കോറോണ വൈറസിനെതിരെ പോരാടാൻ സുരേഷ് റെയ്നയുടെ വമ്പൻ സഹായം

ഇന്ത്യയിൽ ആകമാനം കൊറോണ വൈറസ് പടരുന്നതിനിടെ അതിനെതിരെ പോരാടാൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയുടെ സഹായം. 52 ലക്ഷം രൂപയാണ് സുരേഷ് റെയ്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് വേണ്ടി സംഭാവനയായി നൽകിയത്. 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 21 ലക്ഷം രൂപ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് റെയ്ന സംഭാവന ചെയ്തത്. മറ്റുള്ളവരോട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ സുരേഷ് റെയ്ന അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് സുരേഷ് റെയ്ന. ഇന്ത്യക്ക് വേണ്ടി 18 ടെസ്റ്റ് മത്സരങ്ങളും 226 ഏകദിന മത്സരങ്ങളും 78 ടി20 മത്സരങ്ങളും സുരേഷ് റെയ്ന കളിച്ചിട്ടുണ്ട്. നേരത്തെ മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമടക്കം നിരവധി കായിക താരങ്ങൾ കോറോണക്കെതിരായുള്ള പോരാട്ടത്തിന് സംഭാവനയുമായി രംഗത്തെത്തിയിട്ടുണ്ട്.

“ശിഖർ ധവാനെക്കാളും ക്രിസ് ഗെയ്ലിനെക്കാളും മികച്ച താരം സുരേഷ് റെയ്ന”

പവർ പ്ലേയിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെക്കാളും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ലിനെക്കാളും മികച്ച താരം ഇന്ത്യൻ താരം സുരേഷ് റൈൻ ആണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. വർഷങ്ങളായി നിരവധി മോശം സാഹചര്യങ്ങളിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന് തുണയായത് സുരേഷ് റെയ്നയുടെ ബാറ്റിംഗ് ആണെന്നും ഹോഗ് പറഞ്ഞു.

നിലവിൽ ക്രിക്കറ്റിൽ പവർ പ്ലേയിൽ ഏറ്റവും മികച്ച താരങ്ങൾ ഡേവിഡ് വാർണറും സുരേഷ് റെയ്നയും ജോസ് ബട്ലറുമാണെന്ന് ഹോഗ് പറഞ്ഞു. ഇവരിൽ ഏറ്റവും മികച്ച രീതിയിൽ പവർ പ്ലേ കളിക്കുന്ന താരം ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ ആണെന്നും ഹോഗ് പറഞ്ഞു. അതെ സമയം റെയ്ന ഒരു ബൗളറെ ലക്‌ഷ്യം വെച്ച് കളിക്കുമെന്നും സ്ട്രൈക്ക് മാറ്റി കളിക്കുന്നതിൽ മികവുള്ള താരമാണെന്നും ഹോഗ് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ലിനെയും ഹോഗ് ഈ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സുരേഷ് റെയ്നയെയും യുവരാജ് സിംഗിനെ പോലെയുമുള്ള താരങ്ങൾ ഇന്ത്യക്ക് വേണമെന്ന് മഞ്ചരേക്കർ

ഇന്ത്യൻ മധ്യ നിരക്ക് സുരേഷ് റെയ്നയെയും യുവരാജ് സിംഗിനെപോലെയുമുള്ള താരങ്ങൾ വേണമെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. അത്കൊണ്ട് തന്നെ ഇന്ത്യ അവരെ പോലെയുള്ള താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും മഞ്ചരേക്കർ പറഞ്ഞു. നിലവിൽ ഇന്ത്യയും അഞ്ചാം നമ്പർ സ്ഥാനത്ത് കളിക്കാൻ ഏറ്റവും നല്ലത് കെ.എൽ രാഹുൽ തന്നെയാണെന്നും മഞ്ചരേക്കർ പറഞ്ഞു.

