ഹാരി കെയ്ന് ഇരട്ട ഗോളുകൾ, സ്പർസിന് നാലാം സ്ഥാനത്ത് 6 പോയിന്റിന്റെ ലീഡ്

നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പർസ്. കെയ്ൻ രണ്ടു തവണ വലകുലുക്കിയപ്പോൾ സോൺ മറ്റൊരു ഗോൾ കണ്ടെത്തി. വോറൽ ആണ് നോട്ടിങ്ഹാമിനായി ഗോൾ നേടിയത്. ടോട്ടനം നാലാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് ലിവർപൂൾ തോറ്റതിനാൽ നാലാം സ്ഥാനത്ത് ആറു പോയിന്റ് ലീഡ് നേടാനും സ്പർസിനായി. നോട്ടിങ്ഹാം പതിനാലാമതാണ്.

ചാമ്പ്യൻസ് ലീഗ് പുറത്താവലിന് പിറകെ റിച്ചാർലിസനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ടോട്ടനം കളത്തിൽ ഇറങ്ങിയത്. കെയിനിന്റയെയും സോണിന്റെയും ഗോളിന് ചരട് വലിച്ചു താരം തിളങ്ങുകയും ചെയ്തു. രണ്ടാം മിനിറ്റിൽ തന്നെ ബ്രസീലിയൻ താരം ഗോൾ നേടിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങിയിരുന്നു. പത്തൊൻപതാം മിനിറ്റിൽ പെഡ്രോ പൊറോ ഉയർത്തിയിട്ട ബോളിൽ ഹെഡർ ഉതിർത്ത് കെയ്ൻ വല കുലുക്കി. പിന്നീട് മുപ്പത്തിയഞ്ചാം മിനിറ്റിൽ റിച്ചാലിസനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയും കെയ്ൻ തന്നെ വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ സോണിന്റെ ഗോളിൽ ടോട്ടനം മത്സരം അരക്കിട്ടുറപ്പിച്ചു. ഇത്തവണയും ബ്രസീലിയൻ താരത്തിന്റെ നീക്കങ്ങൾ ആണ് ഗോളിൽ കലാശിച്ചത്. കൗണ്ടറിൽ ഓടിക്കയറി റിച്ചലിസൻ നൽകിയ ക്രോസ് ആണ് സോൺ വലയിൽ എത്തിച്ചത്. ഇഞ്ചുറി ടൈമിൽ കുലുസേവ്സ്കിയുടെ ഹാന്റ്ബോളിൽ ലഭിച്ച പെനാൽറ്റി അയ്യു എടുത്തെങ്കിലും ടോട്ടനം കീപ്പർ ഫോസ്റ്റർ തടുത്തിട്ടു.

എഫ് എ കപ്പിൽ നിന്ന് സ്പർസിനെ പുറത്താക്കി ഷെഫീൽഡ് യുണൈറ്റഡ്

എഫ്‌എ കപ്പിൽ അഞ്ചാം റൗണ്ടിൽ 1-0ന് ജയിച്ച് ഷെഫീൽഡ് യുണൈറ്റഡ് ടോട്ടൻഹാമിനെ പുറത്താക്കി. 79-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെ നേടിയ വിജയ ഗോൾ
ആൺ. സ്പർസിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്‌. ഈ സീസണിൽ ഒരു കപ്പ് നേടാം എന്നുള്ള സ്പർസ് സ്വപ്നങ്ങൾക്ക് ഇത് വലിയ തിരിച്ചടുയാകും.

ക്വാർട്ടർ ഫൈനലിൽ ബ്ലാക്‌ബേൺ റോവേഴ്‌സിനെ ആകും ഷെഫീൽഡ് നേരിടുക. ഷെഫീൽഡ് യുണൈറ്റഡ് അവസാന നാലു സീസണിൽ മൂന്നിലും എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്.

