അർജന്റീനൻ ഡിഫൻസീവ് മതിൽ സ്പർസിൽ തുടരും, ക്രിസ്റ്റ്യൻ റൊമേരോ പുതിയ കരാർ ഒപ്പുവെച്ചു

അർജന്റീനൻ സെന്റർ ബാക്ക് ക്രിസ്റ്റ്യൻ റൊമേറോയെ സ്ഥിര കരാറിൽ ഒപ്പുവെച്ചതായി സ്പർസ് പ്രഖ്യാപിച്ചു. ൽ 2021 ഓഗസ്റ്റിൽ അറ്റലാന്റയിൽ നിന്ന് ലോണിൽ ക്ലബ്ബിൽ ചേർന്ന താരം ഇപ്പോൾ 2027വരെയുള്ള കരാർ ഒപ്പുവെച്ചു‌. അർജന്റീന ഇന്റർനാഷണൽ ഇതുവരെ സ്പർസിനായി 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

അന്റോണിയോ കോണ്ടെയുടെ ബാക്ക് ത്രീ സിസ്റ്റത്തിലെ ഒരു പ്രധാന ഭാഗമാം റൊമേരോ. കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സ്പർസിന് ആയിരുന്നു . അന്താരാഷ്‌ട്ര തലത്തിൽ തന്റെ രാജ്യത്തിനായി നാളിതുവരെ 11 മത്സരങ്ങൾ റൊമേരോ കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടി.

റെഗുയിലോൺ സ്പർസ് വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ ഫുൾബാക്കായ റെഗുയിലോൺ ലോണിൽ പോകും. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് ആകും താരത്തെ സൈൻ ചെയ്യുന്നത്. റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് പോകുന്നതിന് പകരക്കാരനായാണ് റെഗുയിലോണിനെ അത്ലറ്റിക്കോ സ്വന്തമാക്കുന്നത്. താരത്തെ ലോണിൽ അയക്കുന്ന സ്പർസ് ലോണിന് അവസാനം അത്ലയിക്കോ മാഡ്രിഡിന് താരത്തെ വാങ്ങാൻ അവസരം കൊടുക്കുന്നില്ല.

റയൽ മാഡ്രിഡിൽ നിന്ന് ആയിരുന്നു റെഗുയിലോൺ രണ്ട് വർഷം മുമ്പ് സ്പർസിലേക്ക് എത്തിയത്. സ്പർസിൽ പക്ഷെ ഇതുവരെ തന്റേതായ ഒരിടം കണ്ടെത്താൻ താരത്തിനായിരുന്നില്ല. റയലിൽ ആയിരിക്കെ സെവിയ്യയിൽ ലോണിൽ കളിച്ച് തിളങ്ങിയാണ് റെഗിയിലോൺ യൂറോപ്യൻ ഫുട്ബോളിൽ തന്റെ പേരു സമ്പാദിക്കുന്നത്.

പ്രീമിയർ ലീഗ്: ഹാരി കെയ്ന് ചരിത്രം, സ്പർസിന് വിജയം | Exclusive

പ്രീമിയർ ലീഗ്; ഹാരി കെയ്ൻ ചരിത്രം എഴുതിയ മത്സരത്തിൽ സ്പർസ് വോൾവ്സിനെ പരാജയപ്പെടുത്തി. സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു സ്പർസ് വിജയിച്ചത്‌‌. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ നേടിയ ഗോളോടെ പ്രീമിയർ ലീഗിലെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് കെയ്ൻ സ്വന്തമാക്കി.

അഗ്വേറോയുടെ 184 ഗോളുകൾ എന്ന റെക്കോർഡ് ആണ് സ്പർസിനായുള്ള 185ആം പ്രീമിയർ ലീഗ് ഗോളോടെ കെയ്ൻ മറികടന്നത്.

ഇന്ന് ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സ്പർസ് കഷ്ടപ്പെട്ടു. ആകെ ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമെ സ്പർസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായുള്ളൂ. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. സ്പർസ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. കെയ്നിന്റെയും സോണിന്റെയും ഒരോ ഷോട്ടുകൾ പോസ്റ്റിൽ തട്ടിയും മടങ്ങി. അവസാനം 64ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കെയ്നിന്റെ ഹെഡർ സ്പർസിന് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായും മാറി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്പർസിന് ഏഴ് പോയിന്റ് ആണ് ഉള്ളത്.