നേരത്തെ ഇന്ത്യൻ ഓപ്പണറായിരുന്ന കെ.എൽ രാഹുൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യൻ മധ്യ നിരയിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. തുടർന്ന് ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ അഞ്ചാം സ്ഥാനത്ത് രാഹുൽ തന്നെ മതിയെന്നാണ് മഞ്ചേരകർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് മഞ്ചരേക്കർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ധോണിയെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടെന്ന് സുരേഷ് റെയ്ന

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യൻ ടീമിന് ഇപ്പോഴും ആവശ്യമുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. എന്നാൽ ഇന്ത്യൻ ടീമിൽ ഉൾപെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്നും സുരേഷ് റെയ്ന പറഞ്ഞു.

അതെ സമയം ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കികയായണെങ്കിൽ അധികം ബഹളങ്ങൾ ഒന്നും ഇല്ലാതെ ധോണി അത് ചെയ്യുമെന്നും റെയ്ന പറഞ്ഞു.  ധോണി ഇനിയും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ധോണി വളരെ മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും താരം പൂർണ്ണമായും ഫിറ്റ് ആണെന്നും റെയ്ന പറഞ്ഞു.

കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. അടുത്തിടെ ജാർഖണ്ഡ് രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ച ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽകൂടി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടങ്ങിയിരുന്നു.

നായകന്‍ കോഹ്‍ലിയെങ്കിലും ഇന്ത്യയെ നയിക്കുന്നത് ധോണി

ഇന്ത്യയുടെ ഏകദിന നായകന്‍ വിരാട് കോഹ്‍ലിയാണെങ്കിലും ഗ്രൗണ്ടില്‍ ടീമിനെ നയിക്കുക വിരാട് കോഹ്‍ലിയായിരിക്കുമെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. 2017ല്‍ ക്യാപ്റ്റന്‍സി ധോണി കൈവിട്ടുവെങ്കിലും ടീമിന്റെ തീരുമാനം എടുക്കുന്ന സംഘത്തിലെ പ്രധാനി ധോണിയാണ്. യുവ താരങ്ങള്‍ മാത്രമല്ല കോഹ്‍ലി വരെ ധോണിയെയാണ് ഉപദേശങ്ങള്‍ക്കായി സമീപിക്കുന്നതെന്ന് റെയ്‍ന പറഞ്ഞു.

ധോണിയുടെ ഈ റോള്‍ നിലനില്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുരേഷ് റെയ്‍ന പറഞ്ഞത്. താരം ബൗളര്‍മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ഫീല്‍ഡ് പ്ലേസ്മെന്റുകളിലും തന്റേതായ ഇടപെടലുകള്‍ വരുത്താറുണ്ട്, ക്യാപ്റ്റന്റെ ക്യാപ്റ്റനാണ് ധോണിയെന്നും സുരേഷ് റെയ്‍ന പറഞ്ഞു. സ്റ്റംപിനു പിന്നില്‍ ധോണിയുള്ളത് വിരാടിന്റെ ആത്മവിശ്വാസമാണ്, അത് വിരാട് തന്നെ പലപ്പോഴും സമ്മതിച്ചിട്ടുള്ള കാര്യമാണെന്നും സുരേഷ് റെയ്‍ന അഭിപ്രായപ്പെട്ടു.

പാണ്ഡ്യ ലോകകപ്പിലെ ഇന്ത്യയുടെ സുപ്രധാന താരം – സുരേഷ് റെയ്‍ന

ഈ ലോകകപ്പില്‍ ഇന്ത്യയുടെ സുപ്രധാന താരമായി മാറുക ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് അഭിപ്രായപ്പെട്ട് സുരേഷ് റെയ്‍ന. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും താരം ഈ ലോകകപ്പില്‍ തിളങ്ങുമെന്നും ഐപിഎലിലെ പോലെ ഇത്തവണ ലോകകപ്പിലും തന്റെ വെടിക്കെട്ട് പ്രകടനം ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പുറത്തെടക്കുമെന്നും റെയ്‍ന അഭിപ്രായപ്പെട്ടു. 14 വിക്കറ്റുകളും 402 റണ്‍സുമാണ് ഈ വര്‍ഷത്തെ ഐപിഎലില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സംഭാവന.