ചെൽസിക്ക് മറക്കാൻ ഒരു പരാജയം കൂടെ!! സ്പർസിനു മുന്നിലും വീണു

പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ ചെൽസിക്കെതിരെ ടോട്ടൻഹാം ഹോട്സ്പർ 2-0ന്റെ നിർണായക വിജയം ഉറപ്പിച്ചു. ലണ്ടൻ ഡെർബിയിൽ ചെൽസി അവരുടെ മോശം ഫോം തുടരുന്നതാണ് കണ്ടത്. സംഭവ ബഹുലനായിരുന്നു എങ്കിലും ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ വന്നു. ഒലിവർ സ്കിപ്പിന്റെ വിസ്മയകരമായ ഒരു ലോംഗ് റേഞ്ച് ഗോളാണ് ചെൽസി ഗോൾകീപ്പർ കെപയെ കീഴ്പ്പെടുത്തി വലയിലേക്ക് കയറിയത്.

ബ്ലൂസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നല്ല അവസരങ്ങൾ പിറന്നില്ല. ഇന്നത്തേത് അടക്കം അവസാന ആറു മത്സരങ്ങളിൽ ചെൽസി ആകെ ഒരു ഗോളാണ് സ്കോർ ചെയ്തത്‌. 81-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഹാരി കെയ്ൻ ലീഡ് ഇരട്ടിയാക്കിയതോടെ ആതിഥേയർ വിജയം ഉറപ്പിച്ചു.

ഫലം പ്രീമിയർ ലീഗ് ടേബിളിൽ 25 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി സ്പർസിനെ 4-ാം സ്ഥാനത്ത് നിർത്തുകയാണ്. അതേസമയം, അവസാന 11 മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ചെൽസി 31 പോയിന്റുമായി പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ചെൽസി അവസാന ആറു മത്സരങ്ങളിൽ ഒന്ന് പോലും ജയിച്ചിട്ടില്ല.

സാൻസിറോയിൽ സ്പർസിനെ തോൽപ്പിച്ച് എ സി മിലാൻ

സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ ടോട്ടൻഹാമിനെതിരെ എസി മിലാൻ 1-0ന്റെ വിജയം നേടി. 7-ാം മിനിറ്റിൽ ബ്രാഹിം ഡയസ് ഒരു മികച്ച റീബൗണ്ടിലൂടെ ആണ് വിജയ ഗോൾ നേടിയത്. 2014ന് ശേഷമുള്ള എ സി മിലാന്റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോളായിരുന്നു ഇത്.

മിലാനു വേണ്ടി ഡയസ് നേടിയ 20-ാം ഗോളാണ് ഇത്. ഇത് ആദ്യമായാണ് എസി മിലാൻ ടോട്ടൻഹാമിനെ പരാജയപ്പെടുത്തുന്നത്, ഈ വിജയം മിലാന് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകും. എന്നാൽ ലണ്ടണിൽ വെച്ച് മിലാനെ മറികടന്ന് ക്വാർട്ടറിലേക്ക് പോകാൻ എന്ന പ്രതീക്ഷയിലാണ് സ്പർസ്.

ടോട്ടനം തകർന്നടിഞ്ഞു, റിലഗേഷൻ ഭീഷണിയിൽ നിന്ന് അകന്ന് ലെസ്റ്റർ സിറ്റി

ഒന്നിനെതിരെ നാല് ഗോളുകൾക്ക് ടോട്ടനത്തെ വീഴ്ത്തി ലെസ്റ്ററിന് തകർപ്പൻ ജയം. മെന്റിയും മാഡിസനും ഇഹ്യോനാച്ചോയും ബാൺസും ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. ടോട്ടനത്തിന്റെ ആശ്വാസ ഗോൾ ബെന്റാങ്കുർ നേടി. ഇതോടെ ഇരുപത്തിനാല് പോയിന്റുമായി ലെസ്റ്റർ പതിമൂന്നാമതാണ്. ടോട്ടനം അഞ്ചാമതും. സിറ്റിയെ നേരിട്ട ടോട്ടനത്തിന്റെ നിഴൽ മാത്രമായിരുന്നു ഇന്ന് കളത്തിൽ കാണാൻ കഴിഞ്ഞത്.

