ക്വാര്‍ട്ടര്‍ കടമ്പ കടന്ന് സ്പെയിനും ഓസ്ട്രേലിയയും

വനിത ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് സ്പെയിനും ഓസ്ട്രേലിയയും. ഇന്നലെ ഗോളുകള്‍ നന്നേ കുറഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തില്‍ സ്പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍ അര്‍ജന്റീന ഓസ്ട്രേലിയ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയും പെനാള്‍ട്ടിയില്‍ ജയം ഓസ്ട്രേലിയ സ്വന്തമാക്കുകയുമായിരുന്നു.

ബഹുഭൂരിഭാഗം സമയവും ഗോള്‍ പിറക്കാതിരുന്ന ആദ്യ മത്സരത്തില്‍ 54ാം മിനുട്ടിലാണ് സ്പെയിന്‍ ജര്‍മ്മനിയെ ഞെട്ടിച്ച് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. കാര്‍മെന്‍ കാനോ ആണ് സ്പെയിനിന്റെ വിജയ ഗോള്‍ സ്കോര്‍ ചെയ്തത്.

രണ്ടാം മത്സരത്തില്‍ നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്നപ്പോള്‍ പെനാള്‍ട്ടിയില്‍ 4-3 എന്ന സ്കോറിനു ഓസ്ട്രേലിയ ജയം കൈക്കലാക്കി സെമിയിലേക്ക് കടന്നു. ഓസ്ട്രേലിയയ്ക്കായി ക്രിസ്റ്റീന ബെയ്റ്റ്സ്, ആംബ്രോസിയ മലോണേ, ജോഡി കെന്നി, ബ്രൂക്ക് പെരിസ് എന്നിവരാണ് പെനാള്‍ട്ടിയില്‍ ഗോള്‍ നേടിയത്.

ജൂലിയ ഗോമസ്, ലൂസിന വോന്‍ ഡെര്‍ ഹെയ്ഡ്, അഗസ്റ്റീന ആല്‍ബെര്‍ട്ടാരിയോ എന്നിവരാണ് അര്‍ജന്റീനയ്ക്കായി പെനാള്‍ട്ടി ഗോളാക്കി മാറ്റിയത്. രണ്ട് തവണ അര്‍ജന്റീന പെനാള്‍ട്ടിയില്‍ മുന്നിലെത്തിയ ശേഷം 3-3 നു ഇരു ടീമുകളും ഒപ്പമെത്തിയ ശേഷം വിജയ ഗോള്‍ നേടുവാനുള്ള അവസരം ഇരു ടീമുകള്‍ക്കും ഗോള്‍കീപ്പര്‍മാരായ റേച്ചല്‍ ലിഞ്ചും(ഓസ്ട്രേലിയ) ബെലന്‍ സൂസിയും(അര്‍ജന്റീന) നിഷേധിച്ചപ്പോള്‍ ബ്രൂക്ക് പെരിസ് തന്റെ അവസരം ഗോളാക്കി മാറ്റി ഓസ്ട്രേലിയയയെ ക്വാര്‍ട്ടര്‍ കടമ്പ കടത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version