ഇന്ത്യയുടെ ഗെയിം ചേഞ്ചറായി മാറുക ഹാര്‍ദ്ദിക് ആവുമെന്ന് പ്രവചിച്ച റെയ്‍ന, താരം ചിലപ്പോള്‍ ടൂര്‍ണ്ണമെന്റിലെ താരമായി മാറിയേക്കുമെന്നും പറഞ്ഞു. ഫീല്‍ഡിംഗിലും ബാറ്റിംഗിലും പോലെ തന്നെ 6-7 നിര്‍ണ്ണായക ഓവറുകളും എറിയുവാന്‍ കഴിയുന്ന താരമാണ് ഹാര്‍ദ്ദിക്. ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ വേണമെങ്കിലും താരത്തിനു ബാറ്റ് ചെയ്യാം, ഇത് കൂടാതെ ഐപിഎലിലെ ആത്മവിശ്വാസം താരം ലോകകപ്പിലും തുടരുമെന്നും റെയ്‍ന പറഞ്ഞു.

ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ കഴിഞ്ഞ വര്‍ഷം നേടിയ റണ്‍സ് ഇപ്രകാരം, ഈ സീസണില്‍ പാതി പോലും നേടുവാന്‍ കഷ്ടപ്പെടുന്നു

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു തലവേദനയായി ഈ സീസണില്‍ മാറിയിരിക്കുന്നത് ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ബാറ്റിംഗ് ഫോമില്ലായ്മയാണ്. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ടീം പരാജയപ്പെടുകയും കൂടി ചെയ്തതോടെ ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ധോണിയും ഫ്ലെമിംഗുമെല്ലാം തുറന്ന് പറയുക കൂടി ചെയ്തു.

കഴിഞ്ഞ സീസണില്‍ ഷെയിന്‍ വാട്സണും അമ്പാട്ടി റായിഡുവും തകര്‍ത്തടിച്ചതാണ് ചെന്നൈയ്ക്ക് തുണയായി മാറിയത്. 602 റണ്‍സ് നേടിയ റായിഡുവിന്റെ ഫോം താരത്തിനു ഇന്ത്യന്‍ ടീമിലേക്ക് അവസരം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം താരം ഉറപ്പിയ്ക്കുമെന്ന സ്ഥിതിയില്‍ എത്തിയ ശേഷമാണ് 2019ല്‍ താരം ഫോമൗട്ടായി മാറുന്നത്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ താരത്തിന്റെ സ്ഥാനവും ഇത് നഷ്ടപ്പെടുത്തവാന്‍ ഇടയാക്കി. ഇന്നലെ ധോണിയുമായി ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ട് പുറത്തെടത്തുവെങ്കിലും സീസണില്‍ ഇതുവരെ 261 റണ്‍സാണ് താരം നേടിയത്.

ഷെയിന്‍ വാട്സണ്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ വെടിക്കെട്ട് പ്രകടനം ഉള്‍പ്പെടെ 555 റണ്‍സാണ് നേടിയത്. അതേ സമയം ഇത്തവണ 11 തവണ പവര്‍പ്ലേയില്‍ പുറത്തായ താരം നേടിയത് വെറും 268 റണ്‍സാണ്. ടീമിന്റെ എക്കാലത്തെയും പ്രതീക്ഷയായ സുരേഷ് റെയ്‍നയാകട്ടെ കഴിഞ്ഞ വര്‍ഷം 445 റണ്‍സ് നേടിയപ്പോള്‍ ഈ സീസണില്‍ വെറും 364 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

മെല്ലെ തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 179 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും കൂടി അവസാന അഞ്ചോവറില്‍ നേടിയ 43 റണ്‍സാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 14.5 ഓവറില്‍ ചെന്നൈ 102/3 എന്ന നിലയിലായിരുന്നു. ആദ്യ 20 പന്തില്‍ നിന്ന് വെറും നാല് റണ്‍‍സ് ആണ് ചെന്നൈ ഓപ്പണര്‍മാര്‍ക്ക് നേടാനായത്. 9 പന്തുകള്‍ നേരിട്ട ഷെയിന്‍ വാട്സണെ ടീമിനു നഷ്ടമായി.

