ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് അര്‍ദ്ധ ശതകം, ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടം

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി പുനരാരംഭിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് കൂടി ഇന്ന് ആദ്യ സെഷനില്‍ നഷ്ടം. 291/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് തലേ ദിവസം ശതകം തികച്ച ലഹിരു തിരിമന്നേയെയാണ് ആദ്യം നഷ്ടമായത്.

140 റണ്‍സ് നേടിയ തിരിമന്നേയുടെ വിക്കറ്റ് ടാസ്കിന്‍ അഹമ്മദാണ് നേടിയത്. അടുത്തടുത്ത് തന്നെ ആഞ്ചലോ മാത്യൂസിന്റെയും ധനന്‍ജയ ഡി സില്‍വയുടെയും വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായതോടെ ടീം 313/1 എന്ന നിലയില്‍ നിന്ന് 328/4 എന്ന നിലയിലേക്ക് വീണു.

334/4 എന്ന നിലയിലാണ് രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ശ്രീലങ്ക. 65 റണ്‍സ് നേടി ഒഷാഡ ഫെര്‍ണാണ്ടോയും റണ്ണൊന്നുമെടുക്കാതെ പതും നിസ്സങ്കയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ശ്രീലങ്കയ്ക്ക് 107 റണ്‍സിന്റെ ലീഡ്, മാരത്തണ്‍ കൂട്ടുകെട്ട് തകര്‍ത്ത് ടാസ്കിന്‍ അഹമ്മദ്

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 648/8 എന്ന നിലയില്‍. മത്സരത്തില്‍ 107 റണ്‍സിന്റെ ലീഡാണ് ലങ്കയുടെ കൈവശമുള്ളത്. 23 റണ്‍സുമായി സുരംഗ ലക്മലും റണ്ണൊന്നുമെടുക്കാതെ വിശ്വ ഫെര്‍ണാണ്ടോയുമാണ് ക്രീസിലുള്ളത്.

345 റണ്‍സിന്റെ മാരത്തണ്‍ കൂട്ടുകെട്ടിന് ശേഷം ധനന്‍ജയ ഡി സില്‍വയെ(166) പുറത്താക്കി ടാസ്കിന്‍ അഹമ്മദ് ആണ് ലങ്കയുടെ ഇന്നത്തെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. അധികം വൈകാതെ ദിമുത് കരുണാരത്നേയുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി. 244 റണ്‍സാണ് ലങ്കന്‍ നായകന്‍ നേടിയത്.

ടാസ്കിന്‍ അഹമ്മദിന് തന്നെയായിരുന്നു ഈ വിക്കറ്റും. പതും നിസ്സങ്ക(12), നിരോഷന്‍ ഡിക്ക്വെല്ല(31) എന്നിവരുടെ വിക്കറ്റ് കൂടി ലങ്കയ്ക്ക് നഷ്ടമായെങ്കിലും എട്ടാം വിക്കറ്റില്‍ 62 റണ്‍സ് നേടി വനിന്‍ഡു ഹസരംഗ – സുരംഗ ലക്മല്‍ കൂട്ടുകെട്ട് ലങ്കയുടെ സ്കോര്‍ 600 കടത്തുകയായിരുന്നു.

43 റണ്‍സ് നേടിയ ഹസരംഗയെ വീഴ്ത്തി തൈജുല്‍ ഇസ്ലാം ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കാനൊരുങ്ങി ടസ്കിൻ അഹമ്മദ്

അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ളദേശിന്റെ ടെസ്റ്റ് ടീമിൽ ഇടം നേടി ഫാസ്റ്റ് ബൗളർ ടസ്കിൻ അഹമ്മദ്. 2017ലാണ് ടസ്കിൻ അവസാനമായി ടെസ്റ്റ് കളിച്ചത്. തുടർന്ന് മോശം ഫോമും പരിക്കും താരത്തെ ടെസ്റ്റ് ടീമിൽ നിന്ന് അകറ്റുകയായിരുന്നു.  പരിക്കേറ്റ് പുറത്തുപോയ മുസ്താഫിസുർ റഹ്മാന് പകരമായാണ് ടസ്കിൻ ബംഗ്ളദേശ് ടീമിൽ ഇടം നേടിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂ സിലാൻഡിനെതിരായ പരമ്പരയിൽ ടസ്കിൻ ഇടം നേടിയിരുന്നെകിൽ ആംഗിൾ ഇഞ്ചുറിയെ തുടർന്ന് കളിയ്ക്കാൻ സാധിച്ചിരുന്നില്ല. അതെ സമയം ന്യൂ സിലാൻഡ് പര്യടനത്തിൽ പുറത്തായിരുന്നു ഷാകിബ് അൽ ഹസൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ മഹ്മദുള്ളയിൽ നിന്ന് ക്യാപ്റ്റൻസിയും ഷാകിബ് അൽ ഹസൻ സ്വന്തമാക്കിയിട്ടുണ്ട്.

Bangladesh Squad: Shakib Al Hasan (c), Soumya Sarkar, Shadman Islam, Mominul Haque, Mushfiqur Rahim, Liton Das, Mahmudullah, Mohammad Mithun, Mosaddek Hossain, Mehidy Hasan, Taijul Islam, Nayeem Hasan, Abu Jayed, Taskin Ahmed, Ebadat Hossain

പരിക്ക് മൊര്‍തസ ലങ്കന്‍ പര്യടനത്തില്‍ നിന്ന് പുറത്ത്, ടീമിനെ തമീം നയിക്കും

ഏകദിന വിരമിക്കില്‍ ഉടനില്ലെന്ന് സൂചിപ്പിച്ച് മഷ്റഫെ മൊര്‍തസയെ ബംഗ്ലാദേശ് ലങ്കന്‍ പര്യടനത്തിന്റെ നായകനായിക്കിയിരുന്നുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി. ധാക്കയിലെ ടീമിന്റെ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ലങ്കയ്ക്കെതിരെയുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശിനെ നയിക്കേണ്ട ചുമതല തമീം ഇക്ബാലിനായി. ബംഗ്ലാദേശിനെ ടെസ്റ്റില്‍ ഒരു മത്സരത്തില്‍ നയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തമീം ഇക്ബാല്‍ ഏകദിനത്തില്‍ ടീമിനെ നയിക്കുവാനെത്തുന്നത്.

മൊര്‍തസയ്ക്ക് പകരം ബംഗ്ലാദേശ് ടാസ്കിന്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് മൂന്ന് മുതല്‍ നാലാഴ്ച വരെ മൊര്‍തസയ്ക്ക് വിശ്രമം ആവശ്യമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ബംഗ്ലാദേശ് ചീഫ് ഫിസിഷ്യന്‍ വിശദീകരിച്ചത്. പരിക്ക് മൂലം മുഹമ്മദ് സൈഫുദ്ദീനും ലങ്കന്‍ പര്യടനത്തിനുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം ഫര്‍ഹദ് റീസയെ ബംഗ്ലാദേശ് ടീമില്‍ എടുത്തിട്ടുണ്ട്.

ജൂലൈ 26നാണ് പരമ്പര ആരംഭിക്കുന്നത്. 26, 28, 31 തീയ്യതികളില്‍ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഖുല്‍നയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 188 റണ്‍സ് മാത്രമേ നേടാനായുള്ളു. മുഷ്ഫിക്കുര്‍ റഹിം, യസീര്‍ അലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ദസുന്‍ ഷനക(42*), മുഹമ്മദ് ഷെഹ്സാദ്(33) എന്നിവരും വൈക്കിംഗ്സിനു വേണ്ടി തിളങ്ങി.

മുഷ്ഫിക്കുര്‍ 52 റണ്‍സും യസീര്‍ അലി 54 റണ്‍സും നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് 4 സിക്സ് അടക്കം 42 റണ്‍സ് നേടിയ ഷനകയുടെ പ്രകടനമാണ് വൈക്കിംഗ്സിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഖുലന്‍നയ്ക്കായി ഡേവിഡ് വീസെ 2 വിക്കറ്റ് നേടി.

