ക്വാര്‍ട്ടര്‍ കടമ്പ കടന്ന് സ്പെയിനും ഓസ്ട്രേലിയയും

വനിത ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് സ്പെയിനും ഓസ്ട്രേലിയയും. ഇന്നലെ ഗോളുകള്‍ നന്നേ കുറഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തില്‍ സ്പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍ അര്‍ജന്റീന ഓസ്ട്രേലിയ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയും പെനാള്‍ട്ടിയില്‍ ജയം ഓസ്ട്രേലിയ സ്വന്തമാക്കുകയുമായിരുന്നു.

ബഹുഭൂരിഭാഗം സമയവും ഗോള്‍ പിറക്കാതിരുന്ന ആദ്യ മത്സരത്തില്‍ 54ാം മിനുട്ടിലാണ് സ്പെയിന്‍ ജര്‍മ്മനിയെ ഞെട്ടിച്ച് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. കാര്‍മെന്‍ കാനോ ആണ് സ്പെയിനിന്റെ വിജയ ഗോള്‍ സ്കോര്‍ ചെയ്തത്.

രണ്ടാം മത്സരത്തില്‍ നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്നപ്പോള്‍ പെനാള്‍ട്ടിയില്‍ 4-3 എന്ന സ്കോറിനു ഓസ്ട്രേലിയ ജയം കൈക്കലാക്കി സെമിയിലേക്ക് കടന്നു. ഓസ്ട്രേലിയയ്ക്കായി ക്രിസ്റ്റീന ബെയ്റ്റ്സ്, ആംബ്രോസിയ മലോണേ, ജോഡി കെന്നി, ബ്രൂക്ക് പെരിസ് എന്നിവരാണ് പെനാള്‍ട്ടിയില്‍ ഗോള്‍ നേടിയത്.

ജൂലിയ ഗോമസ്, ലൂസിന വോന്‍ ഡെര്‍ ഹെയ്ഡ്, അഗസ്റ്റീന ആല്‍ബെര്‍ട്ടാരിയോ എന്നിവരാണ് അര്‍ജന്റീനയ്ക്കായി പെനാള്‍ട്ടി ഗോളാക്കി മാറ്റിയത്. രണ്ട് തവണ അര്‍ജന്റീന പെനാള്‍ട്ടിയില്‍ മുന്നിലെത്തിയ ശേഷം 3-3 നു ഇരു ടീമുകളും ഒപ്പമെത്തിയ ശേഷം വിജയ ഗോള്‍ നേടുവാനുള്ള അവസരം ഇരു ടീമുകള്‍ക്കും ഗോള്‍കീപ്പര്‍മാരായ റേച്ചല്‍ ലിഞ്ചും(ഓസ്ട്രേലിയ) ബെലന്‍ സൂസിയും(അര്‍ജന്റീന) നിഷേധിച്ചപ്പോള്‍ ബ്രൂക്ക് പെരിസ് തന്റെ അവസരം ഗോളാക്കി മാറ്റി ഓസ്ട്രേലിയയയെ ക്വാര്‍ട്ടര്‍ കടമ്പ കടത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെനാള്‍ട്ടി ജയത്തിലൂടെ സ്പെയിനും ന്യൂസിലാണ്ടിനെ വീഴ്ത്തി അര്‍ജന്റീനയും ക്വാര്‍ട്ടറില്‍

വനിത ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് അര്‍ജന്റീനയും സ്പെയിനും. ഇന്നലെ നടന്ന ക്രോസോവര്‍ മത്സരങ്ങളില്‍ സ്പെയിന്‍ ബെല്‍ജിയത്തെയും അര്‍ജന്റീന ന്യൂസിലാണ്ടിനെയുമാണ് പരാജയപ്പെടുത്തിയത്. സ്പെയിന്‍ ബെല്‍ജിയം മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാള്‍ട്ടിയില്‍ സ്പെയിന്‍ 3-2നു ജയം സ്വന്തമാക്കി. സ്പെയിനിനായി പെനാള്‍ട്ടിയില്‍ പെരേസ് ബീട്രിസ്(2), ബെര്‍ട ബോണാസ്ട്രേ എന്നിവരാണ് ഗോള്‍ നേടിയത്. ബെല്‍ജിയത്തിന്റെ ഗോള്‍ സ്കോറര്‍മാര്‍ ലൗസി വെര്‍സാവേല്‍ പൗളീന്‍ ലെസേല്‍ഫ് എന്നിവരായിരുന്നു.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ന്യൂസിലാണ്ടിനെതിരെ അര്‍ജന്റീനയുടെ ജയം. നോയല്‍ ബാരിയോണ്‍നുവോ, ഡെല്‍ഫീന മെറീനോ എന്നിവരായിരുന്നു ഗോള്‍ സ്കോറര്‍മാര്‍. ക്വാര്‍ട്ടറില്‍ സ്പെയിന്‍ ജര്‍മ്മനിയെയും അര്‍ജന്റീന ഓസ്ട്രേലിയയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജര്‍മ്മനിയ്ക്ക് മൂന്നാം ജയം, ദക്ഷിണാഫ്രിക്ക അര്‍ജന്റീന പോരാട്ടം സമനിലയില്‍

