ആദ്യ റൗണ്ടില്‍ വിജയം നേടി മിക്സഡ് ഡബിള്‍സ് ജോഡി, സമീര്‍ വര്‍മ്മയെ വീഴ്ത്തി ശ്രീകാന്ത് കിഡംബി

സ്വിസ്സ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് റാങ്കിറെഡ്ഡി കൂട്ടുകെട്ട്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി സമീര്‍ വര്‍മ്മയെ പരാജയപ്പെടുത്തി.

ഇന്തോനേഷ്യന്‍ താരങ്ങളായ ഹഫീസ് ഫൈസല്‍ – ഗ്ലോറിയ ഇമ്മാന്വേല്‍ വിഡ്ജാജ കൂട്ടുകെട്ടിനെ 21-18, 21-10 എന്ന സ്കോറിനാണ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം.

61 മിനുട്ട് നീണ്ട മത്സരത്തില്‍ കിഡംബി 18-21, 21-18, 21-11 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി.

വിജയം തുടര്‍ന്ന് സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മ. ഇന്ന് നടന്ന റൗണ്ട് ഓഫ് 16 മത്സരത്തില്‍ സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകെയെ പരാജയപ്പെടുത്തുകയായിരുന്നു.

39 മിനുട്ട് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്ക് താരത്തിന് സമീറിന് യാതൊരുവിധത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.

സീ ജിയ ലീയെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി

ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള സീ ജിയ ലീയെ അട്ടിമറിച്ച് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യന്‍ താരത്തിനെതിരെ 2-1ന്റെ വിജയം ആണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. ആദ്യ ഗെയിം 18-21ന് കൈവിട്ട സമീര്‍ രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം 27-25 എന്ന സ്കോറിനാണ് ഗെയിം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ സമീര്‍ രണ്ടാം ഗെയിമില്‍ 6-17ന് പിന്നിലായിരുന്നു. അവിടെ നിന്നാണ് താരം തിരിച്ചുവരവ് നടത്തിയത്.

മൂന്നാം ഗെയിമിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മത്സരം ആവേശകരമായി മുന്നേറി. എന്നാല്‍ 21-19 ന് ഇന്ത്യന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കി. സ്കോര്‍: 18-21, 27-25, 21-19

അതേ സമയം വനിത സിംഗിള്‍സില്‍ തായ്‍ലാന്റിന്റെ റാച്ചാനോക് ഇന്റാനോമിനോട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍ നേരിട്ടുള്ള സെറ്റില്‍ പരാജയം ഏറ്റുവാങ്ങി. 32 മിനുട്ട് നീണ്ട മത്സരത്തില്‍ 17-21, 8-21 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി.

ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ജയം കിഡംബിയ്ക്ക്, സമീറിനും സൗരഭ് വര്‍മ്മയ്ക്കും തോല്‍വി

തായ്‍ലാന്‍ഡ് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സഹ താരം സൗരഭ് വര്‍മ്മയെ നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 31 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-12, 21-11

മറ്റൊരു മത്സരത്തില്‍ സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ കീഴടങ്ങി. ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെനോട് നേരിട്ടുള്ള സെറ്റിലാണ് സമീറിന്റെ പരാജയം. സ്കോര്‍: 15-21, 17-21.

അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, സമീര്‍ വര്‍മ്മയ്ക്കും ശുപാര്‍ശ

ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടിയെയും സിംഗിള്‍സ് താരം സമീര്‍ വര്‍മ്മയെയും അര്‍ജ്ജുന്‍ അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യയ്ക്കായി അടുത്തിടെയായി മികച്ച പ്രകടനങ്ങളാണ് ഈ താരങ്ങളെല്ലാം നടത്തി വന്നിരുന്നത്.

നിലവില്‍ ലോക റാങ്കിംഗില്‍ 10ാം സ്ഥാനത്താണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളില്‍ മുന്‍ പന്തിയിലാണ് ഈ ഡബിള്‍സ് ജോഡി. സമീര്‍ വര്‍മ്മയും അടുത്തിടെയായി മികച്ച പ്രകടനങ്ങള്‍ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ പുറത്തെടുത്തിട്ടുണ്ട്.

