റൂഫ് ടോപുകളിൽ കളി നടത്തുന്നത് തീരുമാനിക്കേണ്ടത് ബോര്‍ഡുകള്‍ – ശുഭ്മന്‍ ഗിൽ

ക്രിക്കറ്റിൽ മഴയെ അതിജീവിച്ച് മത്സരങ്ങള്‍ നടത്തുവാന്‍ റൂഫ് ടോപ് സ്റ്റേഡിയങ്ങളിൽ മത്സരങ്ങള്‍ നടത്തുക എന്നത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ് ശുഭ്മന്‍ ഗിൽ. മഴ കാരണം രണ്ടാം ഏകദിനം ഉപേക്ഷിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ശുഭ്മന്‍ ഗിൽ.

താരങ്ങളെയും ആരാധകരെയും സംബന്ധിച്ച് വളരെ അലോസരം ഉണ്ടാക്കുന്ന ഒന്നാണ് മഴ ബ്രേക്കുകള്‍. ഇന്‍ഡോറിൽ മത്സരങ്ങള്‍ നടത്തുക പ്രയാസം ആണെങ്കിലും ക്ലോസ്ഡ് റൂഫ് ഉള്ള സ്റ്റേഡിയം ഒരു സാധ്യത തന്നെയാണെന്ന് ഗിൽ വ്യക്തമാക്കി.

ഓവറുകള്‍ കുറയുകും എത്ര ഓവറായിരിക്കും മത്സരമെന്നും അറിയാത്തത് ബാറ്റിംഗ് ടീമിന്റെ പ്ലാനിംഗിനെ സാരമായി ബാധിക്കുമെന്നും ഗിൽ കൂട്ടിചേര്‍ത്തു.

ഗ്ലാമോര്‍ഗനായി കൗണ്ടി അരങ്ങേറ്റം ഉജ്ജ്വലമാക്കി ശുഭ്മന്‍ ഗിൽ

ഗ്ലാമോര്‍ഗന് വേണ്ടി കൗണ്ടി അരങ്ങേറ്റം നടത്തിയ ശുഭ്മന്‍ ഗില്ലിന്റെ മികച്ച പ്രകടനം. എന്നാൽ മറ്റു താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

ഗിൽ നേടിയ 92 റൺസിന്റെ ബലത്തിൽ ഗ്ലാമോര്‍ഗന്‍ 241/8 എന്ന നിലയിലാണ്. വോര്‍സ്റ്റര്‍ഷയറിന്റെ സ്കോര്‍ മറികടക്കുവാന്‍ ഇനിയും 213 റൺസ് കൂടി നേടേണ്ടതുണ്ട്. എഡ്വേര്‍ഡ് ബ്രൈയോമിനൊപ്പം ഗിൽ രണ്ടാം വിക്കറ്റിൽ 82 റൺസാണ് നേടിയത്.

അതിന് ശേഷം ഗ്ലാമോര്‍ഗന്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു.

തിളങ്ങിയത് റസ്സലും ഗില്ലും മാത്രം, കൊല്‍ക്കത്തയുടെ ബാറ്റിംഗിനും താളം കണ്ടെത്താനായില്ല

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് നേടാനായത് 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രം. കാഗിസോ റബാഡ എറിഞ്ഞ 19ാം ഓവറില്‍ ആന്‍ഡ്രേ റസ്സല്‍ രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സ് നേടിയതിന്റെ ബലത്തില്‍ മാത്രമാണ് 154 റണ്‍സ് നേടുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചത്.

ടോപ് ഓര്‍ഡറില്‍ ശുഭ്മന്‍ ഗില്‍(43) മാത്രമാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. റസ്സല്‍ 27 പന്തില്‍ 45 റണ്‍സ് നേടുകയായിരുന്നു. 4 ഫോറാണ് താരം നേടിയത്. ഇതില്‍ അവേശ് ഖാനെറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ഒരു സിക്സും ഉള്‍പ്പെടുന്നു. ഓവറില്‍ നിന്ന് 13 റണ്‍സാണ് വന്നത്.

