സുരേഷ് റെയ്‍നയുടെ ഫീല്‍ഡിംഗിന്റെ ആരാധകന്‍ – ജോണ്ടി റോഡ്സ്

ലോക ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് എന്ന് മേഖല പരിഗണിക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് ആദ്യം എത്തുന്ന പേര് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്സിന്റെ പേരാണ്. അതെ ജോണ്ടി റോഡ്സ് പറയുന്നത് താന്‍ സുരേഷ് റെയ്‍നയുടെ ഫീല്‍ഡിംഗിന്റെ ആരാധകനാണെന്നാണ്. റെയ്‍നയെ കാണുമ്പോള്‍ തനിക്ക് തന്നെെ തന്നെയാണ് ഓര്‍മ്മ വരുന്നതെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് പഴയ കാലത്ത് നിന്ന് ഫീല്‍ഡിംഗില്‍ ഏറെ മെച്ചപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. അതിന് കാരണക്കാരായവരില്‍ മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, വിരാട് കോഹ്‍ലി, സുരേഷ് റെയ്‍ന, രവീന്ദ്ര ജഡേജ എന്നിവരും ഉള്‍പ്പെടുന്നു. റെയ്‍നയെ പോലെ താനും യുവാവായിരുന്നുവെങ്കില്‍ എന്നാണ് താന്‍ സുരേഷ് റെയ്‍നയുടെ ഫീല്‍ഡിംഗ് കാണുമ്പോള്‍ ആലോചിക്കാറെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി.

തനിക്ക് ഡൈവ് ചെയ്യുന്ന ഫീല്‍ഡര്‍മാരെ കണ്ട് കൊണ്ടിരിക്കുന്നത് തന്നെ ആനന്ദകരമായ അനുഭവമാണ്. ഇന്ത്യയിലെ ഗ്രൗണ്ടുകള്‍ ഇത് പോലെയുള്ള ഡൈവിംഗിന് അത്ര അനുയോജ്യമല്ല, അപ്പോള്‍ അത്തരം പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ എത്രമാത്രം ആത്മാര്‍ത്ഥയുള്ള താരങ്ങളാണെന്ന് മനസ്സിലാക്കാമെന്നും റോഡ്സ് വ്യക്തമാക്കി.

ധോണി ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കണമെന്ന് രോഹിത് ശർമ്മ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് പൂർണമായും ഫിറ്റ് ആണെങ്കിൽ ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കണമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇൻസ്റ്റാഗ്രാം ലൈവിൽ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുമായി സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ.

ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിൽ ധോണി മികച്ച ഫോമിലായിരുന്നുവെന്ന് സുരേഷ് റെയ്ന പറഞ്ഞതിന് ശേഷമാണ് ധോണി പൂർണ്ണമായും ഫിറ്റ് ആണെങ്കിൽ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് രോഹിത് ശർമ്മ പറഞ്ഞത്.  ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ നടത്തിയ പരിശീലന മത്സരത്തിൽ 91 പന്തിൽ നിന്ന് ധോണി 123റൺസ് എടുത്ത കാര്യവും സുരേഷ് റെയ്ന ഓർമിപ്പിച്ചു.

അതെ സമയം ധോണിയുടെ ഭാവി പരിപാടികൾ എന്താണെന്ന് ധോണിക്ക് മാത്രമേ അറിയുമെന്നും ഇരു താരങ്ങളും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിൽ പിന്നെ ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

റെയ്‍നയുടെയും പത്താന്റെയും ആവശ്യത്തിന് പിന്തുണയര്‍പ്പിച്ച് ഗോണി, ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗില്‍ കളിച്ച് പണമുണ്ടാക്കാന്‍ അനുവദിക്കണമെന്ന് താരവും

ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കുവാന്‍ അനുവദിക്കണമെന്ന് നേരത്തെ സുരേഷ് റെയ്‍നയും ഇര്‍ഫാന്‍ പത്താനും ആവശ്യപ്പെട്ടിരുന്നു. ചുരുങ്ങിയത് രണ്ട് വിദേശ ലീഗുകളിലെങ്കിലും താരങ്ങളെ കളിക്കുവാന്‍ അനുവദിക്കണമെന്നാണ് റെയ്‍ന ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഇതേ ആവശ്യവുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം മന്‍പ്രീത് ഗോണിയും രംഗത്തെത്തിയിട്ടുണ്ട്.

