ഈ സീസണ്‍ ഐപിഎലിന് റെയ്‍നയില്ല, ദുബായിയില്‍ നിന്ന് മടങ്ങി

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന ദുബായിയില്‍ നിന്ന് മടങ്ങി. ഐപിഎല്‍ ഈ സീസണില്‍ താന്‍ കളിക്കുന്നില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും താരം അറിയിക്കുകയായിരുന്നുവെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കെഎസ് വിശ്വനാഥ് അറിയിച്ചത്. ഏതാനും ദിവസം മുമ്പാണ് താരം ടീമിനൊപ്പം ഐപിഎലിനായി ദുബായിയില്‍ എത്തിയത്.

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം എംഎസ് ധോണിയോടൊപ്പം നടത്തിയ താരം ഐപിഎലില്‍ കളിക്കുവാനായി ദുബായിയിലെത്തിയെങ്കിലും ടീമിലെ ചില അംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച് ടീം ഐസൊലേഷനില്‍ ആയ ശേഷം ആണ് ഇപ്പോള്‍ പുതിയ തീരുമാനത്തിലേക്ക് എത്തുന്നത്. താരത്തിന്റെ ഈ തീരുമാനത്തിന് പിന്നില്‍ ഈ സംഭവം ആണോ കാരണമെന്ന് അറിയില്ല.

“റായ്ഡു ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു”

അമ്പാട്ടി റായ്ഡു കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് കിരീടം നെടുമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. 2019ലെ ലോകകപ്പിൽ അമ്പാട്ടി റായ്ഡു ഇന്ത്യൻ ടീമിൽ നാലാം സ്ഥാനത്ത് ഉണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ അമ്പാട്ടി റായ്ഡുവിന് പകരം വിജയ് ശങ്കറിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തുകയായിരുന്നു. എന്നാൽ മധ്യ നിരയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതോടെ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്താവുകയും ചെയ്തിരുന്നു.

അമ്പാട്ടി റായ്ഡു ഇന്ത്യയുടെ നാലാം നമ്പർ സ്ഥാനത്ത് ഉണ്ടാവണമെന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെന്നും അതിന് മുൻപ് ഒന്നര വർഷത്തോളം റായ്ഡു വളരെ കഠിനാധ്വാനം ചെയ്യുകയും കളിക്കുകയും ചെയ്തിരുന്നതായും റെയ്ന പറഞ്ഞു. നാലാം നമ്പർ സ്ഥാനത്ത് ഏറ്റവും മികച്ച ബാറ്റ്സ്മാൻ അമ്പാട്ടി റായ്ഡു ആയിരുന്നെന്നും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി റായ്ഡു മികച്ച പ്രകടനമാണ് ആ അവസരത്തിൽ കാഴ്ച വെച്ചതെന്നും റെയ്ന പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേറിയ കാര്യങ്ങൾ സുരേഷ് റെയ്ന ചെയ്തിട്ടുണ്ടെന്ന് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ചെയ്ത താരമാണ് സുരേഷ് റെയ്നയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി പലപ്പോഴും സുരേഷ് റെയ്ന ലോവർ ഓർഡറിലാണ് ബാറ്റ് ചെയ്തതെന്നും ഫീൽഡ് ചെയ്യുമ്പോൾ ഏറ്റവും ബുദ്ധിമുട്ടിയേറിയ സ്ഥലത്താണ് താരം ഫീൽഡ് ചെയ്തതെന്നും ദ്രാവിഡ് പറഞ്ഞു.

കുറച്ചുകൂടെ മുൻ നിരയിൽ താരം ബാറ്റ് ചെയ്തിരുന്നെങ്കിൽ താരത്തിന്റെ പ്രകടനം കുറച്ചുകൂടെ മെച്ചപ്പെടുമായിരുന്നെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. 2005ൽ സുരേഷ് റെയ്ന ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയപ്പോൾ രാഹുൽ ദ്രാവിഡ് ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. യുവ ടീമിൽ ആ കാലത്ത് സുരേഷ് റെയ്ന മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും റെയ്ന ഇന്ത്യൻ ടീമിന്റെ ഒരു പ്രധാന താരമായി മാറുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

