മെസ്സി ഇല്ലാതിരുന്നിട്ടും ഉറുഗ്വേയെ അർജന്റീന തോൽപ്പിച്ചു

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉറുഗ്വേയ്‌ക്കെതിരെ അർജന്റീന 1-0ന്റെ നിർണായക വിജയം നേടി. തിയാഗോ അൽമാഡയുടെ 68-ാം മിനിറ്റിലെ ഗോളിലൂടെ ആണ് ഈ വിജയം കൈവരിച്ചത്. പരിക്കുമൂലം ലയണൽ മെസ്സി ഇല്ലാതെ കളിച്ച അർജന്റീനക്ക് ഉറുഗ്വേയുടെ ആക്രമണങ്ങളെ ചെറുക്കാൻ കഴിഞ്ഞു. നിക്കോളാസ് ഗോൺസാൽ അവസാനം ചുവപ്പ് കണ്ടെങ്കിലും അവർക്ക് വിജയം ഉറപ്പിക്കാനായി.

ഈ വിജയത്തോടെ, 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി അർജന്റീന പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു, രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിലാണ്. അടുത്തതായി അവർ ബ്രസീലിനെ നേരിടും, മെസ്സി തുടർച്ചയായ പരിക്ക് കാരണം ബ്രസീലിന് എതിരെയും കളിക്കില്ല.

ബ്രസീൽ ഉറുഗ്വേ പോരാട്ടം സമനിലയിൽ

2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ ചൊവ്വാഴ്ച ബ്രസീലും ഉറുഗ്വേയും ആവേശകരമായ സമനിലയിൽ 1-1 പിരിഞ്ഞു.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇടവേളയ്ക്കുശേഷം, 55-ാം മിനിറ്റിൽ റയൽ മാഡ്രിഡിൻ്റെ ഫെഡറിക്കോ വാൽവെർഡെ അതിശയിപ്പിക്കുന്ന ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ സമനില തകർത്തു. സ്കോർ 1-0.

ബ്രസീൽ അതിവേഗം പ്രതികരിച്ചു, 62-ാം മിനിറ്റിൽ, ഉറുഗ്വേയുടെ പ്രതിരോധ പിഴവിനെത്തുടർന്ന് ഫ്ലെമെംഗോയുടെ ഗെർസൺ മികച്ച വോളിയിലൂടെ തൻ്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. സമനില ഗോൾ ഹോം കാണികളെ ആവേശത്തിൽ ആക്കി എങ്കിലും ശേഷിക്കുന്ന മിനിറ്റുകളിൽ ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

സമനിലയോടെ CONMEBOL സ്റ്റാൻഡിംഗിൽ 18 പോയിൻ്റുമായി ബ്രസീൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ഉറുഗ്വേ 20 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള അർജൻ്റീനയ്ക്ക് അഞ്ച് പോയിന്റ് പിന്നിലാണ് അവർ.

ലൂയിസ് സുവാരസ് രക്ഷകൻ, കാനഡയെ പെനാൽട്ടിയിൽ തോൽപ്പിച്ചു ഉറുഗ്വേക്ക് മൂന്നാം സ്ഥാനം

കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ജയം കണ്ടു മൂന്നാം സ്ഥാനം സ്വന്തമാക്കി ഉറുഗ്വേ. കാനഡയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് അവർ മറികടന്നത്. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ ആണ് പുറത്ത് എടുത്തത്. എട്ടാം മിനിറ്റിൽ കാസെരസിന്റെ പാസിൽ നിന്നു റോഡ്രിഗോ ബെന്റകറിലൂടെ ഉറുഗ്വേ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. 22 മത്തെ മിനിറ്റിൽ മോയിസെ ബോബിറ്റോയുടെ പാസിൽ നിന്നു ഇസ്മയിൽ കോനെ കാനഡയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് അവസാന നിമിഷങ്ങളിൽ ആണ് മത്സരത്തിന് തീ പിടിച്ചത്.