സുരേഷ് റെയ്‍നയ്ക്കൊപ്പം ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ കളിച്ചിട്ടുള്ള താരമാണ് മന്‍പ്രീത് ഗോണി. ഐപിഎല്‍ കളിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിക്കുന്ന അനവധി താരങ്ങളുണ്ട്. അത് പോലെ തന്നെ രഞ്ജി കളിച്ചിട്ടും ഐപിഎല്‍ കളിക്കാനാകാത്ത കുറേയെറെ താരങ്ങളുണ്ട്. അത്തരം താരങ്ങളെയെങ്കിലും വിദേശ ലീഗുകളില്‍ കളിക്കുവാന്‍ അനുവദിക്കണമെന്നാണ് ഗോണി പറയുന്നത്.

ഇത്തരം താരങ്ങളെ വിദേശ ലീഗുകളില്‍ പോയി കളിച്ച് കൂടുതല്‍ പണം സമ്പാദിച്ച് തങ്ങളുടെ കുടുംബം പുലര്‍ത്തുവാനുള്ള അവസരം കൊടുക്കണമെന്നും മന്‍പ്രീത് ഗോണി വ്യക്തമാക്കി.

പത്താനും റെയ്‍നയ്ക്കും മറുപടിയുമായി ബിസിസിഐ

വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന ഇര്‍ഫാന്‍ പത്താന്റെയും സുരേഷ് റെയ്‍നയുടെയും ആവശ്യത്തിന് മറുപടിയുമായി ബിസിസിഐ. ബിസിസിഐയുടെ ഒരു വക്താവാണ് ഇവര്‍ക്ക് മറുപടി നല്‍കിയത്. ഇപ്പോളത്തെ സ്ഥിതിയില്‍ ബിസിസിഐയുടെ ലക്ഷ്യം ഐപിഎലിന്റെ പ്രൊമോഷനാെന്നും ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗില്‍ കളിക്കാത്തതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബോര്‍ഡിന്റെയും ക്രിക്കറ്റിന്റെയും പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഇത് ശരിയാണങ്കിലും റിട്ടയര്‍മെന്റിനോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് ഇത്തരത്തില്‍ എതിരഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഈ പേര് വെളിപ്പെടുത്താത്ത ബിസിസിഐ വക്താവ് പറഞ്ഞു. അതവരുടെ കാഴ്ചപ്പാടാണ് അവര്‍ക്ക് ആ രീതിയില്‍ ചിന്തിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളുണ്ടെന്നും ഈ വ്യക്തി പറഞ്ഞു.

ഇന്ത്യയില്‍ കേന്ദ്ര കരാര്‍ ഇല്ലാത്ത താരങ്ങള്‍ക്കും ഐപിഎലില്‍ ഭേദപ്പെട്ട ഒരു തുക കിട്ടുന്നുണ്ടെന്നും ഇതെല്ലാം ബിസിസിഐയുടെ നിലപാടുകള്‍ കൊണ്ടാണെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കി.

ഇന്ത്യൻ താരങ്ങളെ വിദേശ ലീഗിൽ കളിക്കാൻ അനുവദിക്കണമെന്ന് ഇർഫാൻ പഠാനും സുരേഷ് റെയ്നയും

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗിൽ കളിക്കാൻ അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് ഇന്ത്യൻ താരം സുരേഷ് റെയ്നയും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാനും. ഇൻസ്റ്റാഗ്രാമിൽ ഇരുവരും തമ്മിൽ നടത്തിയ ലൈവ് ചാറ്റിൽ ആണ് ബി.സി.സി.ഐയോട് താരങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്.

