നീണ്ട ഇടവേളയ്ക്ക് ശേഷം വിജയത്തോടെ കോര്‍ട്ടിലേക്ക് മടങ്ങിയെത്തി കരോളിന മരിന്‍

8 മാസത്തോളം പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന ശേഷം കളിക്കുന്ന തന്റെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റായ ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി സ്പെയിനിന്റെ കരോളിന മരിന്‍. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പരാജയപ്പെടുത്തിയത്.

46 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-16, 21-18. ഇതോടെ ജപ്പാന്റെ രണ്ട് പ്രധാന താരങ്ങളും വനിത സിംഗിള്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. നേരത്തെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന സ്കോറിനാണ് പ്രണീത് പരാജയമേറ്റ് വാങ്ങിയത്. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ഫൈനലില്‍ കെന്റോയുടെ എതിരാളി. 21-14, 21-14 എന്ന സ്കോറിന് ഡെന്മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ജെന്‍സെന്നെയാണ് ജോനാഥന്‍ ക്രിസ്റ്റി പരാജയപ്പെടുത്തിയത്.

അതേ സമയം വനിത സിംഗിള്‍ ജപ്പാന്‍ താരങ്ങളായ നൊസോമി ഒക്കുഹാരയും അകാനെ യമാഗൂച്ചിയും ഏറ്റുമുട്ടും. കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യ ഓപ്പണ്‍ വിജയിച്ച താരമാണ് അകാനെ യമാഗൂച്ചി. യമാഗൂച്ചി ചൈനയുടെ യൂ ഫെയി ചെന്നിനെ 21-15, 21-15 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ നൊസോമി ഒക്കുഹാര കാനഡയുടെ മിഷേല്‍ ലിയെ 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു.

നേരിട്ടുള്ള ഗെയിമില്‍ വിജയം പിവി സിന്ധു സെമിയില്‍

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയത്. 21-14, 21-7 എന്ന സ്കോറിന് വെറും 44 മിനുട്ടിലാണ് നൊസോമിയെ സിന്ധു തറപറ്റിച്ചത്. മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഇരു താരങ്ങളും 7 വീതം ജയമാണ് നേടിയിട്ടുള്ളതെങ്കില്‍ ഇന്നത്തെ ജയത്തോടെ സിന്ധു 8-7ന്റെ ലീഡ് നേടി. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് നൊസോമി ഒക്കുഹാര.

നൊസോമി ഒക്കുഹാരയെ വീഴ്ത്തി സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായി സു യിംഗ്

സിംഗപ്പൂര്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തായി സു യിംഗ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-15. ഇരു താരങ്ങളും ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാലിലും തായിക്കാണ് ജയം.

ഒക്കുഹാര ക്വാര്‍ട്ടറില്‍ സൈനയെയും സെമിയില്‍ പിവി സിന്ധുവിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്.

സിന്ധുവിനു സെമിയില്‍ തോല്‍വി

ജപ്പാന്റെ ലോക മൂന്നാം നമ്പര്‍ താരം നൊസോമി ഒക്കുഹാരയോട് പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. സിംഗപ്പൂര്‍ ഓപ്പണ്‍ സെമി ഫൈനലിലാണ് സിന്ധുവിന്റെ തോല്‍വി. നേരിട്ടുള്ള ഗെയിമുകളില്‍ 7-21, 11-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. നേരത്തെ സൈനയെയും നൊസോമി തന്നെയാണ് ടൂര്‍ണ്ണമെന്റില്‍ പരാജയപ്പെടുത്തിയത്.

ഇതോടെ ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു.

ക്വാര്‍ട്ടറില്‍ കീഴടങ്ങി സൈന, ലോക മൂന്നാം നമ്പര്‍ താരത്തോട് പരാജയം

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സൈനയ്ക്ക് ജയിക്കാനായെങ്കിലും ഇന്നത്തെ മത്സരത്തില്‍ സൈന പിന്നില്‍ പോയി.

ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്‍കാരിയോട് സൈന 8-21, 13-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.

സെമിയിലേക്ക് കടന്ന് സൈന, പരാജയപ്പെടുത്തിയത് ലോക രണ്ടാം നമ്പര്‍ താരത്തെ

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴ്പ്പെടുത്തി മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 48 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇരു ഗെയിമുകളിലും പൊരുതിയ ശേഷമാണ് ജപ്പാന്‍ താരം കീഴടങ്ങിയത്.

സ്കോര്‍: 21-18, 23-21. മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ കരോളിന മരിനും ജയം സ്വന്തമാക്കി സെമിയില്‍ കടന്നിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ താരത്തെ 21-13, 21-13 എന്ന സ്കോറിനു കീഴടക്കിയാണ് മരിന്‍ വിജയം കുറിച്ചത്. സെമിയില്‍ സൈനയും മരിനുമാണ് ഏറ്റുമുട്ടുന്നത്.

വീണ്ടും നൊസോമിയെ കീഴടക്കി സൈന

ഡെന്മാര്‍ക്ക് ഓപ്പണില്‍ ജപ്പാന്‍ താരത്തെ കഴിഞ്ഞാഴ്ച പരാജയപ്പെടുത്തിയതിനു തൊട്ടു പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ താരത്തെ പരാജയപ്പെടുത്തി സൈന നെഹ്‍വാല്‍. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് സൈന മികച്ച വിജയം പിടിച്ചെടുത്തത്. 72 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് സൈനയുടെ തകര്‍പ്പന്‍ വിജയം.