എൻഡോംബലയെ ടീമിൽ എത്തിച്ച് നാപോളി

ടോട്ടനം മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ നാപോളി ടീമിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് ഫ്രഞ്ച് താരം ഇറ്റലിയിലേക്ക് എത്തുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും നാപോളിക്ക് സാധിക്കും. ഇതിന് വേണ്ടി ഏകദേശം മുപ്പത് മില്യൺ യൂറോ വരെ ചെലവാക്കേണ്ടി വരും.

താരത്തെ വാങ്ങേണ്ടത് നിർബന്ധമായി കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സീസണിന്റെ അവസാനം മാത്രമേ ഇതിനെ കുറിച്ച് നാപോളി തീരുമാനം എടുക്കൂ. ഒരു മില്യൺ യൂറോ ആണ് ലോൺ ഫീ.

2019ലാണ് ലിയോണിൽ നിന്നും എൻഡോമ്പലെ റെക്കോർഡ് തുക്കക് ടോട്ടനത്തിലേക്ക് എത്തുന്നത്. ഏകദേശം അറുപത് മില്യൺ യൂറോയോളം ടോട്ടനം മുടക്കിയിരുന്നു. പക്ഷെ താരത്തിന് വിചാരിച്ച പോലെ തിളങ്ങാൻ ആയില്ല. കോണ്ടെ എത്തിയ ശേഷം അവസരങ്ങൾ പാടെ കുറഞ്ഞതോടെ എൻഡോമ്പലെയെ ലിയോണിലേക്ക് തന്നെ ലോണിൽ അയക്കുകയായിരുന്നു.

ലോണിൽ എത്തിയ താരത്തെ സീസണിന്റെ അവസാനം സ്വന്തമാക്കാൻ ലിയോണും തയ്യാറായില്ല. പുതുതായി ഒരു പിടി താരങ്ങൾ ടീമിലേക്ക് എത്തിയതോടെ ടോട്ടനത്തിന്റെ പദ്ധതിയിൽ സ്ഥാനമില്ലെന്നുറപ്പിച്ച താരം പിന്നീട് ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. പല പ്രമുഖ താരങ്ങളേയും നഷ്ടമായ നാപോളിയും പുതിയ കളിക്കാരെ എത്തിച്ച് മാറ്റത്തിന്റെ പാതയിലാണ്.

ഡെഫോ സ്പർസിൽ തിരികെയെത്തി, ഇനി അക്കാദമി കോച്ച്

മുൻ സ്പർസ് താരം ജെർമെയ്ൻ ഡെഫോ ക്ലബിലേക്ക് തിരികെയെത്തി. അക്കാദമി കോച്ചിംഗ് സ്റ്റാഫിലെ അംഗമായും ക്ലബ് അംബാസഡറായും ആണ് ജെർമെയ്ൻ ഡെഫോ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ 2004 നും 2014 നും ഇടയിൽ രണ്ട് സ്പെല്ലുകളിലായി സ്പർസ് ജേഴ്സിയിൽ 363 മത്സരങ്ങൾ കളിക്കുനയും 143 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. സ്പർസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ ഗോൾ സ്‌കോററാണ്.

വെസ്റ്റ് ഹാം യുണൈറ്റഡ്, എഎഫ്‌സി ബോൺമൗത്ത്, പോർട്ട്‌സ്‌മൗത്ത്, ടൊറന്റോ എഫ്‌സി, സണ്ടർലാൻഡ്, റേഞ്ചേഴ്‌സ് എന്നിവയെ ഡെഫോ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിൽ അദ്ദേഹം വിരമിച്ചിരുന്നു. 762 ക്ലബ് മത്സരങ്ങളിൽ നിന്ന് 305 ഗോളുകൾ കരിയറിൽ ആകെ താരം നേടിയിട്ടുണ്ട്.

Story Highlight:Tottenham have confirmed the return of Jermain Defoe to the club as an Academy Coach and Club Ambassador.