വനിത ഹോക്കി ലോകകപ്പ് പൂള്‍ സി മത്സരത്തില്‍ സ്പെയിനിനെ വീഴ്ത്തി ജര്‍മ്മനി. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്ക പോരാട്ടം സമനിലയില്‍ അവസാനിച്ചു. 3-1 എന്ന സ്കോറിനാണ് ജര്‍മ്മനി സ്പെയിനിനെ വീഴ്ത്തിയത്. അഞ്ചാം മിനുട്ടില്‍ ആനി ശ്രോഡര്‍ ജര്‍മ്മനിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് മരിയ ലോപസ് സ്പെയിനിന്റെ സമനില ഗോള്‍ നേടി. 1-1 നു രണ്ടാം പകുതി ആരംഭിച്ച ശേഷം 37, 40 മിനുട്ടുകളില്‍ സെലിന്‍ ഒരൂസ്, വിക്ടോറിസ ഹൂസ് എന്നിവര്‍ ജര്‍മ്മനിയുടെ വിജയ ഗോളുകള്‍ നേടി.

പൂള്‍ സിയില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 1-1 എന്ന സ്കോറിനാണ് ദക്ഷിണാഫ്രിക്ക അര്‍ജന്റീന പോരാട്ടം സമനിലയില്‍ അവസാനിച്ചത്. ആദ്യ പകുതിയുടെ അവസാനത്തില്‍ ജേഡ് മെയിന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കിയെങ്കിലും 47ാം മിനുട്ടില്‍ മരിയ ഗ്രനാറ്റോ അര്‍ജന്റീനയുടെ സമനില ഗോള്‍ കണ്ടെത്തി.

ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും സ്പെയിനും ക്രോസ് ഓവര്‍ മത്സരങ്ങള്‍ക്കായി യോഗ്യത നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം മത്സരത്തില്‍ തോല്‍വി, ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

വനിത ഹോക്കി ലോകകപ്പില്‍ അയര്‍ലണ്ടിനോട് പരാജയപ്പെട്ടതോടെ ലോകകപ്പിലെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഇന്നത്തെ മത്സരഫലം പ്രതികൂലമായി മാറിയതോടെ ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ അതേ പോയിന്റുകളാണെങ്കിലും മോശം  ഗോള്‍ വ്യത്യാസം കാരണം പിന്നിലുള്ള യുഎസ്എ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലായി ഇപ്പോള്‍ പൂള്‍ ബിയില്‍ ഉള്ളത്.

ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പിന്നില്‍ പോയത്. മത്സരത്തിന്റെ 13ാം മിനുട്ടില്‍ അന്ന ഒഫ്ലാന്‍ഗാന്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ അയര്‍ലണ്ട് ആ ലീഡ് നിലനിര്‍ത്തി ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. രണ്ട് ജയം നേടിയ അയര്‍ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം പൂളിലെ മറ്റു മൂന്ന് ടീമുകള്‍ക്കും അടുത്ത റൗണ്ടിലേക്ക് കടക്കുവാനുള്ള തുല്യ സാധ്യതയാണുള്ളത്. രണ്ട് പോയിന്റുള്ള ഇംഗ്ലണ്ടും ഓരോ പോയിന്റുള്ള ഇന്ത്യയും അമേരിക്കയുമാണ് അടുത്ത റൗണ്ട് പ്രതീക്ഷകളുമായി ജൂലൈ 29 മത്സരങ്ങള്‍ക്കിറങ്ങുക. അന്നേ ദിവസം വിജയം നേടുന്നവര്‍ക്ക് വീണ്ടും ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതയ്ക്കുള്ള മറ്റൊരു അവസരം കൂടി ലഭിക്കും.