80 മത്തെ മിനിറ്റിൽ ജൊനാഥൻ ഡേവിഡ് ഗോൾ നേടിയതോടെ കാനഡ ജയിക്കും എന്നു പ്രതീക്ഷയിലായി. എന്നാൽ 92 മത്തെ മിനിറ്റിൽ ഹോസെ ഹിമനസിന്റെ പാസിൽ നിന്നു രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇതിഹാസതാരം ലൂയിസ് സുവാരസിന്റെ ഗോളിൽ ഉറുഗ്വേ പരാജയത്തിൽ നിന്നു രക്ഷപ്പെടുക ആയിരുന്നു. തുടർന്നു നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ കാനഡയുടെ ഇസ്മയിൽ കോനെയുടെ പെനാൽട്ടി ഉറുഗ്വേ ഗോൾ കീപ്പർ രക്ഷിച്ചപ്പോൾ അൽഫോൻസോ ഡേവിസിന്റെ പെനാൽട്ടി ബാറിൽ തട്ടി മടങ്ങി. എന്നാൽ പെനാൽട്ടി എടുത്ത നാലു ഉറുഗ്വേ താരങ്ങളും ലക്ഷ്യം കണ്ടതോടെ ഉറുഗ്വേ കോപ്പ അമേരിക്ക മൂന്നാം സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ പൊട്ടിത്തെറിച്ചു മാർസെലോ ബിയേൽസ

തീർത്തും അവിശ്വസനീയം എന്നു പറയാവുന്ന പത്രസമ്മേളനത്തിൽ വെച്ചു കോപ്പ അമേരിക്ക സംഘാടകർ ആയ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനു എതിരെയും ഈ വർഷത്തെ നടത്തിപ്പുകാർ ആയ അമേരിക്കക്ക് എതിരെയും ആഞ്ഞടിച്ച് ഇതിഹാസ അർജന്റീന പരിശീലകൻ മാർസെലോ ബിയേൽസ. നിലവിൽ ഉറുഗ്വേ പരിശീലകൻ ആയ ബിയേൽസ ടൂർണമെന്റ് നടത്തിയ മോശം രീതിയെ പറ്റി കാരണങ്ങൾ എടുത്ത് പറഞ്ഞാണ് വിമർശിച്ചത്. പല ഇടത്തും കുണ്ടും കുഴിയും നിറഞ്ഞ മോശം ഫുട്‌ബോൾ പിച്ചുകൾ ഒരുക്കിയ സംഘാടകർ ബൊളീവിയക്ക് ട്രെയിനിങ് സൗകര്യം ഒരുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനത്തിന് ആയി ടീമുകൾക്ക് ലഭിച്ച ഏറ്റവും മോശം സൗകര്യങ്ങൾ ഒരു കാലത്തും അംഗീകരിക്കാൻ ആവില്ലാത്ത ദുരന്തം ആയിരുന്നു എന്നും ബിയേൽസ പറഞ്ഞു.