എതിർ തട്ടകത്തിൽ ടോട്ടനത്തിനായിരുന്നു ആദ്യ കുറച്ചു നിമിഷങ്ങളിൽ മുൻതൂക്കം. പതിനാലാം മിനിറ്റിൽ അവർ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ ബോളിൽ ഡേവിസിന്റെ ശ്രമം വഴി മാറിയപ്പോൾ ബെന്റാങ്കുറിലേക്ക് എത്തുകയായിരുന്നു. താരം അനായാസം ലക്ഷ്യം കണ്ടു. ഓഫ്‌സൈഡ് മണമുള്ളതിനാൽ മിനിറ്റുകൾ നീണ്ട പരിശോധനക്ക് ശേഷമാണ് ഗോൾ അനുവദിച്ചത് ഇരുപതിമൂന്നാം മിനിറ്റിൽ ലെസ്റ്റർ സമനില ഗോൾ നേടി. കോർണറിൽ ക്ലിയർ ചെയ്യപ്പെട്ട പന്തിലേക്ക് ഓടിയടുത്ത് മെന്റി തൊടുത്ത കരുത്തേറിയ ഷോട്ട് ലോറിസിന് ഒരവസരവും നൽകാതെ വലയിൽ പതിച്ചു. പിന്നീട് ലെസ്റ്റർ മാത്രമായിരുന്നു ആദ്യ പകുതിയിൽ ചിത്രത്തിൽ ഉണ്ടായിരുന്നത്. വെറും രണ്ടു മിനിറ്റിന് ശേഷം മാഡിസന്റെ ഗോളിലൂടെ ലെസ്റ്റർ ലീഡ് എടുത്തു. ഇഹ്യോനാച്ചോയുടെ അസിസ്റ്റിൽ ആണ് ഗോൾ വന്നത്. ഇഞ്ചുറി ടൈമിൽ താരം ഗോളും കണ്ടെത്തി. കൗണ്ടർ വഴി എത്തിയ നീക്കത്തിൽ ബോക്സിന് പുറത്തു നിന്നും മുന്നേറ്റ താരം അനായാസം സമയമെടുത്തു ഗോൾ വല കുലുക്കിയപ്പോൾ ടോട്ടനം ഡിഫെൻസ് നോക്കി നിൽക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ബാൺസിന്റെ ഗോൾ വാർ ചെക്കിൽ നിഷേധിച്ചു. എന്നാൽ പിന്നീട് താരം ഒരിക്കൽ കൂടി വല കുലുക്കി പട്ടിക തികച്ചു. ഇഹ്യോനാച്ചോ നേടിയ ഗോളിനോട് സാമ്യമുള്ള ഗോൾ ടോട്ടനം ഡിഫെൻസിന്റെ പിഴവുകൾ തുറന്നു കാണിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോപ് 4ൽ നിൽക്കാം!! സ്പർസിനെ വില്ലന്മാർ ഒതുക്കി

എല്ലാ മത്സരത്തിലും തുടക്കത്തിൽ ഗോൾ വഴങ്ങി തിരിച്ചുവരാമെന്ന കോണ്ടെയുടെ മോഹം ഇന്ന് നടന്നില്ല. അവസാന ആറ് മത്സരങ്ങളിൽ തുടക്കത്തിൽ ഗോൾ വഴങ്ങിയ ശേഷം പൊരുതുകയും ചില കളികളിൽ ക്ലാസിക് തിരിച്ചുവരവ് നടത്തുകയും ചെയ്ത സ്പർസിന് ഇന്ന് കാര്യങ്ങൾ പിഴച്ചു. ഇന്ന് ലണ്ടണിൽ ആസ്റ്റൺ വില്ല സ്പർസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ സ്പർസ് കീപ്പർ ലോരിസിന്റെ പിഴവ് മുതലെടുത്താണ് ആസ്റ്റൺ വില്ല ലീഡ് എടുത്തത്. ഒരു ലോങ് ഷോട്ട് കയ്യിലൊതുക്കാൻ ലോരിസിനായില്ല. പിന്നാലെ പന്ത് കൈക്കലാക്കി വാറ്റ്കിൻസ് നൽകിയ പാസ് സ്വീകരിച്ച് ബുവെന്ദിയ വല കുലുക്കുക ആയിരുന്നു.

