തല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെമിയില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി ജമൈക്ക തല്ലാവാസ് ബാറ്റ്സ്മാന്മാര്‍. അകീല്‍ ഹൊസൈന്റെ ബൗളിംഗിന് മുന്നില്‍ തല്ലാവാസ് ടോപ് ഓര്‍ഡര്‍ മുട്ട് മടക്കിയപ്പോള്‍ ക്രുമാ ബോണറും റോവ്മന്‍ പവലും മാത്രമാണ് റണ്‍സ് കണ്ടെത്തിയത്.

വെടിക്കെട്ട് താരം ആന്‍ഡ്രേ റസ്സലിനെ സുനില്‍ നരൈന്‍ വീഴ്ത്തിയതോടെ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താമെന്ന ജമൈക്കയുടെ പ്രതീക്ഷയും അസ്തമിച്ചു. 20 ഓവറില്‍ 107 റണ്‍സാണ് ടീം 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

41 റണ്‍സുമായി ബോണര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ റോവ്മന്‍ പവല്‍ 33 റണ്‍സ് നേടി. ട്രിന്‍ബാഗോ ബൗളര്‍മാരില്‍ അകീല്‍ ഹൊസൈന്‍ മൂന്നും ഖാരി പിയറി രണ്ടും വിക്കറ്റ് നേടി.

ആദ്യ സെമിയില്‍ ട്രിന്‍ബാഗോയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ജമൈക്ക തല്ലാവാസിനെതിരെ ഇന്നത്തെ മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകന്‍ കീറണ്‍ പൊള്ളാര്‍ഡ്. സുനില്‍ നരൈന്‍, ഡാരെന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവെല്ലാം തിരികെ വരുന്നു എന്നതാണ് ട്രിന്‍ബാഗോ നിരയിലെ പ്രത്യേകത. ഇതുവരെ ടൂര്‍ണ്ണമെന്റില്‍ പരാജയമറിയാത്ത ഏക ടീം കൂടിയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്.

നാലാം സ്ഥാനക്കാരാണെങ്കിലും ജമൈക്കയുടെ നിരയില്‍ വമ്പന്‍ താരങ്ങളാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ ഒരു അട്ടിമറിയ്ക്ക് ടീമിന് ഇനിയും സാധിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനം ടീമില്‍ നിന്നുണ്ടായിട്ടില്ലെങ്കിലും ഇന്ന് അതിന് സാധിച്ചാല്‍ ട്രിന്‍ബാഗോയുടെ അപരാജിത കുതിപ്പിന് അതോടെ വിരാമമാവും.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ന് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നാലാം സ്ഥാനക്കാരായ ജമൈക്ക തല്ലാവാസുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. പത്തില്‍ പത്ത് മത്സരങ്ങളും ജയിച്ചാണ് ടീമെത്തുന്നത്. അതെ സമയം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് ജമൈക്ക തല്ലാവാസ് സെമിയില്‍ കടന്നത്. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിന്റെ ഒരു പോയിന്റുമാണ് ടീമിന് ലഭിച്ചത്.

രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ഗയാന ആമസോണ്‍ വാരിയേഴ്സും മൂന്നാം സ്ഥാനക്കാരായ സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റുമുട്ടും. പ്രാഥമിക ഘട്ടം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 12 വീതം പോയിന്റ് നേടി ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും റണ്‍ റേറ്റിന്റെ ബലത്തില്‍ ഗയാനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

ട്രിന്‍ബാഗോയ്ക്ക് ഇതുവരെ പരാജയം രുചിക്കേണ്ടി വന്നിട്ടില്ലെങ്കിലും ആന്‍ഡ്രേ റസ്സല്‍ അടങ്ങുന്ന തല്ലാവാസ് നിര അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ പോന്നതാണ്. ഇനിയൊരു വീഴ്ച സംഭവിച്ചാല്‍ തന്നെ ഇതുവരെ നടത്തിയ മികവുറ്റ പ്രകടനം എല്ലാം നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് ട്രിന്‍ബാഗോയുടേത്. അതേ സമയം യാതൊന്നും നഷ്ടപ്പെടുവാനില്ലാത്ത തല്ലാവാസിന് സമ്മര്‍ദ്ദം കുറവായിരിക്കും മത്സരത്തെ സമീപിക്കുമ്പോള്‍.