ജൂലൈ 29നു നടക്കുന്ന അവസാന പൂള്‍ എ മത്സരത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയെ മികച്ച മാര്‍ജിനില്‍ തോല്പിക്കാനായെങ്കില്‍ മാത്രമേ ഇന്ത്യയ്ക്ക് ക്രോസ് ഓവര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടാനാകൂ. കൂടാതെ ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ അയര്‍ലണ്ടിനോട് ജയിക്കുകയും അരുത്. ഇംഗ്ലണ്ട് തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില നേടി രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്കും രണ്ട് മൂന്ന് സ്ഥാനക്കാര്‍ മറ്റു ഗ്രൂപ്പുകളിലെ അതേ സ്ഥാനക്കാരുമായി ഏറ്റുമുട്ടുവാനായി ക്രോസ് ഓവര്‍ മത്സരങ്ങളിലേക്കും നീങ്ങും. പൂള്‍ എ ടീമുകളുമായി ആവും ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കേണ്ടി വരിക.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സ്പെയിന്‍ 7-1 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ലോല റിയേരയിലൂടെ ലീഡ് നേടിയ സ്പെയിന്‍ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 2-0 നു മുന്നിലായിരുന്നു. സ്പെയിനിന്റെ രണ്ടാം ഗോള്‍ ബെര്‍ട്ട ബോണാസ്ട്രേയാണ് നേടിയത്.

രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുട്ട് പിന്നിട്ടപ്പോള്‍ കാര-ലീ ബോട്ടെസ് ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സ്പെയിനിന്റെ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്. കാര്‍ലോട്ട പെറ്റാചാമേ രണ്ടും കരോല സാല്‍വാട്ടേല ഒരു ഗോളും നേടിയപ്പോള്‍ തങ്ങളുടെ രണ്ടാം ഗോള്‍ സ്കോര്‍ ചെയ്ത് ലോല റിയേരയും ബെര്‍ട്ട ബോണാസ്ട്രേയും പട്ടിക പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം

ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം ദിവസത്തെ മറ്റു മത്സരങ്ങളില്‍ വിജയികളായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പൂള്‍ എ മത്സരത്തില്‍ ഇറ്റലി 3-0 എന്ന സ്കോറിനാണ് ചൈനയെ കീഴടക്കിയത്. വാലെന്റീന ബ്രാകോണി, ലാറ ഒവീഡോ, ഗിയിലിയാന റുഗ്ഗേരി എന്നിവരാണ് ഇറ്റലിയുടെ ഗോള്‍ സ്കോറര്‍മാര്‍.

രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ മൂന്നാം മിനുട്ടില്‍ സ്പെയിന്‍ ഗോള്‍ നേടി ഞെട്ടിച്ചുവെങ്കിലും പിന്നീട് ആറ് ഗോളുകള്‍ മടക്കി അര്‍ജന്റീന തങ്ങളുടെ കേളി മികവ് പുറത്തെടുക്കുകയായിരുന്നു. 6-2 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ ജയം. മരിയ ഒറിട്സ്(2), ജൂലിയറ്റ ജന്‍കുനാസ്, റോക്കിയോ സാഞ്ചെസ്, നോയല്‍ ബാരിയോനൂവോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍. സ്പെയിനിനായി കരോള സാലവറ്റേല, ബീറ്റ്റിസ് പെരേസ് എന്നിവര്‍ ഗോള്‍ നേടി.

