ആവേശകരമായ മത്സരത്തിൽ 69 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയ്ക്ക് വിജയം. സിംഗപ്പൂര്‍ ഓപ്പൺ പ്രീ ക്വാര്‍ട്ടറിൽ പ്രണോയ് തായ്‍വാന്റെ ടിയന്‍ ചെന്‍ ചൗവിനെയാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. സ്കോര്‍ : 14-21, 22-20, 21-18.
അതേ സമയം മിഥുന്‍ മഞ്ജുനാഥിന് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. അയര്‍ലണ്ടിന്റെ എന്‍ഹാറ്റ് എന്‍ഗുയെനിനോട് 10-21, 21-18, 16-21 എന്ന സ്കോറിനായിരുന്നു മിഥുനിന്റെ പരാജയം.
സിംഗപ്പൂര്‍ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഇന്ത്യയുടെ പിവി സിന്ധുവും സൈന നെഹ്‍വാലും. സൈന ചൈനയുടെ ഹി ബിംഗ് ജിയാവോവിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ 21-19, 11-21, 21-17 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
പിവി സിന്ധു വിയറ്റ്നാമിന്റെ എന്‍ഗുയെന്‍ ലിന്‍ തുയിനെതിരെ ആവേശപ്പോരിലാണ് വിജയം കൈക്കലാക്കിയത്. മൂന്ന് ഗെയിം പോരാട്ടത്തിൽ സിന്ധുവിന് 19-21, 21-19, 21-18 എന്ന നിലയിലായിരുന്നു വിജയം.
അതേ സമയം വനിത സിംഗിള്‍സിൽ മറ്റൊരു ഇന്ത്യന്‍ താരം അഷ്മിത ചാലിഹയ്ക്ക് പരാജയം നേരിടേണ്ടി വന്നു. ചൈനയുടെ ഹാന്‍ യുവിനെതിരെ 9-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.
സിംഗപ്പൂര്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തായി സു യിംഗ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-15. ഇരു താരങ്ങളും ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാലിലും തായിക്കാണ് ജയം.
ഒക്കുഹാര ക്വാര്‍ട്ടറില്‍ സൈനയെയും സെമിയില്‍ പിവി സിന്ധുവിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്.
ജപ്പാന്റെ ലോക മൂന്നാം നമ്പര്‍ താരം നൊസോമി ഒക്കുഹാരയോട് പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. സിംഗപ്പൂര്‍ ഓപ്പണ്‍ സെമി ഫൈനലിലാണ് സിന്ധുവിന്റെ തോല്‍വി. നേരിട്ടുള്ള ഗെയിമുകളില്‍ 7-21, 11-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. നേരത്തെ സൈനയെയും നൊസോമി തന്നെയാണ് ടൂര്‍ണ്ണമെന്റില്‍ പരാജയപ്പെടുത്തിയത്.
ഇതോടെ ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു.
2019 സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരവമായ ജപ്പാന്റെ കെന്റോ മോമോട്ടയാണ് ഇന്ന് ശ്രീകാന്തിനെ പുറത്താക്കിയത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ പരാജയം. മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം ശ്രീകാന്ത് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിമില്‍ നിഷ്പ്രഭമാകുകയായിരുന്നു.
സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സൈനയ്ക്ക് ജയിക്കാനായെങ്കിലും ഇന്നത്തെ മത്സരത്തില്‍ സൈന പിന്നില്‍ പോയി.
ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്‍കാരിയോട് സൈന 8-21, 13-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.
സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ ഗുവാംഗ്സുവിനെയും (സ്കോര്‍ :21-15, 21-18) കിഡംബി ഡെന്മാര്‍ക്ക് താരം ഹാന്‍സ്-ക്രിസ്റ്റ്യനെയും 21-12, 23-21 എന്ന സ്കോറിനാണ് കീഴടക്കിയത്.
ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് ചൈനയുടെ ചെന്‍ ലോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം കൈവിട്ട ശേഷം കശ്യപ് രണ്ടാം ഗെയിം നേടിയെങ്കിലും പിന്നീട് മത്സരത്തില്‍ പിന്നോട്ട് പോയി. സ്കോര്‍: 9-21, 21-15, 15-21. അതേ സമയം എച്ച് എസ് പ്രണോയ് ജപ്പാന്റെ കെന്റോ മോമോട്ടയോട് നേരിട്ടുള്ള ഗെയിമില്‍ കീഴടങ്ങി. സ്കോര്‍: 11-21, 11-21.
ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡെട്ടിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ 2019ന്റെ വനിത സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള ഗെയിമുകളില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം 21-13നു അനായാസം വിജയിച്ച സിന്ധുവിനു രണ്ടാം ഗെയിമില്‍ മിയയില്‍ നിന്ന് കടുത്ത ചെറുത്ത് നില്പ് നേരിടേണ്ടി വന്നുവെങ്കിലും വിജയം ഇന്ത്യന്‍ താരത്തിനൊപ്പമായിരുന്നു.
