തായി സുവിനെ പരാജയപ്പെടുത്തി ഒളിമ്പിക്സ് സ്വര്‍ണ്ണം നേടി ചെന്‍ യൂ ഫേ

ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിള്‍സിൽ സ്വര്‍ണ്ണ മെഡൽ നേടി ചൈനയുടെ ചെന്‍ യൂ ഫേ. ഇന്ന് നടന്ന ഫൈനലിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയത്. സ്കോര്‍: 21-18, 19-21, 21-18.

മൂന്ന് ഗെയിമുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരം 81 മിനുട്ടാണ് നീണ്ട് നിന്നത്. ആദ്യ ഗെയിം ചെന്‍ നേടിയപ്പോള്‍ രണ്ടാം ഗെയിം നേടി തായി നിര്‍ണ്ണായകമായ ഗെയിമിലേക്ക് മത്സരം നീട്ടി. എന്നാൽ അവസാന ഗെയിമിൽ ചൈനീസ് താരത്തോട് തായി അടിയറവ് പറഞ്ഞ് വെള്ളിയുമായി മടങ്ങി.

സുവര്‍ണ്ണ പ്രതീക്ഷകളില്ല, തായി സുവിനോട് സിന്ധുവിന് സെമിയിൽ പരാജയം

സ്വര്‍ണ്ണ മെഡലെന്ന സിന്ധുവിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി ചൈനീസ് തായ്പേയുടെ തായി സു യിംഗ്. ഇന്ന് നടന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിനെതിരെ തായിയുടെ വിജയം. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിനൊടുവിൽ തായി ഗെയിം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമിൽ സിന്ധുവിനെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് ചൈനീസ് തായ്പേയ് താരം സ്വന്തമാക്കിയത്. 18-21, 12-21 എന്ന സ്കോറിനാണ് സിന്ധു പിന്നില്‍ പോയത്.

ആദ്യ ഗെയിമിൽ സിന്ധു 5-2ന്റെ ലീഡ് നേടി. സിന്ധു 8-4ന്റെ ലീഡ് നേടിയെങ്കിലും ആദ്യ ബ്രേക്കിന് പോകുമ്പോള്‍ സിന്ധുവിന് 11-9ന്റെ ലീഡ് നേടാനായെങ്കിലും ബ്രേക്കിന് ശേഷം തായി സു 11-11ന് ഒപ്പമെത്തി. പിന്നീട് മത്സരത്തിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ചയാണ് കണ്ടത്.

16-14ന്റെ ലീഡ് സിന്ധു നേടിയെങ്കിലും മികച്ച രീതിയിൽ തായി രണ്ട് പോയിന്റുകള്‍ നേടി സിന്ധുവിനൊപ്പമെത്തി. തായി മത്സരത്തിൽ ആദ്യമായി ലീഡ് നേടുകയും 21-18ന് ഗെയിം നേടുകയും ചെയ്തപ്പോള്‍ ആദ്യ ഗെയിം ചൈനീസ് തായ്പേയ് താരം സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ സിന്ധുവിൽ നിന്ന് പതിവിലധികം പിഴവുകള്‍ വരുത്തിയപ്പോള്‍ തായി ബ്രേക്കിന് 11-7ന്റെ ലീഡ് നേടി. ബ്രേക്കിന് ശേഷവും അനായാസം തായി കസറിയപ്പോള്‍ സിന്ധുവിന്റെയും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇല്ലാതായി.

തായി സു യിംഗിനെ കീഴടക്കി കരോളിന മരിന്‍ ചൈന ഓപ്പണ്‍ ജേതാവ്

ചൈന ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ജേതാവായി സ്പെയിനിന്റെ കരോളിന മരിന്‍. പരിക്ക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലേക്കെത്തിയ ശേഷം മരിന്‍ കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണ് ചൈന ഓപ്പണ്‍. തായ്‍വാന്റെ തായി സു യിംഗിനോടാണ് മരിന്റെ ജയം. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കൈമോശം വന്ന ശേഷമാണ് മരിന്‍ ശക്തമായ തിരിച്ചവരവ് നടത്തിയത്.