മികച്ച ഓർമ്മകൾക്ക് ധോണിയോട് നന്ദി പറഞ്ഞ് ഗാരി കിർസ്റ്റൺ

ക്രിക്കറ്റിൽ തനിക്ക് മികച്ച ഓർമ്മകൾ സമ്മാനിച്ചതിന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയോട് നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ. ഗാരി കിർസ്റ്റൺ പരിശീലകനും ധോണി ക്യാപ്റ്റനുമായ സമയത്താണ് 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ലീഡറായ മഹേന്ദ്ര സിംഗ് ധോണിയുടെ കൂടെ ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഗാരി കിർസ്റ്റൺ പറഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റെയ്നക്കും ഗാരി കിർസ്റ്റൺ തന്റെ അഭിനന്ദനം അറിയിച്ചു. ധോണി ക്യാപ്റ്റൻ സ്ഥാനത്ത് നിൽക്കെയാണ് 2007ലെ ടി20 ലോകകപ്പ് കിരീടവും 2011 ഏകദിന ലോകകപ്പ് കിരീടവും 2013ലെ ചാമ്പ്യൻസ് ട്രോഫി കിരീടവും ഇന്ത്യ നേടിയത്.

പരസ്യ പ്രഖ്യാപനത്തിന് മുൻപ് റെയ്ന വിരമിക്കൽ തീരുമാനം ബി.സി.സി.ഐ അറിയിച്ചു

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് പരസ്യമാക്കുന്നതിന് മുൻപ് തന്റെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചിരുന്നെന്ന് ബി.സി.സി.ഐ. വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപ് തന്നെ താരം ബി.സി.സി.സിയെ വിവരങ്ങൾ അറിയിച്ചിരുന്നെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

സാധാരണ ഗതിയിൽ താരങ്ങൾ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ബി.സി.സി.ഐയുമായി ബന്ധപെടാറുണ്ട്. അത് റെയ്ന പിന്തുടർന്നിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി 18 ടെസ്റ്റുകളും 226 ഏകദിന മത്സരങ്ങളും 78 ടി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്ന.

ധോണിയ്ക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച് റെയ്‍നയും

എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്.

ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നാണ് റെയ്‍ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ ധോണി ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വയം മാറി നിന്നതാണെങ്കില്‍ റെയ്‍നയ്ക്ക് ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

ധോണിയടക്കമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ ചെന്നൈയിലെത്തി

യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്ക് ഏർപ്പെടുത്തിയ പരിശീലനം ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ധോണിയടക്കമുള്ള ചെന്നൈ താരങ്ങൾ ഇന്ന് ചെന്നൈയിൽ എത്തി. ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, ദീപക് ചഹാർ, പിയുഷ് ചൗള, കാൻ ശർമ്മ എന്നിവരാണ് ചാർട്ടേഡ് ഫ്ലൈറ്റിൽ ചെന്നൈയിൽ എത്തിയത്.

കഴിഞ്ഞ ദിവസം തന്റെ ജാർഖണ്ഡിൽ വെച്ച് കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുകയും ഫലം നെഗറ്റീവ് ആവുകയും ചെയ്തതിനെ തുടർന്നാണ് ധോണി ചെന്നൈയിലേക്ക് തിരിച്ചത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഇത്തവണ യു.എ.ഇയിൽ വെച്ചാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയിൽ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് ഓഗസ്റ്റ് 21ന് യു.എ.ഇയിലേക്ക് തിരിക്കും. അതെ സമയം ഇന്ത്യൻ താരം രവീന്ദ്ര ജഡേജ, ഹർഭജൻ സിംഗ്, ശർഥുൽ താക്കൂർ എന്നിവർ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് ക്യാമ്പിൽ പങ്കെടുക്കുന്നില്ല.

2020ലെ ഐ.പി.എൽ താരങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് സുരേഷ് റെയ്ന

2020ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഇപ്പോഴത്തെ സാഹചര്യത്തിൽ താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാവുമെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്ന. കോവിഡ്-19 വൈറസ് പടരുന്ന ഈ ഘട്ടത്തിൽ താരങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന കാര്യം വളരെ രസകരമായിരിക്കുമെന്നും സുരേഷ് റെയ്ന പറഞ്ഞു. ഈ ഒരു വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഫിറ്റ്നസ് പ്രധാനം ആണെന്നും നേരത്തെ തന്നെ യു.എ.ഇയിലേക്ക് പോവുന്നത് ഗുണം ചെയ്യുമെന്നും സുരേഷ് റെയ്ന.