രാഹുല്‍ ത്രിപാഠിയും ഗില്ലും ക്രീസിലുള്ളപ്പോള്‍ നേടിയ 44 റണ്‍സ് കൂട്ടുകെട്ടിന് ശേഷം കൊല്‍ക്കത്ത തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 69/1 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്കും പിന്നീട് 109/6 എന്ന നിലയിലേക്കും കൊല്‍ക്കത്ത വീഴുകയായിരുന്നു.

അവിടെ നിന്ന് 45 റണ്‍സ് കൂട്ടുകെട്ട് നേടി ആന്‍ഡ്രേ റസ്സലും പാറ്റ് കമ്മിന്‍സും(11*) ആണ് കൊല്‍ക്കത്തയുടെ സ്കോറിന് മാന്യത പകര്‍ന്നത്. രാഹുല്‍ ത്രിപാഠി 19 റണ്‍സ് നേടിയപ്പോള്‍ ഓയിന്‍ മോര്‍ഗനെയും സുനില്‍ നരൈനെയും ഒരേ ഓവറില്‍ പുറത്താക്കി ലളിത് യാദവ് ആണ് കൊല്‍ക്കത്തയുടെ സാധ്യതകള്‍ ഇല്ലാതാക്കിയത്.

അക്സര്‍ പട്ടേലും ലളിത് യാദവും രണ്ട് വീതം വിക്കറ്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി നേടിയത്. ലളിത് മൂന്നോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്.

കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ച് രാഹുല്‍ ചഹാര്‍, കൈവിട്ട കളി തിരിച്ച് പിടിച്ച് മുംബൈ ഇന്ത്യന്‍സ്

അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം പിടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഒരു ഘട്ടത്തില്‍ പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 81 റണ്‍സ് മാത്രം ജയത്തിനായി വേണ്ടിയിരുന്നു കൊല്‍ക്കത്തയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മത്സരം ടീം കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 142 റണ്‍സ് മാത്രമേ 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

152 റണ്‍സെന്ന ചെറിയ സ്കോര്‍ മാത്രം നേടിയ മുംബൈയ്ക്കെതിരെ മികച്ച തുടക്കമാണ് നിതീഷ് റാണയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 8.5 ഓവറില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് രാഹുല്‍ ചഹാര്‍ ആയിരുന്നു. 33 റണ്‍സ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയ ചഹാര്‍ ആണ് കൊല്‍ക്കത്തയുടെ ആദ്യ നാല് വിക്കറ്റും വീഴ്ത്തിയത്.

ഗില്ലിന് ശേഷം രാഹുല്‍ ത്രിപാഠി(5), ഓയിന്‍ മോര്‍ഗന്‍(7) എന്നിവരെ കൂടാതെ അര്‍ദ്ധ ശതകം നേടിയ നിതീഷ് റാണയെയും പുറത്താക്കിയ ചഹാര്‍ അനായാസം വിജയത്തിലേക്ക് കുതിയ്ക്കുമെന്ന് കരുതിയ കൊല്‍ക്കത്ത ക്യാമ്പില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 122/4 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയ്ക്ക് അടുത്ത ഓവറില്‍ ഷാക്കിബ് അല്‍ ഹസനെയും നഷ്ടമായി. ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് സമ്മര്‍ദ്ദം സൃഷ്ടിച്ച മുംബൈയ്ക്കെതിരെ വലിയ അടികള്‍ അധികം പിറക്കാതിരുന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ അവസാന ഓവറില്‍ 15 റണ്‍സ് ജയത്തിനായി കൊല്‍ക്കത്ത നേടേണ്ടതായി വന്നു.

അവസാന ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ട് 5 റണ്‍സ് മാത്രം വിട്ട് നല്‍കി റസ്സലിനെയും പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരം മുംബൈയ്ക്കൊപ്പമാക്കി മാറ്റുകയായിരുന്നു.

