പരിക്ക് മൊര്‍തസ ലങ്കന്‍ പര്യടനത്തില്‍ നിന്ന് പുറത്ത്, ടീമിനെ തമീം നയിക്കും

ഏകദിന വിരമിക്കില്‍ ഉടനില്ലെന്ന് സൂചിപ്പിച്ച് മഷ്റഫെ മൊര്‍തസയെ ബംഗ്ലാദേശ് ലങ്കന്‍ പര്യടനത്തിന്റെ നായകനായിക്കിയിരുന്നുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി. ധാക്കയിലെ ടീമിന്റെ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ലങ്കയ്ക്കെതിരെയുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശിനെ നയിക്കേണ്ട ചുമതല തമീം ഇക്ബാലിനായി. ബംഗ്ലാദേശിനെ ടെസ്റ്റില്‍ ഒരു മത്സരത്തില്‍ നയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തമീം ഇക്ബാല്‍ ഏകദിനത്തില്‍ ടീമിനെ നയിക്കുവാനെത്തുന്നത്.

മൊര്‍തസയ്ക്ക് പകരം ബംഗ്ലാദേശ് ടാസ്കിന്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് മൂന്ന് മുതല്‍ നാലാഴ്ച വരെ മൊര്‍തസയ്ക്ക് വിശ്രമം ആവശ്യമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ബംഗ്ലാദേശ് ചീഫ് ഫിസിഷ്യന്‍ വിശദീകരിച്ചത്. പരിക്ക് മൂലം മുഹമ്മദ് സൈഫുദ്ദീനും ലങ്കന്‍ പര്യടനത്തിനുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം ഫര്‍ഹദ് റീസയെ ബംഗ്ലാദേശ് ടീമില്‍ എടുത്തിട്ടുണ്ട്.

ജൂലൈ 26നാണ് പരമ്പര ആരംഭിക്കുന്നത്. 26, 28, 31 തീയ്യതികളില്‍ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

Exit mobile version