ഗയാനയും സൂക്ക്സും തമ്മിലുള്ള പോരാട്ടം തുല്യ ശക്തികളുടെ പോരാട്ടമായി വിശേഷിപ്പിക്കാവുന്നതാണ്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരങ്ങള്‍ വീതമാണ് ടീമുകള്‍ വിജയിച്ചത്. അതിനാല്‍ തന്നെ മൂന്നാം തവണ ഏറ്റുമുട്ടുമ്പോള്‍ ആര് വിജയം പിടിച്ചെടുക്കുമെന്നത് ഉറ്റുനോക്കേണ്ട കാര്യം തന്നെയാണ്.

51 പന്ത് ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പത്താം വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പത്തില്‍ പത്ത് വിജയവും നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ 77 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം ലക്ഷ്യം 11.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്.

ആമീര്‍ ജാംഗോയുടെ(19) വിക്കറ്റ് നഷ്ടമായെങ്കിലും 41 റണ്‍സ് നേടിയ ടിയോണ്‍ വെബ്സ്റ്ററും 16 റണ്‍സുമായി ടിം സീഫെര്‍ട്ടും ട്രിന്‍ബാഗോയെ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു.

പാട്രിയറ്റ്സിന് പ്രയാസം സൃഷ്ടിച്ച് ട്രിന്‍ബാഗോ സ്പിന്നര്‍മാര്‍, ഫവദ് അഹമ്മദിന് നാല് വിക്കറ്റ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപ്രസക്തമായ മത്സരത്തില്‍ ഇന്ന് ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും അവസാന സ്ഥാനക്കാരായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും ഏറ്റുമുട്ടിയപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിന് തകര്‍ച്ച. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍മാരുടെ മുന്നില്‍ പതറിയ പാട്രിയറ്റ്സ് ബാറ്റ്സ്മാന്മാര്‍ക്ക് 77 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഫവദ് അഹമ്മദും പ്രവീണ്‍ താംബെയും സിക്കന്ദര്‍ റാസയുമെല്ലാം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ 33/5 എന്ന നിലയിലേക്ക് പാട്രിയറ്റ്സ് വീണു. 19 റണ്‍സ് നേടിയ ദിനേഷ് രാംദിന്‍ ആണ് പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍. പാട്രിയറ്റ്സ് ക്യാപ്റ്റന്‍ റയാദ് എമ്രിറ്റ് 15 റണ്‍സ് നേടി.

ഫവദ് അഹമ്മദ് നാലും അകീല്‍ ഹൊസൈന്‍ രണ്ടും വിക്കറ്റ് നേടി.

കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി

ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള അവശേഷിക്കുന്ന മത്സരങ്ങളുടെ ഫലം പോയിന്റ് പട്ടികയെ ബാധിക്കുവാന്‍ പോകുന്നില്ല എന്നതിനാല്‍ തന്നെ സെമി ലൈനപ്പ് നേരത്തെ തന്നെ നിശ്ചയിക്കപ്പെടുകയായിരുന്നു.

ആദ്യ സെമിയില്‍ സെപ്റ്റബര്‍ എട്ടിന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും ജമൈക്ക തല്ലാവാസും എറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഗയാന ആമസോണ്‍ വാരിയേഴ്സും സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റുമുട്ടും. സെപ്റ്റംബര്‍ പത്തിനാണ് ഫൈനല്‍ നടക്കുക.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ട്രിന്‍ബാഗോ 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളില്‍ നിന്ന് ഗയാന ആമസോണ്‍ വാരിയേഴ്സിന് 12 പോയിന്റും 9 മത്സരങ്ങളില്‍ നിന്ന സെയിന്റ് ലൂസിയ സൂക്ക്സിന് 10 പോയിന്റുമാണുള്ളത്.