നിലവിൽ ഇന്ത്യൻ താരങ്ങൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം മാത്രമേ വിദേശ ലീഗുകളിൽ പങ്കെടുക്കാൻ അനുമതി നൽകാറുള്ളൂ. ഇത്തരത്തിൽ യുവരാജ് സിംഗ് ഗ്ലോബൽ കാനഡ ടി20യിൽ കളിച്ചിരുന്നു. എന്നാൽ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ട് വിദേശ ലീഗുകളിൽ എങ്കിലും താരങ്ങളെ കളിക്കാൻ അനുവദിക്കണമെന്ന് റെയ്ന പറഞ്ഞു. മിക്ക അന്താരാഷ്ട്ര താരങ്ങളും ഇത്തരത്തിലുള്ള ലീഗുകളിൽ മികച്ച പ്രകടനം പുറത്തെടുത്താൻ തിരിച്ചുവരവ് നടത്തിയിട്ടുള്ളതെന്നും റെയ്ന പറഞ്ഞു.

30 വയസ്സ് കഴിഞ്ഞ താരങ്ങൾ ഇന്ത്യൻ ടീമിൽ സജീവമല്ലെങ്കിൽ വിദേശ ലീഗുകളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് ഇർഫാൻ പഠാനും പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുള്ള സുരേഷ് റെയ്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂടി ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

2011 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ രണ്ടാം കോച്ചിനെ പോലെയായിരുന്നു

1983ല്‍ കപില്‍ ഡെവിള്‍സ് ലോകകപ്പ് നേടിയ ശേഷം പിന്നീട് നീണ്ട 28 വര്‍ഷമാണ് ഇന്ത്യ അടുത്ത ലോകകപ്പിനായി കാത്തിരുന്നത്. അതാകട്ടെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അവസാന ലോകകപ്പുമായിരുന്നു. സച്ചിന് സമചിത്തതയോടെ നിന്നതാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടുവാന്‍ കാരണമെന്നാണ് സുരേഷ് റെയ്‍ന തന്റെ ഒരു അഭിമുഖത്തില്‍ പറയുന്നത്.

സച്ചിന്‍ വളരെ സമചിത്തതയോടെ നിന്നതിനാലാണ് 2011 ലോകകപ്പ് ഇന്ത്യ ജയിച്ചത്. ടീമിലെ എല്ലാവര്‍ക്കും കപ്പ് നേടാനാകുമെന്ന വിശ്വാസം നേടിക്കൊടുത്തത് സച്ചിനായിരുന്നു. ടീമിന്റെ രണ്ടാമത്തെ കോച്ചിനെ പോലെയായിരുന്നു സച്ചിനെന്നും റെയ്‍ന പറഞ്ഞു. ടൂര്‍ണ്ണമെന്റില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്കോററര്‍ ആയി സച്ചിന്‍ 482 റണ്‍സുമായി 9 മത്സരങ്ങളില്‍ നിന്ന് മാറിയുരുന്നു.

തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയ യുവരാജ് സിംഗിനെയാണ് ടൂര്‍ണ്ണമെന്റില്‍ മാന്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡ് നല്‍കിയത്.

സുരേഷ് റെയ്ന ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് അമ്പാട്ടി റായ്ഡു

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു. റെയ്നയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അത്കൊണ്ട് തന്നെ താരം ഇന്ത്യൻ ടീമിലെത്തുമെന്നാണ് തന്റെ വിശ്വാസമെന്നും റായ്ഡു പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സംസാരിക്കുകയായിരുന്നു റായ്ഡു.

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്സ്മാനായ സുരേഷ് റെയ്ന ഐ.പി.എല്ലിനായി മികച്ച ഫോമിൽ ആയിരുന്നെന്നും ഈ വർഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത് സുരേഷ് റെയ്നക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ കഴിയുമെന്നും റായ്ഡു പറഞ്ഞു.

റെയ്നയെ തനിക്ക് തന്റെ 16മത്തെ വയസ്സ് മുതൽ അറിയാമെന്നും ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലന ക്യാമ്പിലെ പരിശീലനം തനിക്ക് പഴയ കുറച്ചു ഓർമ്മകൾ തിരികെ നൽകിയെന്നും റായ്ഡു പറഞ്ഞു.