രണ്ടാം വിക്കറ്റില്‍ 84 റണ്‍സാണ് റെയ്‍ന-ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 39 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റാണ് ടീമിനു നഷ്ടമായത്. ഏറെ വൈകാതെ 37 പന്തില്‍ നിന്ന് 59 റണ്‍സാണ് റെയ്‍ന നേടിയത്. രണ്ട് വിക്കറ്റ് നേടിയ ജഗദീഷ സുചിത് ആണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. താരം വെറും 28 റണ്‍സിനാണ് രണ്ട് വിക്കറ്റ് നേടിയത്.

പിന്നീട് നാലാം വിക്കറ്റില്‍ അതിവേഗ സ്കോറിംഗുമായി രവീന്ദ്ര ജഡേയും എംഎസ് ധോണിയും കൂടി ചെന്നെയെ മുന്നോട്ട് നയിക്കുകയായിരുന്നു. 10 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ജഡേജയെ ക്രിസ് മോറിസ് പുറത്താക്കിയെങ്കിലും എംഎസ് ധോണി 22 പന്തില്‍ നിന്ന് പുറത്താകാതെ 44 റണ്‍സ് നേടി ചെന്നൈയെ 179 റണ്‍സിലേക്ക് നയിച്ചു.

ഓരോ മൂന്നോവറിലും വിക്കറ്റ് വീണാല്‍ ടീം ജയിക്കില്ല, ചെന്നൈയുടെ ബാറ്റിംഗ് യൂണിറ്റ് പരാജയം

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താത്കാലിക നായകന്‍ സുരേഷ് റെയ്‍ന തന്റെ ടീമിന്റെ നിരുത്തരവാദിത്വപരമായ ബാറ്റിംഗാണ് തോല്‍വിയ്ക്ക് കാരണമെന്ന് വ്യക്തമാക്കി. ഇന്നലെ മത്സരം ശേഷം പ്രതികരിക്കവേയാണ് താരം ഇപ്രകാരം അഭിപ്രായ പ്രകടിപ്പിച്ചത്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ബൗളിംഗ് പ്രകടനമാണ് ടീം കാഴ്ച വെച്ചിട്ടുള്ളത്, എന്നാല്‍ ബാറ്റിംഗില്‍ അത് പറയുവാന്‍ സാധിക്കുകയില്ല. ബാറ്റിംഗ് യൂണിറ്റ് പലപ്പോഴും ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് റെയ്‍ന വ്യക്തമാക്കി.

പവര്‍പ്ലേയില്‍ തന്നെ വളരെയേറെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മധ്യ ഓവറുകളിലും സ്ഥിതി സമാനമായിരുന്നുവെന്ന് റെയ്‍ന വ്യക്തമാക്കി. ചെന്നൈ ഈ സീസണില്‍ ബാറ്റിംഗ് യൂണിറ്റെന്ന നിലയില്‍ പരാജയമാണെന്നും റെയ്‍ന വ്യക്തമാക്കി.

വാട്സണ്‍ നെരുപ്പുഡാ!!! ചെന്നൈയുടെ വിജയമൊരുക്കി ഓപ്പണിംഗ് ബാറ്റ്സ്മാന്‍

വിജയത്തിനായി 176 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് നയിച്ച് ഷെയിന്‍ വാട്സണ്‍. സണ്‍റൈസേഴ്സ് ബൗളര്‍മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാട്സണ്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ തങ്ങളുടെ 6 വിക്കറ്റ് ജയം സ്വന്തമാക്കിയത്. തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ താരത്തിനു സാധിച്ചില്ലെങ്കിലും വാട്സണ്‍ പുറത്താകുമ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 16 റണ്‍സ് അകലെ മാത്രമായിരുന്നു.  മികച്ചൊരു ക്യാച്ചിലൂടെ വാട്സണെ ജോണി ബൈര്‍സ്റ്റോ പിടിച്ച് പുറത്താക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ് ലഭിച്ചത്.