താരങ്ങൾ വളരെ വ്യത്യസ്‍തമായ സാഹചര്യത്തിൽ ആണ് കളിക്കുന്നതെന്നും ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടെന്നും സുരേഷ് റെയ്ന പറഞ്ഞു. കൂടാതെ ഓരോ ആഴ്ചയിലും കോവിഡ്-19 ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെന്നും സുരേഷ് റെയ്ന പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ടെസ്റ്റുകൾ എല്ലാം കഴിഞ്ഞ് താരങ്ങൾ കളിയ്ക്കാൻ മാനസികമായി തയ്യാറാവണമെന്നും കളിക്കുന്ന സമയത്ത് ആസ്വദിക്കണമെന്നും റെയ്ന പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ധോണി രോഹിത് ശർമ്മയാണെന്ന് സുരേഷ് റെയ്ന

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്ന. രോഹിത് ശർമ്മയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും ക്യാപ്റ്റൻസി രീതികൾ സാമ്യം ഉണ്ടെന്നും സുരേഷ് റെയ്ന പറഞ്ഞു.

രോഹിത് ശർമ്മ എപ്പോഴും കളിക്കാർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ തയ്യാറാണെന്നും ഡ്രസിങ് റൂം എപ്പോഴും പോസറ്റീവ് ആയി നിലനിർത്താൻ രോഹിത് ശർമ്മ ശ്രമിക്കാറുണ്ടെന്നും സുരേഷ് റെയ്ന പറഞ്ഞു. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ രോഹിത് ശർമ്മയും മഹേന്ദ്ര സിംഗ് ധോണിയും തമ്മിൽ സാമ്യതകൾ ഉണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ധോണിയായി രോഹിത് ശർമ്മ മാറുമെന്ന് താൻ പറയുന്നതെന്നും സുരേഷ് റെയ്ന കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മ ധോണിയെ പോലെ ശാന്ത സ്വഭാവമുള്ള ആളാണെന്നും ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ താരത്തിന് കഴിയാറുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റൻ ആണെന്നും അദ്ദേഹത്തിന് കീഴിൽ ഏഷ്യ കപ്പിൽ കൈച്ചിട്ടുണ്ടെന്നും യുവ താരങ്ങൾക്ക് മികച്ച രീതിയിൽ ആത്മവിശ്വാസം നൽകുന്ന ആളാണ് രോഹിത് ശർമ്മയെന്നും റെയ്ന പറഞ്ഞു.

സുരേഷ് റെയ്ന ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് ബ്രാഡ് ഹോഗ്

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ഇന്ത്യൻ ടീമിലേക്ക് വീണ്ടും തിരിച്ചെത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. നിലവിൽ ഇന്ത്യൻ ടീമിൽ സുരേഷ് റെയ്നക്ക് അവസരം ലഭിക്കാനുള്ള ഒഴിവ് ഇല്ലെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി യുവതാരങ്ങൾക്കാണ് കൂടുതൽ അവസരം നൽകുന്നതെന്നും അതുകൊണ്ട് തന്നെ സുരേഷ് റെയ്നക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും ഹോഗ് പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടീമിൽ റെയ്നയുടെ ഇഷ്ട്ട സ്ഥാനമായ നാലാം നമ്പറിൽ ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും 3-4 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്ന റെയ്നക്ക് അതുകൊണ്ട് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലെന്നും ഹോഗ് പറഞ്ഞു. ഇന്ത്യൻ ടി20 ടീമിൽ റെയ്നക്ക് അവസരം ലഭിക്കണമെങ്കിൽ ശിഖർ ധവാൻ ടീമിൽ നിന്ന് പുറത്തുപോവണമെന്നും ഹോഗ് പറഞ്ഞു.