രൂക്ഷമായ ഭാഷയിൽ കടുത്ത നിരാശയിലും ദേഷ്യത്തിലും പ്രതികരിച്ച അദ്ദേഹം ഉറുഗ്വേ താരങ്ങൾക്ക് വിലക്ക് ലഭിക്കുമോ എന്ന ചോദ്യത്തിന് കടുത്ത രീതിയിൽ ആണ് മറുപടി പറഞ്ഞത്. താരങ്ങളുടെ കുടുംബങ്ങൾക്ക് കള്ള് കുടിച്ചു വന്നു ആക്രമണം കാണിച്ച കാണികളിൽ നിന്നു സുരക്ഷ ഒരുക്കാൻ പറ്റാത്ത സംഘാടകരെയാണ് ആദ്യ വിലക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്ങനെയാണ് താരങ്ങൾ തങ്ങളുടെ അമ്മമാരെയും, ഭാര്യയെയും, കുട്ടികളെയും കുടുംബത്തെയും രക്ഷിക്കാതിരിക്കുക എന്നു അദ്ദേഹം ചോദിച്ചു. മോശം സെക്യൂരിറ്റിയും പ്രവർത്തിക്കാത്ത സെക്യൂരിറ്റി വാതിലും ഒക്കെ ഒരുക്കിയ സംഘാടകർ എന്താണ് ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിനു എതിരെ പ്രതികരിക്കാൻ കളിക്കാർക്കും പരിശീലകർക്കും വിലക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയെ വരെ ഒരു പ്രതികരണം കഴിഞ്ഞ ശേഷം പ്രതികരിക്കരുത് എന്നു പറഞ്ഞു സംഘാടകർ വിലക്കി എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കാരും പരിശീലകരും ഒന്നു പറയാൻ പാടില്ല എന്ന അപ്രഖ്യാപിത ഭീഷണി കോപ്പ അമേരിക്കയിൽ സംഘാടകരിൽ നിന്നും അമേരിക്കയിൽ നിന്നും നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കൻ ഫെഡറേഷനു സാമ്പത്തിക താൽപ്പര്യങ്ങൾ മാത്രമാണ് ഉള്ളത് എന്നു പറഞ്ഞ ബിയേൽസ എല്ലാം ശരിയാണ് എന്നു പറഞ്ഞ അവർ കള്ളം പറയാൻ ശീലിച്ച കള്ളങ്ങൾ കൊണ്ടുള്ള പ്ലേഗ് ആണെന്നും കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെയും വെറുതെ വിട്ടില്ല. ഇതൊക്കെ കണ്ടിട്ടും പുറത്ത് കൊണ്ടു വരാത്ത മാധ്യമങ്ങൾ സാമ്പത്തിക താൽപ്പര്യവും അധികാരത്തെ പേടിച്ചും ഇതിൽ ഭാഗം ആവുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ ബിയേൽസയുടെ പത്രസമ്മേളനം വലിയ വൈറൽ ആയിരിക്കുക ആണ്. കുറച്ചു ദിവസം മുമ്പ് ഫുട്‌ബോൾ കൂടുതൽ കൂടുതൽ വിരസം ആവുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും വൈറൽ ആയിരുന്നു. നിലവിൽ അടുത്ത ലോകകപ്പ് നടക്കേണ്ട അമേരിക്കയുടെ മോശം കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ ഇതിനകം തന്നെ വലിയ വിമർശങ്ങൾ ഉയരുന്നുണ്ട്. അതിനു ഇടയിൽ ആണ് ബിയേൽസ കൂടി ഇവർക്ക് എതിരെ രംഗത്ത് വരുന്നത്.

കുടുംബങ്ങൾക്ക് എതിരെ ആക്രമണം,കൊളംബിയൻ ആരാധകരോട് ഏറ്റുമുട്ടി ഉറുഗ്വേ താരങ്ങൾ

കോപ്പ അമേരിക്ക സെമിഫൈനൽ മത്സര ശേഷം കൊളംബിയൻ കളികളും ആയി ഏറ്റുമുട്ടി ഉറുഗ്വേ താരങ്ങൾ. സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് മത്സരത്തിൽ രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച കൊളംബിയയോട് ഉറുഗ്വേ തോറ്റിരുന്നു. ഇതിനു ശേഷമാണ് ഡാർവിൻ നൂനസ്, ഫെഡറികോ വാൽവെർഡെ, അറോഹോ, ഗിമനസ് തുടങ്ങിയ താരങ്ങൾ ആണ് കൊളംബിയൻ കാണികളും ആയി കയേറ്റത്തിൽ ഏർപ്പെട്ടത്. ഉറുഗ്വേ താരങ്ങളുടെ കുടുംബങ്ങൾക്ക് നേരെ ചില കൊളംബിയൻ കാണികൾ ബിയർ ബോട്ടിൽ അടക്കമുള്ള കാര്യങ്ങൾ എറിഞ്ഞു ആക്രമണം തുടങ്ങിയത് ആണ് പ്രശ്നങ്ങൾ തുടക്കം. തുടർന്ന് ഇതിൽ ഉറുഗ്വേ താരം ഉഗാർതെയുടെ അമ്മക്ക് പരിക്കേറ്റത് ആയും അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയത് ആയും വാർത്തകൾ പരന്നു.