പൊരുതി വീണ് സമീര്‍ വര്‍മ്മ, ക്വാര്‍ട്ടറില്‍ പുറത്ത്

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2020ന്റെ സെമിയില്‍ സ്ഥാനം ലഭിക്കാതെ സമീര്‍ വര്‍മ്മ. മൂന്ന് തവണ ജൂനിയര്‍ ചാമ്പ്യനായിട്ടുള്ള തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് ഒരു മണിക്കൂറിന് മേലെ നീണ്ട പോരാട്ടത്തിന് ശേഷമാണ് സമീര്‍ കീഴടങ്ങിയത്. ആദ്യ ഗെയിം സമീര്‍ നേടിയെങ്കിലും തുടര്‍ന്നുള്ള ഗെയിമുകളില്‍ ആധിപത്യം പുലര്‍ത്തുവാന്‍ താരത്തിനായില്ല.

സ്കോര്‍: 21-17, 17-12, 12-21.

കിഡംബിയെ കീഴടക്കി അജയ് ജയറാം, സമീര്‍ വര്‍മ്മയും ക്വാര്‍ട്ടറില്‍

ബാര്‍സലോണ് സ്പെയിന്‍ മാസ്റ്റേഴ്സ് 2020ന്റെ ക്വാര്‍ട്ടറില്‍ കടന്ന് അജയ് ജയറാമും സമീര്‍ വര്‍മ്മയും. അജയ് സഹതാരം ശ്രീകാന്ത് കിഡംബിയെ നേരിട്ടുള്ള ഗെയിമില്‍ 21-6, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സമീര്‍ വര്‍മ്മ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ജര്‍മ്മനിയുടെ കൈ ഷാഫറിനെ വീഴ്ത്തിയത്. സ്കോര്‍: 21-14, 16-21, 21-15.

വനിത ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ അശ്വിന് പൊന്നപ്പ-സിക്കി റെഡ്ഡി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങി. 18-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

സമീര്‍ വര്‍മ്മയെ അട്ടിമറിച്ച് അജയ് ജയറാം, സായി പ്രണീതിനും ജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിയുമായി അജയ് ജയറാം. സഹ ഇന്ത്യന്‍ താരവും അഞ്ചാം സീഡുമായ സമീര്‍ വര്‍മ്മയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് അജയ് ജയറാമിന്റെ വിജയം. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. 62 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 21-18, 21-13 എന്ന സ്കോറിനായിരുന്നു ജയറാം വിജയിച്ചത്.

മറ്റൊരു മത്സരത്തില്‍ മലേഷ്യന്‍ താരത്തെ മറികടന്ന് സായി പ്രണീത് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. 21-16, 22-20 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ വിജയം.

രണ്ടാം റൗണ്ടില്‍ പുറത്തായി കിഡംബിയും സമീര്‍ വര്‍മ്മയും

കൊറിയ മാസ്റ്റേഴ്സ് 2019ന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. സമീര്‍ തന്റെ സഹോദരന്‍ സൗരഭ് വര്‍മ്മയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയ കിം ഡോംഗ്ഹുനിനോട് പരാജയപ്പെട്ടപ്പോള്‍ കിഡംബിയുടെ തോല്‍വി ജപ്പാന്റെ കാന്റ സുനേയാമയോടായിരുന്നു. ഇരു താരങ്ങളും നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയമേറ്റു വാങ്ങിയത്.

14-21, 19-21 എന്ന സ്കോറിന് 37 മിനുട്ടില്‍ കിഡംബി പുറത്തായപ്പോള്‍ 19-21, 12-21 എന്ന സ്കോറിനായിരുന്നു സമീറിന്റെ പരാജയം.

കൊറിയ മാസ്റ്റേഴ്സ്, ആദ്യ റൗണ്ട് വിജയം നേടി കിഡംബിയും സമീര്‍ വര്‍മ്മയും, സൗരഭിന് തോല്‍വി

കൊറിയ മാസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. അതേ സമയം സൗരഭ് വര്‍മ്മയ്ക്ക് പരാജയമായിരുന്നു ഫലം.