ഇതിനു ശേഷം സ്പർസ് സമനിലക്കായി ശ്രമിക്കുന്നതിന് ഇടയിൽ ആസ്റ്റൺ വില്ല രണ്ടാം ഗോളും നേടി. 73ആം മിനുട്ടിൽ ഡഗ്ലസ് ലൂയിസിന്റെ വക ആയിരുന്നു രണ്ടാം ഗോൾ. ഈ ഗോൾ വില്ലയുടെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ആസ്റ്റൺ വില്ല 21 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്. സ്പർസ് 30 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു. ഈ കളി സ്പർസ് തോറ്റതോടെ ഏറെ കാലത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മാച്ച് വീക്ക് ടോപ് 4ൽ അവസാനിപ്പിച്ചു. 32 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്താണ്.

കോണ്ടെയും ക്ലോപ്പും നേർക്കുനേർ; ലണ്ടണിൽ തീപാറും പോരാട്ടം

പ്രീമിയർ ലീഗിലെ “സൂപ്പർ സണ്ടെയിൽ” വമ്പന്മാരുടെ പോരാട്ടം. ലണ്ടനിലെ ചിരവൈരികൾ ആയ ആഴ്‌സണൽ ചെൽസിയെ നേരിടുമ്പോൾ ടോട്ടനം സ്വന്തം തട്ടകത്തിൽ ലിവർപൂളിനെ വരവേൽക്കും.മത്സരത്തിന് മുന്നോടിയായി വാക്പോരിന് തിരികൊളുത്തിയ ക്ലോപ്പ്, കോന്റെയുടെ ശൈലിയെ വിമർശിച്ചിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനം ടോട്ടനവുമായി സമനിലയിൽ പിരിഞ്ഞ മത്സരത്തെ സൂചിപ്പിച്ചാണ് ക്ലോപ്പ് സംസാരിച്ചത്. ഇത്തരം പ്രതിരോധാത്മകമായ ഫുട്ബോൾ താൻ കളിക്കില്ലെന്നും ക്ലോപ്പ് പറഞ്ഞു.
എന്നാൽ മറുപടി പറഞ്ഞ കോന്റെ എതിർ ടീം കോച്ചിനെ അധികം പ്രകോപിപ്പിച്ചില്ല. ” ആ മത്സരത്തിൽ അവർക്ക് കിരീടം നഷ്ടമായി, പക്ഷെ തങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചു. എല്ലാ കോച്ചുകളും തങ്ങളുടെ ടീമിനായി സംസാരിക്കും”. കോന്റെ പറഞ്ഞു.

വീണ്ടും ഒരിക്കൽ കൂടി ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ചിത്രം പൂർണമായും മാറിയിട്ടുണ്ട്. വെറും നാല് വിജയങ്ങളും പതിനാറ് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ലിവർപൂൾ. ടോട്ടനം ആവട്ടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് മൂന്ന് പോയിന്റ് മാത്രം പിറകിലും. സ്ഥിരത ഇല്ലായിമയാണ് ടോട്ടനത്തെ വലക്കുന്നത്. ന്യൂകാസിലുമായി തോൽവി നേരിട്ടപ്പോൾ ബേൺമൗതും മാഴ്സെയുമായി കഴിഞ്ഞ മത്സരങ്ങളിൽ ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. ഈ വിജയങ്ങൾ സീസണിൽ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകവുമായേക്കും. ഒരു പിടി മുൻ നിരക്കാരുടെ പരിക്ക് കോന്റെ തിരിച്ചടിയാണ്. സോൺ, റിച്ചാർലിസൻ, റൊമേറോ എന്നിവർ എല്ലാം പുറത്തു തന്നെ. അതേ സമയം കുലുസേവ്സ്കി തിരിച്ചെത്തുയേക്കുമെന്ന സൂചനകൾ ടീമിന് വലിയ ആശ്വാസം നൽകും. ടേബിളിൽ ആദ്യ സ്ഥാനങ്ങളിൽ തുടരാൻ സ്വന്തം തട്ടകത്തിൽ വിജയം തന്നെയാവും ടോട്ടനം ലക്ഷ്യം വെക്കുന്നത്.