65 മിനുട്ട് നീണ്ട ഫൈനലില്‍ ആദ്യ ഗെയിമില്‍ മരിന്‍ നിറം മങ്ങിയെങ്കിലും തായി സു യിംഗിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അടുത്ത രണ്ട് ഗെയിമും പൊരുതി നേടി താരം കിരീടം സ്വന്തമാക്കി. സ്കോര്‍: 14-21, 21-17, 21-18.

സിന്ധു സെമിയില്‍, അട്ടിമറിച്ചത് തായി സു യിംഗിനെ

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ എത്തി പിവി സിന്ധു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പിവി സിന്ധു തായി സു യിംഗിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടക്കിയത്. ആദ്യ ഗെയിം പിന്നില്‍ പോയ സിന്ധു രണ്ടാം ഗെയിമിലെ ആവേശകരമായ പോരാട്ടത്തിന് ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. മൂന്നാം ഗെയിമിലും തായി സു യിംഗ് വമ്പന്‍ ചെറുത്ത് നില്പ് നടത്തിയെങ്കിലും അതിനെ അതിജീവിച്ച് സിന്ധു സെമി ഫൈനലിലേക്ക് കടന്നു.

സ്കോര്‍: 12-21, 23-21, 21-19. 71 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയൊണ് ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ വിജയം കരസ്ഥമാക്കുവാന്‍ സിന്ധുവിനായത്. അതിന് മുമ്പ് ആറ് തവണ നേരിട്ടപ്പോളും ജയം ചൈനീസ് തായ്‍പേ താരത്തിനായിരുന്നു.

നൊസോമി ഒക്കുഹാരയെ വീഴ്ത്തി സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായി സു യിംഗ്

സിംഗപ്പൂര്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തായി സു യിംഗ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-15. ഇരു താരങ്ങളും ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാലിലും തായിക്കാണ് ജയം.

ഒക്കുഹാര ക്വാര്‍ട്ടറില്‍ സൈനയെയും സെമിയില്‍ പിവി സിന്ധുവിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്.

ഏഴ് മത്സരങ്ങളില്‍ ആദ്യ ജയം, ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് പിവി സിന്ധു

റിയോ ഒളിമ്പിക്സിനു ശേഷം തായി സു യിംഗ് എന്ന കടമ്പ കടക്കാനാകാതെ കഷ്ടപ്പെടുകയായിരുന്നു സിന്ധുവും സൈനയും. ഇപ്പോള്‍ സിന്ധു ആ കടമ്പ മികച്ചൊരു അട്ടിമറി വിജയത്തോടെ സ്വന്തമാക്കുകയായിരുന്നു. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ 14-21, 21-16, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്.

കഴിഞ്ഞ ഏഴ് തവണ ഏറ്റുമുട്ടിയപ്പോളും സിന്ധുവിനു തായിയെ മറികടക്കാനായിരുന്നില്ല. 61 മിനുട്ടാണ് ഈ തീപ്പാറുന്ന പോരാട്ടം നീണ്ട് നിന്നത്.

ലോക ഒന്നാം നമ്പര്‍ താരത്തെ കീഴടക്കി ഫ്രഞ്ച് ഓപ്പണ്‍ ജേതാവായി അകാനെ യമാഗൂച്ചി

ഒടുവില്‍ തായി സു യിംഗിനും അടിപതറി. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് തായി കീഴടങ്ങിയത്. 68 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരം മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടിയെങ്കിലും മൂന്നാം ഗെയിമില്‍ തായ്‍വാന്‍ താരത്തെ നിഷ്പ്രഭമാക്കി ജാപ്പനീസ് തരാം കിരീടം ഉറപ്പാക്കുകയായിരുന്നു.

സ്കോര്‍: 22-20, 17-21, 21-13.

തായിയെന്ന കടമ്പ കടക്കാനാകാതെ സൈന

തുടര്‍ച്ചയായ 12ാം തവണയും തായ്‍വാന്റെ തായി സു യിംഗിനോട് കീഴടങ്ങി സൈന നെഹ്‍വാല്‍. കഴിഞ്ഞാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലിന്റെ ആവര്‍ത്തനമായ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിമില്‍ 20-16നു ലീഡ് ചെയ്യുമ്പോള്‍ നാല് ഗെയിം പോയിന്റുകള്‍ നഷ്ടമാക്കിയതാണ് മത്സരത്തില്‍ സൈനയ്ക്ക് തിരിച്ചടിയായത്.

