സിന്ധുവിന്റെ പരാജയത്തോടെ തുടക്കം, തായ്‍ലാന്‍ഡിനോട് അടിയറവ് പറഞ്ഞ് സെമി കാണാതെ ഇന്ത്യ

ഊബര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് തോൽവി. തായ്‍ലാന്‍ഡിനോട് 3-0 എന്ന സ്കോറിന് ആണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ പിവി സിന്ധു ആതിഥേയരുടെ റച്ചാനോക് ഇന്റാനോണിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ 21-18, 17-21, 12-21 എന്ന സ്കോറിനാണ് അടിയറവ് പറ‍ഞ്ഞത്.

തുടര്‍ന്നുള്ള മത്സരങ്ങളിൽ ഡബിള്‍സ് കൂട്ടുകെട്ടായി ശ്രുതി മിശ്ര – സിമ്രാന്‍ സിംഗിയും രണ്ടാം സിംഗിള്‍സിൽ ആക‍ര്‍ഷി കശ്യപും പരാജയപ്പെടുകയായിരുന്നു. ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയ ചൈനയുമായാണ് തായ്‍ലാന്‍ഡിന്റെ സെമി ഫൈനൽ മത്സരം.

ചൈനീസ് തായ്പേയെ പരാജയപ്പെടുത്തി ജപ്പാനും ഡെന്മാര്‍ക്കിനെ വീഴ്ത്തി കൊറിയയും മറ്റൊരു സെമിയിൽ ഏറ്റുമുട്ടും.

ഇന്ത്യ 2014, 2016 വര്‍ഷങ്ങളിൽ വെങ്കലം നേടിയിട്ടുണ്ടെങ്കിലും അതിന് ശേഷം ഇതുവരെ സെമി ഫൈനലിലേക്ക് എത്തുവാന്‍ ടീമിന് സാധിച്ചിട്ടില്ല.

ഊബര്‍ കപ്പിലും ഇന്ത്യയ്ക്ക് പരാജയം

വനിത ബാഡ്മിന്റൺ ടീം ചാമ്പ്യന്‍ഷിപ്പ് ആയ ഊബര്‍ കപ്പിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് കൊറിയയാണ് ഇന്ത്യയെ നിഷ്പ്രഭമാക്കിയത്. 0-5 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീം കൊറിയന്‍ താരങ്ങളോട് പരാജയം ഏറ്റുവാങ്ങിയത്.

മൂന്ന് സിംഗിള്‍സ് മത്സരങ്ങളിലും രണ്ട് ഡബിള്‍സ് മത്സരങ്ങളിലും ഇന്ത്യ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരുന്നു.

യുഎസ്എയെ തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം വിജയം

ഊബര്‍ കപ്പിൽ യുഎസ്എയ്ക്കെതിരെ ഇന്ത്യയ്ക്ക് 4-1ന്റെ വിജയം. മിക്സഡ് ഡബിള്‍സ് ടീം ആയ സിമ്രാന്‍ സിംഗി – റിതിക താക്കര്‍ മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയപ്പെട്ടുവെങ്കിലും പിവി സിന്ധു, ആകര്‍ഷി കശ്യപ്, അഷ്മിത ചാലിഹ എന്നിവര്‍ സിംഗിള്‍സിലും തനിഷ ക്രാസ്റ്റോ – ട്രീസ ജോളി കൂട്ടുകെട്ട് ഡബിള്‍സിലും വിജയം നേടിയാണ് ഇന്ത്യയ്ക്ക് രണ്ടാം ജയം നേടിക്കൊടുത്തത്.

ഇതോടെ ഗ്രൂപ്പ് ഡിയിൽ നിന്ന് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നാളെ കൊറിയയുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.

തോമസ്-ഊബര്‍ കപ്പ് പരിശീലന ക്യാമ്പ് റദ്ദാക്കി

ക്വാറന്റീന്‍ നടപടികള്‍ പാലിച്ച് ഇന്ത്യയുടെ തോമസ് കപ്പ്-ഊബര്‍ കപ്പ് ടൂര്‍ണ്ണമെന്റിനുള്ള താരങ്ങളുടെ പരിശീലന ക്യാമ്പ് നടത്തുക പ്രാവര്‍ത്തികം അല്ലെന്നതിനാല്‍ തന്നെ ക്യാമ്പ് റദ്ദാക്കുകയാണെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. തിരഞ്ഞെടുത്ത താരങ്ങള്‍ സെപ്റ്റംബര്‍ 17ന് മുമ്പ് ഫിറ്റെന്സ്സ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സ്വയം പരിശീലനത്തില്‍ ഏര്‍പ്പെട്ട് ശേഷം സമയാസമയങ്ങളില്‍ അസോസ്സിയേഷനെ ഇതിനെക്കുറിച്ച് അറിയിക്കണമെന്നും അറിയിപ്പില്‍ സൂചിപ്പിക്കുന്നു.

ടീം യാത്രയാകുന്നതെന്നെന്ന് ഉടനെ അറിയിക്കുമെന്നും അസോസ്സിയേഷന്‍ അറിയിച്ചിട്ടുണ്ട്.

ഊബര്‍ കപ്പിന് പിവി സിന്ധുവും സൈന നെഹ്‍വാലും ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയും തോമസ് കപ്പിന് ശ്രീകാന്ത് കിഡംബി, ലക്ഷ്യ സെന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയുമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഊബര്‍ കപ്പിന് സിന്ധുവുണ്ടാകും

ഊബര്‍ കപ്പിന് പിവി സിന്ധു ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകും. ഇന്ന് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് ബിസ്വ സര്‍മ്മയുടെ സിന്ധുവിനോട് ടീമിനൊപ്പം ചേരണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഡെന്മാര്‍ക്കിലേക്ക് യാത്രയാകുവാന്‍ തയ്യാറാണെന്ന് സിന്ധു അറിയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഒക്ടോബര്‍ 3 മുതല്‍ 11 വരെയാണ് തോമസ് – ഊബര്‍ കപ്പ് നടക്കുക.

Exit mobile version