അതേ സമയം വളരെ മോശം സാഹചര്യത്തിൽ ആണ് ലിവർപൂൾ. സിറ്റിയെ തോൽപ്പിച്ച് ട്രാക്ക് മാറ്റിയെന്ന് തോന്നിച്ചിടത്ത് നിന്നും നോട്ടിങ്ഹാം ഫോറസ്റ്റിനോടും ലീഡ്‌സിനോടും വഴങ്ങേണ്ടി വന്ന തോൽവികൾ ടീമിന് അക്ഷരാർത്ഥത്തിൽ തിരിച്ചടി ആയി. ആൻഫീൽഡിൽ ലീഡ്സിനോറ്റ തോൽവി ക്ലോപ്പിന് കാര്യമായി ചിന്തിക്കാൻ വക നൽകുന്നതാണ്. വീണ്ടും ഊർജം വീണ്ടെടുക്കാൻ ടോട്ടനവുമായുള്ള മത്സരം നിർണയകമായതിനാൽ രണ്ടും കല്പിച്ചാകും ക്ലോപ്പ് ടീം ഇറക്കുക. നാപോളിക്കെതിരായ മത്സരത്തിലെ ടീമിനെ തന്നെ ആവും ക്ലോപ്പ് അണിനിരത്തുക. കുർട്ടിസ് ജോൺസിനോ ഫിർമിനോക്കോ പകരം ഡാർവിൻ ന്യൂനസ് എത്തിയേക്കും.

ടോട്ടനത്തെ ഞെട്ടിച്ച് ന്യൂകാസിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കോണ്ടെയുടെ സ്പർസിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് ലണ്ടണിൽ സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിൽ
കോണ്ടെയുടെ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ആയിരുന്നു ന്യൂകാസിലിന്റെ രണ്ടു ഗോളുകൾ വന്നത്. 31ആം മിനുട്ടിൽ ഗോൾ ലൈൻ വിട്ടു വന്ന ലോരിസിന് പറ്റിയ പിഴവ് മുതലെടുത്ത് ഒരു ലോംഗ് റേഞ്ചറിലൂടെ കാലം വിൽസൺ ആണ് ന്യൂകാസിലിന് ലീഡ് നൽകിയത്.

നാൽപ്പതാം മിനുട്ടിൽ ആൽമിറോണിലൂടെ ന്യൂകാസിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ലോങ്സ്റ്റഫിന്റെ പാസു സ്വീകരിച്ച് മുന്നേറി ആയിരുന്നു ആൽമിറോനിന്റെ ഫിനിഷ്.

രണ്ടാം പകുതിയിൽ കെയ്നിലൂടെ ഒരു ഗോൾ സ്പർസ് മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി സ്പർസ് ഇപ്പോഴും മൂന്നാമതാണ് ഉള്ളത്. 21 പോയിന്റുമായി ന്യൂകാസിൽ ലീഗിൽ നാലാമതും എത്തി.