തിരിച്ചുവരവ് നടത്തിയ തായി 22-20നു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മാനസികമായ മുന്‍തൂക്കവും താരം സ്വന്തമാക്കിയതോടെ സൈനയെ നിഷ്പ്രഭമാക്കി ലോക ഒന്നാം നമ്പര്‍ താരം 36 മിനുട്ടില്‍ മത്സരം അവസാനിപ്പിച്ചു. സ്കോര്‍: 22-20, 21-11

പതിവു തെറ്റിയില്ല, സൈനയെ കീഴടക്കി തായി, ഡെന്മാര്‍ക്ക് ഓപ്പണ്‍ ചാമ്പ്യന്‍

തുടര്‍ച്ചയായ 11ാം തവണ സൈന നെഹ്‍വാലിനെ കീഴടക്കി തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ ചാമ്പ്യന്‍. മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് ലോക ഒന്നാം നമ്പറും തായ്‍വാന്‍ താരവുമായ തായി സു യിംഗിന്റെ ജയം.21-13, 13-21, 21-6 എന്ന നിലയിലാണ് തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടം ഉറപ്പാക്കിയത്. 52 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ആദ്യ ഗെയിമില്‍ ഇടവേള സമയത്ത് 11-5നു മുന്നിലായിരുന്ന തായ‍്‍വാന്‍ താരം 21-13നു ഗെയിം സ്വന്തമാക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം സൈന മൂന്ന് പോയിന്റ് തുടര്‍ച്ചയായി നേടിയെങ്കിലും സൈനയ്ക്ക് അവസരം നല്‍കാതെ തായി ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായ മുന്നേറ്റമാണ് സൈന നടത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സൈന ഇടവേള സമയത്ത് 11-5നു മുന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം തായിയ്ക്ക് തിരിച്ചുവരവിനു അവസരം നല്‍കാതെ 17-9നു സൈന ലീഡ് ഉയര്‍ത്തി. തായി ആദ്യ ഗെയിം വിജയിച്ച 21-13 സ്കോര്‍ ലൈനില്‍ തന്നെയാണ് സൈനയും രണ്ടാം ഗെയിം വിജയിച്ചത്.

എന്നാല്‍ മൂന്നാം ഗെയിമില്‍ സൈന തന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. തായി ആദ്യ ഗെയിമിലേത് പോലെ ആധിപത്യമുറപ്പിച്ച് പകുതി സമയത്ത് 11- ന്റെ ലീഡ് കൈവശപ്പെടുത്തി. യാതൊരുവിധ ചെറുത്ത് നില്പും സൈനയില്‍ നിന്നുണ്ടാകാതെ വന്നപ്പോള്‍ ഗെയിമും മത്സരവും ലോക ഒന്നാം നമ്പര്‍ താരം 21-6 എന്ന സ്കോറിനു സ്വന്തമാക്കി.

 

പതിനൊന്നാം തവണ മറികടക്കുമോ സൈന തായിയെ? ഇന്നറിയാം

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനലില്‍ സൈന നെഹ്‍വാല്‍ തായ്‍വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല സൈനയ്ക്ക്. ആവേശകരമായൊരു ഫൈനല്‍ പ്രതീക്ഷിച്ചെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇവര്‍ക്കിടയിലെ പഴയ മത്സരങ്ങളുടെ ഫലങ്ങള്‍ ആശ്വാസകരമായ വാര്‍ത്തയല്ല നല്‍കുന്നത്.

കഴിഞ്ഞ പത്ത് തവണയും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ തായ്‍വാന്‍ താരത്തിനായിരുന്നു ജയം. സൈനയ്ക്ക് പതിനൊന്നാം തവണ ചരിത്രം മാറ്റിയെഴുതുവാന്‍ സാധിക്കുമോ എന്നതാവും ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം 3.30യ്ക്കാണ് ഡെന്മാര്‍ക്ക് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ മത്സരം.