പന്തിന്റെ കളി കാണുമ്പോള്‍ തനിക്ക് യുവരാജിനെയും സേവാഗിനെയും ഓര്‍മ്മ വരുന്നു

ഋഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ തനിക്ക് യുവരാജ് സിംഗിനെയും വിരേന്ദര്‍ സേവാഗിനെയും ഓര്‍മ്മ വരുന്നുവെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. താരം ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ യുവരാജും സേവാഗുമെല്ലാം ഗ്രൗണ്ടില്‍ സൃഷ്ടിക്കുന്ന പ്രഭാവമാണെ് ഉണ്ടാകുന്നതെന്ന് റെയ്ന പറഞ്ഞു. അത് പോലെ തന്നെ ദ്രാവിഡിന്റെ ഫ്ലിക്ക് പോലെയാണ് പന്തിന്റെ ഫ്ലിക്കെന്നും റെയ്‍ന വ്യക്തമാക്കി.

പന്ത് മികച്ച ഫോമിലുള്ളപ്പോള്‍ പിടിച്ച് കെട്ടുവാന്‍ പാടുള്ള താരമാണെന്ന് പല മുന്‍ ഇന്ത്യന്‍ മഹാരഥന്മാരെയും താരം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് റെയ്‍ന വ്യക്തമാക്കി. പന്തിനെ ധോണിയുടെ പകരക്കാരനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇപ്പോള്‍ കീപ്പിംഗ് ദൗത്യം കെഎല്‍ രാഹുലിനെയാണ് ടീം മാനേജ്മെന്റ് ഏല്പിച്ചിരിക്കുന്നത്.

ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറ്റവും പ്രിയം റെയ്‍നയോട്, വളരെ അധികം പിന്തുണ താരത്തിന് ലഭിച്ചു – യുവരാജ് സിംഗ്

എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറ്റവും അധികം അവസരം നല്‍കിയത് സുരേഷ് റെയ്‍നയ്ക്കായിരുന്നുവെന്ന് പറഞ്ഞ് യുവരാജ് സിംഗ്. താരത്തിനോട് ധോണിയ്ക്ക് ഏറെ പ്രിയമായിരുന്നുവന്നും യുവരാജ് പറഞ്ഞു. 2011 ലോകകപ്പിന് തൊട്ടു മുമ്പ് താനും റെയ്‍നയും രണ്ട് പേരും ഫോം ഔട്ട് ആയി നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും പക്ഷേ സ്ക്വാഡില്‍ ഇടം നേടി.

തനിക്ക് ബൗള്‍ ചെയ്യാനാകുമെന്ന ആനുകൂല്യം ലഭിച്ചപ്പോള്‍ തന്നെ ആദ്യ ഇലവനില്‍ ഇടം പിടിക്കുവാന്‍ സാധിച്ചപ്പോള്‍ റെയ്‍നയ്ക്ക് നാല് മത്സരമാണ് കളിക്കാനായത്, ലീഗ് മത്സരങ്ങളില്‍ ആദ്യ ചോയിസ് അല്ലായിരുന്നു. താനും റെയ്‍നയും മികച്ച ഫോമിലല്ലായിരുന്നു ലോകകപ്പിന് തൊട്ടുമുമ്പ്, എന്നാല്‍ ഒരു ലെഫ്റ്റ് ആം സ്പിന്നറെ വേണമെന്നുള്ളതിനാല്‍ അവര്‍ തനിക്ക് ടീമില്‍ ഇടം നല്‍കി. താന്‍ വിക്കറ്റും എടുക്കുന്നുണ്ടായിരുന്നു, അതിനാല്‍ അവര്‍ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

ധോണിയുടെ പ്രിയ താരമായിരുന്നു റെയ്ന എന്നതിനാല്‍ തന്നെ യൂസഫ് പത്താനും താനുമെല്ലാം മികച്ച ഫോമില്‍ കളിച്ചിരുന്നപ്പോളും മഹി റെയ്‍നയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നുവെന്ന് യുവരാജ് പറഞ്ഞു.

ധോണിയിൽ പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് സുരേഷ് റെയ്ന

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരമാണ് സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിനിടെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിലെ കഠിനമായ ചൂട് സഹിച്ച് മൂന്ന് മണിക്കൂറിൽ അധികം പരിശീലനം നടത്തിയെന്നും റെയ്ന പറഞ്ഞു.