സൂക്ക്സിന്റെ അടുത്ത മത്സരം ട്രിന്‍ബാഗോയുമാണ്. അതില്‍ വിജയം കൊയ്യാനായാല്‍ 12 പോയിന്റ് നേടാനാവുമെങ്കിലും ഗയാനയെ റണ്‍റേറ്റില്‍ മറികടക്കുക ഏറെക്കുറെ പ്രയാസകരമായ കാര്യമാണ്. ജമൈക്ക തല്ലാവാസിന് 9 മത്സരത്തില്‍ നിന്ന് 7 പോയിന്റാണുള്ളത്. അവശേഷിക്കുന്നത് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സുമായുള്ള മത്സരം.

ആര് പിടിച്ചുകെട്ടും ട്രിന്‍ബാഗോയെ, സൂക്ക്സിനെ പരാജയപ്പെടുത്തി ഒമ്പതാം വിജയം

ട്രിന്‍ബാഗോ നല്‍കിയ 176 റണ്‍സ് വിജയ ലക്ഷ്യം നേടുവാന്‍ കഴിയാതെ 23 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക് എത്തുവാനുള്ള അവസരമാണ് സൂക്ക്സിന് നഷ്ടമായത്.

മാര്‍ക്ക് ദേയാല്‍(40), ആന്‍ഡ്രേ ഫ്ലെച്ചര്‍ 27 പന്തില്‍ നിന്ന് 42 റണ്‍സ് എന്നിവരുടെ പ്രകടനങ്ങളുണ്ടായിട്ടും ലക്ഷ്യം മറികടക്കുവാന്‍ സൂക്ക്സിന് സാധിച്ചില്ല. പൊള്ളാര്‍ഡ് മൂന്ന് വിക്കറ്റ് നേടി ദേയാലിനെയും ഫ്ലെച്ചറിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കുകയായിരുന്നു. 17 റണ്‍സ് നേടിയ മുഹമ്മദ് നബിയെയും പൊള്ളാര്‍ഡ് പുറത്താക്കിയതോടെ സൂക്ക്സിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.

20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സേ സെയിന്റ് ലൂസിയ സൂക്ക്സിന് നേടാനായുള്ളു. പൊള്ളാര്‍ഡിന് പുറമെ രണ്ട് വിക്കറ്റുമായി ജെയ്ഡന്‍ സീല്‍സും ഡ്വെയിന്‍ ബ്രാവോയും ട്രിന്‍ബാഗോയ്ക്ക് വേണ്ടി പോയിന്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഡാരെന്‍ ബ്രാവോയ്ക്ക് അര്‍ദ്ധ ശതകം, വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി കീറണ്‍ പൊള്ളാര്‍ഡ്

തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാനായി സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സ് നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഡാരെന്‍ ബ്രാവോയുടെ അര്‍ദ്ധ ശതകത്തിന്റെയും കീറണ്‍ പൊള്ളാര്‍ഡ് നേടിയ 21 പന്തില്‍ നിന്നുള്ള 42 റണ്‍സിന്റെയും ബലത്തിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിന്‍ബാഗോ 175 റണ്‍സ് നേടിയത്.

ടിം സീഫെര്‍ട് 33 റണ്‍സും ടിയോണ്‍ വെബ്സ്റ്റര്‍ 20 റണ്‍സും നേടി. സൂക്ക്സ് നിരയില്‍ സ്കോട്ട് കുജ്ജെലൈന്‍

എട്ടില്‍ എട്ടും വിജയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പാട്രിയറ്റ്സിനെതിരെ 59 റണ്‍സ് ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം കൊടുത്ത് കളത്തിലിറങ്ങിയ ടീം ലെന്‍ഡല്‍ സിമ്മണ്‍സ് നേടിയ 96 റണ്‍സിന്റെ മികവില്‍ 174/4 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 115 എന്ന സ്കോറില്‍ പിടിച്ച് കെട്ടി 59 റണ്‍സിന്റെ വിജയമാണ് ട്രിന്‍ബാഗോ സ്വന്തമാക്കിയത്.