അറ്റാക്കോട് അറ്റാക്ക്!! ടോട്ടനത്തെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ച ഏറ്റവും നല്ല മത്സരം ഇതാണെന്ന് പറയേണ്ടി വരും. അത്രക്ക് മികച്ച പ്രകടനമാണ് ഇന്ന് ഓൾഡ് ട്രാഫോർഡിൽ സ്പർസിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കണ്ടത്. അറ്റാക്ക് എന്നൊരൊറ്റ ടാക്ടിക്സുമായി ഇറങ്ങിയ യുണൈറ്റഡ് ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ടോട്ട്ക്ക്നം ഗോൾ കീപ്പർ ലോറിസിന്റെ എണ്ണമില്ലാത്ത സേവുകൾ ഇല്ലായിരുന്നു എങ്കിൽ വൻ പരാജയം സ്പർസ് നേരിടേണ്ടി വന്നേനെ.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി കൊണ്ട് തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കം മുതൽ അറ്റാക്ക് മാത്രമാണ് നടത്തിയത്. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ യുണൈറ്റഡ് സ്പർസിനെ മറുഭാഗത്തേക്ക് പോകാനെ അനുവദിച്ചില്ല. ആദ്യ പകുതിയിൽ മാത്രം യുണൈറ്റഡ് 19 ഷോട്ടുകൾ ആണ് ഉതിർത്തത്. പക്ഷെ ലോറിസിന്റെ തുടർ സേവുകൾ കളി ആദ്യ പകുതിയിൽ ഗോൾ രഹിതമാക്കി നിർത്തി.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. ഫ്രെഡിന്റെ ഒരു ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു. ഈ ഗോൾ പിറന്നിട്ടും യുണൈറ്റഡ് ഡിഫൻസിലേക്ക് വലിഞ്ഞില്ല. അവർ അറ്റാക്ക് തുടർന്നു. 69ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ലോറിസിനെ കീഴ്പ്പെടുത്താൻ യുണൈറ്റഡിന് ഡിഫ്ലക്ഷൻ ഒന്നും വേണ്ടി വന്നില്ല.

81ആം മിനുട്ടിൽ ഒരിക്കൽ കൂടെ ബ്രൂണോ യുണൈറ്റഡിനായി സ്കോർ ചെയ്തു‌. പക്ഷെ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നത് സ്പർസിന് രക്ഷയായി.

ഈ വിജയത്തോടെ 19 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. സ്പർസ് 23 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.

നോർത്ത് ലണ്ടൺ ആഴ്സണൽ തന്നെ ഭരിക്കും!! സ്പർസിനെതിരെ ഗംഭീര വിജയം

നോർത്ത് ലണ്ടൺ ഡാർബിയിൽ ആഴ്സണൽ അവരുടെ കരുത്ത് തെളിയിച്ചു. ചിര വൈരികളായ സ്പർസിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആഴ്സണൽ പരാജയപ്പെടുത്തി. സ്പർസിനെതിരെ ഉള്ള ആഴ്സണലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയം ആഴ്സണലിന്റെ ലീഗിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.

ഇന്ന് മത്സരത്തിന്റെ തുടക്കം മുതൽ ആഴ്സണലിന്റെ യുവനിര എതിരാളികളുടെ മേൽ ആധിപത്യം പുലർത്തി. ഇരുപതാം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ആണ് ആഴ്ണൽ ആദ്യം വല കുലുക്കിയത്. ബെൻ വൈറ്റ് നൽകിയ പാസ് ആദ്യ ടച്ചിലെ പവർഫുൾ സ്ട്രൈക്കിലൂടെ തോമസ് പാർടെ ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോൾ വീണ ശേഷം സ്പർസ് ഒന്ന് ഉണർന്നു കളിച്ചു. അവർ ഒരു കൗണ്ടറിൽ ആഴ്സണൽ പ്രതിരോധത്തെ പ്രതിരോധത്തിൽ ആക്കി‌. ആ കൗണ്ടറിന് ഒടുവിൽ റിച്ചാർലിസണെ വീഴ്ത്തിയതിന് ഒരു പെനാൾട്ടി ലഭിച്ചു. ആ പെനാൾട്ടി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. ആദ്യ പകുതി അങ്ങനെ അവസാനിച്ചു.