എന്നാൽ ആക്രമണം നടക്കുന്ന സമയത്ത് പോലീസ് പരിസരത്ത് എവിടെയും ഇല്ലായിരുന്നു എന്നും തുടർന്ന് വീണ്ടും കാണികൾ തങ്ങളുടെ കുടുംബത്തിനു എതിരെ തിരിഞ്ഞപ്പോൾ ആണ് തങ്ങൾ തിരിച്ചു പ്രതികരിച്ചത് എന്നും ഉറുഗ്വേ താരം ഗിമനസ് പിന്നീട് പറഞ്ഞു. തങ്ങളുടെ കുടുംബങ്ങൾ അപകടത്തിൽ ആയതിനാൽ ആണ് തങ്ങൾക്ക് പ്രതികരിക്കേണ്ടി വന്നത് എന്നും ഗിമനസ് കൂട്ടിച്ചേർത്തു. നിലവിൽ നൂനസ് അടക്കമുള്ള താരങ്ങൾ കൊളംബിയൻ താരങ്ങളും ആയി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഉറുഗ്വേ താരങ്ങൾ സ്റ്റാന്റിൽ പോയി വരെ കൊളംബിയൻ ആരാധകരെ നേരിടുന്ന ദൃശ്യങ്ങൾ നിലവിൽ പുറത്ത് വന്നിട്ടുണ്ട്.
എന്നാൽ 2026 ൽ ലോകകപ്പ് നടക്കേണ്ട അമേരിക്കയിൽ ഇത്തരം സംഭവം ഉണ്ടായതിൽ വലിയ വിമർശനം ആണ് അമേരിക്കൻ പോലീസ് നേരിടുന്നത്.

10 പേരുമായി പൊരുതി കൊളംബിയ കോപ അമേരിക്ക ഫൈനലിൽ, ഉറുഗ്വേ പുറത്ത്

കോപ അമേരിക്ക ടൂർണമെന്റിൽ കൊളംബിയ ഫൈനലിൽ. ആവേശകരമായ സെമി ഫൈനലിൽ ഉറുഗ്വേയെ തോൽപ്പിച്ച് ആണ് കൊളംബിയ ഫൈനലിൽ എത്തിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. പകുതിയിൽ അധികം സമയം 10 പേരുമായി കളിച്ചാണ് കൊളംബിയ വിജയം നേടിയത്.

ഇന്ന് ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു കൊളംബിയയുടെ ഗോൾ വന്നത്. ഹാമസ് റോഡ്രിഗസിന്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് ജെഫേഴ്സൺ ലേർമ ആണ് ഗോൾ നേടിയത്. റോഡ്രിഗസിന്റെ ഈ കോപ അമേരിക്ക ടൂർണമെന്റിലെ ആറാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്.

ഈ ഗോൾ വന്ന് മിനുട്ടുകൾക്ക് അകം കൊളംബിയൻ താരം മുനോസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. ഉറുഗ്വേക്ക് രണ്ടാം പകുതി മുഴുവൻ ഒരാൾ അധികം കളത്തിൽ ഉണ്ടായിട്ടും കൊളംബിയൻ ഡിഫൻസ് ഭേദിക്കാൻ ആയില്ല. അവസാന രണ്ട് വർഷമായി ഒരു മത്സരം പോലും കൊളംബിയ പരാജയപ്പെട്ടിട്ടില്ല. അവർ ഫൈനൽ വിസിൽ വരെ ഡിഫൻഡ് ചെയ്ത് വിജയം ഉറപ്പിച്ചു.

ഇനി ഫൈനലിൽ അർജന്റീനയെ ആകും കൊളംബിയ നേരിടുക.

ബ്രസീൽ വീണു!! ഉറുഗ്വേ കോപ അമേരിക്ക സെമി ഫൈനലിൽ

കോപ അമേരിക്കയിൽ ഉറുഗ്വേ സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഉറുഗ്വേ ബ്രസീലിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു വിജയം. ഇനി ഉറുഗ്വേ കൊളംബിയയെ ആകും സെമി ഫൈനലിൽ നേരിടുക.