കൊറിയയെ ഗോളില്‍ മുക്കിയാണ് നെതര്‍ലാണ്ട്സ് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വരവറിയിച്ചത്. ഏകപക്ഷീയമായ 7 ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ തുടങ്ങിയ ഗോളടി ആദ്യ പകുതിയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ നെതര്‍ലാണ്ട്സിനു കഴിയാതെ വന്നപ്പോള്‍ കൊറിയ വാങ്ങിയ ഗോളുകളുടെ എണ്ണം ഏഴില്‍ ഒതുങ്ങി. നെതര്‍ലാണ്ട്സിനായി കിറ്റി വാന്‍ മെയ്‍ല്‍(2), ഫ്രെഡ്രിക് മാട്‍ല(2), കെല്ലി ജോങ്കര്‍, ലൗറിന്‍ ലിയൂറിങ്ക്, ലിഡ്വിഡ് വാള്‍ട്ടെന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

ആവേശകരമായ മത്സരത്തില്‍ പിന്നില്‍ പോയ ശേഷമാണ് ന്യൂസിലാണ്ട് മത്സരത്തിലേക്ക് തിരികെ എത്തിയത്. മത്സരത്തിന്റെ 24ാം മിനുട്ടില്‍ ന്യൂസിലാണ്ട് ലീഡ് നേടിയെങ്കിലും തുടരെ രണ്ട് ഗോളുകള്‍ സ്വന്തമാക്കി 2-1 നു ബെല്‍ജിയം ആദ്യ പകുതി അവസാനിച്ചപ്പോള്‍ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ മടക്കി ന്യൂസിലാണ്ട് 4-2നു മത്സരം സ്വന്തമാക്കി. ന്യൂസിലാണ്ടിനു വേണ്ടി ഒലീവിയ മെറി രണ്ടും കെല്‍സേ സ്മിത്ത്, ഷിലോഹ് ഗ്ലോയന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ലൗസി വെര്‍സാവേല്‍, ജില്‍ ബൂണ്‍ എന്നിവരാണ് ബെല്‍ജിയം സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പെയിനിനും ഈ ലോകകപ്പിൽ അവാർഡുണ്ട്

ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും സ്പെയിൻ ടീമിനും ഒരു അവാർഡുണ്ട്. ലോകകപ്പിലെ ഏറ്റവും അച്ചടക്കമുള്ള ടീമിന് നൽകുന്ന ഫെയർ പ്ലെ അവാർഡാണ് ഇത്തവണ സ്പാനിഷ് ദേശീയ ടീം സ്വന്തമാക്കിയത്. ലോകകപ്പിൽ കളിച്ച നാല് കളികളിൽ ആകെ ഒരു മഞ്ഞ കാർഡ് മാത്രമാണ് അവർ വഴങ്ങിയത്. സെർജിയോ ബുസ്കെറ്റ്സ് റഷ്യക്കെതിരെയാണ് ഈ കാർഡ് വഴങ്ങിയത്.

അച്ചടക്കത്തിൽ മുന്നിൽ നിന്ന സ്പെയിൻ ലോകകപ്പിൽ ആകെ ചെയ്തത് 32 ഫൗളുകൾ മാത്രമാണ്. പക്ഷെ 59 തവണ അവർക്ക് എതിരാളികളുടെ ഫൗൾ ഏൽക്കേണ്ടി വന്നു.

ലോകകപ്പിൽ സ്പെയിൻ ഫെയർ പ്ലെ അവാർഡ് സ്വന്തമാക്കുന്നത് ഇത് ആദ്യമല്ല. 2010 ൽ ജേതാക്കൾ ആയ വർഷവും അവർക്ക് തന്നെയായിരുന്നു ഈ അവാർഡ്, 2006 ൽ ബ്രസീലിനൊപ്പം ഫെയർ പ്ലെ അവാർഡ് പങ്ക് വച്ചു. 2014 ഫെയർ പ്ലെ അവാർഡ് നേടിയത് കൊളംബിയ ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പിൽ നിന്നും പുറത്തായത് കരിയറിലെ ഏറ്റവും മോശം ദിനത്തിൽ – ഇസ്‌കോ

റഷ്യൻ ലോകകപ്പിൽ നിന്നും സ്പെയിന്റെ പുറത്താകൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയ്നെ അട്ടിമറിച്ച് റഷ്യയാണ് ക്വാർട്ടർ ഫൈനലിൽ കടന്നത്. സ്‌പെയിനിന്റെ ലോകകപ്പിൽ നിന്നുള്ള പുറത്താകൽ തന്റെ കരിയറിലെ ഏറ്റവും മോശം ദിവസമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ് താരം ഇസ്‌കോ. മത്സരശേഷം ഇൻസ്റാഗ്രാമിലാണ് അദ്ദേഹം മനസ് തുറന്നത്. കൊക്കെ, ആസ്പാസ് എന്നിവരുടെ പെനാൽറ്റി കിക്ക് തടഞ്ഞ അകിൻഫെവിന്റെ പ്രകടനമാണ് സ്പെയിനിനു ലോകകപ്പിന്റെ പുറത്തേക്കുള്ള വഴി കാട്ടിയത്.