ഓരോ തവണ പരിശീലനത്തിൽ ഏർപെടുമ്പോഴും വ്യത്യസ്‍തമായ രീതിയിൽ എന്തെങ്കിലും ചെയ്യാൻ ധോണി ശ്രമിച്ചെന്നും സുരേഷ് റെയ്ന പറഞ്ഞു. പരിശീലനത്തിനിടെ ധോണി മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെന്നും ധോണി ഇത്രയും മികച്ച രീതിയിൽ ബാറ്റ് ചെയുന്നത് മുൻപ് കണ്ടിട്ടില്ലെന്നും റെയ്ന പറഞ്ഞു.  ഐ.പി.എൽ ആരംഭിക്കുന്നതിന് മുൻപായി ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ധോണി പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധ പടർന്ന സാഹചര്യത്തിൽ ഐ.പി.എൽ നിർത്തിവെക്കുകയും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

ചെറുപ്പത്തിന്റെ ആവേശം ഇപ്പോഴും ധോണിയിൽ ഉണ്ടെന്ന് സുരേഷ് റെയ്ന

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ആവേശം നിലനിൽക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്ന. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിൽ സുരേഷ് റെയ്നയും ധോണിയും ഒരുമിച്ചായിരുന്നു.

ധോണിയോടൊപ്പം പരിശീലനത്തിനിടെ കുറച്ച് സമയം ചിലവഴിച്ചെന്നും നെറ്റ്‌സിൽ ധോണി ഇപ്പോഴും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും ധോണിയിൽ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ആവേശം നിലനിൽക്കുന്നുണ്ടെന്നും റെയ്ന പറഞ്ഞു. പരിശീലനത്തിനിടെ ധോണി ഒരു സെഷനിൽ തുടർച്ചയായി മൂന്ന് മണിക്കൂർ ബാറ്റ് ചെയ്ത കാര്യവും റെയ്ന ഓർമിപ്പിച്ചു.

2011 ലോകകപ്പ് ഫൈനലിൽ ധോണിയുടെ ശരീര ഭാഷ ലോകകകപ്പ് ഇന്ത്യക്ക് നേടികൊടുക്കുമെന്ന് തോന്നിച്ചെന്നും യുവരാജ് സിംഗിന് മുൻപ് ബാറ്റ് ചെയ്യാൻ പരിശീലകൻ ഗാരി കിർസ്റ്റീനോട് പറഞ്ഞെന്നും റെയ്ന പറഞ്ഞു. മുരളീധരന്റെ സ്പിൻ ബൗളിംഗ് നേരിടാൻ തനിക്ക് കഴിയുമെന്ന് ധോണി പറഞ്ഞെന്നും റെയ്ന കൂട്ടിച്ചേർത്തു.

ഐപിഎലിന് കാത്തിരിക്കാം, മനുഷ്യ ജീവനും ജീവിതവുമാണ് ഈ അവസരത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത്

ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തിലുള്ള ചോദ്യത്തിനെ ജീവിതവും മനുഷ്യ ജീവനുമാണ് ക്രിക്കറ്റിനെക്കാള്‍ ഇപ്പോള്‍ പ്രാധാന്യമുള്ളതെന്ന് പറഞ്ഞ് സുരേഷ് റെയ്ന. കൊറോണ വ്യാപനത്തിനെതിരെ പൊരുതുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും സുരേഷ് റെയ്ന നേരത്തെ 52 ലക്ഷം രൂപ നല്‍കിയിരുന്നു.

ഐപിഎല്‍ ഇപ്പോള്‍ നടത്തിയില്ലെങ്കിലും പ്രശ്നമില്ലെന്ന് റെയ്‍ന പറഞ്ഞു. സര്‍ക്കാരിന്റെ ലോക്ഡൗണില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നമ്മള്‍ മുന്നോട്ട് പോകുകയാണ് ഇപ്പോള്‍ വേണ്ടത് ഇല്ലേല്‍ ഈ മഹാമാരിയെ മറകടക്കുവാന്‍ നമുക്ക് ആവില്ല. ജീവിതവും സാഹചര്യവും മെച്ചപ്പടുമ്പോള്‍ ഐപിഎലിനെക്കുറിച്ച് ചിന്തിക്കാമെന്നും റെയ്‍ന പറഞ്ഞു.

Exit mobile version