34 റണ്‍സ് നേടിയ ക്രിസ് ലിന്‍ പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍ ആയെങ്കിലും 46 പന്താണ് താരം ഈ സ്കോര്‍ നേടുവാന്‍ എടുത്തത്. ജോഷ്വ ഡാ സില്‍വ് 29 റണ്‍സും നേടി. സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റുമായി ട്രിന്‍ബാഗോ വിക്കറ്റ് നേട്ടത്തില്‍ മുമ്പില്‍ നിന്നു.

മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പക്ഷേ ശതകം നഷ്ടം, ട്രിന്‍ബാഗോയ്ക്ക് 174റണ്‍സ്

ഇന്ന് തങ്ങളുടെ എട്ടാം വിജയം തേടി ഇറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 174 റണ്‍സ്. തന്റെ ശതകം നാല് റണ്‍സ് അകലെ നഷ്ടമായെങ്കില്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ മിന്നും പ്രകടനമാണ് ഇന്ന് ട്രിന്‍ബാഗോയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

തുടക്കത്തില്‍ സുനില്‍ നരൈന് പകരം ടീമിലെത്തിയ അമീര്‍ ജാങ്കോയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം കോളിന്‍ മണ്‍റോ പരിക്കേറ്റ് പുറത്താകുകയും ചെയ്ത ശേഷം ലെന്‍ഡല്‍ സിമ്മണ്‍സ്-ഡാരെന്‍ ബ്രാവോ കൂട്ടുകെട്ട് നേടിയ 136 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ട്രിന്‍ബാഗോയുടെ ഇന്നിംഗ്സ് മുന്നോട്ട് പോയത്.

സിമ്മണ്‍സ് 63 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയപ്പോള്‍ ഡാരെന്‍ ബ്രാവോ 36 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ ഡൊമിനിക് ഡ്രേക്ക്സ് രണ്ട് വിക്കറ്റ് നേടി ഹാട്രിക്ക് നേട്ടത്തിനരികെ എത്തിയെങ്കിലും സിക്കന്ദര്‍ റാസ താരത്തിന് അത് നിഷേധിച്ചു. ഡ്വെയിന്‍ ബ്രാവോ താന്‍ നേരിട്ട അവസാന പന്ത് സിക്സര്‍ പറത്തി ടീം ംസ്കോര്‍ 174 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.

ഏഴാം വിജയവും സ്വന്തമാക്കി കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ജമൈക്ക തല്ലാവാസിനെ 165/6 എന്ന സ്കോറില്‍ പിടിച്ച് കെട്ട് 19 റണ്‍സ് വിജയം കുറിച്ച് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റില്‍ ആന്‍ഡ്രേ റസ്സലും കാര്‍ലോസ് ബ്രാത്വവൈറ്റും നടത്തിയ ചെറുത്ത്നില്പ് ഒഴിച്ച് നിര്‍ത്തിയാല്‍ മോശം ബാറ്റിംഗ് പ്രകടനമാണ് തല്ലാവാസ് പുറത്തെടുത്തത്.

റസ്സല്‍ 23 പന്തില്‍ 50 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റഅ 16 പന്തില്‍ 21 റണ്‍സും നേടി ഏഴാം വിക്കറ്റില്‍ നേടിയ 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് വലിയ തോല്‍വിയില്‍ നിന്ന് ജമൈക്കയെ കരകയറ്റിയത്. റസ്സല്‍ 5 ഫോറും 4 സിക്സും സഹിതമാണ് ഈ സ്കോര്‍ നേടിയത്.

ടോപ് ഓര്‍ഡറില്‍ ഗ്ലെന്‍ ഫിലിപ്പ്സ് 41 റണ്‍സുമായി തിളങ്ങിയെങ്കിലും ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ ചാഡ്വിക് വാള്‍ട്ടണേ നഷ്ടമായ തുടക്കം ജമൈക്കയുടെ താളം തെറ്റിച്ചു. ബാക്കിയാര്‍ക്കും തിളങ്ങുവാനും സാധിക്കാനാകാതെ പോയപ്പോള്‍ 14.1 ഓവറില്‍ 97/6 എന്ന നിലയിലേക്ക് ജമൈക്ക വീണു.