21-18, 21-17 എന്ന സ്കോറിന് ഹോങ്കോംഗിന്റെ വിന്‍സെന്റ് വോംഗ് കി വിംഗിനെയാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്.

സമീറിന്റെ ജപ്പാനകാരനായ എതിരാളി മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 11-8ന് സമീര്‍ ആദ്യ ഗെയിമില്‍ ലീഡ് ചെയ്യുമ്പോളാണ് ജപ്പാന്റെ കാസമൂസ സാകായി പിന്മാറിയത്.

സൗരഭ് വര്‍മ്മ കൊറിയയുടെ കിം ഡോംഗ്ഹുനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. ആദ്യ ഗെയിം സൗരഭ് നേടിയെങ്കിലും തുടര്‍ന്നുള്ള ഗെയിമുകളില്‍ താരം പിന്നില്‍ പോകുകയായിരുന്നു. സ്കോര്‍:21-13, 12-21, 13-21.

സിന്ധുവിനും പ്രണോയ്‍യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്

2019 ഹോങ്കോംഗ് ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ സമ്മിശ്ര ഫലവുമായി ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ വിജയം രചിച്ചപ്പോള്‍ സൈന നെഹ്‍വാലിനും സമീര്‍ വര്‍മ്മയ്ക്കും തോല്‍വിയായിരുന്നു ഫലം. പ്രണോയ് ചൈനയുടെ യു സിയാംഗ് ഹുവാംഗിനെ നേരിട്ടുള്ള ഗെയിമില്‍ 21-17, 21-17 എന്ന സ്കോറിന് 44 മിനുട്ടില്‍ കീഴടക്കിയപ്പോള്‍ പിവി സിന്ധുവിന്റെ വിജയം 36 മിനുട്ടിലായിരുന്നു. കൊറിയന്‍ താരത്തെയാണ് സിന്ധു 21-15, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

അതേ സമയം സമീര്‍ വര്‍മ്മ തന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ പൊരുതി വീഴുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ 11-21, 21-13, 8-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. സൈന നെഹ്‍വാല്‍ അര മണിക്കുര്‍ നീണ്ട മത്സരത്തില്‍ 13-21, 20-22 എന്ന സ്കോറിന് പരാജയമേറ്റു വാങ്ങി. രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും സൈനയ്ക്ക് കാലിടറി.

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെങ്ങറി ചോപ്ര-സിക്കി റെഡ്ഢി, അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് എന്നിവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

36 മിനുട്ട് നീണ്ട മത്സരത്തില്‍ ‍ഡച്ച് കൂട്ടുകെട്ടിനെ 21-16, 21-14 എന്ന സ്കോറിന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് മുന്നോട്ട് നീങ്ങിയത്. അതേ സമയം ഇംഗ്ലണ്ടിനോടാണ് മനു-സുമീത് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 19-21, 22-20, 15-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. മിക്സഡ് ഡബിള്‍സ് ജോഡികളായ പ്രണവ്-സിക്കി കൂട്ടുകെട്ട് 36 മിനുട്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ബ്രിട്ടീഷ് ടീമിനോട് 13-21, 18-21 എന്ന സ്കോറിന് പത്തി മടക്കി. സാത്വിക്-അശ്വിനി മിക്സഡ് ഡബിള്‍സ് ജോഡി 17-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോട് പരാജയമേറ്റുവാങ്ങി.

ആദ്യ ഗെയിം വിജയിച്ചുവെങ്കിലും പിന്നീട് ശ്രീകാന്ത് കിഡംബിയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. 21-15, 7-21, 14-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. ടിയെന്‍ ചെന്‍ ചൗവിനോടായിരുന്നു ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. സമാനമായ രീതിയില്‍ ആവേശപ്പോരിലാണ് സമീര്‍ വര്‍മ്മയുടെ പരാജയം. 1 മണിക്കൂര്‍ 24 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 22-20, 18-21, 18-21 എന്ന സ്കോറിന് ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് സമീര്‍ പരാജയപ്പെട്ടത്.

പാരുപ്പള്ളി കശ്യപ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയോട് 11-21, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ അടിയറവ് പറഞ്ഞു. സ്കോര്‍: 21-16, 13-21, 17-21.

Exit mobile version