സ്കോര്‍: 10-21, 21-14, 21-17. ആദ്യ ഗെയിമില്‍ സൈനയെ നിഷ്പ്രഭമാക്കി നൊസോമി മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച് സൈന രണ്ടാം ഗെയിമില്‍ ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ ജപ്പാന്‍ താരം ചെറുത്ത്നില്പ് പ്രകടിപ്പിച്ചുവെങ്കിലും സൈനയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞു.

മാച്ച് പോയിന്റില്‍ നിന്ന് കളി കൈവിട്ട് സൈന, കൊറിയ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പുറത്ത്

ജപ്പാന്റെ 2017 ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയോട് മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം അടിയറവ് പറഞ്ഞ് സൈന. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 21-15,15-21, 20-22 എന്ന സ്കോറിനാണ് സൈന ജപ്പാന്റെ നൊസോമിയോട് പരാജയപ്പെട്ടത്. ആദ്യ ഗെയിമില്‍ സൈന അനായാസം വിജയം കണ്ടപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നൊസോമി രണ്ടാം ഗെയിമില്‍ നടത്തിയത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തന്റെ കളി മെച്ചപ്പെടുത്തിയ സൈന മാച്ച് പോയിന്റ് വരെ എത്തിയെങ്കിലും മത്സരം സ്വന്തമാക്കാനായില്ല.

മത്സരത്തിന്റെ തുടക്കത്തില്‍ 0-3 നു സൈന പിന്നിലായിരുന്നുവെങ്കില്‍ 7-6 നു ആദ്യമായി മത്സരത്തില്‍ ലീഡ് നേടിയ ശേഷം സൈന തന്നെയായിരുന്നു ഏറെ മുന്നില്‍. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് സൈന 11-9നു ലീഡ് ചെയ്യുകയായിരുന്നുവെങ്കില്‍ ഇടവേളയ്ക്ക് ശേഷം ആധിപത്യം ഉറപ്പിച്ച് സൈന 19-12ന്റെ ലീഡ് കരസ്ഥമാക്കി. 20-12നു സൈന ഗെയിം പോയിന്റിനു അടുത്തെത്തിയെങ്കിലും മൂന്ന് പോയിന്റുകള്‍ നേടി ഒകുഹാര പൊരുതി നോക്കിയെങ്കിലും ഗെയിം സൈന 21-15നു സ്വന്തമാക്കി.

ആദ്യ ഗെയിമിലേത് പോലെത്തന്നെ ജപ്പാന്‍ താരത്തിന്റെ ലീഡോടു കൂടിയാണ് രണ്ടാം ഗെയിമും ആരംഭിച്ചത്. ഒരു ഘടത്തില്‍ 4-2ന്റെ ലീഡ് നേടിയ നൊസോമിയെ സൈന 6-6 ല്‍ ഒപ്പം പിടിച്ചു. ആദ്യ ഗെയിമിലേതിനു സമാനമായി അവിടെ നിന്ന് ഗെയിമില്‍ 8-7 എന്ന രീതിയില്‍ സൈന ലീഡ് നേടി. എന്നാല്‍ രണ്ടാം ഗെയിമിന്റെ ഇടവേളയ്ക്ക് പിരിയുമ്പോള്‍ ലീഡ് ജപ്പാന്‍ താരത്തിനായിരുന്നു. സൈനയെ 11-7 എന്ന സ്കോറിനാണ് ഇടവേള സമയത്ത് ഒകുഹാര പിന്നിലാക്കിയത്.

രണ്ടാം ഗെയിമിന്റെ ഇടവേളയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ച ജപ്പാന്‍ താരം തന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. ആദ്യ ഗെയിമിനെ അപേക്ഷിച്ച് നീണ്ട റാലികളാണ് ഗെയിമില്‍ ഇരു താരങ്ങളും നടത്തിയത്. ഗെയിം 21-15നു സ്വന്തമാക്കി നൊസോമി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി.

മൂന്നാം ഗെയിമില്‍ സൈനയാണ് പോയിന്റുകള്‍ നേടി തുടങ്ങിയത്. സൈനയുടെ ലീഡ് ഏറെ വര്‍ദ്ധിപ്പിക്കാനനുവദിക്കാതെ നൊസോമിയും ഒപ്പം കൂടിയപ്പോള്‍ മൂന്നാം ഗെയിമിന്റെ ഇടവേള സമയത്ത് 11-8ന്റെ ലീഡുമായി സൈന മുന്നിട്ടു നിന്നു. 20-16നു മാച്ച് പോയിന്റിനു അരികില്‍ എത്തിയ ശേഷമാണ് സൈന പടിയ്ക്കല്‍ കൊണ്ട് കലമുടച്ചത്. 4 മാച്ച് പോയിന്റുകള്‍ രക്ഷപ്പെടുത്തി നൊസോമി മൂന്നാം ഗെയിം 22-20 നു സ്വന്തമാക്കി ജപ്പാന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു.

ഫൈനലില്‍ തോല്‍വി, സിന്ധു തായ്‍ലാന്‍ഡ് ഓപ്പണ്‍ റണ്ണറപ്പ്

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടമെന്ന സിന്ധുവിന്റെ സ്വപ്നങ്ങള്‍ക്ക് ഫൈനലില്‍ തിരിച്ചടി. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 15-21, 18-21. മത്സരം 50 മിനുട്ടാണ് നീണ്ട് നിന്നത്.

ഇതിനു മുമ്പ് നടന്ന മലേഷ്യ, ഇന്തോനേഷ്യ ടൂര്‍ണ്ണമെന്റുകളിലും സിന്ധുവിനു മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version