നെ സ്വന്തം തട്ടകത്തിൽ ലീഡ് എടുക്കാൻ എവർടനായി. കോർണറിൽ നിന്നെത്തിയ ബോളിൽ തല വെച്ച് യാരി മിന ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ ഇരുപത്തിരണ്ടാം മിനിറ്റിൽ വോൾവ്സ് തിരിച്ചടിച്ചു. കോർണർ വഴി എത്തിയ ബോൾ ബോക്സിന് പുറത്തു വച്ച് മൗടിഞ്ഞോ നിയന്ത്രിച്ച ശേഷം പോസ്റ്റിന് അടുത്തേക്കായി ഓടിയ പോഡൻസിന് ഉയർത്തിയിട്ടു. താരം വല കുലുക്കി ടീമിന് സമനില സമ്മാനിച്ചു. പിന്നീട് ഗോർഡോന് കിട്ടിയ മികച്ചൊരു അവസരം വോൾവ്സ് കീപ്പർ ജോസ് സാ രക്ഷിച്ചെടുത്തു. മൗപ്പെക്കും ലഭിച്ച അവസരങ്ങൾ ലക്ഷ്യം കാണാതെ പോയതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിക്കും എവർടൻ മികച്ച രീതിയിൽ തുടക്കമിട്ടു. ഇവോബിക്ക് ലഭിച്ച അവസരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ആദാമ ട്രവോറെ കളത്തിൽ എത്തിയതോടെ വോൾവ്സ് കൂടുതൽ മുന്നേറ്റങ്ങൾ മേനഞ്ഞെടുത്തു തുടങ്ങി. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമണം കനപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ എവർടന്റെ നെഞ്ചു പിളർത്തിയ ഗോൾ എത്തി. കൗണ്ടർ അറ്റാക്കിലൂടെ എത്തിയ ബോൾ വലത് വിങ്ങിലൂടെ ഓടിക്കയറിയ ട്രാവോറെ ബോക്സിനുള്ളിൽ ഐറ്റ് നോരിക്ക് നൽകിയപ്പോൾ താരത്തിന് അനായാസം വലയിലേക്ക് എത്തിക്കാൻ ആയി. മത്സരം വരുതിയിൽ ആക്കാനുള്ള സമ്മർദ്ദത്തിനിടയിൽ പ്രതിരോധം മറന്ന എവർടന് നിരാശ സമ്മാനിക്കുന്നതാണ് ഈ ഫലം.

Exit mobile version