 

194 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, മാനം കാത്തത് അവസാന വിക്കറ്റില്‍ 71 റണ്‍സ് നേടിയ ബുംറ-സിറാജ് കൂട്ടുകെട്ട്

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള രണ്ടാം പരിശീലന മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും പൃഥ്വി ഷാ, ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരൊഴികെ ആരും കാര്യമായ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 194 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

123/9 എന്ന നിലയില്‍ വലിയ നാണക്കേടിലേക്ക് പോയ ഇന്ത്യയെ രക്ഷിച്ചത് അവസാന വിക്കറ്റ് കൂട്ടുകെട്ടാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് 71 റണ്‍സാണ് അവസാന വിക്കറ്റില്‍ നേടിയത്. പൃഥ്വി ഷാ 29 പന്തില്‍ 40 റണ്‍സും ശുഭ്മന്‍ ഗില്‍ 43 റണ്‍സും നേടി. സിറാജ് 22 റണ്‍സ് നേടി പുറത്തായപ്പോള്‍ ബുംറ 55 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ജാക്ക് വൈല്‍ഡര്‍മത്ത്, ഷോണ്‍ അബോട്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഓയിന്‍ മോര്‍ഗന്‍, കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത

മികച്ച സ്റ്റാര്‍ട്ടുകള്‍ നേടിയ ബാറ്റ്സ്മാന്മാര്‍ക്ക് അത് വലിയ സ്കോറായി മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ മുന്നില്‍ നിന്ന് നയിച്ച് കൊല്‍ക്കത്തയെ 191 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചു. പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ നിര്‍ണ്ണായക പ്രകടനം ആവശ്യമായ മത്സരത്തിലാണ് കൊല്‍ക്കത്തയുടെ നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ഒരു ഘട്ടത്തില്‍ 99/5 എന്ന നിലയിലേക്ക് വീണ ടീമിനെയാണ് മോര്‍ഗന്റെ ഇന്നിംഗ്സ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.

35 പന്തില്‍ നിന്ന് 6 സിക്സുകളും 5 ഫോറും സഹിതമാണ് ഓയിന്‍ മോര്‍ഗന്റെ 68 റണ്‍സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയ ടീം മത്സരത്തില്‍ ആകെ 12 സിക്സുകളാണ് നേടിയത്.

സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജോഫ്ര നിതീഷ് റാണയെ(0) വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ശുഭ്മന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.

9ാം ഓവറില്‍ രാഹുല്‍ തെവാത്തിയയാണ് രാജസ്ഥാന് അനുകൂലമായ ബ്രേക്ക്ത്രൂ നല്‍കിയത്. 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് തെവാത്തിയ പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ സുനില്‍ നരൈനെ പൂജ്യത്തിന് പുറത്താക്കി തെവാത്തിയ ഓവറിലെ രണ്ടാം വിക്കറ്റ് നേടി. 73/1 എന്ന നിലയില്‍‍ കുതിയ്ക്കുകയായിരുന്നു കൊല്‍ക്കത്ത പൊടുന്നനെ 74/3 എന്ന നിലയിലേക്ക് വീണു.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനൊപ്പം 20 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ത്രിപാഠിയുടെ വിക്കറ്റും അധികം വൈകാതെ നഷ്ടമായി. 34 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ത്രിപാഠിയെ ശ്രേയസ്സ് ഗോപാല്‍ ആണ് പുറത്താക്കിയത്. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് നേടിയത്.

അടുത്ത ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ദിനേശ് കാര്‍ത്തിക് തെവാത്തിയയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തെവാത്തിയ 3 വിക്കറ്റ് നേടിയത്. തന്റെ ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ശ്രേയസ്സ് ഗോപാലിനെ അടുത്ത ഓവിലും ഓയിന്‍ മോര്‍ഗന്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 21 റണ്‍സ് നേടിയപ്പോള്‍ 121/5 എന്ന നിലയിലേക്ക് 14 ഓവറില്‍ കൊല്‍ക്കത്ത കുതിച്ചു.