അവസാന നാലോവറില്‍ നിന്ന് 80 റണ്‍സ് നേടേണ്ടിയിരുന്ന തല്ലാവാസിനായി തകര്‍പ്പന്‍ ബാറ്റിംഗിന് പേരുകേട്ട ആന്‍ഡ്രേ റസ്സലും കാര്‍ലോസ് ബ്രാത്‍വൈറ്റുമാണ് ക്രീസിലുണ്ടായിരുന്നത്. 17ാം ഓവറില്‍ 12 റണ്‍സ് നേടിയ ശേഷം ജെയ്ഡന്‍ സീല്‍സ് എറിഞ്ഞ 18ാം ഓവറില്‍ 22 റണ്‍സാണ് ആന്‍ഡ്രേ റസ്സലും കാര്‍ലോസ് ബ്രാത്‍വൈറ്റും നേടിയത്. ഇതോടെ അവസാന രണ്ടോവറില്‍ ലക്ഷ്യം 46 റണ്‍സായി മാറി. എന്നാല്‍ ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് താരം വെറും എട്ട് റണ്‍സ് വിട്ട് കൊടുത്തതോടെ അവസാന ഓവറില്‍ അപ്രാപ്യമായ ലക്ഷ്യമായിരുന്നു തല്ലാവാസ് നേടേണ്ടിയിരുന്നത്.

ആറ് പന്തില്‍ നിന്ന് 38 റണ്‍സ് വേണമെന്ന സ്ഥിതിയില്‍ ട്രിന്‍ബാഗോ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളോര്‍ഡ് സ്വയം ബൗളിംഗിന് എത്തുകയായിരുന്നു. പൊള്ളാര്‍ഡിനെ ആദ്യ പന്തില്‍ സിക്സര്‍ നേടി റസ്സല്‍ വരവേറ്റുവെങ്കിലും ഓവറില്‍ നിന്ന് 18 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു.

ട്രിന്‍ബാഗോയ്ക്ക് വേണ്ടി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് കോളിന്‍ മണ്‍റോയും കീറണ്‍ പൊള്ളാര്‍ഡും, തല്ലാവാസിനെതിരെ 184 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

തങ്ങളുടെ ഏഴാം ജയം ലക്ഷ്യമാക്കി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് ജമൈക്ക തല്ലാവാസിനെതിരെ 184 റണ്‍സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ജമൈക്കയ്ക്കെതിരെ ഈ സ്കോര്‍ ട്രിന്‍ബാഗോ നേടിയത്. സുനില്‍ നരൈന്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ ബാറ്റിംഗ് ആരംഭിച്ച ട്രിന്‍ബാഗോയ്ക്ക് തുണയായത് അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. അര്‍ദ്ധ ശതകവുമായി കോളിന്‍ മണ്‍റോയും താരത്തിന് പിന്തുണ നല്‍കി.

11 പന്തില്‍ 29 റണ്‍സുമായി സുനില്‍ നരൈനാണ് ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം ആരംഭിച്ചത്. 2.4 ഓവറില്‍ നരൈന്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 32 റണ്‍സായിരുന്നു. പിന്നീട് മണ്‍റോയുമായി ചേര്‍ന്ന് ലെന്‍ഡല്‍ സിമ്മണ്‍സ്(25) രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂടി നേടി.

ടിം സീഫെര്‍ട്ട് 13 പന്തില്‍ 18 റണ്‍സ് നേടി പുറത്തായ ശേഷം 111/3 എന്ന നിലയില്‍ മണ്‍റോയ്ക്കൊപ്പം ക്രീസിലെത്തിയ കീറണ്‍ പൊള്ളാര്‍ഡ് തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 പന്തില്‍ നിന്ന് 73 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 54 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ മണ്‍റോ പുറത്തായപ്പോള്‍ പൊള്ളാര്‍ഡ് 16 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

Exit mobile version