രണ്ടാം പകുതിയിൽ കാര്യങ്ങൾ ആഴ്സണൽ കൂടുതൽ അപകടകാരികൾ ആയി. 49ആം മിനുട്ടിൽ ഗബ്രിയേൽ ജീസുസ് സ്പർസ് ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ആഴ്സണലിനെ വീണ്ടും മുന്നിൽ എത്തിച്ചു. 62ആം മിനുട്ടിൽ എമേഴ്സൺ റോയൽ ചുവപ്പ് കണ്ട് പുറത്തായതോടെ സ്പർസിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

റെഡ് കാർഡിനു പിന്നാലെ 67ആം മിനുട്ടിൽ ജാക്കയിലൂടെ മൂന്നാം ഗോൾ. ഈ ഗോൾ ആഴ്സണലിന്റെ ജയം ഉറപ്പിച്ചു.

ഒന്നാമതുള്ള ആഴ്സണലിന് 8 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ഉള്ളത്. സ്പർസ് 17 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു‌

സോൺ ഓൺ സോങ്!! വിമർശനങ്ങൾക്ക് ഹാട്രിക്കുമായി മറുപടി, അതും വെറും 13 മിനുട്ടിനുള്ളിൽ

ഹ്യുങ് മിൻ സോണിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് കണ്ട മത്സരത്തിൽ സ്പർസ് ലെസ്റ്റർ സിറ്റിയെ 6-2 എന്ന സ്കോറിന് തോൽപ്പിച്ചു. സബ്ബായി എത്തി ഹാട്രിക്ക് തികച്ച സോൺ തന്നെ ആണ് ഇന്ന് കളിയുടെ താരമായത്. ലെസ്റ്റർ സിറ്റി അവരുടെ ലീഗിലെ എഴാം മത്സരത്തിലും വിജയമില്ലാതെ നിരാശരായി മടങ്ങേടിയതായും വന്നു.

ഇന്ന് തുടക്കത്തിൽ തന്നെ ലെസ്റ്റർ സിറ്റി ലീഡ് എടുത്തു. ആറാം മിനുറ്റിൽ ജെയിംസ് ജസ്റ്റിൻ നേടിയ പെനാൽറ്റി യൂറി ടൈലമൻസ് ആണ് എടുത്തത്. ടൈലമൻസിന്റെ ആദ്യ പെനാൾട്ടി ലോറിസ് തടഞ്ഞു എങ്കിലും വാർ ആ പെനാൾട്ടി വീണ്ടും എടുക്കാൻ പറഞ്ഞു. രണ്ടാം തവണ ടൈലമൻസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ലീഡ് വെറും മിനുട്ടുകൾ മാത്രമെ നീണ്ടു നിന്നുള്ളൂ. എട്ടാം മിനുട്ടിൽ കുളുസവ്കിയുടെ ക്രോസിൽ നിന്ന് കെയ്നിന്റെ ഹെഡർ‌ സ്കോർ 1-1. പിന്നാലെ 21ആം മിനുട്ടിൽ പെരിസിച് എടുത്ത കോർണർ ഡയർ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. സ്പർസ് 2-1ന്റെ ലീഡിൽ.

ആദ്യ പകുതി അവസാനത്തിലേക്ക് കടക്കുമ്പോൾ 41ആം മിനുട്ടിൽ മാഡിസന്റെ കിടിലൻ ഒരു ഫിനിഷിൽ ലെസ്റ്റർ സമനില പിടിച്ചു. ആദ്യ പകുതി 2-2 എന്ന സ്കോറിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ സ്പർസ് കൂടുതൽ ശക്തരായി. 47ആം മിജുട്ടിൽ എൻഡിഡിയുടെ ഒരു മിസ്റ്റേക്ക് മുതലെടുത്ത ബെന്റക്ർ സ്പർസിന് ലീഡ് നൽകി. 3-2. പിന്നെ സബ്ബായി സോൺ എത്തി. ഈ സീസണിൽ ഗോൾ ഇല്ല എന്ന വിമർശനത്തിന് സോൺ മറുപടി പറയുന്നതാണ് പിന്നെ കണ്ടത്.

73ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നൊരു ലോകോത്തര സ്ട്രൈക്ക്. ആദ്യ ഗോൾ. സോൺ അതുകൊണ്ട് അടങ്ങിയില്ല. 84ആം മിനുട്ടിൽ വീണ്ടും ഒരു ലോകോത്തര ലോങ് റേഞ്ചർ. സോണിന് 2 ഗോൾ, സ്പർസിന് 5 ഗോൾ.