റസ്സലും ഒരു വശത്ത് അടിതുടങ്ങിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കൊല്‍ക്കത്ത നീങ്ങുമെന്ന് തോന്നിപ്പിച്ചു. ജോഫ്രയ്ക്കെതിരെ ഫോറും സിക്സും നേടിയ റസ്സല്‍ കാര്‍ത്തിക് ത്യാഗിയെ തുടരെ രണ്ട് സിക്സുകള്‍ പറത്തി തുടങ്ങിയ റസ്സലിന് പക്ഷേ അടുത്ത പന്തില്‍ വിട വാങ്ങേണ്ടി വന്നു. 11 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ റസ്സല്‍ മൂന്ന് സിക്സുകളും മത്സരത്തില്‍ നേടി.

രാജസ്ഥാന്‍ ബൗളര്‍മാരില്‍ രാഹുല്‍ തെവാത്തിയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ത്തിക് ത്യാഗിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ജോഫ്ര ആര്‍ച്ചറും ശ്രേയസ്സ് ഗോപാലും ഓരോ വിക്കറ്റ് നേടി. ബെന്‍ സ്റ്റോക്സിനും വരുണ്‍ ആരോണിനും ശ്രേയസ്സ് ഗോപാലിനും കണക്കറ്റ് പ്രഹരം ലഭിയ്ക്കുകയും ചെയ്തു.

കൊല്‍ക്കത്തയുടെ ജയം ഉറപ്പാക്കി ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട്

ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും അത്ര എളുപ്പമായിരുന്നില്ല കൊല്‍ക്കത്തയുടെ ഇന്നത്തെ ചേസിംഗ്. എന്നാല്‍ യുവ താരം ശുഭ്മന്‍ ഗില്ലും സീനിയര്‍ താരം ഓയിന്‍ മോര്‍ഗനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ലക്ഷ്യം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടീം ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം നേടിയപ്പോള്‍ സണ്‍റൈസേഴ്സ് തങ്ങളുടെ രണ്ടാം തോല്‍വിയിലേക്ക് വീണു.

സുനില്‍ നരൈന്‍(0), ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ പൂജ്യത്തിന് പുറത്താകുകയും 13 പന്തില്‍ 26 റണ്‍സ് നേടിയ നിതീഷ് റാണും വേഗത്തില്‍ മടങ്ങിയപ്പോള്‍ 6.2 ഓവറില്‍ 53/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഗില്‍-മോര്‍ഗന്‍ കൂട്ടുകെട്ട് ടീമിന് കൂടുതല്‍ നഷ്ടമില്ലാതെ വിജയം ഉറപ്പാക്കുകയായിരുന്നു.

ഗില്‍ 70 റണ്‍സും മോര്‍ഗന്‍ 38 റണ്‍സും നേടിയാണ് ടീമിന്റെ വിജയം നേടിയത്. നാലാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ട് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 ഓവറില്‍ ഏഴ് വിക്കറ്റ് വിജയം ഉറപ്പാക്കി.

ഖലീല്‍ അഹമ്മദ്, റഷീദ് ഖാന്‍, ടി നടരാജന്‍ എന്നിവരാണ് സണ്‍സൈറേഴ്സിനായി വിക്കറ്റുകള്‍ നേടിയത്.

ഈ സീസണില്‍ ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയുടെ നേതൃത്വ സംഘത്തിന്റെ ഭാഗമാകും – ബ്രണ്ടന്‍ മക്കല്ലം

ഇന്ത്യയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ശുഭ്മന്‍ ഗില്‍. താരം ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നേതൃത്വ സംഘത്തിന്റെ ഭാഗമാകുമെന്നാണ് ടീം കോച്ച് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്. ഈ സീസണില്‍ തങ്ങള്‍ ഉറ്റുനോക്കുന്ന താരങ്ങളിലൊരാള്‍ ശുഭ്മന്‍ ഗില്‍ ആണെന്ന് മുന്‍ ന്യൂസിലാണ്ട് താരം വ്യക്തമാക്കി.