സ്കോര്‍:- 21-13, 21-19. ക്വാര്‍ട്ടറില്‍ ലോക 18ാം നമ്പര്‍ താരി കായി യാനയാന്‍ ആണ് സിന്ധുവിന്റെ എതിരാളി.
സിംഗപ്പൂര്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അനായാസ വിജയം കുറിച്ച് ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യ താരത്തെ 21-9, 21-7 എന്ന സ്കോറിനാമ് സിന്ധു പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി ലോക റാങ്കിംഗില്‍ 22ാം സ്ഥാനത്തുള്ള മിയ ആണ്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ എംആര്‍ അര്‍ജ്ജുന്‍-രാമചന്ദ്രന്‍ സ്ലോക് കൂട്ടുകെട്ടിനു തോല്‍വിയായിരുന്നു ഫലം. ഇരുവരും ഡെന്മാര്‍ക്കിന്റെ കൂട്ടുകെട്ടിനോട് 11-21, 18-21 എന്ന സ്കോറിനു കീഴടങ്ങുകയായിരുന്നു.
സിംഗപ്പൂര്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് അനായാസ ജയവുമായി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ യൂലിയയെ നേരിട്ടുള്ള ഗെയിമിലാണ് സൈന കീഴടക്കിയത്. 21-16, 21-11 എന്ന സ്കോറിനു 43 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സൈനയുടെ വിജയം. അതേ സമയം മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി കൂട്ടുകെട്ട് വിജയം കുറിച്ചു.
ഇന്ത്യയുടെ തന്നെ മനീഷ്-അര്‍ജ്ജുന്‍ കൂട്ടുകെട്ടിനെ 21-18, 21-7 എന്ന സ്കോറിനാണ് പ്രണവ്-സിക്കി കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. 26 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. മറ്റൊരു മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. സ്കോര്‍ 12-21, 12-21.
പുരുഷ ഡബിള്‍സ് ടീമായ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനും ആദ്യ റൗണ്ടില്‍ തോല്‍വിയായിരുന്നു ഫലം. ഇരുവരും സിംഗപ്പൂരിന്റെ താരങ്ങളോടാണ് 13-21, 17-21 എന്ന സ്കോറിനു കീഴടങ്ങിയത്.
സിംഗപ്പൂര്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി റുത്വിക ശിവാനി. ജപ്പാന്റെ സയാക തകാഷിയോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. 8-21, 5-21 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ തോല്‍വി. യാതൊരുവിധ ചെറുത്ത് നില്പും ഇന്ത്യന്‍ താരത്തില്‍ നിന്നുണ്ടാകാതെ വന്നപ്പോള്‍ മത്സരം 26 മിനുട്ടില്‍ അവസാനിച്ചു.
ഇന്തോനേഷ്യയുടെ യൂലിയ യോസെഫൈന്‍ സുശാന്തോയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങി ഋതുപര്‍ണ്ണ ദാസും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 21-15, 13-21, 16-21 എന്ന സ്കോറിനു 59 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.
അതേ സമയം പുരുഷ ഡബിള്‍സില്‍ സിംഗപ്പൂരിന്റെ ജോഡികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍ കടന്നു. 21-16, 24-22 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം. 41 മിനുട്ടാണ് മത്സരം നീണ്ടത്.
ലോക 44ാം നമ്പര്‍ താരത്തെ വീഴ്ത്തി ഇന്ത്യയുടെ റുത്വിക ശിവാനി ഗാഡേ സിംഗപ്പൂര്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ലിന്‍ഡ സെച്ചിരിയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്കോര്‍: 21-15, 17-21, 21-16. ആദ്യ ഗെയിം നേടിയെങ്കിലും രണ്ടാം ഗെയിം റുത്വിക നഷ്ടപ്പെടുത്തി. മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം ലക്ഷ്യം നേടുകയായിരുന്നു. 47 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം.
രണ്ടാം റൗണ്ടില്‍ കടുത്ത മത്സരമാണ് റുത്വികയെ കാത്തിരിക്കുന്നത്. അഞ്ചാം സീഡ് സയാക തകാഷിയാണ് റുത്വികയുടെ എതിരാളി. അതേ സമയം പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ വാക്ക്ഓവര്‍ ലഭിച്ചു. മറ്റൊരു ഇന്ത്യന്‍ താരം പാരുപള്ളി കശ്യപുമായായിരുന്നു സൗരഭിന്റെ മത്സരം. കശ്യപിനു പരിക്കേറ്റതാണോ കാരണമെന്ന് വ്യക്തമല്ല.
മറ്റൊരു ഇന്ത്യന്‍ താരം ഋതുപര്‍ണ ദാസും രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. മത്സരത്തില്‍ നിന്ന് എതിരാളി ആദ്യ ഗെയിമിനിടെ പിന്മാറിയതിനാലാണ് താരത്തിനു അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചത്.