53 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയ വാട്സണൊപ്പം 38 റണ്‍സ് നേടിയ സുരേഷ് റെയ്‍ന നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 9 ബൗണ്ടറിയും ആറ് സിക്സുമാണ് വാട്സണ്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. വാട്സണ്‍ പുറത്തായെങ്കിലും അമ്പാട്ടി റായിഡുവും(21) കേധാര്‍ ജാഥവും(11*) ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ 9 റണ്‍സ് വേണ്ട സ്ഥിതിയില്‍ കേധാര്‍ ജാഥവ് നേടിയ സിക്സ് ഏറെ നിര്‍ണ്ണായകമാകുകയായിരുന്നു. അതിനു ശേഷം അമ്പാട്ടി റായിഡു പുറത്തായെങ്കിലും ജയം പിടിച്ചെടുക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ ചെന്നൈയ്ക്കായി.

ചെന്നൈ നീ ഒന്നാം നമ്പര്‍, ചെന്നൈയെ വിജയത്തിലേക്ക് പിടിച്ച് കയറ്റി റെയ്‍നയും ജഡേജയും

കൊല്‍ക്കത്ത നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങി ഒരു ഘട്ടത്തില്‍ ബുദ്ധിമുട്ടിയെങ്കിലും സുരേഷ് റെയ്‍നയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ അവസാന ഓവറില്‍ ചെന്നൈ ജയം പിടിച്ചെടുക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 41 റണ്‍സ് നേടി ജഡേജയും റെയ്‍നയുമാണ് ചെന്നൈയുടെ വിജയ ശില്പികള്‍. . ചെന്നൈയ്ക്കെതിരെ സ്പിന്‍ കരുത്തിലാണ് കൊല്‍ക്കത്തത്ത വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവര്‍ കളി മാറ്റി മറിയ്ക്കുകയായിരുന്നു. ചെന്നൈ 5 വിക്കറ്റ് ജയം സ്വന്തമാക്കി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 3.1 ഓവറില്‍ 29 റണ്‍സാണ് ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസി വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ ഹാരി ഗുര്‍‍ണേ ഷെയിന്‍ വാട്സണെ പുറത്താക്കി ചെന്നൈയ്ക്ക് ആദ്യ പ്രഹരം നല്‍കി. തന്റെ ആദ്യ ഓവറില്‍ തന്നെ ഫാഫിനെ പുറത്താക്കി സുനില്‍ നരൈന്‍ ടീമിനു രണ്ടാമത്തെ പ്രഹരം നല്‍കി. സുരേഷ് റെയ്‍നയെ ഹാരി ഗുര്‍ണേ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും താരം റിവ്യൂ ചെയ്ത് തെറ്റായ തീരുമാനത്തെ അതിജീവിച്ചു.

എന്നാല്‍ പിയൂഷ് ചൗള മറുവശത്ത് അമ്പാട്ടി റായിഡുവിനെയും(5) കേധാര്‍ ജാഥവിനെയും പുറത്താക്കിയതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ പ്രയാസകരമായി. ധോണിയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിചേര്‍ത്ത് റെയ്‍ന ചെന്നൈയുടെ രക്ഷനാകുമെന്ന് കരുതിയെങ്കിലും നരൈന്‍ എത്തി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

മത്സരം അവസാന നാലോവറിലേക്ക് എത്തിയപ്പോള്‍ 41 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. പ്രസിദ്ധ കൃഷ്ണയും സുനില്‍ നരൈനും അടുത്ത രണ്ടോവര്‍ അധികം റണ്‍സ് വിട്ട് നല്‍കാതിരുന്നപ്പോള്‍ ചെന്നൈയുടെ ലക്ഷ്യം അവസാന രണ്ടോവറില്‍ 24 ആയി. ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് ജഡേജ തുടരെ അടിച്ച മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 8 റണ്‍സായി മാറി.