ഇന്ന് തുടക്കം മുതൽ ഒപ്പത്തിനൊപ്പം ഉള്ള പോരാണ് ഉറുഗ്വേക്കും ബ്രസീലിനും ഇടയിൽ കാണാൻ ആയത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ അവസരങ്ങൾ തടയുന്നതിൽ ആയിരുന്നു ടീമുകളുടെ ശ്രദ്ധ. ഉറുഗ്വേ വളരെയധികം ഫൗളുകൾ വഴങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയിൽ ബ്രസീൽ കൂടുതൽ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. പക്ഷെ ഉറുഗ്വേയുടെ ഡിഫൻസീവ് ബ്ലോക്ക് മറികടക്കുക എളുപ്പമായിരുന്നില്ല. 74ആം മിനുട്ടിൽ ഉറുഗ്വേ താരം നാൻഡെസ് ചവപ്പ് കണ്ട് പുറത്ത് പോയി. റോഡ്രിഗോയെ ഫൗൾ ചെയ്തതിന് ആയിരുന്നു നാൻഡെസ് ചുവപ്പ് കണ്ടത്.

10 പേരായി ചുരുങ്ങിയതോടെ ഉറുഗ്വേ തീർത്തും ഡിഫൻസിലേക്ക് മാറി. അവർ നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി സമനിലയിൽ നിർത്തി. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

വാല്വെർദെ എടുത്ത ഉറുഗ്വേയുടെ ആദ്യ കിക്ക് വലയിൽ. ബ്രസീലിനായി മിലിറ്റാവോ എടുത്ത കിക്ക് റോചെ സേവ് ചെയ്തു. ബെന്റ്കോറും ഉറുഗ്വേയുടെ കിക്ക് വലയിക് എത്തിച്ചു. പെരേര ബ്രസീലിനായും സ്കോർ ചെയ്തു. സ്കോർ 2-1. അരസ്കെറ്റയും ഉറുഗ്വേക്ക് ആയി സ്കോർ ചെയ്തു. ബ്രസീലിനായി മൂന്നാം കിക്ക് എടുത്ത ഡഗ്ലസ് ലൂയിസിന്റെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. സ്കോർ 3-1. ഉറുഗ്വേയുടെ അടുത്ത കിക്ക് അലിസൺ സേവ് ചെയ്ത ബ്രസീലിന് പ്രതീക്ഷ നൽകി. മാർട്ടിനെല്ലി എടുത്ത കിക്ക് വലയിൽ. സ്കോർ 3-2. ഉഗാർടെ എടുത്ത അവസാന കിക്ക് വലയിൽ എത്തിയതോടെ ഉറുഗ്വേ സെമിയിൽ. ബ്രസീൽ പുറത്ത്.

കോപ അമേരിക്ക, ക്വാർട്ടർ ഫിക്സ്ചറും സമയവും അറിയാം

കോപ അമേരിക്ക ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ ആയി. ഇന്നത്തോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചിരുന്നു. കോപ അമേരിക്ക ക്വാർട്ടറിൽ ആവേശകരമായ പോരാട്ടങ്ങൾ ആണ് ഒരുങ്ങുന്നത്‌. ഏറ്റവും വലിയ പോരാട്ടം നടക്കുന്ന ബ്രസീലും ഉറുഗ്വേയും തമ്മിൽ ആകും. ബ്രസീലിന് ഉറുഗ്വേയെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല.

അർജന്റീനയ്ക്ക് ഇക്വഡോർ ആണ് ക്വാർട്ടറിലെ എതിരാളികൾ. കൊളംബിയക്ക് പനാമയും എതിരാളികൾ ആകും. മറ്റൊരു ക്വാർട്ടർ കാനഡ വെനിസ്വേലയെയും നേരിടും.