വിയ്യാറയലിൽ തുടരാൻ ലൊ സെൽസോ

ടോട്ടനത്തിൽ നിന്നും കഴിഞ്ഞ ജനുവരി മുതൽ വിയ്യാറയലിൽ ലോണിൽ കളിച്ചിരുന്ന ജിയോവാനി ലോ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ സ്പാനിഷ് ടീമിന്റെ ശ്രമം. മധ്യനിരയിൽ പുതിയ ഇറക്കുമതികൾ ഉള്ളതിനാൽ താരത്തെ വിട്ട് കൊടുക്കുന്നതിൽ ടോട്ടനത്തിനും വിമുഖതയൊന്നും ഇല്ല. അടുത്ത സീസണിലും അർജന്റീനൻ താരം വിയ്യാറയലിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഉനായ് എമരിക്കും താരത്തെ ടീമിൽ നിലനിർത്തുന്നതാണ് താൽപര്യം. ഇത്തവണ ലോണിൽ കൈമാറുമ്പോൾ സീസണിന്റെ അവസാനം താരത്തെ വിയ്യാറയലിന് സ്വന്തമാക്കാൻ കഴിയുന്ന തരത്തിൽ ചർച്ചകൾ നടത്താനാണ് ടോട്ടനം നീക്കം. ഏകദേശം പന്ത്രണ്ട് മില്യൺ പൗണ്ടോളം താരത്തിന് ടോട്ടനം വിലയിട്ടേക്കും.

പുതുതായി ഒരു പിടി താരങ്ങൾ ടീമിൽ എത്തിയതോടെ ലോ സെൽസോക്ക് ടോട്ടനത്തിൽ മടങ്ങി എത്തിയാലും അവസരം ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ ടീമിൽ തുടരാൻ താരത്തിനും താൽപര്യമില്ല. 2019ൽ ടോട്ടനത്തിൽ എത്തിയ മധ്യനിര താരം അൻപതോളം മത്സരങ്ങൾ ടീമിനായി കളിച്ചു. കൊണ്ടെ ടീമിന്റെ ചുമതല ഏറ്റെടുത്തതോടെ താരത്തെ ലോണിൽ വിയ്യാറയലിന് കൈമാറുകയായിരുന്നു. സ്പാനിഷ് ടീമിന് വേണ്ടി ആകെ ഇരുപതോളം മത്സരങ്ങൾ കളിച്ചു.

ടീമിലെ ചില താരങ്ങൾക്ക് പുറത്തേക്കുള്ള വഴിയും തേടുകയാണ് ടോട്ടനം. ലോ സെൽസോക്ക് പിറകെ എൻഡോമ്പലയേയും വിയ്യാറയലിന് കൈമാറുന്നതിന് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Story Highlight: Tottenham and Villarreal are working on Gio Lo Celso

കോണ്ടെയുടെ സ്പർസിനെ തടയുക എളുപ്പമാകില്ല, വൻ വിജയവുമായി ടോട്ടനം തുടങ്ങി

ഈ സീസണിൽ ഏവരും പേടിക്കേണ്ട ടീമായിരിക്കും സ്പർസ് എന്നതിന് അടിവരയിട്ടു കൊണ്ട് കൊണ്ടെയും ടീമും പ്രീമിയർ ലീഗ് സീസൺ തുടങ്ങി. ഇന്ന് സ്വന്തം സ്റ്റേഡിയത്തിൽ സതാമ്പ്ടണെതിരെ ഇറങ്ങുമ്പോൾ പുതിയ ഒരു സൈനിംഗിനെയും കൊണ്ടേ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. മത്സരം ആരംഭിച്ച് 12ആം മിനുട്ടിൽ തന്നെ സന്ദർശകരായ സതാമ്പ്ടൺ ലീഡ് എടുത്തു. ജെനാപോയുടെ അസിസ്റ്റിൽ നിന്ന് വാർഡ് പ്രോസാണ് സ്പർസിനെ ഞെട്ടിച്ച് ലീഡ് നേടിയത്.

പക്ഷെ കോണ്ടെയുടെ ടീമിനെ ആ ഗോൾ സമ്മർദ്ദത്തിൽ ആക്കിയില്ല. അവർ നല്ല ഫുട്ബോൾ കളിച്ച് കളിയിലേക്ക് വളർന്നു. 21ആം മിനുട്ടിൽ സമനില കണ്ടെത്തി. വലതു വിങ്ങിൽ നിന്ന് കുലുസവേസ്കി നൽകിയ ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തി സെസിന്യോൺ ആണ് സ്പർസിനെ ഒപ്പം എത്തിച്ചത്.

