എലിമിനേറ്ററിൽ വിജയം കുറിച്ച് ജമൈക്ക, ഇനി ഗയാനയുമായി അങ്കം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിൽ വെറും 148 റൺസാണ് നേടിയതെങ്കിലും സെയിന്റ് ലൂസിയ കിംഗ്സിനെ 115 റൺസിന് എറിഞ്ഞൊതുക്കി വിജയവുമായി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി ജമൈക്ക തല്ലാവാസ്. ഗയാന ആമസോൺ വാരിയേഴ്സ് ആണ് തല്ലാവാസിന്റെ രണ്ടാം ക്വാളിഫയറിലെ എതിരാളികള്‍.

47 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സും 15 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ മൊഹമ്മദ് നബിയും ആണ് ജമൈക്കയുടെ ബാറ്റിംഗിൽ തിളങ്ങിയത്. റീഫര്‍ 25 റൺസും നേടി. കിംഗ്സിന് വേണ്ടി ഡേവിഡ് വീസ് തന്റെ മികവ് തുടര്‍ന്ന് 3 വിക്കറ്റ് നേടിയപ്പോള്‍ അൽസാരി ജോസഫിന് 2 വിക്കറ്റ് ലഭിച്ചു.

26 പന്തിൽ 41 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയ്ക്ക് പിന്തുണ നൽകുവാന്‍ മറ്റാര്‍‍ക്കും സാധിക്കാതെ പോകുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി തല്ലാവാസ് മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ 18 ഓവറിൽ 115 റൺസിന് കിംഗ്സ് ഓള്‍ഔട്ട് ആയി. അൽസാരി ജോസഫ് കിംഗ്സിനായി 28 റൺസുമായി പുറത്താകാതെ നിന്നു.

33 റൺസ് വിജയം ജമൈക്ക നേടിയപ്പോള്‍ മൊഹമ്മദ് നബി, ഫാബിയന്‍ അല്ലന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും മൊഹമ്മദ് അമീര്‍, ഇമാദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

‍‍ഡു പ്ലെസിയുടെ ശതകം വിഫലം, കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഗയാന

സെയിന്റ് ലൂസിയ കിംഗ്സ് നേടിയ 194 റൺസെന്ന സ്കോര്‍ 4 പന്ത് അവശേഷിക്കെ മറികടന്ന് ഗയാന ആമസോൺ വാരിയേഴ്സ്. 59 പന്തിൽ 103 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ല 36 റൺസും റോസ്ടൺ ചേസ് 7 പന്തിൽ 17 റൺസും നേടുകയായിരുന്നു.

ഗയാനയ്ക്ക് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസും ഷായി ഹോപും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ചന്ദ്രപോള്‍ ഹേംരാജും(29), ഷിമ്രൺ ഹെറ്റ്മ്യറും(36) നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ഗുര്‍ബാസ് 26 പന്തിൽ 52 റൺസ് നേടിയപ്പോള്‍ ഷായി ഹോപ് 30 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു.

ആവേശം അവസാന പന്ത് വരെ, ഒരു റൺസ് വിജയവുമായി സെയിന്റ് ലൂസിയ കിംഗ്സ്

അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി 1 റൺസ് വിജയം നേടി സെയിന്റ് ലൂസിയ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിംഗ്സ് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.

അവസാന ഓവറിൽ 22 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നത്. റസ്സൽ അവസാന മൂന്ന് പന്തിൽ ഒരു ഫോറും രണ്ട് സിക്സും നേടിയെങ്കിലും ആദ്യ മൂന്ന് പന്തിൽ വലിയ ഷോട്ടുകള്‍ ട്രിന്‍ബാഗോയ്ക്ക് നേടാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

ആന്‍ഡ്രേ റസ്സൽ 11 പന്തിൽ 23 റൺസും സുനിൽ നരൈന്‍ 14 പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ കീറൺ പൊള്ളാര്‍ഡ്(34), ടിം സീഫെര്‍ട്(44) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 3 വിക്കറ്റ് നേടി റോസ്ടൺ ചേസ് കിംഗ്സിനായി ബൗളിംഗിൽ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ജോൺസൺ ചാള്‍സ്(54), ഡേവിസ് വീസ്(14 പന്തിൽ 33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 147 റൺസ് നേടിയത്.

ഡേവിഡ് വീസിന്റെ ഓള്‍റൗണ്ട് പ്രകടനം, സെയിന്റ് ലൂസിയ കിംഗ്സിന് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സെയിന്റ് ലൂസിയ കിംഗ്സിന് വിജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 189/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 140 റൺസിന് ഓള്‍ഔട്ട് ആയി. 49 റൺസ് വിജയം ആണ് കിംഗ്സ് സ്വന്തമാക്കിയത്.