ക്വാർട്ടർ ഫൈനൽ:

അർജന്റീന vs ഇക്വഡോർ – ജൂലൈ 5 രാവിലെ 6.30
വെനിസ്വേല vs കാനഡ – ജൂലൈ 6 രാവിലെ 6.30
കൊളംബിയ vs പനാമ – ജൂലൈ 7 പുലർച്ചെ 3.30
ബ്രസീൽ vs ഉറുഗ്വേ – ജൂലൈ 7 രാവിലെ 6.30

ഉറുഗ്വേ സൂപ്പർ!! കോപ അമേരിക്കയിൽ ബൊളീവിയയുടെ വല നിറച്ചു

കോപ അമേരിക്കയിൽ ഉറുഗ്വേ അവരുടെ ഗംഭീര പ്രകടനം തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അവർ മികച്ച വിജയം നേടി. ഇന്ന് ബൊളീവിയയെ നേരിട്ട ഉറുഗ്വേ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. ആദ്യ മത്സരത്തിൽ അവർ പനാമയെ 3-1നും തോൽപ്പിച്ചിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ഉറുഗ്വേ ലീഡ് എടുത്തു. അറോഹോയുടെ പാസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫകുണ്ടോ പെലിസ്ട്രിയാണ് ഉറുഗ്വേയുടെ ഗോൾ വേട്ട ആരംഭിച്ചത്. 21ആം മിനുട്ടിൽ ലിവർപൂൾ താരം ഡാർവിൻ നൂനിയസിന്റെ ഇടം കാലൻ ഫിനിഷിലൂടെ ഉറുഗ്വേ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ മാക്സ്മിലിയാനോ അറോഹോയുടെ ഫിനിഷ് സ്കോർ 3-0 ആക്കി. അവിടെയും ബിയെൽസയുടെ ടീം നിർത്തിയില്ല. 81ആം മിനുട്ടിൽ പെലിസ്ട്രിയുടെ അസിസ്റ്റിൽ നിന്ന് റയൽ മാഡ്രിഡ് താരം ഫെഡെ വെൽവെർദെയിലൂടെ നാലാം ഗോളും 89ആം മിനുട്ടിൽ ബെന്റകറിലുടെ അഞ്ചാം ഗീളും നേടി.

ഈ ജയത്തോടെ ഉറുഗ്വേ ഏതാണ്ട് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അമേരിക്കയെ ആണ് ഉറുഗ്വേ നേരിടേണ്ടത്.

ബിയെൽസയുടെ ഉറുഗ്വേ വൻ വിജയത്തോടെ കോപ അമേരിക്കൻ യാത്ര ആരംഭിച്ചു

കോപ്പ അമേരിക്കയിൽ ഉറുഗ്വേ വിജയത്തോടെ തുടങ്ങി. ഇന്ന് പനാമയെ നേരിട്ട ഉറുഗ്വേ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ബിയെൽസയുടെ കീഴിൽ ഏറെ മെച്ചപ്പെട്ട ഉറുഗ്വേ 16ആം മിനുട്ടിൽ അറോഹോയിലൂടെ ആണ് ഇന്ന് ലീഡ് എടുത്തത്‌. നിരവധി അവസരങ്ങൾ സൃഷ്ടിച്ച അവർ പക്ഷെ രണ്ടാം ഗോൾ നേടാൻ 85ആം മിനുട്ട് വരെ എടുത്തു..

85ആം മിനുട്ടിൽ ലിവർപൂൾ താരം ഡാർവിൻ നൂനിയസിന്റെ ഒരു ഇടം കാലൻ വോളി ഉറുഗ്വേക്ക് രണ്ടാം ഗോൾ നൽകി‌. ഇതിനു ശേഷം 90ആം മിനുട്ടിൽ മാറ്റ്യസ് വിനയിലൂടെ ഉറുഗ്വേ തങ്ങളുടെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. മുറിലോയിലൂടെ കളിയുടെ അവസാന നിമിഷം ഒരു ആശ്വാസ ഗോൾ നേടാൻ പനാമയ്ക്ക് ആയി‌.