ഇര്‍ഫാന്‍ പത്താനെ ഏവരും വസീമുമായി താരതമ്യം ചെയ്യുമായിരുന്നു, അതിന് കാരണം വ്യക്തമാക്കി സുരേഷ് റെയ്‍ന

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ആവുമെന്ന് വാഴ്ത്തപ്പെട്ട താരമാണ് ഇര്‍ഫാന്‍ പത്താന്‍. 19ാം വയസ്സില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം പിടിച്ച താരം തന്റെ സ്വിംഗ് ബൗളിംഗിന് പേര് കേട്ട വ്യക്തിയായിരുന്നു. ഇര്‍ഫാനെ തന്റെ കരിയറിന്റെ തുടക്കത്തില്‍ വസീം അക്രമുമായി ഏറെ താരതമ്യം ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു സുരേഷ് റെയ്‍ന. ഇരു താരങ്ങളുടെ ബൗളിംഗ് ശൈലിയിലും രൂപത്തിലും സാമ്യമുള്ളതിനാലാണ് ഇതെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി.

നീളമുള്ള ചുരുണ്ട മുടിയും താരത്തിനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ തന്നെ വസീമുമായുള്ള താരതമ്യങ്ങള്‍ക്ക് കാരണം ആയിട്ടുണ്ടെന്ന് സുരേഷ് റെയ്‍ന വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം മുള്‍ത്താനില്‍ പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തി 2004ല്‍ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ലക്ഷ്മണ്‍ ഇത്ര മാത്രം ദേഷ്യപ്പെട്ട് താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല, പ്രഖ്യാന്‍ ഓജയോട് ദേഷ്യപ്പെട്ട വിവിഎസ് ലക്ഷ്മണിനെ ഓര്‍ത്ത് സുരേഷ് റെയ്‍ന

താന്‍ വളരെ അപൂര്‍വ്വമായി വിവിഎസ് ലക്ഷ്മണ്‍ ദേഷ്യപ്പെട്ട് കണ്ട ഒരു സംഭവത്തെ ഓര്‍ത്തെടുത്ത് സുരേഷ് റെയ്‍ന. 2010 മൊഹാലി ടെസ്റ്റിലാണ് സംഭവം നടക്കുന്നത്. 216 റണ്‍സ് ചേസ് ചെയ്യുന്ന ഇന്ത്യ 124/8 എന്ന മോശം അവസ്ഥയിലേക്ക് വീഴുകയും ഒമ്പതാം വിക്കറ്റില്‍ 81 റണ്‍സ് നേടി ലക്ഷ്മണ്‍ ഇഷാന്ത് ശര്‍മ്മ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയുമായിരുന്നു.

മത്സരത്തില്‍ ഇഷാന്ത് പുറത്തായ ശേഷം പ്രഖ്യാന്‍ ഓജയ്ക്കൊപ്പം വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ലക്ഷ്മണിന് സാധിച്ചു. എന്നാല്‍ ഇതിനിടെ കടുത്ത പുറം വേദന കാരണം താരത്തിന് സബ്സ്റ്റിറ്റ്യൂട്ട് റണ്ണറായി സുരേഷ് റെയ്‍നയായിരുന്നു ക്രീസിലെത്തിയിരുന്നത്. അനാവശ്യമായ ഒരു റണ്ണിന് ശ്രമിച്ച ഓജയോട് വളരെ അധികം ചൂടാവുന്ന വിവിഎസിനെ താന്‍ അന്ന് കണ്ടുവെന്നും അതിന് മുമ്പോ പിമ്പോ താന്‍ ലക്ഷ്മണിനെ ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി.

ഓജ റണ്ണൗട്ടായിരുന്നേല്‍ ഇന്ത്യ പരാജയപ്പെട്ടേനെ എന്നതാവാം ഇത്രയും അധികം വിവിഎസിനെ അരിശനാക്കിയതെന്നും തനിക്ക് തോന്നിയതായും റെയ്‍ന പറഞ്ഞു. ലക്ഷ്മണ്‍ 79 പന്തില്‍ നിന്ന് 73 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഓജയാണ് വിജയ റണ്‍സ് നേടിയത്.

പിന്നീട് പരമ്പരയില്‍ ബാംഗ്ലൂരിലെ അടുത്ത മത്സരത്തിലും ഇന്ത്യ തന്നെ വിജയം കുറിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

Exit mobile version