ബാറ്റിംഗിൽ ജോൺസൺ ചാള്‍സ്(41 പന്തിൽ 61), ഫാഫ് ഡു പ്ലെസി(21 പന്തിൽ 41) എന്നിവര്‍ക്കൊപ്പം 12 പന്തിൽ പുറത്താകാതെ 21 റൺസ് നേടിയ ഡേവിഡ് വീസും തിളങ്ങിയ. റോഷോൺ പ്രിമസ്(18), റോസ്ടൺ ചേസ്(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. റഷീദ് ഖാന്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

19 പന്തിൽ 32 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് മാത്രമാണ് പാട്രിയറ്റ്സ് നിരയിൽ തിളങ്ങിയത്. റഷീദ് ഖാന്‍ 19 പന്തിൽ 26 റൺസും എവിന്‍ ലൂയിസ് 12 പന്തിൽ 19 റൺസും നേടിയെങ്കിലും വെറും 8 റൺസ് വിട്ട് നൽകി 3 വിക്കറ്റ് നേടിയ ഡേവിഡ് വീസ് ആണ് മത്സരം മാറ്റി മറിച്ചത്. കെസ്രിക് വില്യംസും മൂന്ന് വിക്കറ്റ് നേടി.

ഡാരന്‍ സാമി സെയിന്റ് ലൂസിയ കിംഗ്സ് മുഖ്യ കോച്ച്

2022 കരീബിയന്‍ പ്രീമിയര്‍ ലീഗിൽ പുതിയ കോച്ചിനെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ കിംഗ്സ്. ഡാരന്‍ സാമിയെയാണ് മുഖ്യ കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 30ന് ആണ് അവസാനിക്കുന്നത്.

സെയിന്റ് ലൂസിയ കിംഗ്സിന്റെ കളിക്കാരന്‍, ക്യാപ്റ്റന്‍, അംബാസിഡര്‍, ഉപ പരിശീലകന്‍, മെന്റര്‍ എന്നീ റോളുകള്‍ വഹിച്ചയാളാണ് ഡാരന്‍ സാമി.

ട്രിന്‍ബാഗോയ്ക്ക് വീണ്ടും തോല്‍വി, 5 റൺസ് വിജയവുമായി കിംഗ്സ്

കഴിഞ്ഞ സീസണിലെ അപരാജിത കുതിപ്പിന് ശേഷം ഈ സീസണിലെ രണ്ടാമത്തെ തോല്‍വിയേറ്റു വാങ്ങി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് ലൂസിയ കിംഗ്സ് ആണ് ട്രിന്‍ബാഗോയെ 5 റൺസിന് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 157/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 3 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിൽ 14 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നതെങ്കിലും ടീമിനെ 8 റൺസ് മാത്രമേ ഓവറിൽ നേടാനായുള്ളു.

16 പന്തിൽ 40 റൺസ് നേടിയ ടിം സീഫെര്‍ട്ടും 40 റൺസ് നേടിയ കോളിന്‍ മൺറോയുമാണ് ട്രിന്‍ബാഗോയ്ക്കായി തിളങ്ങിയത്. സീഫെര്‍ട്ട് മത്സരത്തിൽ ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും മൺറോ 46 പന്തുകള്‍ നേരിട്ടാണ് ഈ സ്കോര്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സിന് വേണ്ടി ടിം ഡേവിഡ്(43), റോസ്ടൺ ചേസ്(30*), ആന്‍ഡ്രേ ഫ്ലെച്ചര്‍(28), റഖീം കോര്‍ണ്‍വാൽ(23) എന്നിവരാണ് റൺസ് കണ്ടെത്തിയത്. തന്റെ നാലോവറിൽ 17 റൺസ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റ് നേടിയ റോസ്ടൺ ചേസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സൂക്ക്സിന്റെ പേര് മാറ്റി, ഇനി സെയിന്റ് ലൂസിയ കിംഗ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സെയിന്റ് ലൂസിയ സൂക്ക്സിന്റെ പേര് മാറ്റി. ഐപിഎലിലെ കിംഗ്സ് ഇലവന്‍ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലള്ള ടീമിനെ ഇനി സെയിന്റ് ലൂസിയ കിംഗ്സ് എന്നാണ് അറിയപ്പെടുക.

രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുവാന്‍ വേണ്ടിയുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. KPH Dream Cricket Private Limited ആണ് ഈ രണ്ട് ഗ്രൂപ്പുകളുടെയും ഉടമസ്ഥര്‍.

 

Exit mobile version