സ്പാനിഷ് ടീം പന്ത് കയ്യിൽ വെക്കാൻ മാത്രം ശ്രമിച്ചപ്പോൾ ഗോൾ അകന്നു നിന്നു. മധ്യനിരതാരമായ ഇസ്‌കോ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും മികച്ച ആക്രമണ നിരയുടെ അഭാവം കാരണം ലോകകപ്പിൽ നിന്നും പുറത്ത് പോകാനായിരുന്നു വിധി. ഇസ്‌കോയ്ക്ക് പിന്തുണയുമായി ആരാധകരും ഫുട്ബോൾ താരങ്ങളും എത്തി. ലോകകപ്പിലെ ഇസ്‌കോയുടെ പ്രകടനം രാജയഭേദമന്യേ എല്ലാവരും അംഗീകരിഛ്ച്ചു കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പെയിൻ മധ്യനിരയിൽ ഇനിയെസ്റ്റയില്ല, ലോകകപ്പ് തോൽവിക്ക് പിന്നാലെ വിരമിക്കൽ

സ്പെയിനിന്റെ ഇതിഹാസ താരം അന്ദ്രീയാസ് ഇനിയെസ്റ്റ ഇനി സ്പെയിൻ കുപ്പായത്തിൽ കളിക്കില്ല. ലോകകപ്പിൽ റഷ്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് താരം ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പെയിൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോളായ 2010 ലെ ലോകകപ്പ് വിന്നിങ് ഗോൾ നേടിയ താരമാണ്‌ ഇനിയെസ്റ്റ.

റഷ്യയോട് ഇനിയെസ്റ്റ ഈ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ട് ഔട്ട് ഗോൾ നേടിയെങ്കിലും കൊക്കെ, ആസ്പസ് എന്നിവർ കിക്ക് മിസ് ആകിയതോടെയാണ് സ്പെയിൻ റഷ്യൻ ലോകകപ്പിൽ നിന്ന് പുറത്തായത്. ഇതോടെയാണ്‌34 കാരനായ ഇനിയെസ്റ്റ സ്പാനിഷ് ദേശീയ ടീമിനോട് വിട പറയാൻ തീരുമാനിച്ചത്.

സ്പെയിനിനായി 130 മത്സരങ്ങൾ കളിച്ച താരം 2010 ലോകകപ്പിന് പുറമെ 2008, 2012 യൂറോ കിരീടങ്ങളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പെയിനിനെ മറികടക്കാൻ ആതിഥേയരായ റഷ്യ

മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ റഷ്യ ഇന്ന് യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ നേരിടും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്പെയിൻ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. അതെ സമയം ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിൽ എത്തിയത്.

തുടർച്ചയായ 23 മത്സരങ്ങൾ പരാജയമറിയാതെയാണ് സ്പെയിൻ ഇന്നിറങ്ങുന്നത്. അതെ സമയം ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചല്ല സ്പെയിൻ റഷ്യയെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പോർചുഗലിനോട് സമനില വഴങ്ങിയ സ്പെയിൻ രണ്ടാം മത്സരത്തിൽ ഇറാനോട് നേരിയ വിജയമാണ് നേടിയത്. അവസാന മത്സരത്തിൽ മൊറോക്കോക്കെതിരെയും സമനില ആയിരുന്നു സ്പെയിൻ. മികച്ച ഫോമിലുള്ള ഡിയേഗോ കോസ്റ്റയിൽ പ്രതീക്ഷ അർപ്പിച്ചാവും സ്പെയിൻ ഇന്നിറങ്ങുക.

റഷ്യയാവട്ടെ ഏവരെയും ഞെട്ടിച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയത്. 2018ൽ ഒരു വിജയം പോലും നേടാതിരുന്ന റഷ്യ ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയെ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോൽപിച്ചാണ് ലോകകപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1ന് തോൽപ്പിച്ച റഷ്യ പക്ഷെ മൂന്നാം മത്സരത്തിൽ ഉറുഗ്വയോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു.