31ആം മിനുട്ടിൽ മറ്റൊരു ഹെഡർ സ്പർസിനെ മുന്നിലും എത്തിച്ചു. ഇത്തവണ സോണിന്റെ ക്രോസിൽ നിന്ന് എറിക് ഡയറുടെ ഹെഡർ. സ്കോർ 2-1. രണ്ടാം പകുതിയിൽ സ്പർസ് കൂടുതൽ ശക്തരായി. 60ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ സ്പർസിന് മൂന്ന ഗോൾ സമ്മാനിച്ചു. എമേഴ്സന്റെ ഒരു ഷോട്ട് ക്ലിയർ ചെയ്യുന്നതിന് ഇടയിൽ സലിസു പന്ത് സ്വന്തം വലയിലേക്ക് തന്നെ അടിക്കുകയായിരുന്നു.

63ആം മിനുട്ടിലെ കുലുസവേസ്കിയുടെ ഗോൾ കൂടെ വന്നതോടെ സ്പർസ് വിജയം ഉറപ്പിച്ചു.

NB: കോപിയടിക്കുന്നവർ ക്രെഡിറ്റ് വെക്കാനുള്ള മര്യാദ കാണിക്കണെ. നന്ദി

Story Highlight: Tottenham Hotspur starts season with a big win over Southampton

കൊണ്ടേയെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് ടോട്ടൻഹാം

ഇന്റർ മിലാന് സെരി എ കിരീടം നേടിക്കൊടുത്ത പരിശീലകൻ അന്റോണിയോ കൊണ്ടേയെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് ടോട്ടൻഹാം. കൊണ്ടേക്ക് ടോട്ടൻഹാമിന്റെ കൂടെ ഉടൻ കിരീടം നേടാൻ കഴിയില്ലെന്ന തോന്നൽ വന്നതാണ് കൊണ്ടേ ടോട്ടൻഹാമിനൊപ്പം ചേരാനുള്ള ചർച്ചകൾ അവസാനിപ്പിച്ചത്.

അതെ സമയം കൊണ്ടേയുടെ ചില നിർദേശങ്ങൾ ടോട്ടൻഹാം അംഗീകരിക്കാതിരുന്നതും യുവതാരങ്ങളെ കൂടുതൽ ടീമിൽ ഉൾപ്പെടുത്താനുള്ള ക്ലബ്ബിന്റെ ശ്രമങ്ങൾക്ക് എതിരെ കൊണ്ടേ നിന്നതും ചർച്ചകൾ അവസാനിപ്പിക്കാൻ കാരണമായി. നേരത്തെ ഇന്റർ മിലാൻ മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സെരി എ കിരീടം നേടിയതിന് ശേഷം കൊണ്ടേ ഇന്റർ മിലാൻ വിട്ടത്. കഴിഞ്ഞ 10 വർഷത്തിനിടെ 5 ലീഗ് കിരീടങ്ങൾ നേടിയ പരിശീലകനാണ് കൊണ്ടേ.

ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ 200 ഗോൾ എന്ന നാഴികക്കല്ലിൽ എത്തിയത്. മത്സരം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടെ കണ്ടെത്തി തന്റെ നേട്ടം 201 ഗോളിൽ എത്താൻ താരത്തിന് കഴിഞ്ഞു. 350 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടോട്ടൻഹാമിലൂടെ വളർന്നു വന്ന കെയ്ൻ 2011ൽ ലൈറ്റണ് വേണ്ടിയായിരുന്നു ആദ്യ ഗോൾ നേടിയത്, തുടർന്ന് മിൽവാൾ, നോർവിച്ച് സിറ്റി, ലെസ്റ്റർ സിറ്റി എന്നീ ക്ലബുകളിൽ ലോണാടിസ്ഥാനത്തിൽ കളിച്ച കെയ്ൻ ഈ ക്ളബുകൾക്കായി 16 ഗോളുകളാണ് നേടിയത്. തുടർന്ന് 2013 – 14 സീസണിൽ ടോട്ടൻഹാമിൽ തിരിച്ചെത്തിയ കെയ്ൻ തൊട്ടടുത്ത സീസണിൽ ആണ് ഗോളടി യന്ത്രമായി മാറിയത്, 2014-15 സീസണിൽ 31 ഗോളുകൾ ആയിരുന്നു കെയ്ൻ അടിച്ചു കൂട്ടിയത്. ടോട്ടൻഹാമിന്‌ വേണ്ടി 285 കളികളിൽ നിന്നായി 185 ഗോളുകൾ ആണ് കെയ്ൻ നേടിയത്.