നൂനിയസ് സ്റ്റാർ!! വിജയം തുടർന്ന് ഉറുഗ്വേ

വിജയം തുടർന്ന് ഉറുഗ്വേ. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ബൊളീവിയയെ നേരിട്ട ഉറുഗ്വേ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ അവർ അർജന്റീനയെയും പരാജയപ്പെടുത്തിയിരുന്നു. ബിയെൽസ പരിശീലകനായി എത്തിയ ശേഷം ഗംഭീര പ്രകടനമാണ് ഉറുഗ്വേ നടത്തി കൊണ്ടിരിക്കുന്നത്‌. ഇരട്ട ഗോളുകളുമായി ഡാർവിൻ നൂനിയസ് ഉറുഗ്വേയുടെ വിജയ ശില്പിയായി.

പതിനഞ്ചാം മിനുട്ടിലും 75ആം മിനുട്ടിലും ആയിരുന്നു ലിവർപൂൾ താരത്തിന്റെ ഗോളുകൾ. 39ആം മിനുട്ടിൽ ഒരു സെൽഫ് ഗോളും ഉറുഗ്വേക്ക് അനുകൂലമായി വന്നു. 6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 13 പോയിന്റുമായി ഉറുഗ്വേ പോയിന്റ് ടേബിളിൽ രണ്ടാമത് നിൽക്കുകയാണ്. മൂന്ന് പോയിന്റ് മാത്രമുള്ള ബൊളീവിയ ഒമ്പതാം സ്ഥാനത്താണ്.

ലോകകപ്പ് യോഗ്യത, ബ്രസീലിനെ തകർത്തെറിഞ്ഞ് ഉറുഗ്വേ

ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ബ്രസീലിനെ തോൽപ്പിച്ച് ഉറുഗ്വേ. ഇന്ന് ഉറുഗ്വേയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബ്രസീൽ പരാജയപ്പെട്ടത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ബ്രസീൽ വിജയിക്കാൻ ആകാതെ നിൽക്കുന്നത്‌. കഴിഞ്ഞ മത്സരത്തിൽ അവർ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി ലിവർപൂൾ താരം ഡാർവിൻ നൂനിയസ് ഇന്ന് ഉറുഗ്വേയുടെ വിജയശില്പിയായി.

ഇന്ന് വിരസമായ രീതിയിലാണ് മത്സരം ആരംഭിച്ചത്. ആദ്യ 35 മിനുട്ടിൽ ഇരു ടീമുകൾക്കും ഒരു ഷോട്ട് ടാർഗറ്റിൽ എത്തിക്കാൻ പോലും ആയില്ല‌. 42ആം മിനുട്ടിൽ ആയിരുന്നു ഡാർവിൻ നൂനിയസിന്റെ ഫിനിഷ്‌. കഴിഞ്ഞ മത്സരത്തിൽ കൊളംബിയക്ക് എതിരെ ഇഞ്ച്വറി ടൈമിൽ സമനില ഗോൾ നേടി രക്ഷിച്ച നൂനിയസ് ഇന്ന് ആ ഫോം തുടരുക ആയിരുന്നു.

ആദ്യ പകുതിയിൽ ബ്രസീലിന് ഒരു ഷോട്ട് പോലും ടാർഗറ്റിൽ എത്തിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ഡെ ല ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി. നൂനിയസിന്റെ ഒരു ഗംഭീര അസിസ്റ്റ് ആണ് ഈ ഗോളിന് പിറകിൽ പ്രവർത്തിച്ചത്. ഇന്ന് പരാജയത്തോടൊപ്പം നെയ്മർ പരിക്കേറ്റ് കളം വിട്ടതും ബ്രസീലിന് നിരാശ നൽകും.

ഈ വിജയത്തോടെ ഉറുഗ്വേ 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി‌. 7 പോയിന്റ് തന്നെയുള്ള ബ്രസീൽ മൂന്നാം സ്ഥാനത്ത് ആണ്. 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള അർജന്റീന ആണ് ഒന്നാമത്.

Exit mobile version