സിന്ധുവിനു വെള്ളി, തായി സു യിംഗിനു സ്വര്‍ണ്ണം

ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി തായ്‍വാന്റെ തായി സു യിംഗിനു ഏഷ്യന്‍ ഗെയിംസ് വനിത വിഭാഗം സിംഗിള്‍സ് സ്വര്‍ണ്ണം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തായി പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം സിന്ധു രണ്ടാം ഗെയിമില്‍ പുറത്തെടുത്തുവെങ്കിലും തായ്‍വാന്‍ താരത്തെ മറികടക്കുവാന്‍ സിന്ധുവിനായില്ല.

ഒട്ടനവധി പിഴവുകള്‍ വരുത്തി രണ്ട് ഗെയിമിലും സിന്ധു എതിരാളിയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റുകയും ചെയ്തു. 21-13, 21-16 എന്ന സ്കോറിനായിരുന്നു തായിയുടെ വിജയം.

സൈനയ്ക്ക് സെമിയില്‍ തോല്‍വി, തായി സു യിംഗ് സൈനയെ തോല്പിക്കുന്നത് തുടര്‍ച്ചയായി പത്താം തവണ

തായി സു യിംഗിനു മുന്നില്‍ അടിയറവ് പറയുന്നത് തുടര്‍ക്കഥയാക്കി സൈന നെഹ്‍വാല്‍. തായി സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടതോടെ ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ എന്ന സൈനയുടെ മോഹങ്ങള്‍ പൊലിയുകയായിരുന്നു. ഇത് തുടര്‍ച്ചയായ പത്താം തവണയാണ് സൈനയ്ക്ക് മേല്‍ തായി സു യിംഗ് ജയം നേടുന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണെങ്കിലും പൊരുതിയാണ് സൈന ഇന്നത്തെ മത്സരത്തില്‍ കീഴടങ്ങിയത്. പലപ്പോഴും പിന്നില്‍ നിന്ന് മികച്ച തിരിച്ചുവരവ് സൈന നടത്തിയെങ്കിലും തായ്‍വാന്‍ താരത്തിനെ മറികടക്കുവാന്‍ സൈനയ്ക്കായില്ല. 17-21, 14-21 എന്ന സ്കോറിനു പരാജയപ്പെട്ടുവെങ്കിലും സെമിയില്‍ കടന്നതിനാല്‍ സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിയ്ക്കും.

തായി തന്നെയാണ് ആദ്യ ഗെയിമില്‍ ആധികാരികമായ തുടക്കം നേടിയത്. ഒരു ഘട്ടത്തില്‍ 5-1 ന്റെ ലീഡ് തായി നേടിയെങ്കിലും പിന്നില്‍ നിന്ന് പൊരുതി സൈന 8-8ല്‍ ഒപ്പം പിടിച്ചു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് തായി സു യിംഗ് 11-10നു ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം തുടരെ പോയിന്റുകളുമായി തായി 14-10ന്റെ ലീഡ് കൈവരിച്ചു. ലീഡ് കുറച്ച് 15-16ലേക്ക് സൈന തിരിച്ചുവരവ് നടത്തിയെങ്കിലും തായി ആദ്യ ഗെയിം 21-17നു സ്വന്തമാക്കി മത്സരത്തില്‍ ലീഡ് നേടി.

രണ്ടാം ഗെയിമിലും തായി തന്നെയാണ് മുന്‍തൂക്കം നേടിയത്. ആദ്യ ഗെയിമിലേതിനു സമാനമായി 5-1ന്റെ ലീഡ് തായി നേടിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി സൈന 6-6 നു ഒപ്പം പിടിച്ചു. ഇടവേളയോട് അടുത്തപ്പോള്‍ ആദ്യ ഗെയിമിലേതു പോലെ 11-10ന്റെ ലീഡ് തായി സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം മത്സരത്തില്‍ ആദ്യമായി സൈന ലീഡ് നേടുന്നതും കാണികള്‍ക്ക് വീക്ഷിക്കാനായി. 14-13നു സൈനയുടെ ലീഡിനു ശേഷം തുടരെ എട്ട് പോയിന്റുകള്‍ സ്വന്തമാക്കി തായി ഏഷ്യന്‍ ഗെയിംസ് ഫൈനലിലേക്ക് യോഗ്യത നേടി.

Exit mobile version