Picsart 22 12 02 22 42 44 263

അത്ഭുതമാണ് ഈ ലോകകപ്പ്!! ഇഞ്ച്വറി ടൈമിൽ കൊറിയ പ്രീക്വാർട്ടർ സ്വർഗ്ഗത്തിലേക്ക്

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ നേരിട്ട കൊറിയ കളി ഇഞ്ച്വറി ടൈമിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ ആയിരുന്നു. അവിടെ നിന്ന് അത്ഭുതങ്ങൾ കാണിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയ ഇന്ന് പോർച്ചുഗലിനെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഈ വിജയം. തോറ്റെങ്കിലും പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.

ഇന്ന് ബ്രൂണോ ഫെർണാണ്ടസ് അടക്കം പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇറങ്ങിയത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടായിരുന്നു. ദക്ഷിണ കൊറിയക്ക് വിജയം നിർബന്ധമായിരുന്നപ്പോൾ പരാജയപ്പെട്ടാലും ഒന്നാം സ്ഥാനം ലഭിക്കും എന്ന നിലയിൽ ആയിരുന്നു പോർച്ചുഗൽ കളി ആരംഭിച്ചത്. മത്സരം ആരംഭിച്ച് 5 മിനുട്ട് കൊണ്ട് തന്നെ പോർച്ചുഗൽ ലീഡ് എടുത്തു.

ഈ ലോകകപ്പിൽ ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങിയ റിക്കാർഡോ ഹോർത ആണ് പോർച്ചുഗലിന് ലീഡ് നൽകിയത്. റൈറ്റ് ബാക്കായ ഡിയേഗോ ഡാലോട്ടിന്റെ പാസിൽ നിന്നായിരുന്നു ഹോർതയുടെ ഗോൾ. ഈ ഗോളിന് 27ആം മിനുട്ടിൽ കൊറിയ മറുപടി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം ഡിഫൻഡിംഗ് നൽകിയ അവസരം കിംഗ് യോംഗ് ഗ്വോൻ മുതലെടുത്ത് സമനില നേടുക ആയിരുന്നു‌.

രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും റൊബം ഡയസിനെയും പോർച്ചുഗൽ പിൻവലിച്ചു. നിരന്തരം അറ്റാക്ക് തുടർന്ന കൊറിയ 91ആം മിനുട്ടിൽ വിജയ ഗോൾ നേടി. സോണിന്റെ പാസ് സ്വീകരിച്ച് ഹ്വാങ് ഹീ ചാൻ ആണ് ആ സ്വപ്ന നിമിഷം കൊറിയക്ക് സമ്മാനിച്ചത്‌.

മറുവശത്ത് ഉറുഗ്വേ 2-0ന് ഘാനയെ തോൽപ്പിച്ചു എങ്കിലും കൊറിയൻ വിജയം ഉറുഗ്വേയെ പുറത്താക്കി. ഒരു ടീമുകൾക്കും പോയിന്റും ഗോൾ ഡിഫറൻസും ഒരേ പോലെ ആയിരുന്നു. ഏറ്റവും കൂടുതൽ ഗോൾ അടിച്ചത് കൊറിയ ആണെന്നതാണ് അവർക്ക് തുണയായത്.

ഈ പരാജയത്തിലും പോർച്ചുഗൽ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. അവർ ബ്രസീലിന്റെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ ആകും നേരിടുക. 4 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത കൊറിയ ബ്രസീലിനെ ആകും പ്രീക്വാർട്ടറിൽ നേരിടുക.

Exit mobile version