മഹമ്മദുള്ള 26 പന്തില്‍ നിന്ന് 50 റണ്‍സും ഡേവിഡ് വീസെ 20 പന്തില്‍ നിന്ന് 40 റണ്‍സും നേടിയെങ്കിലും ലക്ഷ്യത്തിനു 26 റണ്‍സ് അകലെ വരെ എത്തുവാനെ ഖുല്‍ന ടൈറ്റന്‍സിനു സാധിച്ചുള്ളു. ബ്രണ്ടന്‍ ടെയിലര്‍ 28 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് ടീമിനു തിരിച്ചടിയായത്. അബു ജയേദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഖാലിദ് അഹമ്മദ്, കാമറൂണ്‍ ഡെല്‍പോര്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ഫോം കണ്ടെത്താനാകാതെ ഡേവിഡ് വാര്‍ണര്‍, നിക്കോളസ് പൂരന്റെ വെടിക്കെട്ടിനെ അതിജീവിച്ച് വിജയം തുടര്‍ന്ന് ഡൈനാമൈറ്റസ്

ത്രില്ലര്‍ വിജയത്തിനു ശേഷം അനായാസ ജയവുമായി ധാക്ക ഡൈനാമൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഡൈനാമൈറ്റ്സ് സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 173/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേര്‍സ് 141 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. നിക്കോളസ് പൂരന്‍ ഏകനായി 47 പന്തില്‍ നിന്ന് 9 സിക്സുകളുടെ സഹായത്തോടെ 72 റണ്‍സ് നേടിയെങ്കിലും സഹതാരങ്ങളാരും തന്നെ മികവ് പുലര്‍ത്താതിരുന്നത് സിക്സേര്‍സിനു തിരിച്ചടിയായി. ധാക്കയ്ക്ക് വേണി റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍, ഷുവഗാത ഹോം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്കയ്ക്ക് വേണ്ടി റോണി താലൂക്ദാര്‍ 34 പന്തില്‍ നിന്ന് 58 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ സുനില്‍ നരൈന്‍(25), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവര്‍ക്കൊപ്പം നൈം ഷെയ്ഖ് 25 നിര്‍ണ്ണായക റണ്‍സ് നേടി പുറത്താകാതെ നിന്നു. സിക്സേര്‍സിനു വേണ്ടി ടാസ്കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതിയില്ല

ബംഗ്ലാദേശ് താരങ്ങളായ സൗമ്യ സര്‍ക്കാരിനും മുഹമ്മദ് മിഥുനും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സിംബാബ്‍വേ, വിന്‍ഡീസ് ടീമുകളുമായുള്ള പരമ്പരയില്‍ താരങ്ങളെ പരിഗണിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്ന് അറിയുന്നു. കാണ്ഡഹാര്‍ നൈറ്റ്സ് ആണ് സര്‍ക്കാരിനെയും മുഹമ്മദ് മിഥുനിനെയും പ്ലേയര്‍ ഡ്രാഫ്ടില്‍ സ്വന്തമാക്കിയത്.

അതേ സമയം മറ്റൊരു താരം ടാസ്കിന്‍ അഹമ്മദിനു ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ അനുമതി നിഷേധിക്കപ്പെട്ട താരങ്ങള്‍ ഇന്നലെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനായി ബംഗ്ലാദേശിലേക്ക് പറക്കുവാനിരിക്കുകയായിരുന്നു. ടാസ്കിന്‍ അഹമ്മദിനു അനുമതി കൊടുക്കുവാനുള്ള കാരണം ബോര്‍ഡ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. താരം ഏറെക്കാലമായി പരിക്കിന്റെ പിടിയിലായതിനാല്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് വഴി താരം എത്രത്തോളം മത്സരസജ്ജമാണെന്ന് അറിയുവാന്‍ സാധിക്കുമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

ബംഗ്ലാദേശ് സിംബാബ്‍വേയെയും വിന്‍ഡീസിനെയും ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവിലാണ് ആതിഥേയത്വം വഹിക്കുന്നത്.

Exit mobile version