രണ്ട് പന്ത് അവശേഷിക്കെയാണ് ചെന്നൈ തങ്ങളുടെ ജയം സ്വന്തമാക്കിയത്. സുരേഷ് റെയ്‍ന 58 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഏറെ പ്രശംസനീയമാണ്. കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരൈന്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാരില്‍ നിന്ന് അത്തരത്തിലൊു പ്രകടനം വരാത്തത് ടീമിനു തിരിച്ചടിയായി.

ചെന്നൈയെ മികച്ച സ്കോറിലേക്ക് എത്തിച്ച് സ്ഥിരം ധോണി സ്റ്റൈല്‍ ഇന്നിംഗ്സ്

ചെന്നൈയിലെ ആദ്യ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായ രീതിയില്‍ ചെപ്പോക്കിലെ രണ്ടാം മത്സരത്തിലും ബാറ്റിംഗ് പ്രയാസകരമായിരുന്നു. ധോണിയും റെയ്‍നയും ഇന്നിംഗ്സിനു നങ്കൂരമിടുകയും അവസാന ഓവറുകളില്‍ ധോണിയും ബ്രാവോയും അടിച്ച് കളിയ്ക്കുകയും ചെയ്തപ്പോള്‍ പ്രയാസമേറിയ പിച്ചിലും 175/5 എന്ന മികച്ച സ്കോര്‍ നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. ചെന്നൈ ബൗളര്‍മാര്‍ക്ക് മത്സരം എറിഞ്ഞു പിടിക്കുവാനുള്ള ആത്മവിശ്വാസം നല്‍കുന്ന സ്കോറിലേക്ക് ടീമിനെ എത്തിയ്ക്കുവാന്‍ ധോണിയ്ക്ക് കഴിഞ്ഞുവെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.

27/3 എന്ന നിലയില്‍ തകര്‍ന്ന ടീമിന്റെ രക്ഷയ്ക്കെത്തിയത് സുരേഷ് റെയ്‍ന-എംഎസ് ധോണി കൂട്ടുകെട്ടായിരുന്നു. അമ്പാട്ടി റായിഡുവിനെ(1) ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ ഷെയിന്‍ വാട്സണെ(13) പുറത്താക്കിയത് ബെന്‍ സ്റ്റോക്സ് ആയിരുന്നു. കേധാര്‍ ജാഥവിനെ(8) ധവാല്‍ കുല്‍ക്കര്‍ണ്ണിയും പുറത്താക്കിയതോടെ ചെന്നൈയുടെ നില പരുങ്ങലിലായി.

അവിടെ നിന്ന് 61 റണ്‍സ് കൂട്ടുകെട്ട് നേടി റെയ്‍നയും-എംഎസ് ധോണിയും ടീമിനെ 88/4 എന്ന സ്കോറിലേക്ക് നയിച്ചു. 36 റണ്‍സ് നേടിയ റെയ്‍നയെ ജയ്ദേവ് ഉനഡ്കട് ആണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിച്ച് ധോണിയും ബ്രാവോയും സ്കോറിംഗ് വേഗത കൂട്ടി. 16 പന്തില്‍ 27 റണ്‍സ് നേടി ബ്രാവോ ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 56 റണ്‍സാണ് ധോണി-ബ്രാവോ കൂട്ടുകെട്ട് നേടിയത്.

ജയ്ദേവ് ഉനഡ്കട് എറിഞ്ഞ അവസാന ഓവറില്‍ മാത്രം ചെന്നൈ നാല് സിക്സാണ് നേടിയത്. ഇതില്‍ മൂന്നെണ്ണം ധോണിയുടെ വകയും. 28 റണ്‍സാണ് ധോണിയും ജഡേജയും ചേര്‍ന്ന് അവസാന ഓവറില്‍ നേടിയത്. അവസാന മൂന്നോവറില്‍ നിന്ന് 60 റണ്‍സ് നേടാനും ചെന്നൈയ്ക്കായി.  ധോണി 46 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. രാജസ്ഥാന്‍ നിരയില്‍ എടുത്ത് പറയേണ്ട ബൗളിംഗ് പ്രകടനം ജോഫ്ര ആര്‍ച്ചറുടെതായിരുന്നു. നാലോറവില്‍ 17 റണ്‍സ് വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്.

Exit mobile version