ഈ വര്‍ഷം ചെറിയ തോതിലെങ്കിലും താരത്തെ ടീമിന്റെ നേതൃത്വ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുമെന്നും ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കി. യുവതാരമാണെങ്കിലും ഏറെക്കാലമായി കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം മികച്ചൊരു നായകന്‍ കൂടിയാവുമെന്നാണ് തന്റെ വിശ്വാസമെന്ന് മക്കല്ലം പറഞ്ഞു.

പല തരത്തിലുള്ള ചിന്തകര്‍ ടീമിലുള്ളത് ഗുണമാണെന്നും താരത്തെ ഈ സംഘത്തിന്റെ ഭാഗമാക്കി ഈ സീസണില്‍ ഉപയോഗിക്കുവാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും മക്കല്ലം വ്യക്തമാക്കി.

ഗില്ലിന് വീണ്ടും സെഞ്ചുറി, ന്യൂസിലാൻഡിനെതിരെ ഇന്ത്യ എ ശക്തമായ നിലയിൽ

ന്യൂസിലാൻഡിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ എ ശക്തമായ നിലയിൽ. നേരത്തെ9 വിക്കറ്റിന് 390 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ന്യൂസിലാൻഡിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിട്ടുണ്ട്.

ന്യൂസിലാൻഡിൽ തന്റെ മികച്ച ഫോം തുടരുന്ന ശുഭ്മൻ ഗിൽ 107 റൺസ് എടുത്തു പുറത്താവാതെ നിൽക്കുന്നുണ്ട്. നേരത്തെ ആദ്യ ടെസ്റ്റിൽ ഗിൽ ഡബിൾ സെഞ്ചുറിയും നേടിയിരുന്നു.  52 റൺസ് എടുത്ത പൂജാരയാണ് ഗില്ലിന് കൂട്ടായി ക്രീസിൽ ഉള്ളത്. 59 റൺസ് എടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ പുറത്താകാതെ സെഞ്ചുറി നേടിയ ഡാരിൽ മിച്ചലിന്റെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ന്യൂസിലാൻഡ് എ ആദ്യം ഇന്നിങ്സിൽ 390 റൺസ് എടുത്തത്.

ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മഴ പെയ്യിച്ച് ശിവം ഡുബേയും അക്സര്‍ പട്ടേലും, ഇന്ത്യ എ യ്ക്ക് പടുകൂറ്റന്‍ സ്കോര്‍

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോര്‍ നേടി ഇന്ത്യ എ. 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 169/5 എന്ന നിലയിലേക്ക് വീണ ടീമിനെ ശിവം ഡുബേ-അക്സര്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് 300നു മുകളിലേക്കുള്ള സ്കോറിലേക്ക് നയിച്ചത്. നേരത്തെ 47 ഓവറായി മത്സരം ചുരുക്കിയിരുന്നു.

ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും റുതുരാജ് സിംഗും 54 റണ്‍സ് നേടിയെങ്കിലും റുതുരാജ് 10 റണ്‍സ് മാത്രമാണ് നേടിയത്.

തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് നയിക്കുവാന്‍ ടീമിനാകാതെ വന്നപ്പോള്‍ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണു. 169/5 എന്ന നിലയിലേക്ക് വീണ ശേഷം ശിവും ഡുബേയും അക്സര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ 47 ഓവറില്‍ 327 എന്ന സ്കോറിലേക്ക് നയിച്ചത്.