കാരബാവോ കപ്പിൽ നിന്ന് നാണം കെട്ട് ടോട്ടൻഹാം പുറത്ത്

കാരബാവോ കപ്പിൽ ലീഗ് 2 ടീമിനോട് നാണം കെട്ട് ടോട്ടൻഹാം പുറത്ത്. ലീഗ് 2 ടീമായ കോൾചെസ്റ്ററിനോടാണ് ടോട്ടൻഹാം പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3നാണ് കോൽചെസ്റ്റർ ടോട്ടെഹാമിനെ തോൽപ്പിച്ചത്. ഗോൾ രഹിതമായ മത്സരം പെനൽറ്റിയിൽ എത്തിയപ്പോൾ ടോട്ടൻഹാം നിരയിൽ പെനാൽറ്റിഎടുത്ത ലൂക്കാസ് മോറക്കും ക്രിസ്ത്യൻ എറിക്സണും പിഴക്കുകയായിരുന്നു.

തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാനാവാതെ പോയ ടോട്ടൻഹാം ലൂക്കാസ് മോറ, എറിക്‌സൺ, സോൺ, ഡെലെ അലി എന്നിവരെ ഇറക്കി മത്സരം ജയിക്കാൻ ശ്രമിച്ചെങ്കിലും ലീഗ് 2 ടീമിനെ മറികടക്കാനായില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ പെനാൽറ്റി എടുത്ത എറിക്‌സന്റെ ശ്രമം കോൾചെസ്റ്റർ ഗോൾ കീപ്പർ തടയുകയായിരുന്നു. തുടർന്ന് ലൂക്കാസ് മോറയുടെ ശ്രമം ആവട്ടെ പോസ്റ്റിൽ തട്ടി പുറത്തു പോവുകയും ചെയ്തു.

ടോട്ടൻഹാമിന്‌ ആശ്വാസം, ഡെലെ അലി തിരിച്ചെത്തുന്നു

പ്രീമിയർ ലീഗിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ജയമറിയാതെ ഉഴലുന്ന ടോട്ടൻഹാമിന്‌ സന്തോഷം വാർത്ത. കഴിഞ്ഞ ജനുവരിയിൽ ഫുൾഹാമിനെതിരെ പരിക്കേറ്റ് പുറത്തുപോയ സൂപ്പർ താരം ഡെലെ അലി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ശനിയാഴ്ച നടക്കുന്ന സൗത്താംപ്ടണെതിരായ മത്സരത്തിൽ അലി ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അലിയുടെ തിരിച്ചുവരവ് ടോട്ടൻഹാമിനെ വീണ്ടും വിജയ വഴിയിൽ കൊണ്ടുവരുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ.

ബേൺലിയോടും ചെൽസിയോടും തോറ്റ ടോട്ടൻഹാം ആഴ്‌സണലിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനുമൊപ്പം കിരീട പോരാട്ടത്തിൽ ഉണ്ടായിരുന്ന ടോട്ടൻഹാം ഇതോടെ കിരീട പോരാട്ടത്തിൽ പിറകിലായിരുന്നു. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ വെറും 3 പോയിന്റിന്റെ ലീഡ് മാത്രമാണ് നിലവിൽ ടോട്ടൻഹാമിന്‌ ഉള്ളത്.

അതെ സമയം ഇന്ന് നടക്കുന്ന ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് മത്സരത്തിനുള്ള ടോട്ടൻഹാം ടീമിൽ അലി ഉൾപ്പെട്ടിട്ടില്ല. കീരൻ ട്രിപിയറും ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് പരിശീലകൻ പോച്ചെറ്റിനോ പറഞ്ഞു. ആദ്യ പാദത്തിൽ ഡോർട്മുണ്ടിനെതിരെ മൂന്ന് ഗോളിന്റെ ലീഡ് നേടിയ ടോട്ടൻഹാമിന്‌ തന്നെയാണ് മത്സരത്തിൽ മുൻതൂക്കം.

Exit mobile version