പിന്നെ 87ആം മിനുട്ടിൽ സ്പർസിന്റെ ഒരു കൗണ്ടർ. കെയ്ൻ നൽകിയ പാസ് സ്വീകരിച്ച് വീണ്ടും സോണിന്റെ ഗോൾ. ഹാട്രിക്കിന്റെ മധുരം!! 13 മിനുട്ട് കൊണ്ടാണ് സോൺ ഹാട്രിക്ക് പൂർത്തിയാക്കിയത്. സ്പർസ് ഇതോടെ 6-2ന്റെ വിജയം പൂർത്തിയാക്കുകയും ചെയ്തു.

ഏഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി സ്പർസ് ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ ഒരു പോയിന്റ് മാത്രമുള്ള ലെസ്റ്റർ അവസാന സ്ഥാനത്ത് ആണ് ഉള്ളത്.

അവസാന മൂന്ന് മിനുട്ടിൽ രണ്ട് ഗോളുകൾ, ടോട്ടനത്തെ ഞെട്ടിച്ച് സ്പോർടിങ് ലിസ്ബൺ ജയം

ഇന്ന് ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ അവസാന നിമിഷങ്ങളിൽ പിറന്ന ഇരട്ട ഗോളുകളുടെ ബലത്തിൽ സ്പോർടിങ് മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്പർസിനെ നേരിട്ട പോർച്ചുഗീസ് ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയരുടെ മികവാണ് കണ്ടത്. അവരുടെ വേഗതയുള്ള ഫുട്ബോൾ പലപ്പോഴും സ്പർസിന് തലവേദന ആയി. ആദ്യ പകുതിയുടെ അവസാനം സ്പോർടിങ് താരം മാർക്കസ് എഡ്വാർഡിന്റെ ഒരു അത്ഭുത റൺ ഏവരെയും ഞെട്ടിച്ചു.

ആദ്യ പകുതിയുടെ അവസാനം മാർകസ് എഡ്വാർഡ് മൈതാന മധ്യത്ത് നിന്ന് പന്ത് കൈക്കലാക്കി ഒരു കുതിപ്പായിരുന്നു. മറഡോണയുടെ പ്രശസ്തമായ റണ്ണിനെ ഓർമ്മിപ്പിക്കുന്ന ഒരു റൺ‌. സ്പർസിന്റെ ഒരു താരത്തിനും എഡ്വാർഡിനെ തടയാൻ ആയില്ല. അവസാനം ഗോളിലേക്ക് താരം തൊടുത്ത ഷോട്ട് ലോരിസ് തടഞ്ഞത് കൊണ്ട് നഷ്ടമായത് ചാമ്പ്യൻസ് ലീഗിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷൻ രണ്ടാം പകുതിയിൽ സ്പർസ് മെച്ചപ്പെട്ട കളി കാഴ്ചവെച്ചു. കുളുസവേസ്കി സബ്ബായി എത്തിയത് സ്പർസ് അറ്റാക്കിന് ശക്തി നൽകി. എന്നാൽ സ്പർസിന്റെ നല്ല നീക്കങ്ങൾ എവിടെയും എത്തിയില്ല.

മത്സരത്തിന്റെ അവസാനം 89ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് പൗളീനോയുടെ ഹെഡർ സ്പോർടിങിന് ലീഡ് നൽകി. പിന്നാലെ സബ്ബായി എത്തിയ ആർതർ ഗോമസിലൂടെ 93ആം മിനുട്ടിൽ സ്പോർടിങിന്റെ രണ്ടാം ഗോളും. സ്പർസ് ഞെട്ടി ഗ്രൗണ്ടിൽ ഇരുന്നു. സ്പോർടിങ് മൂന്ന് പോയിന്റും സ്വന്തമാക്കി കളം വിട്ടു. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി സ്പോർടിങ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.

Exit mobile version