മികച്ച ഫോമിലുള്ള ചെറിഷേവ്, ഗോളോവിൻ,സ്യുബ എന്നിവരിൽ വിശ്വാസമർപ്പിച്ചാണ് റഷ്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കണ്ട ഇഗോർ സ്‌മോൾനികോവ് വിലക്ക് മൂലം ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.

Spain: David De Gea, Dani Carvajal, Gerard Pique, Sergio Ramos, Jordi Alba, Sergio Busquets, Koke, Andres Iniesta, Isco; Diego Costa and Iago Aspas.

Russia: Igor Akinfeev, Mario Fernandes, Ilya Kutepov, Sergey Ignashevich, Yuri Zhirkov; Roman Zobnin, Daler Kuzyaev, Aleksandr Samedov, Aleksandr Golovin, Denis Cheryshev, Artem Dzyuba

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വരുന്നു യുവേഫ നേഷൻസ് ലീഗ്

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫയുടെ ലക്ഷ്യം. പുതിയൊരു ലീഗ് വരുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം യൂറോപ്പിൽ നിന്നും ആരൊക്കെയാവും മത്സരത്തിനായെത്തുക എന്നതാണ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് യുവേഫ നേഷൻസ് ലീഗ് ഒരുങ്ങുന്നത്.

2018 -19 സീസണിലാണ് ആദ്യത്തെ നേഷൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. നാല് ലീഗുകളും മൂന്നോ നാലോ ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക. ആദ്യത്തെ ലീഗുമത്സരങ്ങൾ ആയതിനാൽ ലീഗ് ഫേസിൽ ഉൾപ്പെടുന്ന ടീമുകൾ ഒക്ടോബർ 11, 2017 ലെ യുവേഫ നേഷൻസ് റാങ്കിങ് അനുസരിച്ചായിരിക്കും. അതായത് ലീഗ് എയിൽ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിൽ ഉള്ള രാജ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാകും ഉണ്ടാവുക. എല്ലാ ലീഗുകളിലെയും പോലെ റെലെഗേഷനും പ്രമോഷനും യുവേഫ നേഷൻസ് ലീഗിലും ഉണ്ടാകും.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാർ ലീഗ് എ യിൽ നിന്നാവും ഉണ്ടാവുക. ഒരു മിനി ടൂർണമെന്റ് നടത്തിയാണ് ജേതാക്കളെ തീരുമാനിക്കുക. ജൂണിൽ നടക്കുന്ന ടൂർണമെന്റിൽ സെമിയും ഫൈനലും മൂന്നാം സ്ഥാനക്കാർക്കായി ഒരു മത്സരവും ഉണ്ടാകും. എ ഒഴിച്ചുള്ള ലോവർ ലീഗുകളിലും മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പ്രമോഷനും പോയന്റ് നിലയിൽ പിന്നിലുള്ള ക്ലബ്ബ്കൾക്ക് റെലെഗേഷനും ഉണ്ടാവും. സ്പെറ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങൾ നടക്കുക. ഫൈനൽ ജൂൺ 2019തിനും യൂറോ 2020 പ്ലേയോഫ്‌സ് മാർച്ച് 2020നും നടക്കും. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് യൂറോ 2020 യിലേക്ക് ക്വാളിഫൈ ആകുന്ന 20 ടീമുകൾ. ആകെ 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോയിൽ ബാക്കി നാല് സ്ഥാനങ്ങൾ യുവേഫ നേഷൻസ് ലീഗിലെ നാല് ലീഗ് ചാമ്പ്യന്മാർക്കായിരിക്കും.

ഇന്നലെ നടന്ന ഡ്രോയിൽ ഓരോ ലീഗ് ഗ്രൂപ്പുകളിൽ ഉള്ള ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്. സൗഹൃദ മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കിമാറ്റുവാൻ നേഷൻസ് ലീഗ് സഹായിക്കുമെന്നതിൽ തർക്കമില്ല. യൂറോയിലേക്ക് താരതമ്മ്യേന വീക്കായ ടീമുകൾക്കും പ്രവേശനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിൽ നിന്നുള്ള വരുമാനം ഓരോ ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്നത് ആശ്വാസകരമാണ്. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ഫുട്ബോൾ ആരാധകരെ ആകര്ഷിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version