ശിവം ഡുബേ 79 റണ്‍സും അക്സര്‍ പട്ടേല്‍ 60 റണ്‍സും നേടി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മന്‍ ഗില്‍(46), മനീഷ് പാണ്ടേ(39), ഇഷാന്‍ കിഷന്‍(37), അന്മോല്‍പ്രീത് സിംഗ്(29) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഏഴാം വിക്കറ്റില്‍ 101 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 6 സിക്സും 3 ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് ശിവം ഡുബേ 60 പന്തില്‍ നിന്ന് നേടിയത്. അതേ സമയം 36 പന്തില്‍ നിന്നാണ് അക്സര്‍ പട്ടേല്‍ തന്റെ 60 റണ്‍സ് നേടിയത്. 6 ഫോറും 3 സിക്സും താരം നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ജോണ്‍ ഫാര്‍ടുയിന്‍ എന്നിവര്‍ രണ്ടും ആന്‍റിച്ച് നോര്‍ട്ജേ, ജൂനിയര്‍ ഡാല എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട ശതകം നേടി ശുഭ്മന്‍ ഗില്‍

ആദ്യ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായെങ്കിലും അതിന്റെ കോട്ടം രണ്ടാം ഇന്നിംഗ്സില്‍ നികത്തി ശുഭ്മന്‍ ഗില്‍. വിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ 5ാം വിക്കറ്റില്‍ 315 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഹനുമ വിഹാരിയോടൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ശുഭ്മന്‍ ഗില്‍ നടത്തിയിരിക്കുന്നത്. ഗില്‍ 204 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ഹനുമ വിഹാരി 118 റണ്‍സ് നേടിയാണ് ക്രീസില്‍ നിന്നിരുന്നത്. ഇരുവരുടെയും അപരാജിത കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 365/4 എന്ന സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ചേസ് ചെയ്ത വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 194 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 14/3 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷമാണ് 365 റണ്‍സിലേക്ക് എത്തിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് നേടിയിട്ടുണ്ട്.

വിജയത്തിനായി 336 റണ്‍സാണ് ടീം ഇനിയും നേടേണ്ടത്. 15 റണ്‍സുമായി മോന്റസിന്‍ ഹോഡ്ജും 20 റണ്‍സ് നേടി ജെറമി സോളാന്‍സോയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ശുബ്മാൻ ഗില്ലിനെയും രഹാനെയെയും ഒഴിവാക്കിയതിനെതിരെ ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ യുവ താരം ശുബ്മാൻ ഗില്ലിനെയും വെറ്ററൻ താരം അജിങ്കെ രഹാനെയെയും ഒഴിവാക്കിയ ബി.സി.സി.ഐ നടപടിയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഗാംഗുലി താരങ്ങളെ പുറത്തിരുത്തിയതിനെ പറ്റി പ്രതികരിച്ചത്. വെറ്ററൻ താരം അജിങ്കെ രഹാനെക്ക് ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ചിരുന്നു. ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് പിന്നിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആണ് രഹാനെ.

ലോകകപ്പിൽ ഇന്ത്യൻ മധ്യ നിരയുടെ പ്രകടനത്തിൽ ആരും തൃപ്തരല്ലെന്ന് ഇരിക്കെ രഹാനെയെ പോലെ മധ്യ നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരത്തെ പുറത്തിരുത്തിയത് ശെരിയായില്ലെന്നാണ് ഗാംഗുലിയുടെ വിലയിരുത്തൽ. കൂടാതെ വ്യത്യസ്‍ത ഫോർമാറ്റുകൾ വ്യത്യസ്‍ത താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെയും ഗാംഗുലി വിമർശിച്ചു.

എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടി ഓരോ ഫോര്മാറ്റിലും വ്യത്യസ്ത താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതി നിർത്തണമെന്നും എല്ലാ ഫോർമാറ്റിലേക്കും ഒരേ താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതി വേണമെന്നും ഗാംഗുലി പറഞ്ഞു. ഒരേ താരങ്ങളെ എല്ലാ ഫോർമാറ്റിലും തിരഞ്ഞെടുക്കുമ്പോൾ മാത്രമേ കളിക്കാർക്ക് താളവും ആത്മവിശ്വാസവും ലഭിക്കുകയുള്ളുവെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

Exit mobile version